പൈപ്പ് വെള്ളത്തിൽ

0
240

രഗില സജി

പലേടത്ത് കുഴിച്ചു,
മരങ്ങൾ വെട്ടി,
വീടുകളെ മാറ്റി പാർപ്പിച്ച്,
ആളുകളെ ഒഴിപ്പിച്ച്,
റോഡുകീറി,
റെയിലുമാന്തി,
പല ജാതി ജീവികളെ കൊന്ന് കൊന്ന്
നീട്ടിവലിച്ചേച്ചുകെട്ടി നാട്ടിലേക്കെത്തിച്ചതാണ്, വെള്ളം.
പൈപ്പ്
രണ്ടാൾപ്പൊക്കത്തിലുള്ള കുഴലാണ്.

ഊക്കിലൂക്കിൽ
വീടുകളുടെ കുടങ്ങളിൽ
ബക്കറ്റുകളിൽ മെലിഞ്ഞ
പൈപ്പിന്റെ ഉടലു ചൂഴ്ന്നെത്തുന്ന
വെള്ളത്തിൽ
പക്ഷിക്കാല്,
മനുഷ്യകുലത്തലയോട്ടികൾ,
ചീഞ്ഞ മരക്കൊമ്പ്,
വീടിന്റെ വിണ്ട ചുമര്,
ഉരഞ്ഞ് തീർന്ന തീവണ്ടിച്ചക്രം,
വഴികളിലെ മണ്ണടർന്ന മണം.

കുടിക്കാനോ
കുളിക്കാനോ
വെക്കാനോ
എടുക്കാത്ത വെള്ളത്തിൽ
തെളിയാതെ കണ്ടു
എന്റെ കവിതയുടെ തൊണ്ട്.
അതിൽ പിടഞ്ഞ് ജലജീവികൾ.

പിടിച്ച് വെച്ച വെള്ളം
മണ്ണിലേക്കൊഴിച്ച് കളഞ്ഞു.
മണ്ണിന് മറക്കാനാവുന്നത്ര
എനിക്ക് പറ്റില്ലല്ലോ

ചിത്രീകരണം: സുബേഷ് പത്മനാഭന്‍


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here