പുറത്തിറങ്ങുമ്പോൾ കാണരുതേ എന്നാഗ്രഹിക്കുന്ന സ്ത്രീയെക്കുറിച്ചാണ്

0
265
nivi

നിവീ

പണ്ട്
അവരെ കാണുന്നതിനും മുമ്പേ
മൂർച്ചയുള്ള വെള്ളം തല വഴി വീണപോലെ
എന്നു കേട്ടിട്ടുണ്ടെങ്കിലും..

കോഴിക്കോടുനഗരത്തിൽ
പ്രകാശവേഗത്തിൽ
പ്രേമങ്ങളോടുന്ന ഒറ്റവരിപ്പാതകളിലൊന്ന്
അവരുടെ ആ നരച്ച മുടിയിഴയിലാണെന്ന്
പ്രേമിച്ചവർ പറഞ്ഞിട്ടുണ്ട്.

രണ്ടു കണ്ണും തലയിലെടുത്തുവച്ച്
തലയിൽ കയറി നടക്കുന്ന,
മുലകളിലൊന്ന് വഴിയിലെങ്ങാനും
വീണുപോയോ എന്നറിയാൻ
ഇടയ്ക്ക് താഴേക്ക് എത്തിനോക്കാത്ത
പെൺകൂട്ടത്തിൽ അവരുമുണ്ട്.

Nivi

അവരുടെ കാമുകൻ
എനിക്ക് കൂടുതൽ മാർക്കുനേടിയ കുട്ടി,
ആമയെയും മുയലിനേയും
ലോകത്തെ പന്തയങ്ങളെയും
അവർക്ക് വേണ്ടി വാങ്ങി.

അവർക്കു വേണ്ടി ഞാനോ
കണ്ണിന്റെ ഫലഭൂയിഷ്ഠത കൂട്ടി,
തൊടുമ്പോൾ വേദനിക്കാതിരിക്കാൻ വേണ്ടി
വിരലിൽ ക്രീമും പാട്ടും തേക്കുന്നു.

പുറത്തിറങ്ങിയപ്പോൾ
ബസ്സിന്റെ മൂലയിലോ
നിരത്തുവക്കത്തോ
‘എൻ മേൽ വിഴുന്ത മഴൈതുളിയേ
ഇത്തനൈ നാളായ് എങ്കിരുന്തായ്’
എന്നാരോ കേൾക്കുകയായി.

എന്റെ സ്ത്രീയേ,
എവിടെ നിന്നെങ്കിലും നിങ്ങളൊന്ന് ഓടിവന്ന്
രൂപയുടെ മൂല്യത്തെക്കുറിച്ചോ
ഷെയർ മാർക്കറ്റിങ്ങിന്റെ തത്വശാസ്ത്രത്തെക്കുറിച്ചോ
മസാലദോശയുടെ പരപ്പളവിനെക്കുറിച്ചോ
പറഞ്ഞൊരു ലോകമുണ്ടാക്കുമോ..

ചിത്രീകരണം: സുബേഷ് പത്മനാഭന്‍ 


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here