സീത തന്നെ രാമാ

0
222

കെ.വി. ജ്യോതിഷ്

ശരി രാമാ നിന്റെ രാജ്യം
ചോരചോർന്നൊലിക്കുമ്പോൾ
ഞാനെന്റെ വേദനകളെ മാത്രമോർത്ത് ദുഃഖിക്കുന്നില്ല.

നൂറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു
ഓർമ്മകളുടെ വിറ്റുവരവിൽ
ഇന്നലെകൾ കൊണ്ട് നീയെന്നെ ഹരിക്കാൻ തുടങ്ങിയിട്ട്.

കടും നിലാവിൽ എന്റെ കണ്ണുകൾ അഗ്നി ദാഹിച്ച
നിന്റെ ശരവേഗത്തിൽ മുറിഞ്ഞ് കിടക്കുന്നു.
നേരം പുലർന്നപ്പോൾ നീ ഇന്നലെകളിലേക്കും ഞാൻ ഇന്നിലേക്കും അതിവേഗമൊരുങ്ങി
വേലിയേറ്റവും വേലിയിറക്കവുമെന്ന പോലെ

മേഘങ്ങൾ പൂക്കാതിരുന്നിട്ടും
അതിനപ്പുറം ഞാനൊരു
പൂന്തോട്ടമായിരുന്നു! അതിനെ നനയ്ക്കാൻ എന്റെ കണ്ണുകളിൽ
നീ നിറച്ച കണ്ണീർ തന്നെ ധാരാളം

നിന്റെ രാമരാജ്യത്തെ ചോര വീഴാത്തൊരിടം നീയെനിക്ക്
കാട്ടിത്തരു മേഘവർഷ പൂക്കളെ
കടലുകൾ കൊണ്ടെറിഞ്ഞ് ഓർമകൾ കഴുകി എനിക്കന്തർദ്ധാനം ചെയ്യണം
വേട്ടക്കണ്ണുകളുമായ് നിന്റെ രാജ്യത്തെ പടു രാക്ഷസ ചക്രവർത്തിമാർ നോക്കി നില്ക്കേ …………..

ചിത്രീകരണം: സുബേഷ് പത്മനാഭന്‍


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

 

LEAVE A REPLY

Please enter your comment!
Please enter your name here