1976 മാർച്ച് 1

0
234

സുജിത്ത് താമരശ്ശേരി

നിയമം ആത്മഹത്യ
ചെയ്ത രാത്രിയിലാണ്
എന്റെ കവിത
പൂർത്തിയായത്.

പിറവിയെടുക്കുവോളം
വെടിയേറ്റു വീണെങ്കിലും
എന്റെ കവിതയ്ക്ക്
ജീവൻ ഉണ്ടായിരുന്നു

രക്തം പുരണ്ട
എന്റെ കവിതയ്ക്ക്
നിലവിളിക്കാൻ
കൂട്ട് അക്ഷരങ്ങളായിരുന്നു

വലിച്ചുകീറി ചുരുട്ടിയെറിയാൻ
കൊതിച്ച കാക്കിയ്ക്ക്
എന്റെ കവിത
വർഗ്ഗ പോരാളിയായിരുന്നു

ഉരുട്ടിയയെടുത്തപ്പോഴും
കാൽവെള്ളയിൽ
ലാത്തി അടിച്ചമർത്തിയപ്പോഴും
എന്റെ കവിത
അതിജീവനത്തിന്റെ
കരുത്തുതേടുകയായിരുന്നു

സൂചിമുന ആഴ്ന്നിറക്കിയപ്പോഴും
രോമം പറിച്ചെടുത്തപ്പോഴും
എന്റെ കവിത
ആദിപോരാട്ടത്തിന്റെ
ഓര്മയിലായിരുന്നു

സിമെന്റ് ചുമരിന്റെ
ഭിത്തിയിൽ എന്റെ
കവിത രകതം
തുപ്പിയപ്പോൾ
പൊഴിഞ്ഞ പല്ലുകൾ
നിലത്തുനിന്നു
മഹാത്മാവിനെ നോക്കി
ചിരിക്കുകയായിരുന്നു

കാക്കിയുടുപ്പിന്റെ
ബൂട്ടിന്റെ അടിയിൽ
കരഞ്ഞു തോല്കാത്ത
എന്റെ കവിതയെ
വാരിയെടുത്ത
ചാക്കിലാക്കി
കത്തിച്ചു കൊക്കയിൽ
തള്ളാൻ തുടങ്ങിയപ്പോളാണ്
ആദ്യമായി
എന്റെ കവിത
നിങ്ങൾ ചൊല്ലാൻ
തുടങ്ങിയത്

ആ കവിതയുടെ
പേര്
രാജൻ എന്നായിരുന്നു…

ചിത്രീകരണം: സുബേഷ് പത്മനാഭന്‍


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here