കൂടുമായ് നടക്കുന്ന നിശാശലഭക്കൂട്ടർ

0
942
athmaonline-compound-eye-vijayakumar

കോംപൗണ്ട് ഐ

വിജയകുമാർ ബ്ലാത്തൂർ

പകൽ പൂക്കൾ തോറും പാറി നടക്കുന്ന പൂമ്പാറ്റകളും (butterfly ),  പൊതുവെ രാത്രി മാത്രം സജീവമാകുന്ന രാപ്പാറ്റകളെന്ന നിശാശലഭങ്ങളും (moth ) ലെപ്പിഡോപ്റ്റെറ Lepidoptera ഓർഡറിലാണ് ഉൾപ്പെടുക. മോത്തുകളുടെ വൈവിധ്യം അമ്പരപ്പിക്കുന്നതാണ്. പതിനായിരക്കണക്കിന് ശലഭങ്ങൾ ഉണ്ടെങ്കിലും  അതിലെ പ്രധാന പങ്കും നിശാശലഭങ്ങളാണ്.
പഴയ ഇംഗ്ലീഷിലെ maggot , അല്ലെങ്കിൽ midge എന്നീ പദങ്ങളിൽ നിന്നൊക്കെ ഉരുത്തിരിഞ്ഞതാവും moth എന്ന പേര് എന്നാണ് കരുതപ്പെടുന്നത്. വീടുകളിലെ കമ്പിളിത്തുണികളുടെയും വസ്ത്രങ്ങളുടെയും നാരുകൾ എടുത്ത് കൂടൊരുക്കുന്ന ലാർവ പുഴുക്കൾ പിന്നീട് നിശാശലഭമാകുന്നുണ്ട് എന്ന അറിവിൽ നിന്നാവാം പുഴു എന്ന് അർത്ഥം വരുന്ന ആ വാക്കുകൾ ഇത്തരം ശലഭങ്ങളെ സൂചിപ്പിക്കാൻ  ഉപയോഗിച്ചു തുടങ്ങിയത്.
നിശാശലഭങ്ങളിലെ വ്യത്യസ്ത വിഭാഗങ്ങളിലൊന്നായ സൈക്കിഡെ (Psychidae) കുടുംബത്തിൽ പെട്ടവയുടെ കാറ്റർപില്ലറുകൾക്ക് പ്രത്യേക സ്വഭാവം ഉണ്ട്. ഇവർ കൂടുണ്ടാക്കി അതുമായാണ് സഞ്ചാരം.
നീളമൊപ്പിച്ച് മുറിച്ച ചെടിക്കമ്പുകൾ വിറക് കെട്ട് പോലെ ഒട്ടിച്ച് വെച്ച കൂടുകളാവും ചിലവ ഉണ്ടാക്കുക.  ഒന്നിനു മേൽ ഒന്നായി ചതുരത്തിൽ ഒട്ടിച്ച് ചേർത്ത് ഗോപുരം പോലെ ഡിസൈനർ കൂട് ഉണ്ടാക്കുന്നവരുമുണ്ട്. കോൺ ഐസിന്റെ രൂപത്തിൽ  കൂർത്ത ഫണൽ കൂടുകൾ ഉണ്ടാക്കുന്നവരും മണലും മുടിയും നാരുകളും അഴുക്കുകളും എന്നുവേണ്ട ലഭ്യമായ സാധനങ്ങൾ എന്തും ഉപയോഗിച്ച് സഞ്ചിക്കൂട് വീട് ഡിസൈൻ ചെയ്യുന്ന ഉഗ്രൻ ആർക്കിടെക്റ്റുകളും ഒക്കെ ഇവരുടെ കൂട്ടത്തിലുണ്ട്.

കൂടും കുടുക്കയുമായി ഒരിടത്ത് നിന്ന് മറ്റൊരിടത്തിലേക്ക്  സഞ്ചരിച്ചും, ഒളിച്ചിരുന്ന് ഇരപിടിയന്മാരിൽ നിന്നും രക്ഷപ്പെട്ടും , സ്വയം ഇരതേടിയും ഒക്കെയുള്ള  അത്ഭുതജീവിതം നയിക്കുന്നവരാണ് ഇവർ. Case moths, bag moths, bagworms, bagworm moths എന്നിങ്ങനെ പല  പേരുകളുണ്ട് ഇവർക്ക് . ലോകത്താകമാനം 160000 ൽ അധികം നിശാശലഭ ഇനങ്ങളുണ്ടാവുങ്കിലും അവയിൽ ആകെ 1350 ഇനം സഞ്ചിക്കൂട് നിശാശലഭ ഇനങ്ങളെ മാത്രമേ  ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളു. ഇവയുടെ ജീവിതകാലത്തിൽ വലിയപങ്കും മുട്ടവിരിഞ്ഞിറങ്ങിയ കാറ്റർപില്ലറായും പ്യൂപ്പാവസ്ഥയിലും ആണുജീവിച്ചു തീർക്കുക. ചില സ്പീഷിസുകളിൽ രണ്ടു വർഷം വരെ ഇതു നീളും ഈ കാലം.

