ഒരു ജനതയുടെ എനർജി

0
562
Jayachandran Thakazhikkaran-banarji-athmaonline-the-arteria

അനുസ്മരണം

ജയചന്ദ്രൻ തകഴിക്കാരൻ

വർഷം, 1999. സിരകളിൽ ആളി പടരുന്ന ലഹരി പോലെ നാടകത്തേയും നാടൻപാട്ടുകളേയും കൊണ്ട് നടക്കുന്ന കാലം. അന്നും ഇന്നും അങ്ങനെ തന്നെയാണ്. മലയാള സിനിമയിലെ ജനകീയനായ നടൻ, അനൂപ് ചന്ദ്രൻ ചേർത്തല എൻ എസ് എസ് കോളേജിൽ പഠിക്കുന്നു. കോളേജ് യൂണിയൻ യൂണിവേഴ്സിറ്റിയുടെ നാടകമത്സരം വരുന്നു. അനൂപിന് വേണ്ടി കെ ആർ രമേശേട്ടന്റെ കോങ്കണ്ണ് എന്ന നാടകം മനോജ് ആർ ചന്ദ്രൻ സംവിധാനം ചെയ്യുന്നു. അവരെ സഹായിക്കാൻ ഒപ്പം ഞാനും. ഞങ്ങൾ കായംകുളം എം സ് എം കോളേജിൽ എത്തുന്നു. നിർമൽ എന്ന മറ്റൊരു സുഹൃത്തും നമ്മളോടൊപ്പം ഉണ്ട്. വളരെ ഹൃദ്യമായ സ്വീകരണമാണ് അന്ന് അവിടുത്തെ എസ് എഫ് ഐ യൂണിറ്റ് ഞങ്ങൾക്ക് നൽകിയത്. ഞങ്ങൾക്ക് ഒരു ക്ലാസ് റൂം അവർ തുറന്നു തന്നു, അത്യാവശ്യം പ്രോപ്പർട്ടീസ് ഒക്കെ ഉണ്ടാക്കണം. ഞങ്ങൾ അവിടെ ആ ക്ലാസ് റൂമിൽ വട്ടം കൂടിയിരുന്നു നാടകത്തെ കുറിച്ച് വളരെ ഗൗരവമേറിയ ചർച്ചകളൊക്കെ നടത്തി കൊണ്ടിരിക്കുന്നു. അങ്ങനെ ചർച്ചകൾ അവസാനിച്ച് വരുമ്പോ അനൂപ് എന്നോട് പറഞ്ഞു ‘അണ്ണാ അണ്ണൻ ഒരു പാട്ട് പാട്’ എന്ന്. അന്നൊക്കെ വളരെ ആവേശത്തിൽ വളരെ ഉച്ചത്തിൽ പാടുന്ന കാലം ആണ്. അങ്ങനെ പാട്ട് പാടുന്നു. എന്റെ കൂട്ടത്തിൽ ഉള്ള അനൂപും മനോജേട്ടനും രമേശേട്ടനും നിർമൽ ജിയും പാടുന്നവരല്ല. അങ്ങനെ ഞാൻ പാടി. അപ്പോൾ തൊട്ടപ്പുറത്തെ മുറിയിൽ നിന്നും വേറൊരു പാട്ട് … ഒരു നാടൻ പാട്ട്. ഞാനും നാടൻ പാട്ടായിരുന്നു പാടിയത്. അങ്ങനെ അപ്പുറത്തെയും ഇപ്പുറത്തെയും മുറിയിൽ ഇരുന്നു കൊണ്ട് ഏകദേശം ഒരൊന്നന്നര മണിക്കൂർ നേരം അങ്ങോട്ടും ഇങ്ങോട്ടും പാട്ടുകൾ പാടി. അങ്ങനെ പാടി പാടി ഒരു തരത്തിൽ അതൊരു മത്സരം പോലെ ആയി വന്നു. ഇപ്പുറത്ത് ഇരുന്ന് ഞാൻ മാത്രേ പാടുന്നുണ്ടായിരുന്നുള്ളൂ. അനൂപും മറ്റുള്ളവരും കൂടെ ഒരു ഓളത്തിനു എന്തെങ്കിലും ഒച്ചപ്പാടും ബഹളവും ഒക്കെ ഉണ്ടാക്കി കൊട്ടും മറ്റുമായി കൂടുന്നെന്നു മാത്രം. പക്ഷെ അപ്പുറത്തു വലിയ ഒരു സംഘം തന്നെ ഉണ്ടായിരുന്നു. നോക്കിനിൽക്കെ കുറച്ചു ആൾക്കാർ നമ്മുടെ മുറിയിലേക്കിങ്ങനെ കയറി വരുകയാണ്. പിന്നെ എന്റെ ചുറ്റും കൂടി നിന്ന് അവർ എല്ലാവരും കൂടെ ചേർന്ന് പാടുന്നു. ഇതിനെ നയിക്കുന്നത് രണ്ടു ചെറുപ്പക്കാർ ആണ്. രണ്ടു പയ്യന്മാർ .. ഒരാൾ കാണാൻ കറുത്തു നീണ്ടു മെലിഞ്ഞു മുടിയൊക്കെ നീട്ടി വളർത്തിയ ഒരു പയ്യനും മുടിയൊക്കെ നീട്ടി വളർത്തി അധികം പൊക്കം ഇല്ലാത്ത വേറൊരാളും. ഇവർ രണ്ടു പേരും കൂടെ ആണ് പാട്ടു പാടുന്നത്. മത്സരം ഒന്നും അല്ലായിരുന്നു. എല്ലാവരേം വന്നു കണ്ടു കഴിഞ്ഞപ്പോ മനസ്സിലായി നമ്മുടെ സഹോദരന്മാരെ പോലെ തന്നെ എന്നൊരു തോന്നൽ നമുക്ക് ഉണ്ടാവുന്നു. പിന്നെ മത്സരം ഒക്കെ നിർത്തി ഞാൻ തോൽവി സമ്മതിക്കുന്നു. കാരണം അവരോടു മത്സരിക്കേണ്ട ഒരു ആവശ്യമോ അവരുടെ മുന്നിൽ ജയിച്ച കാണിക്കണമെന്നോ .. അങ്ങനത്തെ യാതൊരു വാശിയും എനിക്ക് തോന്നിയില്ല. അങ്ങനെ നിൽക്കെ ഞാൻ നേരത്തെ പറഞ്ഞ രണ്ടുപേരിൽ ഒരാൾ എന്നെ വന്നു എന്നെ ചേർത്ത് പിടിച്ചു. പിന്നെ വളരെ വികാരനിർഭരമായ മുഹൂർത്തങ്ങൾ ആയിരുന്നു. പരസ്പരം പരിചയപ്പെട്ടു. ബാനർജി എന്ന പേര് കേട്ടപ്പോ എനിക്ക് വളരെ കൗതുകം തോന്നി. ഞാൻ ചോദിച്ചു അത് എന്താണ് അങ്ങനെ.? അത് പ്രത്യേകിച്ചൊന്നും ഇല്ല.. അച്ഛൻ ഇട്ട പേരാണ്. സാധാരണ നമ്മൾ ബാനർജി മുഖർജി ചാറ്റർജി എന്നൊക്കെ പറയുന്നത് ബംഗാളുകാർക്കൊക്കെ കേൾക്കുന്ന പേരുകളാണ്. നേരത്തെ പറഞ്ഞ രണ്ടു പേരിൽ രണ്ടാമൻ കേരളത്തിൽ ഇന്ന് വളരെ പ്രശസ്തൻ ആയ ചലച്ചിത്ര പിന്നണി ഗായകൻ മത്തായി സുനിൽ ആയിരുന്നു. അങ്ങനെ അന്നാണ് ഞങ്ങൾ ആദ്യമായിട്ട് പരിചയപ്പെടുന്നത്. വളരെ മനോഹരമായ ഒരു