ശവപ്പറമ്പായി മാറ്റപ്പെടുന്ന ‘കടലിലെ മഴക്കാടുകൾ’

0
639

ലേഖനം

സിമി സൂസൻ മോൻസി

ലക്ഷദ്വീപിലെ പ്രതിഷേധങ്ങളുടെ പുകച്ചുരുളുകൾ കെട്ടടങ്ങുന്നില്ല, ഭരണകൂടത്തിന്റെ എതിർപ്പുകളും. എന്തുകൊണ്ടാണ് ലക്ഷദ്വീപിലെ ജനത അവരുടെ ജീവനും ജീവിതവും തൃണവത്കരിച്ചുകൊണ്ട്‌ പ്രതിഷേധിക്കുന്നത്, അവരുടെ വാദങ്ങൾക്ക് എന്തെങ്കിലും കഴമ്പുണ്ടോ, ഇതിനുപിന്നിലുള്ള വികാരം വെറും രാഷ്ട്രീയ പ്രേരിതം മാത്രമാണോ അതോ അവർ അവകാശപ്പെടുന്നത് പോലെ തന്നെ ജീവനും ജീവിതത്തിനുമായുള്ള പോരാട്ടമാണോ?

ഇതൊക്കെ മനസിലാക്കാൻ ആദ്യം ദ്വീപിനെ പറ്റിയും ദ്വീപിന്റെ ജൈവ വൈവിധ്യത്തെപ്പറ്റിയും ആവാസ വ്യവസ്ഥകളെപ്പറ്റിയും അവിടത്തെ മനുഷ്യരെയും പറ്റി മനസിലാക്കേണ്ടതുണ്ട്. ഇന്ത്യയിലെ ഏക പവിഴദ്വീപ് സമൂഹമാണ് ലക്ഷദ്വീപ്. കോറൽ പോളിപ്പുകൾ എന്നറിയപ്പെടുന്ന സമുദ്രജീവികളുടെ ജൈവാവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയാണ് പവിഴ ദ്വീപുകൾ ഉണ്ടാകുന്നത്. പ്രീ-കാംബ്രിയൻ കാലഘട്ടത്തിലെ ആരവല്ലി പർവ്വതനിരകളുടെ തെക്കേ അതിർത്തി ഭാഗങ്ങളിൽ കടലിനടിയിലുണ്ടായ അഗ്നിപർവ്വതങ്ങളുടെ വിസ്ഫോടന ഫലമായി പോളിപ്പുകൾ അടിഞ്ഞുകൂടിയാണ് ലക്ഷദ്വീപ് സമൂഹം രൂപപ്പെട്ടത് എന്നാണ് പറയപ്പെടുന്നത്. 36 ചെറു ദ്വീപുകൾ അടങ്ങിയ ലക്ഷദ്വീപിൽ 10 ദ്വീപുകളിൽ ആണ് ജനവാസമുള്ളത്. ജീവനുള്ള കോറൽ, കടൽചീര, കടൽവെള്ളരി, ഡോൾഫിനുകൾ, നക്ഷത്രമത്സ്യം, കടല്‍ച്ചേന, കടല്‍പ്പുല്ലുകള്‍, കക്ക, നീരാളി, കവടി, വിവിധയിനം മൽസ്യങ്ങൾ മുതലായ സമുദ്രജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയാണ് ഈ ദ്വീപുകളിലുള്ളത്. ഇവയെ കൂടാതെ വിവിധയിനം ആൽഗകളുടെയും കടൽപായലുകളുടെയും സൂക്ഷ്‌മ പ്രാണികളുടെയും നിറസാന്നിദ്ധ്യം ഇവിടെയുണ്ട്. ജനവാസമില്ലാത്ത ചില ദ്വീപുകൾ കടൽപക്ഷികളുടെയും ആമകളുടേയും പ്രജനന കേന്ദ്രങ്ങളാണ്. പവിഴപ്പുറ്റുകളുടെയും ലഗൂണുകളുടേയും സാന്നിദ്ധ്യമാണ് ഈ ജൈവ വൈവിധ്യത്തെ സംരക്ഷിച്ചു പോരുന്നത്.