ഒരിക്കലുണ്ടാക്കിയ കൂടിൽ നിന്ന് പുഴുക്കൾ ഒരിക്കലും പുറത്തിറങ്ങുന്നില്ല. കൂടിന് മുകളിലും താഴെയും ദ്വാരമുണ്ട്. ഉരസിലെ  മൂന്നുജോഡി കാലുകൾ ഉപയോഗിച്ച് ശരീരത്തിന്റെ മുൻഭാഗം മുകളിലെ ദ്വാരത്തിലൂടെ  പുറത്തേക്ക് നീട്ടി  കൂടും വലിച്ച് കുറേശ്ശെ നീങ്ങാൻ ഇവർക്ക്  പറ്റും. ഇരപിടിയന്മാരായ പക്ഷികളുടെ സാന്നിദ്ധ്യസൂചന കിട്ടിയാൽ ആമയേ പോലെ  തല വലിച്ച് കൂടിനുള്ളിലാക്കി അനങ്ങാതെ നിന്നോളും. തീറ്റതേടുന്നതും ഇങ്ങനെ തന്നെ. പിറകിലെ കുഞ്ഞ് ദ്വാരത്തിലൂടെ വിസർജ്ജ്യങ്ങൾ പുറത്തേക്ക് തെറിപ്പിച്ച് കളയും. ഒരുവിധം എല്ലായിനം ബാഗ് മോത്തുകളും സസ്യഭാഗങ്ങൾ തിന്നാണ് വളരുന്നത്. കൽപ്പായലുകളും മറ്റും തിന്നുന്നവരുണ്ട്. ചിലവ ഉറുമ്പുകൂടുകളിൽ താമസിക്കും. അവിടുത്തെ അഴുക്കുകൾ തിന്ന് വൃത്തിയാക്കികൊടുക്കും. നിശാശലഭപ്പുഴുക്കൾ വളർച്ചമുറ്റി മൂപ്പെത്തിയാൽ പിന്നെ കൊണ്ടുനടക്കുന്ന  കൂട് എവിടെയെങ്കിലും  ഉറപ്പിച്ച് നിർത്തും . പാറക്കെട്ടിലോ  ചുമരിലോ മരച്ചില്ലകളിലോ ഉറപ്പുള്ള പുൽത്തണ്ടിലോ   തടിയിലോ ഒക്കെ ഈ കുടുകൾ സ്ഥാപിച്ചിരിക്കുന്നത് സൂക്ഷിച്ച് നോക്കിയാലേ കണ്ടു പിടിക്കാനാവു.   ശത്രക്കളുടെ കണ്ണിൽ പെടാത്തവിധത്തിൽ  ചുറ്റുപാടുകളിൽ നിന്നും ഒറ്റനോട്ടത്തിൽ കണ്ടെത്താനാവാത്ത ‘കമോഫ്ലാഷിന്‘ പറ്റും വിധമുള്ള രൂപവും ഘടനയും ഒക്കെയാണ് കൂടുകൾക്ക് ഉണ്ടാവുക.  സ്വയം നിർമ്മിക്കുന്ന സിൽക്ക്  നൂൽ ഉപയോഗിച്ചാണ് കുട്  ഒട്ടിപ്പ് ഉറപ്പിച്ച് നിർത്തുക. അതിനു ശേഷമാണ്‌ ശലഭമാവാനായുള്ള  പ്യൂപ്പാവസ്ഥ. ആദ്യം കൂടിന്റെ മുന്നിലെ ദ്വാരം അടയ്ക്കും. തല താഴ്ഭാഗത്തേക്ക് വരും വിധം തിരിഞ്ഞ് കിടക്കും. നൂലുകൾ കൊണ്ട് ശരീരത്തിനു ചുറ്റും ഒരു കൊക്കൂൺ  ഉണ്ടാക്കി കൂടിനുള്ളിൽ  നിശാശലഭമായിമാറാനുള്ള അത്ഭുത രൂപ പരിണാമ ഘട്ടം ആരംഭിക്കും.