നാടകം ഡി ബി കോളേജിന് വേണ്ടി അഹമ്മദ് മുസ്ലിം എന്ന ഇക്കയുടെ സംവിധാനത്തിൽ കളിക്കുകയുണ്ടായി. ബാനർജി ആണ് അതിൽ പ്രധാന വേഷം ചെയ്യുന്നത്. അഭിനയിക്കുകയും അത് പോലെ തന്നെ ലൈവ് മ്യൂസിക്കും ചെയ്യുന്നത്. നാടകത്തിൽ ലൈവ് ആയിട്ടാണ് പാട്ടുകളും ഇൻസ്ട്രുമെന്റുകളും ബാനർജി കൈകാര്യം ചെയ്തിരുന്നത്. അതായത് സ്റ്റേജിൽ വന്നു ആക്ട് ചെയ്യും പുറത്ത് പോയി പാട്ട് പാടി വീണ്ടും വന്ന് ആക്ട് ചെയ്യും. അതൊന്നും എല്ലാവര്ക്കും സാധിക്കുന്ന കാര്യമല്ല. നാടക മത്സരം കഴിഞ്ഞു. സമ്മാനം കിട്ടിയില്ല. അനൂപ് ചന്ദ്രൻ ആ വർഷവും രണ്ടാം വർഷവും മികച്ച നടനാവുന്നു. അന്ന് ഈ മുസ്ലിം ഇക്ക ഭയങ്കരമായ പ്രതിഷേധം ഉണ്ടാക്കി. ഞങ്ങളും അതിന്റെ ഭാഗമായിട്ട് മാറി. ഞാനും അവർക്കൊപ്പം നിന്ന് സമ്മാനം കിട്ടാത്തതിന് ഭയങ്കരമായ ബഹളം വച്ചു. അന്ന് മുതൽ ഉള്ള ഒരു സൗഹൃദം ആയിരുന്നു ബാനർജി. ശാസ്‌താംകോട്ട ഡി ബി കോളേജിന്റെ നാടകത്തിനു സമ്മാനം കിട്ടാത്തത് ബാനർജിയുടേയും മത്തായിയുടെയും മുസ്ലിം ഇക്കയുടേം ഒക്കെ സങ്കടം ഞങ്ങളുടെ സങ്കടം കൂടെ ആയിട്ട് മാറുകയായിരുന്നു. അങ്ങനെയാണ് ഞങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ച.

അന്ന് മുതൽ ഉണ്ടായ ഒരു സൗഹൃദം അത്രയ്ക്ക് ദൃഢമായി തുടർന്നു. ഡി ബി കോളേജിലെ പഠനത്തിന് ശേഷം തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ ചേർന്ന് പഠിക്കുന്ന കാലത്ത് നമ്മളൊക്കെ എന്ത് കാര്യത്തിന് അവിടെ എത്തിയാലും എത്ര തിരക്കിലായിരുന്നാലും നമ്മളെ കാണാനും സംസാരിക്കാനും സമയം കണ്ടെത്തി വരുമായിരുന്നു. എനിക്ക് അദ്ദേഹത്തെ കുറിച്ച് തോന്നിയിട്ടുള്ളത് ഒരു വലിയ കാന്തിക വലയം തനിക്ക് ചുറ്റും ഉള്ള ഒരാൾ ആയിട്ടാണ്. ഒരു വലിയ ആകർഷണീയത എന്ന് പറയാം. നമ്മൾ ഒരു തവണ പരിചയപ്പെട്ടു ഒരു അഞ്ചു മിനിറ്റ് സംസാരിച്ചു കഴിഞ്ഞാൽ പിന്നെ ആളെ മറക്കാൻ പറ്റില്ല. അത്രത്തോളം വളരെ വ്യത്യസ്തമായ പെരുമാറ്റത്തിനും.. വർത്തമാനം പറയുന്ന ശൈലിക്കും ഒക്കെ ഉടമയായ ഒരു വ്യക്തിത്വം ആയിരുന്നു അദ്ദേഹം. ഇതൊന്നും എല്ലാവർക്കും ഉണ്ടാവുന്നതല്ല. മാത്രമല്ല ബാനർജി ഏത് കലയിൽ ഇടപെട്ടാലും അദ്ദേഹത്തിന്റേതായ ഒരു ബാനർജി ടച്ച് അതിനകത്തുണ്ടാവാറുണ്ട്. പടം വരയ്ക്കുമ്പോ പാട്ട്‌ പാടുമ്പോ അഭിനയിക്കുമ്പോ ഒക്കെ അദ്ദേഹത്തിന്റെ സ്വന്തം വ്യക്തിത്വം അതിൽ ഉണ്ടാവാറുണ്ട്. ഞാൻ മുൻപ് ഒരു റേഡിയോ പരിപാടിയിൽ കേട്ടിട്ടുണ്ട് ലോകത്തിൽ ഉള്ള മലയാളികൾക്ക് ഒരു ദിവസം ഇരുപത്തിനാലു മണിക്കൂറിനിടയിൽ ഒരു സെക്കന്റ് എങ്കിലും ദാസേട്ടന്റെ ശബ്ദം കേൾക്കാതെ കടന്നു പോവാൻ ആവില്ല എന്ന്. അത് പോലെയാണ് നമ്മുടെ പ്രിയങ്കരനായ കലാഭവൻ മണി എന്ന നമ്മുടെ മണി ചേട്ടൻ, അത്രത്തോളം ഒക്കെ തന്നെ മലയാളത്തിൽ ലോക മലയാളികൾ ഏറ്റെടുത്ത മറ്റൊരു ശബ്ദം പ്രിയപ്പെട്ട ബാനർജിയുടേത് തന്നെയാണ്. അത്രയ്ക്ക് സുന്ദരമായിട്ടാണ് അദ്ദേഹം പാടുന്നത്. അങ്ങനെയാണ് ആ ശബ്ദത്തിന്റെ സ്വഭാവം പോലും. അദ്ദേഹത്തിന്റെ വരകൾ ചിത്രങ്ങൾ.. ക്യാരിക്കേച്ചറുകൾ ഒക്കെയും അത് പോലെ മനോഹരമാണ്. സാധാരണ ആളുകൾക്ക് മറ്റൊരാൾ വരയ്ക്കുന്ന ക്യാരിക്കേച്ചറുകൾ ഇഷ്ടപെട്ടുകൊള്ളണമെന്നില്ല പക്ഷെ ബാനർജിയുടെ വര വരയ്ക്കപ്പെടുന്ന വ്യക്തിയുടെ മനസ്സ് നിറയ്ക്കുന്ന സന്തോഷിപ്പിക്കുന്ന തരം വരകൾ ആവാറുണ്ട്. അതിനു വേണ്ടി ആഴത്തിൽ ഉള്ള ഒരു പഠനം അദ്ദേഹത്തിനുണ്ടെന്നു തോന്നിയിട്ടുണ്ട്. അത് പോലെ വരയ്ക്കുന്നതിൽ വലിപ്പച്ചെറുപ്പമൊന്നുമില്ല. ഓസ്കാർ അവാർഡ് കിട്ടിയ ആളെയും വരയ്ക്കും.. വഴിയിൽ യാത്ര ചെയ്യുമ്പോൾ കൂടെ ഇരുന്ന അല്ലെങ്കിൽ പരിചയപ്പെട്ട ഒരു കുട്ടിയേയും വരയ്ക്കും. അങ്ങനെ പ്രശസ്തരും അപ്രശസ്തരും ആയിട്ടുള്ള ആൾക്കാരെല്ലാം ആ വരയ്ക്കു പാത്രമായിട്ടുണ്ട് എന്നുള്ളതാണ്. അങ്ങനെ മാന്ത്രിക