പവിഴപ്പുറ്റുകളുടെ നിലനിൽപ്പ് എത്രത്തോളം പരിസ്ഥിതിക്ക് അനിവാര്യവും ജൈവ വൈവിദ്ധ്യം കാത്തുസൂക്ഷിക്കുന്നതിൽ അനിഷേധ്യവുമാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ കാലാവസ്ഥാ വ്യതിയാനം മൂലവും ആഗോള താപനം മൂലമുണ്ടാകുന്ന സമുദ്ര താപനിലയിലെ ഉയർച്ചയും സമുദ്രമലിനീകരണവുമൊക്കെയായി പവിഴപ്പുറ്റുകൾ നശിച്ചുകൊണ്ടിരിക്കുകയാണ്. അത് ലക്ഷദ്വീപിൽ മാത്രമല്ല, എല്ലായിടത്തെയും സ്ഥിതി ഇതുപോലെ തന്നെയാണ്. അന്തരീക്ഷത്തിലെ വളരെ നേരിയ മാറ്റം പോലും കോറൽ ബ്ലീച്ചിനു കാരണമാകും. സമുദ്ര താപനില വെറും 2 ഡിഗ്രി ഫാരൻഹീറ്റ് ഉയർന്നാൽ മതി, ആ പ്രദേശത്ത് കോറൽ ബ്ലീച്ചിന് തുടക്കം കുറിക്കാൻ. പഠനങ്ങൾ വെളിവാക്കുന്നത് ലക്ഷദ്വീപിൽ 1998, 2010, 2016 കാലഘട്ടങ്ങളിലായി ഗുരുതര കോറൽ ബ്ലീച്ചിങ് നടന്നിട്ടുണ്ടെന്നാണ്. നേച്ചർ കൺസേർവഷൻ ഫൗണ്ടേഷൻ 2018 ൽ നടത്തിയ പഠനത്തിൽ പറയുന്നത് 1998 മുതൽ 2017 വരെയുള്ള കാലഘട്ടത്തിൽ ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളുടെ സാന്നിദ്ധ്യം 51.6 ശതമാനത്തിൽ നിന്നും വെറും 11 ശതമാനത്തിലേക്ക് ചുരുങ്ങി എന്നാണ്. നാഷണൽ ഓഷിയാനിക് ആൻഡ് അറ്റ്‌മോസ്‌ഫെറിക് അസോസിയേഷന്റെ കണക്കുകൾ പ്രകാരം 2014 മുതൽ 2017 വരെയുള്ള കാലയളവിൽ ലോകത്തിലെ 75 ശതമാനം പവിഴപ്പുറ്റുകൾക്കും അവയെ നശിപ്പിക്കാൻ തക്ക താപ സമ്മർദ്ദം അനുഭവപ്പെടുകയും അവയിൽ 35 ശതമാനത്തോളം പവിഴപ്പുറ്റുകളുടെ നാശത്തിനും കാരണമായെന്നാണ്. ദശലക്ഷക്കണക്കിനു വർഷങ്ങൾകൊണ്ട് ഉണ്ടായി വന്ന ജൈവവൈവിധ്യമാണ് ഇങ്ങനെ മിനിറ്റുകൾകൊണ്ട് നശിക്കുന്നത്, തലമുറകൾ പ്രയത്‌നിച്ചാലും തിരികെ കൊണ്ടുവരാൻ പറ്റാത്തതരം വിനാശമാണത്.

ലോകജനസംഖ്യയുടെ ഏകദേശം എട്ടുശതമാനത്തോളം ആൾക്കാർ ജീവിക്കുന്നത് പവിഴപ്പുറ്റുകളിൽ നിന്നും 100 കിലോമീറ്ററിനുള്ളിലാണ് , ഇതിൽ നിന്നും മനസിലാകുന്നത് പവിഴപ്പുറ്റുകളും ഈ ജനങ്ങളുടെ ഉപജീവന മാർഗങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് (D Bryant et.al. in 1998 ). അന്തരീക്ഷത്തിലെ കാർബൺ ഡയോക്‌സൈഡ് കൂടുന്നതുമൂലമുണ്ടാകുന്ന ഓഷ്യൻ അസിഡിഫിക്കേഷന്റെ ഫലമായി ലോകത്തിലെ അറിയപ്പെടുന്ന എഴുപതു ശതമാനം ആഴക്കടൽ പവിഴപ്പുറ്റുകളും ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ തന്നെ അമ്ല വെള്ളത്തിലാകും എന്നാണ് ശാസ്ത്രജ്ഞമാരുടെ പ്രവചനം (Guinotte et al., 2006).