പ്യൂപ്പയിൽ നിന്ന് വിരിഞ്ഞ് പുറത്തിറങ്ങുന്ന  സഞ്ചി നിശാശലഭങ്ങളിൽ ആണിനങ്ങൾക്ക് ചിറകുകൾ ഉണ്ടാകും. അവ താഴ്ഭാഗത്തെ ദ്വാരം വഴി  പുറത്തിറങ്ങി പറന്നു പോകും.  എന്നാൽ ഭൂരിപക്ഷം ബാഗ് മോത്ത്  ഇനങ്ങളിലെ  പെൺ നിശാശലഭങ്ങൾക്കും ചിറകുകൾ ഉണ്ടാവില്ല. Saunder’s Case Moth എന്ന് വിളിക്കുന്ന Metura elongata എന്ന ഇനം ഒക്കെ ഇത്തരത്തിൽ ഉള്ളവ ആണ്. പറക്കാൻ കഴിവില്ലാത്ത പെൺ ശലഭം  പഴയ കൂടിനുള്ളിൽ തന്നെ ജീവിതം തുടരും. ഒരിക്കൽ പോലും പുറത്തിറങ്ങാത്ത അടഞ്ഞ ജീവിതം.  ആൺ നിശാശലഭങ്ങൾക്ക് വദനഭാഗങ്ങളൊന്നും കാര്യമായി വികസിച്ചിട്ടുണ്ടാവില്ല. അതിനാൽ ഒന്നും തിന്നാൻ പറ്റില്ല. ഇണചേരാനുള്ള സമയം വരെ പറക്കാനുള്ള ഊർജ്ജവും ആയുസ്സും  മാത്രമെ അവയ്ക്കും ഉണ്ടാകു.  കൂടുമായി ജീവിക്കുന്ന പെൺ നിശാശലഭങ്ങൾ പുറപ്പെടുവിക്കുന്ന ഫിറമോണുകൾ ഗന്ധങ്ങൾ  ഗ്രഹിച്ച് ഇവ പറന്നെത്തും.  കൂട്ടിനുള്ളിൽ തന്നെ അപ്പോഴും കഴിയുന്ന പെൺ നിശാശലഭത്തെ ഒന്നു കാണുക പോലും സാദ്ധ്യമല്ല.

കൂടിന്റെ കീഴ്ഭാഗത്തെ ദ്വാരത്തിലൂടെ തന്റെ ശരീര ഉദരഭാഗത്തെ നീളമുള്ള ലൈംഗീക അവയവം ടെലിസ്കോപ്പിക്ക് സംവിധാനമാക്കി നൂഴ്ത്തിക്കടത്തി ഇണചേരും. അതിനാലാണ് elongata എന്ന സ്പീഷിസ് നാമം ഇവർക്ക് കിട്ടിയത്. ബീജ സങ്കലനം നടന്ന പെൺ ശലഭങ്ങൾ ആയിരത്തോളം മുട്ടകൾ പേറും. Oiketicus kirbyi പോലുള്ള ഇനങ്ങൾ 13000 മുട്ടകൾ വരെ ഇടും.  ചിലയിനങ്ങൾ കൂടിനുള്ളിൽ മുട്ടയിട്ടശേഷം താഴ്ഭാഗം വഴി ചത്തുവീഴും. evergreen bagworm (Thyridopteryx ephemeraeformis) പോലുള്ള ചിലവയിൽ പെൺ മോത്ത്  ശരീരത്തിനുള്ളിലെ മുട്ടകളോടെ മരിച്ച് കൂടിനുള്ളിൽ തന്നെകിടക്കും.  ശവശരീരത്തിൽനിന്ന് മുട്ടകൾ വിരിഞ്ഞ് പുത്തൻ മക്കൾ കാറ്റർ പില്ലർ പുഴുക്കൾ പുറത്തുവരും. അവ സിൽക്ക് നൂലിൽ നൂഴ്ന്ന് താഴ്ഭാഗത്തെ ദ്വാരം വഴി പുറത്തിറങ്ങും.  സ്പീഷിസുകൾക്കനുസരിച്ച് ചുറ്റും നിന്നും ലഭിക്കുന്ന സാധനങ്ങൾ തട്ടിക്കൂട്ടി തുന്നി ഒട്ടിച്ച് ഒപ്പിച്ച്  സുരക്ഷിതമായ കിടിലൻ കൂട് ഉണ്ടാക്കലാണ് അടുത്ത പണി.  ഈ കൂട് ഇവയുടെ ശത്രുക്കൾക്ക് പെട്ടന്ന് കാഴ്ചയിൽ പെടില്ല.  എന്നു മാത്രമല്ല  കൊത്തിപ്പൊട്ടിച്ച് അകത്തെ ആളെതിന്നാൻ പക്ഷികളും മറ്റ് ഇരപിടിയന്മാരും നന്നായി കഷ്ടപ്പെടുകയും ചെയ്യും.  ബീജസങ്കലനം നടന്ന പെൺ മോത്തുകളോടെ ഉള്ള കൂടടക്കം പക്ഷികൾ കൊത്തി അകത്താക്കും. ഉറപ്പുള്ള പുറം കവചമുള്ള മുട്ടകൾ കേടൊന്നും കൂടാതെ പക്ഷി കാഷ്ടത്തിലൂടെ പല സ്ഥലത്തായി വിതരണം നടത്തപ്പെടുകയും – അവ വിരിഞ്ഞ് ലാർപ്പുഴുക്കൾ ഉണ്ടാവുകയും ചെയ്യും. ചില ഇനങ്ങളിൽ പെൺ മോത്തുകൾ ഇണചേരാതെ തന്നെ പാർത്തനോജനിസിസ് എന്ന പ്രത്യേകത വഴി  ബീജസങ്കലനം നടക്കാത്ത മുട്ടകളിൽ നിന്ന് തന്നെ കുഞ്ഞുങ്ങളെ ഉണ്ടാക്കാൻ കഴിവുള്ളവയാണ്.

