പലായനങ്ങളിൽ കടപുഴകുന്ന വൈകാരികതയുടെ വേരുകൾ

0
257

സനൽ ഹരിദാസ്

ഒരു രാജ്യത്തിൽ നിന്ന് മതത്തിന്റേയോ  വംശത്തിന്റേയോ  പേരിൽ ഒരു ജനതയെ ഒട്ടാകെ ആട്ടിയകറ്റപ്പെടുന്നതിന് ലോകം നിരവധി തവണ സാക്ഷിയായിട്ടുണ്ട്.

ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് അഭയാർത്ഥി പ്രശ്നം. നിർബന്ധിത പലായനങ്ങളെന്നാൽ നഷ്ടപ്പെടുന്ന ഭൂസ്വത്തുക്കളുടെയോ  വാസസ്ഥലങ്ങളുടേയോ മാത്രം പ്രശ്നമല്ലെന്ന സർഗാത്മക സാക്ഷ്യമാണ് തസ്ലീമ നസ്റിന്റെ  ‘കല്യാണി’ എന്ന നോവൽ.

ബംഗ്ലാദേശിലെ  ആഭ്യന്തര പ്രശ്നങ്ങളാൽ ഇന്ത്യയിലേക്ക് കുടിയേറിയ ‘കല്യാണി’ എന്ന പെൺകുട്ടിയുടെ ജീവിതമാണ് നോവലിൽ ആവിഷ്കരിക്കപ്പെടുന്നത്. കല്യാണിയുടെ ഭൂതകാല സ്മരണകളും ഇന്ത്യൻ ജീവിത യാഥാർത്ഥ്യങ്ങളും വർത്തമാനകാല ബംഗ്ലാദേശിന്റെ  നേർചിത്രങ്ങളും അവതരിപ്പിച്ചുകൊണ്ട് സ്വാർത്ഥമായ വിഭജനങ്ങളാൽ അസ്തിത്വം ശിഥിലമാകുന്ന മനുഷ്യാവസ്ഥകളെ ഈ കൃതി പുനരവതരിപ്പിക്കുന്നു. 

ബ്രഹ്മപുത്രയുടെ തീരങ്ങളിൽ താൻ ജീവിച്ച നിർമ്മലമായ ബാല്യകാലമാണ് നായകയിൽ നഷ്ടപ്പെട്ട പറുദീസയായി നിറയുന്നത്. പാകംചെയ്തുണ്ടാക്കിയാൽ അയൽക്കാർക്ക് പങ്കുവെക്കാതെ  കഴിക്കാൻ മനസ്സു വരാത്ത ബംഗ്ലാദേശി ജീവിതത്തിന്റെ  ഓർമ്മകൾ താൻപോരിമക്കാരുടെ കൽക്കത്ത നഗരത്തെ വെറുപ്പിക്കാൻ അവളെ പ്രേരിപ്പിക്കുന്നു.

 “ജീവിച്ചിരിക്കുന്ന മനുഷ്യരേക്കാൾ ചത്ത കോഴിക്ക് വില ലഭിക്കുന്ന നഗരം” എന്നാണ് കല്യാണി കൽക്കത്തയെ  വിശേഷിപ്പിക്കുന്നത്. താരതമ്യേന ഉയർന്ന ബൗദ്ധിക നിലവാരമുള്ള ബംഗ്ലാ ഹിന്ദു കുടുംബത്തിൽ നിന്ന് ഇന്ത്യയിലെ യാഥാസ്ഥിതിക ഫ്യൂഡൽ കുടുംബവ്യവസ്ഥയിലേക്കാണ് നായിക എത്തിച്ചേരുന്നത്. പെൺകുട്ടികൾ നിർബന്ധമായും വീട്ടു ജോലികൾ ചെയ്യാൻ ബാധ്യസ്ഥരാണെന്നും ആൺ കുട്ടികളെ പ്രസവിക്കാൻ കഴിയാത്തവൾ  ദൗർഭാഗ്യവാഹികളാണെന്നും കരുതിപ്പോരുന്ന ഇന്ത്യൻ കുടുംബങ്ങൾ കല്യാണിയുടെ ജീവിതത്തിൽ വലിയ നടുക്കമാണ് ഉണ്ടാക്കിയത്.

“ഗംഗയിലെ യാന്ത്രിക ജീവിതവും ജലപ്പരപ്പും സുഖവും ശാന്തിയും നൽകില്ല” എന്ന അവളുടെ വാക്കുകൾ; കൽക്കട്ടയിലെ ഭാരതീയ നാഗരികത ഒരു ബംഗ്ലാ പെൺകുട്ടിയെ എത്രമാത്രം മടുപ്പിക്കുന്നു എന്ന് വ്യക്തമാക്കുന്നു. ബ്രഹ്മപുത്രയുടെ സ്വച്ഛതയെക്കുറിച്ചുള്ള അവളുടെ തുടർവർണ്ണനകൾ തനിക്ക് നഷ്ടപ്പെട്ട മാതൃഭൂമിയോടുള്ള ഗാഢമായ ആത്മബന്ധത്തിന്റെ  സൂചനകളാണ്. മിന്നാമിനുങ്ങിനു പിന്നാലെ ഓടുമായിരുന്ന ഒരു പെൺകുട്ടിയിൽ നിന്ന്,