ലക്ഷദ്വീപിലെ സെൻസസ് കണക്കുകൾ പരിശോധിച്ചാൽ 2011 സെൻസസ് പ്രകാരം ആകെയുള്ള ജനസംഖ്യയിൽ ഓരോ ഏഴാമത്തെ വ്യക്തിയും മത്സ്യത്തൊഴിലാളിയാണ്. ഇന്ത്യയിലെ മൊത്തം മത്സ്യബന്ധനത്തിൻറെ 25 ശതമാനം വരെ ലക്ഷദ്വീപിൽ നിന്നും ലഭിക്കുന്നുവെന്നാണ് UNDP യുടെ 2012 ലെ ലക്ഷദ്വീപ് കർമപദ്ധതി കണക്കുകൾ സൂചിപ്പിക്കുന്നത്. ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ അവിടെയുള്ള ജനതയുടെ ഉപജീവനത്തെയും സമുദ്രജീവികളുടെ ആവാസവ്യവസ്ഥയെയും ഒരു പോലെ സംരക്ഷിക്കുന്നതാണ്, അവർ തിരിച്ചും. അതുകൊണ്ടു തന്നെ ദ്വീപിന്റെ വികസന സങ്കല്പങ്ങളിൽ ഊന്നൽ നൽകേണ്ടതും ഈ ജൈവ ആവാസ വ്യവസ്ഥയുടെ സംരക്ഷണത്തിനും മനുഷ്യ നിർമിത ദുരന്തങ്ങളുടെ പ്രതിരോധ പ്രവർത്തനങ്ങൾക്കുമാണ്.

ലക്ഷദ്വീപിലെ ലഗൂണുകളുടെ പ്രാധാന്യവും ചെറുതല്ല. ആന്ദ്രോത്തിൽ മാത്രമാണ് വിശാലമായ ലഗൂണുകളുടെ സാന്നിദ്ധ്യം ഇല്ലാത്തത്. വലിയ തിരമാലകൾ കരയിലേക്കടുക്കാതെ തീരത്തെ സംരക്ഷിക്കുന്ന ആഴം കുറഞ്ഞ ഈ കടൽപ്പരപ്പുകൾ നിരവധി ജീവികളുടെ ഈറ്റില്ലം കൂടിയാണ്. കൊഞ്ച്, ആമ, നീരാളി, സ്പോഞ്ച്, കടൽവെള്ളരി ഇവയെയൊക്കെ ഈ ലഗൂണുകളിൽ കാണാം. ലക്ഷദ്വീപിലെ ജൈവ സന്തുലനാവസ്ഥ നിലനിർത്തുന്നതിൽ ഈ ലഗൂണുകളുടെ പങ്ക് വളരെ വലുതാണ്.

ലക്ഷദ്വീപുകാരിൽ തൊണ്ണൂറ്റിയൊമ്പതു ശതമാനവും പട്ടികവർഗ്ഗത്തിൽ പെട്ട മുസ്ലിം സമുദായക്കാരാണ്. ദ്വീപിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതയും അവിടെയുള്ള ആളുകളുടെ സംസ്കാരവും ഭാഷയും കണക്കിലെടുത്തുകൊണ്ടാണ് അവരെ പട്ടിക വർഗ്ഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതായത് തനതു ഭാഷയും സംസ്കാരവും സ്വത്വവുമുള്ള അവർ ഇന്ത്യയിലെ മറ്റേതൊരു ജനവിഭാഗങ്ങളിൽ നിന്നും ഈ കാര്യങ്ങളിൽ വ്യത്യസ്തത പുലർത്തുന്നവരാണ്. അവരുടെ ഭാഷയും സംസ്കാരവും ഭക്ഷണ രീതിയും ആഘോഷങ്ങളും ജീവിതവുമെല്ലാം കടലുമായും ദ്വീപിലെ കാലാവസ്ഥയുമായും ബന്ധപ്പെട്ടു കിടക്കുന്നതാണ്. അതുകൊണ്ടു തന്നെ അവരുടെ ആവാസ വ്യവസ്ഥയ്ക്ക് കോട്ടം വരുത്തുന്ന ഒരു വമ്പൻ പദ്ധതിക്കും കൂട്ടുനിൽക്കാൻ അവർ തയ്യാറാകില്ല.