ഉണങ്ങിയ  കുമ്പളക്കുരുവിന്റെ കോലത്തിൽ നടുഭാഗം വീർത്തും അഗ്രങ്ങൾ കൂർത്തും ഒരു പരന്ന അവലു പോലുള്ള ‘സാധാനം‘   വെള്ളപൂശിയ പഴയ ചുമരിനു മേൽ പറ്റിനിൽക്കുന്നത്  ചിലപ്പോൾ ശ്രദ്ധിച്ചിട്ടുണ്ടാകും.

നോക്കിനിൽക്കെ  അത് പതുക്കെ ഉരഞ്ഞ് നീങ്ങുന്നതു കാണുമ്പോഴാണ്‘ സംഭവം‘ ഒരു ജീവിയാണല്ലോ എന്ന് ചിന്തിച്ചുതുടങ്ങുക. Tineidae വിഭാഗത്തിൽ പെട്ട ‘ക്ലോത്ത് മോത്ത് ‘നിശാശലഭയുടെ ലാർവക്കൂടുകളാണത്.  case-bearing clothes moth (Tinea pellionella) എന്ന് വിളിക്കുന്ന ഇവ മനുഷ്യ നിർമിതികളായ വസ്ത്രങ്ങളിലും രോമക്കമ്പിളികളിലും കാർപ്പെറ്റുകളിലും പൊഴിഞ്ഞ മുടിനാരിലും ഉള്ള കെരാറ്റിൻ തിന്നാണ് ജീവിക്കുന്നത്. നാരും രോമവും മണലും ഒക്കെ ചേർത്താണ് ഈ കൂട് ഉണ്ടാക്കുന്നത്- തുണികളും മറ്റും നശിപ്പിക്കുന്ന വീട് ശല്യക്കാരാണ് ഇവർ സാധുക്കളും നിരുപദ്രവകാരികളുമായി തോന്നുന്ന  ഈ ചങ്ങാതികൾക്ക് ചിലന്തിവലയും സിന്തറ്റിക്ക് നാരുകളുമടക്കം വീട്ടിലെ പലതും ദഹിപ്പിക്കാനുള്ള പവറുണ്ട്. തുണികളും തിരശീലകളും കാർപെറ്റുകളും താറുമാറാക്കുന്ന മാടമ്പള്ളിയിലെ യഥാർത്ഥ  കുഴപ്പക്കാർ ഇവരാണെന്ന് ആരും അറിയുന്നില്ല എന്ന് മാത്രം.

athmaonline-vijayakumar-blathoor
വിജയകുമാർ ബ്ലാത്തൂർ


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here