“എനിക്ക് ജീവിതം വളരെ ദീർഘമായി തോന്നുന്നു. തള്ളി നീക്കാൻ പറ്റാത്തത്ര നീണ്ടത്. ഇത് എങ്ങനെയെങ്കിലും തീർത്താൽ മതിയായിരുന്നു”- എന്ന് സ്വജീവിതത്തെ വിശദീകരിക്കുന്ന കല്യാണിയിലേക്കുള്ള ദൂരം പലായനങ്ങളുടെ സീമാതീതമായ നിരാശയുടെ മുറിവാഴമാണ്.

വിവാഹത്തിനും സന്താനോല്പാദനത്തിനും ശേഷം മുപ്പത് വർഷങ്ങൾ കഴിഞ്ഞാണ് കല്യാണി സ്വദേശ സന്ദർശനത്തിനായി ഇറങ്ങിത്തിരിക്കുന്നത്. എന്നാൽ അവിടെ അവൾ കണ്ടെടുക്കന്ന ബംഗ്ലാദേശ് തീർത്തും വ്യത്യസ്തമായിരുന്നു. അവൾ താമസിച്ചിരുന്ന വീട് അവിടെ നിന്നും അപ്രത്യക്ഷമായിരുന്നു. ബാല്യകാല സൗഹൃദങ്ങളുടെ പച്ച കെട്ടുപോയിരുന്നു. ഒരു ഹിന്ദു എന്ന നിലയിൽ തന്നെ തുറിച്ചു നോക്കുന്നവരുടെയും,  ചുവന്ന ഉറുമ്പുകളെ ഹിന്ദുക്കളായി കരുതി കൊന്നു  രസിക്കുന്ന കുട്ടികളുടെയും രാജ്യമായി ബംഗ്ലാദേശ് മാറിയിരുന്നു. അവളുടെ പ്രിയപ്പെട്ട ബ്രഹ്മപുത്ര ഒരു നീരൊഴുക്ക് മാത്രമായിത്തീർന്നിരുന്നു. 

സംഘപരിവാറിന്റെ കേവല യുക്തി യനുസരിച്ച് ഹിന്ദുവും മുസൽമാനും വേർതിരിഞ്ഞ് സ്വമത രാജ്യാതിർത്തികൾ നിർമ്മിച്ചാൽ പുലർത്താവുന്നതാണ് സമത്വവും സൗഖ്യവും. എന്നാൽ അത്രമേൽ ചിതറിയ ബഹുസ്വരതകളാണ് സമൂഹത്തിൽ അന്തർലീനമായിരിക്കുന്നത്. 

മതം, ജാതി, ഭാഷ,  ഭാഷാഭേദങ്ങൾ,  സംസ്കാരം,  സാമ്പത്തികാവസ്ഥ,  പാരമ്പര്യം, ആകാരം,  നിറം, ഗ്രാമ-നഗരവാസികൾ എന്നിങ്ങനെ വൈവിധ്യങ്ങളാൽ ശിഥിലമാണ് മനുഷ്യ സമുദായം. 

ഇവയിൽ ഓരോന്നും പരസ്പരം വേർതിരിച്ച് വെള്ളം കടക്കാത്ത അറകളായി സംരക്ഷിച്ചതുകൊണ്ട് വൈരുധ്യങ്ങൾ അപ്രത്യക്ഷമാകണമെന്നില്ല.

 മനുഷ്യരാശിയുടെ അടിസ്ഥാന ഘടകം തന്നെ വ്യതിരിക്തതയാണ്. വ്യതിരിക്തതകൾ പരസ്പര ബഹുമാനത്തോടെ പുലരുന്ന ലോകം മാത്രമേ യുക്തിപരമായ സമഭാവനയായി തീരുകയുള്ളൂ എന്ന വസ്തുത ഇനിയും അംഗീകരിക്കപ്പെടാത്ത യാഥാർഥ്യമായി നിലകൊള്ളുന്നു.

“ഭാരതത്തെ വിഭജിച്ചവർ, ഈ ദേശത്തെ മുസൽമാന്റെ സ്വദേശമാക്കിയവർ, അവരുടെ കുടില ബുദ്ധി ഈ ദേശത്തിലെ മനുഷ്യരെ ദേശമില്ലാത്തവരാക്കി. ഒടുവിൽ പാക്കിസ്ഥാനുമായി ഉണ്ടായ യുദ്ധം ദേശം മുസൽമാൻമാരുടേതല്ല; ബംഗാളികളുടേതാണ്  എന്നു  തെളിയിച്ചു”- എന്ന നായികയുടെ വാക്കുകൾ വ്യത്യസ്തതകളുടെ അസ്തമിക്കാത്ത സംഘർഷത്തിന്റെ  സങ്കീർണതകളെയാണ് അടിവരയിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here