കവിത
ശിൽപ നിരവിൽപ്പുഴ
മീശയുള്ള ചോന്ന
ഷർട്ടുകാരന്റെ
നാലാമത്തെ
തൊഴിയെന്റെ
അടിവയറ്റിലാണ്
കൊണ്ടത്.
ആഴത്തിലൊരാണി
കേറും പോലെ
പൊള്ളൽ
ഉണ്ടായപ്പോൾ,
ഇരുകയ്യുമെടുത്തു
ഞാൻ വയറ്റത്തു
ചേർത്തു പിടിച്ചു..
കൂട്ടത്തിലേറ്റവും
നീളമുള്ള
ഒരുത്തനെന്റെ
കൈകൾ വിടുവിച്ചു
പിന്നിലൊരു
ചരട് കൊണ്ടൂരാ
കുരുക്കിട്ട് മുറുക്കി.
ചെറുപ്പത്തിൽ ഞാനും
അനിയത്തിയുമറിയാതെ
തട്ടിലെ പലകയിൽ
അമ്മയുടെ സാരിത്തുമ്പ്
കൊണ്ടച്ഛൻ കെട്ടുന്ന
അതേ കുരുക്ക്.
എത്ര വലിച്ചാലും
പൊട്ടിക്കാൻ
മെനക്കെട്ടാലും
വീണ്ടും കുരുങ്ങുന്നവ.
എന്തിനാണത്
കെട്ടിയതെന്ന്
എത്ര ചോദിച്ചിട്ടും
അച്ഛനന്ന് മറുപടി
തരുമായിരുന്നില്ല.
ഞങ്ങൾ കണ്ടത്
കൊണ്ടായിരിക്കാം
പലപ്പോഴുമതേ ശീല
തിരികെ ഭദ്രമായി
അമ്മയുടെ കീറിയ
ഒരൊറ്റ സാരിക്കൊപ്പം
ചേർത്തു വച്ചത്..
ഏതോ ഒരു
മഴ പെയ്യുന്ന
രാത്രിയിൽ
അവസാനമായി
ആ കുരുക്കൊന്നു
കൂടെ വീണു.
അതിനു താഴെ
രണ്ടല്ല നാലു
കാലുകൾ
തൂങ്ങിക്കിടക്കുന്നത്
കണ്ടാണ്
ഞാനുമനിയത്തിയു-
മുണർന്നത്..
ബാക്കിവന്ന കീറിയ
സാരി ആർക്കും
വേണ്ടാതെ പഴകി
ദ്രവിച്ചു കിടന്നു..
വേറൊരുത്തനെന്റെ
കാലുകൾ പിടിച്ചു
വലിച്ചിഴച്ചു.
അടുത്ത വീട്ടിലെ
കളിക്കൂട്ടുകാരൻ
ചുള്ളിക്കൊമ്പെന്ന്
വിളിച്ചു കളിയാക്കിയ
മെലിഞ്ഞുണങ്ങിയ
അതേ കാലുകൾ.
മണ്ണിലുരയുമ്പോൾ
എന്റെ കണ്ണുകളിൽ
ഇരുട്ട് കേറി തുടങ്ങി.
കാതിൽ ചീവീടിന്റെ
ശബ്ദമിരമ്പുന്നുണ്ടായിരുന്നു.
പണ്ടുറക്കമിളച്ച
രാത്രികളിൽ വയറ്റിൽ
ആളുന്ന നിലവിളി
ശബ്ദത്തിന്റെ കൂടെ
കേട്ടു മരവിച്ചത് പോലെ.
അവരെടുത്ത
സെൽഫിക്കൊപ്പം
ഞാനൊരരണ്ട ചിരി
വരുത്താൻ ശ്രമിച്ചു.
പണ്ട് തൊട്ടേ ചിരിക്കാൻ
നോക്കുമ്പോൾ എന്റെ
കവിളുകൾക്ക്
വേദനിക്കുമായിരുന്നു.
കരയാൻ മാത്രമാണ്
ശീലിച്ചിരുന്നത്.,
അത് കൊണ്ടാവാം..
കടുത്തൊരടി എന്റെ
തലക്ക് പിന്നിലേറ്റപ്പോൾ
അവസാനത്തെ കാഴ്ച
കണ്ടെന്നെ കണ്ണടഞ്ഞു.
വാർന്നൊഴുകുന്ന
കുത്തുന്ന മണമുള്ള
എന്റെ ചോരക്ക് ആ
ചോന്നഷർട്ടിന്റെ
തിളക്കമുണ്ടായിരുന്നില്ല,
മങ്ങിപ്പോയതാവാം..
എങ്കിലുമെന്നെയിനി
വിട്ടയച്ചാലോ എന്ന
വിങ്ങലിൽ കെട്ടിയ
കൈപ്പിടിയിൽ ഒതുക്കിയ
ഒരിറ്റു വറ്റ് ചോറ്
ഞാൻ വിട്ടതേ ഇല്ല..
എങ്ങാനും ഞാൻ
തിരിച്ചുപോയാൽ
കാത്തിരിക്കുന്ന
പൊന്നനിയത്തിക്ക്
കണ്ണീരുപ്പുള്ളതെങ്കിലും
ഒരുനേരത്തേക്കുള്ള
വകയായിരുന്നിത്..
“ഞാൻ കള്ളനല്ല
ഏമാന്മാരെ,
പയ്ച്ചിട്ടാണ്..”
…
[…] വിശപ്പ് […]