ഇവിടെ കുറെ കുറെ മനുഷ്യരുണ്ടായിരുന്നു.
ഇവിടെ ചിരിക്കാനറിയുന്ന കുറെ കുറെ മനുഷ്യരുണ്ടായിരുന്നു.
ഇവിടുത്തെ കാറ്റും വെയിലും മഴയും
പുഴയും അതേറ്റു ചിരിച്ചിരുന്നു.
ഇവിടെ ചിരിക്കാനറിയുന്ന
കുറെ കുറെ മനുഷ്യരുണ്ടായിരുന്നു.
ഇവിടെ ഉത്സവങ്ങളിൽ പ്രദർശന മേളകളിൽ
മനുഷ്യനെ ചിരിപ്പിക്കാൻ മത്സരം വന്നപ്പോഴും
ഞാനറിഞ്ഞില്ല,
ഇത് ചിരിക്കുന്ന മനുഷ്യരുടെ അവസാനവും
ചിരിക്കാത്ത മനുഷ്യരുടെ തുടക്കവുമാണെന്ന്.
ഇവിടെ മുഖത്തോട് മുഖം നോക്കി സംസാരിച്ചിരുന്ന
കുറെ കുറെ മനുഷ്യരുണ്ടായിരുന്നു.
ഇവിടെ മുഖം നോക്കി മനുഷ്യന്റെ മനസ്സറിയുന്ന
കുറെ കുറെ മനുഷ്യരുണ്ടായിന്നു.
വിരൽത്തുമ്പിലേക്കെത്തിയ
കാലത്തിന്റെ മാറ്റത്തിൽ ഞാനറിഞ്ഞില്ല,
മുഖത്തോടു മുഖം നോക്കി സംസാരിക്കുന്നവരുടെ അവസാനവും
തല താഴ്ത്തി ഇരിക്കുന്നവരുടെ തുടക്കവുമാണെന്ന്
ഇവിടെ ഒരുമയുള്ള പെരുമയുള്ള കൂട്ടു കുടുംബങ്ങളുടെ
സന്തോഷവും സങ്കടവും ആനന്ദമായി കൊണ്ടാടി കണ്ടിരുന്നു
ഞാനും വേർപെട്ട് പോകുമ്പോളറിഞ്ഞില്ല ,
എന്റെ കുടുംബ ബന്ധങ്ങളുടെ ഒരുമയുടെ അവസാനവും
ആത്മ ബന്ധത്തിന്റെ വേദന നൽകുന്ന വേർപാടിന്റെ തുടക്കമാണെന്ന്
ഇവിടെ കുറെ കുറെ നല്ല മനുഷ്യർ ഉണ്ടായിരുന്നു,
പ്രായം തളർത്താതെ വാചാലരായ കുറെ കുറെ വൃദ്ധന്മാരുണ്ടായിരുന്നു
ഇവിടുത്തെ പുതിയ തലമുറക്ക് വെളിച്ചം കാണിച്ചവർ
പുതിയ തലമുറയോട് മോണ കാട്ടി ചിരിച്ചും കളിച്ചും
കാര്യം പറഞ്ഞവർ കാര്യക്കാരായവർ.
കാവലായവർ കാരണവന്മാരായവർ
ഇവിടെ സാക്ഷരത പൂർണ്ണമായപ്പോഴും
ഞാനറിഞ്ഞില്ല,
ഇവിടെ വൃദ്ധ സദനങ്ങൾ ഉയരുമെന്ന്,
കാരണവന്മാർ അന്തേവാസികൾ ആവുമെന്ന്
ഞാനറിഞ്ഞില്ല, അറിവ് നേടുന്ന പുതിയ തലമുറ
പഴയത് പുരാവസ്തു ആക്കുമെന്ന്, പുതിയവർ
പുതുമകൾ കൊണ്ട് വരുമെന്ന്.
ഞാനറിഞ്ഞില്ല ഇവിടുത്തെ സംസ്കാരം മാറ്റുമെന്ന്,
ഞാനറിഞ്ഞില്ല ഇവിടുത്തെ സംസാരം മാറ്റുമെന്ന്
ഇവിടെ ഒറ്റക്കിരുന്നു ചിരിക്കാൻ കൊതിച്ച
ഞാനും എന്റെ കൂടെ കൂട്ടായ് ചിരിച്ച ഞാനും
ഭ്രാന്തനാണെന്ന പേര് ചാർത്തി ഒറ്റപ്പെടുത്തുമെന്ന്
ഞാൻ കണ്ടു മുഖത്തു നോക്കി തല ഉയർത്തി ചിരിക്കുന്നവർ
ഇവിടെ ഭ്രാന്തനാകുന്നു.
ഞാൻ കണ്ടു ഇവിടെ മുഖം താഴ്ത്തി ഒറ്റക്കിരുന്നു
അരണ്ട വെളിച്ചത്തിൽ ചിരിക്കുന്ന പരിഷ്‌കാരിയെ.
ഞാൻ കണ്ടു അരികിലിരിക്കുന്നവന്റെ മുഖത്തു നോക്കാതെ
അകലെ കാണാത്തവന്റെ വാക്കുകൾക്കു
ചെവികൂർപ്പിച്ചിരിക്കുന്ന പരിഷ്‌കാരിയെ
ഇവിടെ ഇനി വരുമോ ആ നല്ല കാലം
ഇവിടെ ഉണ്ടായിരുന്ന മനുഷ്യരെ പോലെ
മുഖത്തോടു മുഖം നോക്കി ചിരിക്കുന്നവർ പുനർജനിക്കുമോ
ഇവിടെ കുറെ കുറെ മനുഷ്യരുണ്ടായിരുന്നു
ഇവിടെ ചിരിക്കാനറിയുന്ന കുറെ കുറെ മനുഷ്യരുണ്ടായിരുന്നു
സുബൈർ സിന്ദഗി
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
editor@athmaonline.in
[…] […]