ലക്ഷദ്വീപിലെ പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിച്ചത് അവിടെ പുതുതായി നിലവിൽ വരുത്തിയ ചില ഭരണ പരിഷ്‌കാരങ്ങൾ മൂലമാണ്. ഇതിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ടൂറിസം മേഖലയിൽ വരാനിരിക്കുന്ന കൂറ്റൻ പദ്ധതികൾ. ഈ പദ്ധതികളുടെ നടത്തിപ്പിനു വേണ്ടിയും അതിനെ എതിർക്കുന്നവരുടെ വായടപ്പിക്കാനുമുള്ള നിയമങ്ങൾ ആണ് അവിടെ രൂപം കൊണ്ടുകൊണ്ടിരിക്കുന്നത് എന്നാണ് പ്രക്ഷോഭകർ ഒന്നടങ്കം അവകശപ്പെടുന്നത്. ഈ ടൂറിസം പദ്ധതിയിൽ കടമത്, മിനിക്കോയി, സുഹൈൽ എന്നീ ദ്വീപുകളിൽ ബീച്ച് വാട്ടർ വില്ലകൾ നിർമിക്കാനും മറ്റു ദ്വീപുകളിൽ ടൂറിസവുമായി ബന്ധപ്പെട്ട് പുതിയ നിർമാണ പ്രവർത്തനങ്ങൾ നടപ്പിലാക്കാനുമാണ് ഉദ്ദേശിക്കുന്നത്. ഇതിനായി പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ് മോഡലാണ് മുന്നോട്ടു വച്ചിരിക്കുന്നത്. റോഡിന്റെ വീതികൂട്ടലും ഭൂമി പിടിച്ചെടുക്കലുമൊക്കെ ഇതിനു വേണ്ടിയാണ്. ഇരു ചക്ര വാഹനങ്ങളും കൈ വിരലിൽ എണ്ണിത്തീർക്കാൻ മാത്രം ഉള്ള കാറുകളും ഉള്ള ദ്വീപുകളെയാണ് റോഡിനു വേണ്ടി ശ്വാസം മുട്ടിക്കുന്നത്. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മത്സ്യം ഉണങ്ങാനുള്ള സ്ഥലവും ചന്തയും ബോട്ടുകൾ സൂക്ഷിക്കുന്ന സ്ഥലവുമൊക്കെയാണ് ഇങ്ങനെ സ്വകാര്യ വ്യക്തികളുടെ കൈയിലേക്കെത്താൻ പോകുന്നത്. ഇനി ഇതുമൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളും ആവാസ വ്യവസ്ഥയുടെ സമ്പൂർണ നാശവുമൊക്കെ കണക്കിലെടുത്തു കൊണ്ടാണോ ഈ വികസന പദ്ധതികൾ വരുന്നത് എന്നു ചോദിച്ചാൽ അല്ലേ അല്ല. 2014-ൽ സുപ്രീം കോടതി നിയമിച്ച ജസ്റ്റിസ് ആര്‍.വി. രവീന്ദ്രന്‍ കമ്മിറ്റി നിര്‍ദേശിച്ചത് ദ്വീപുകളുടെ തീരത്ത് ഹൈ ടൈഡ് ലൈനിൽ നിന്ന് 20 മീറ്റര്‍ ഏകീകൃത മേഖലയായിരിക്കുമെന്നും ഇത് നോൺ ഡെവലപ്മെന്‍റ് സോണ്‍ (NDZ) ആയിരിക്കണം എന്നുമാണ്. കൂടാതെ ഐ‌ഐ‌എം‌പിയില്‍ (Integrated Island Management Plan) രൂപകൽപന ചെയ്തിട്ടുള്ള എല്ലാ പദ്ധതികളും പ്രവർത്തനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കൂടിയാലോചിച്ച് നടപ്പിലാക്കണം എന്നുമാണ്. ഇപ്പോൾ തന്നെ നിരവധി പക്ഷിഗണങ്ങളുടെയും ആമകളുടെയും പ്രജനന കേന്ദ്രമായ സുഹൈൽ ദ്വീപിലെ മരങ്ങൾ മുറിച്ചുമാറ്റപ്പെട്ടു കഴിഞ്ഞു, പുതിയ ഹെലിപാഡിന്റെ പണികൾ അവിടെ പുരോഗമിക്കുന്നു. ഏത് പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് പ്രകാരമാണ് ഈ വൻദുരന്തം നടപ്പിലാക്കികൊണ്ടിരിക്കുന്നത്? PPP മോഡൽ പ്രകാരം 780 കോടിയോളം ഇതിലേക്കായി മുടക്കാനായി ഏത് കുത്തക മുതലാളിയെയാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്? എന്തിനാണ് അഡ്മിനിസ്ട്രേറ്റർക്ക് വികസന പ്രവർത്തനങ്ങളിൽ ഏക പക്ഷീയമായി ഭൂമി നീക്കി വക്കാനുള്ള അധികാരം നൽകിയത്? അതേ സമയം വർഷങ്ങളായി അനുഭവിച്ചു വരുന്ന സ്വന്തം ഭൂമിയിൽ ഒരു മുറി കൂട്ടിയെടുക്കണമെങ്കിൽ പണമടച്ചു രസീതു വാങ്ങേണ്ടുന്ന അവസ്ഥയിലേക്ക് (അതും നിരസിക്കാനുള്ള സാധ്യത നിലനിൽക്കെ) ദ്വീപുനിവാസികളെ തള്ളിവിട്ടത് എന്തിനാണ്?