വിരലുകൾ ഉള്ള, മാന്ത്രിക ശബ്ദം ഉള്ള, മാന്ത്രികമായ വ്യക്തിത്വമുള്ള ഒരു വലിയ വ്യക്തിപ്രഭാവലയം ഉള്ള മനുഷ്യൻ. അത്തരത്തിൽ ഒരു വലിയ മഹാപ്രതിഭയെയാണ് ഈ കെട്ട കാലം നമ്മളിൽ നിന്ന് തട്ടി എടുത്തിരിക്കുന്നത്. അതൊരു തീരാനഷ്ടം തന്നെ ആണ്. പാട്ടിനെ വരകളെ കലയെ ഒക്കെ സ്നേഹിക്കുന്ന ലോകത്തിലെ ഏത് വ്യക്തിക്കും ഒരിക്കൽ അറിഞ്ഞാൽ അയാളെ മറക്കാൻ കഴിയില്ല. വളരെ ചെറിയ സമയം കൊണ്ട് ഇങ്ങനൊരാൾ ഇവിടെ ഈ ഭൂമിയിൽ ഉണ്ടായിരുന്നു, ജീവിച്ചിരുന്നു എന്ന് കാലത്തോട് ഉറക്കെ വിളിച്ചു പറഞ്ഞു അവൻ എവിടേക്കോ പോയി. മണ്ണും ഭൂമിയും മനുഷ്യനും ഉള്ള കാലം വരെ അവൻ ഇവിടെ ജീവിക്കും. ജീവിച്ചു കൊണ്ടേ ഇരിക്കും. അതങ്ങനെയാണ് മനുഷ്യരുള്ള കാലത്തോളം അവൻ ഇവിടെ ഈ ഭൂമിയിൽ ജീവിച്ചു കൊണ്ടേ ഇരിക്കും.

ജയചന്ദ്രൻ തകഴിക്കാരൻ.

ആലപ്പുഴ ജില്ലയിൽ തകഴി സ്വദേശി. കഴിഞ്ഞ 30 വർഷക്കാലങ്ങളായി കലാമേഖയിൽ പ്രവർത്തിക്കുന്നു, കേരള സംഗീത നാടക അക്കാദമിയുടെ അവാർഡുകൾ നേടിയ തുപ്പൽ മത്സ്യം, മത്തി, ജോസഫിന്റെ റേഡിയോ (ഏകകഥാപാത്ര നാടകം) കാണി തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കേരള ഫോക് ലോർ അക്കാദമി അവാർഡ്, അരളി അവാർഡ്, അക്ഷരപ്പെയ്ത്ത് അവാർഡ്, മലയാള പുരസ്കാരം, കലാഭവൻ മണി ഫൗണ്ടേഷന്റെ ഓടപ്പഴം അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും നിരവധി ദേശീയ അന്തർദേശീയ നാടകോത്സവങ്ങളിലും ഫോക് ലോർ ഫെസ്റ്റിവലുകളിലും പങ്കെടുത്തിട്ടുണ്ട്. പേഴ്സണാലിറ്റി ഡവലപ്മെന്റ് ട്രെയിനറായും പ്രവർത്തിച്ചു വരുന്നു’ഭാര്യ മിനി ഗവൺമെൻ്റ് ഹയർ സെക്കൻഡറി അദ്ധ്യാപികയാണ് മകൻ ഗൗതം പി ചന്ദ്രൻ കേന്ദ്രീയ വിദ്യാലയത്തിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്നു ‘ഇപ്പോൾ എറണാകുളം ജില്ലയിൽ ഉദയംപേരൂരിൽ താമസിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here