കവിത
കെ ഗോപിനാഥൻ
നാട്ടിലൊക്കെ
അന്ന് വെട്ടുവഴികൾ മാത്രം.
വഴിവെട്ടുന്നവരും, വഴിപോക്കരും
വിയർപ്പു കൊണ്ടു നനച്ച,
കടഞ്ഞ
കാലടികൾ പതിഞ്ഞ സഞ്ചാരങ്ങൾ.
പഴയ പാതയുടെ
ഓരത്തു, ഒതുങ്ങിനിൽപ്പു മെലിഞ്ഞ പടികൾ.
പള്ളിക്കൂടം, പണിശാല, പ്രതിഷ്ഠകൾ.
വക്കിലൊരിടത്തുമില്ല ഖി
വിളക്ക് കൊളുത്തിയ ചൂണ്ടുപലകകൾ
എന്നിട്ടും, നേരമല്ലാത്ത കാലത്തും
ദിശ തെറ്റാതെ നമ്മൾ.
ആ യാത്രകളിൽ,
എതിരെ
പരിഭ്രമിക്കുന്ന ആശങ്കകൾക്കു
ഒരു ചിരികൊണ്ടു ഒഴിഞ്ഞ ഇടമേകുന്നു .
കൂടെ, മറുചിരിയാൽ
ചെരിഞ്ഞു തിരിയുന്ന ഇരു ചുമലുകൾ
ഇടയിൽ നിർമ്മിക്കുന്നു,
മര്യാദയുടെ സുഗന്ധദ്വീപുകൾ
ക്രമേണ പെരുകി
കാലപിണക്കങ്ങൾ, കാമനാവേഗങ്ങൾ.
ഇഷ്ടമിടിഞ്ഞു വീണ ഇടവഴികൾ.
ഇരുവശം പരിക്കേറ്റുയർന്ന രാജവീഥികളിൽ പരിഭവിച്ചകന്നു പരിചയങ്ങൾ.
വഴുതി വീണു, വലിച്ചു കെട്ടിയ മുഖത്തു നിന്നും ചിരിശീല.
ഒരു വരിയിൽ നിന്നും
ഇരുവരി, പലവഴി മുറിഞ്ഞപ്പോൾ,
ബാക്കി വന്നത് ഇത്രമാത്രം.
ജന്മം തിരിച്ചു,
പ്രാർത്ഥനക്ക് പ്രതികാരമെന്നു പേരിട്ടവരുടെ നാവിലൂടെയൊലിക്കുന്ന വിഷം തീണ്ടി
നീലിച്ചു നിലക്കുന്ന ലോകം
കാണാതെ പോയത്,
യാത്രയെല്ലാം കഴിഞ്ഞൊരു ചെറിയ മാഷ്,
ഉറങ്ങാൻ പോകും മുമ്പ് പറഞ്ഞ
വലിയ ഒരു കാര്യമാണ്
“എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം നമുക്കില്ലൊരു ലോകം”
ഞാനും നീയും
എതിരെ വരുമ്പോൾ
രൂപപ്പെടുന്ന മൂന്നാമത്തെ വഴിയാണ് അത്.
ഇനി പൊന്തി വരാൻ ഇടയില്ലാത്ത
ഒരു കര.
…
കെ ഗോപിനാഥൻ
വിദേശത്ത് ബാങ്കിങ് രംഗത്ത് ജോലി.
കോരപ്പനാൽ വെയിൽ ഏൽക്കാത്ത ഒരു പേര് എന്ന കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ കവിത എഴുതാറുണ്ട്.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.