ഉത്തരം ഒന്നാണ്, ടൂറിസത്തിലൂടെ വമ്പൻ വരുമാനം ദ്വീപുനിവാസികൾക്ക് ഉണ്ടാക്കി കൊടുക്കുന്നതിന് വേണ്ടി. പണ്ട് ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്ന് ഇന്ത്യയെ കൊള്ളയടിച്ചപ്പോൾ അവരും ഇത് തന്നെയാണ് പറഞ്ഞത്, ഒട്ടും പരിഷ്‌കൃതരല്ലാത്ത ഭാരതീയരെ പരിഷ്‌കരിച്ച് വികസനം കൊണ്ടുവരിക എന്ന്. പക്ഷേ വികസിച്ചത് ആരുടെ പോക്കറ്റായിരുന്നു എന്ന് ഇന്നെല്ലാവർക്കും അറിയാം. ലക്ഷദ്വീപിന്റെ കാര്യത്തിൽ അതിലും ഗുരുതരമാണ് കാര്യങ്ങൾ. ഇപ്പോൾ തന്നെ ശോഷിച്ചുകൊണ്ടിരിക്കുന്ന സമുദ്രത്തിലെ മഴക്കാടുകൾ ഈ വികസന പ്രവർത്തനങ്ങളിൽ നിമിഷങ്ങൾകൊണ്ട് അവസാനിക്കും. മഴവിൽ വർണങ്ങളാൽ ആരെയും കൊതിപ്പിക്കുന്ന വശ്യ ഭംഗി ചിത്രങ്ങളിലും ആർക്കൈവുകളിലും മാത്രമാവും. മാലിദ്വീപ് മോഡൽ വില്ലകളിലൊക്കെ സഞ്ചാരികൾ കാണാൻ പോകുന്നത് പവിഴപ്പുറ്റുകളുടെ ശവപ്പറമ്പായിരിക്കും.ഈ മനുഷ്യ നിർമിത ദുരന്തത്തിൽ പൊലിയുന്നത് നാളേക്കുള്ള പ്രതീക്ഷകളാണ്.

വിളിച്ചു വരുത്തുന്ന വൻദുരന്തമാണ് ലക്ഷദ്വീപിലെ ടൂറിസം പദ്ധതികൾ. ആ ജനതയെ അവരുടെ മണ്ണിൽ നിന്ന് ആട്ടിപ്പായിക്കാനുള്ള കരി നിയമങ്ങളും അവരുടെ ഉപജീവനത്തെയും ആവാസവ്യവസ്ഥയുടെ നിലനില്പിനെ തന്നെയും ബാധിക്കുന്ന പരിഷ്‌കാരങ്ങൾ പുനഃ പരിശോധിക്കേണ്ടതുണ്ട്. കാലാ കാലങ്ങളായി ദ്വീപിനെ സംരക്ഷിച്ചു പോരുന്ന ആ കൈകളിൽ തന്നെ അവരുടെ ദ്വീപുകളെ തിരിച്ചേൽപ്പിക്കേണ്ടതുണ്ട്. അവരും ജീവിക്കട്ടെ, അവരുടെ മഴക്കാടുകൾക്കൊപ്പം!

സിമി സൂസൻ മോൻസി

A development professional working with a women empowerment program. She is experienced in the areas of local governance and participatory planning exercises done by SHG network in the rural villages of India. A graduate in Mathematics and post graduate in rural development management from the National Institute of Rural Development and Panchayati Raj, under the Ministry of PR , GoI , Hyderabad.
She also holds masters in Sociology from Kerala University

LEAVE A REPLY

Please enter your comment!
Please enter your name here