Homeകഥകൾനമ്മളാവാത്ത നീ ഞാനുകൾ

നമ്മളാവാത്ത നീ ഞാനുകൾ

Published on

spot_imgspot_img

ചീമ

വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടുന്നതിന്റെ യാതൊരു അപരിചിതത്വവുമില്ലാതെ കണ്ട മാത്രയിൽ തന്നെയവർ അവരിലേക്ക് ചുരുങ്ങി. ഓരോ ദിവസവും തള്ളി നീക്കാൻ ഓട്ടപാച്ചിൽ നടത്തുന്ന ലോകമോ, ആഘോഷിക്കാൻ കാരണം തിരയുന്ന മനുഷ്യരോ ഒന്നുമവരെ ആ നിമിഷം ശല്യം ചെയ്തില്ല. റെയിൽവേ സ്റ്റേഷനിൽ നിന്നും കാറെടുത്തൊരു റൈഡ്. പതിവിന് വിപരീതമായി ഇന്നവളാണ് കാറോടിച്ചത്. ഇടയ്ക്ക് ഒരിടത്തു നിർത്തി അവനൊരു ചൂട് കട്ടനും അവളൊരു തണുത്ത സർബത്തും കുടിച്ചുവെന്നല്ലാതെ ആ യാത്രയിൽ പറയത്തക്ക ഒന്നും നടന്നിരുന്നില്ല.

നേരം സന്ധ്യയോട് അടുക്കുമ്പോഴേക്കും കാർ തന്റെ ലക്ഷ്യസ്ഥാനത്ത് എത്തിയിരുന്നു. വെക്കേഷൻ ചിലവഴിക്കാൻ അവർ കണ്ടെത്തിയ ആ പഴഞ്ചൻ വീട്ടിലേക്ക്. കറണ്ടും വാട്ടർ കണക്ഷനും ഉണ്ടെന്നതൊഴിച്ചാൽ ആ വീടിപ്പോഴും ബഷീറിന്റെ കഥകളിലെ ഭാർഗവീനിലയം തന്നെയാണ്. കാറിൽ നിന്നിറങ്ങി കോലായിയും ഹാളും നടുമുറ്റവും കടന്ന് കിടപ്പുമുറിയിലേക്കെത്തുമ്പോഴേക്കും അവർക്കിടയിലെയകലം കുറഞ്ഞു വന്നുകൊണ്ടേയിരുന്നു. പുറത്ത് കാറ്റിന്റെയും കിളികളുടെയും ശബ്ദം മാത്രം. ഇടയ്ക്കെവിടെയോ നിന്നൊരു ചീവിടിന്റെ ഒച്ചപ്പാട് വന്നവളുടെ കാതുകളെ വേദനിപ്പിക്കും. പക്ഷെ അവനത് ഇഷ്ടമാണ്, അത് കൊണ്ട് തന്നെ കാതുകളുടെ നീരസം മനസിന് തോന്നാറില്ല. എന്ത് കൊണ്ടും അവരുടെ ടേസ്റ്റിന് ചേർന്നൊരിടം കിട്ടിയതിന്റെ ത്രില്ലിൽ ആയിരുന്നു രണ്ടു പേരും. എല്ലാത്തിനുമുപരി ഒച്ചവെച്ചും വൈബ്രേറ്റ് ചെയ്തും നിരന്തരം ശല്ല്യം ചെയ്യുന്ന രണ്ടു ഫോണുകൾക്കും റേഞ്ചില്ലാത്ത ഒരിടം ഭൂമിയിൽ കണ്ടെത്തിയതിന്റെ അതീവ സന്തോഷത്തിലും.

“നീ ഓക്കെ അല്ലെ? ” അവളാണ് ആദ്യം സംസാരിച്ചത്. അവർക്കിടയിലെ കനത്തമൗനത്തെ തകർക്കാൻ അവളുപയോഗിച്ചിരുന്ന സ്ഥിരം ഉപകാരണമായിരുന്നു ഈ ചോദ്യം. “കുറച്ചു ക്ഷീണമുണ്ട് ഇത്രയും ദൂരം യാത്ര ചെയ്തതല്ലേ. പക്ഷെ ഇവിടെ എത്തിയപ്പോ എന്തോ ഒരു ഉന്മേഷം പോലെ. യുവർ സെലക്ഷൻ ഈസ്‌ ഗുഡ് “. പിന്നീടൊന്നും പറയാതെ അവൾ അവന് കുളിക്കാനുള്ള ടവലും കവർ പൊട്ടിക്കാത്ത പുതിയൊരു സോപ്പും എടുത്തു കൊടുത്തു. വാക്കുകളേക്കാൾ ഏറെ അവർക്കിടയിൽ മനസിലാക്കലുകൾക്കായിരുന്നു എപ്പോഴും സ്ഥാനം.

കുളിച്ചു വന്ന് ഭക്ഷണത്തിനിരുന്നപ്പോൾ ഒരു ഉത്തമഭാര്യയെ പോലെ കാലങ്ങൾക്ക് ശേഷം അവളവന് പാർസൽ വാങ്ങി കൊണ്ടുവന്ന കപ്പയും ബീഫും വിളമ്പി കൊടുത്തു. പണ്ടൊക്കെ കപ്പയും ബീഫും കഴിക്കാൻ അവൻ നടത്തിയ യാത്രകളായിരുന്നു ഈ ഡിന്നറിനു പിന്നിലെ കാരണം. ഒപ്പം കുറേ കാലങ്ങൾക്ക് ശേഷം നാട്ടിലെത്തുമ്പോൾ പഴയതെല്ലാം തിരിച്ചു വേണമെന്ന അവന്റെ വാശിയും പിന്നിലുണ്ടായിരുന്നുവെന്നു കൂട്ടിക്കോ. അടുത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയിൽ അവൻ അവന്റെ വിശേഷങ്ങൾ പറഞ്ഞു തുടങ്ങി. ജോലിയും തിരക്കും അതിനിടയിൽ വിട്ടുകളയാൻ താല്പര്യമില്ലാത്തതുകൊണ്ട് മാത്രം വായിച്ച പുസ്തകങ്ങളും എഴുതിയ കഥകളും….. അങ്ങനെ വിശേഷങ്ങളുടെ കെട്ടുപൊട്ടി. അവളുടെ കണ്ണുകളിൽ ആകാംഷയും അത്ഭുതവും മിഴിച്ചു വരുന്നത് അവനെ കൂടുതൽ ഊർജസ്വലനാക്കി. വിശേഷങ്ങൾക്കിടയിൽ കപ്പയും ബീഫും പച്ചമുളകിലേക്കും കറിവേപ്പിലയിലേക്കും മാത്രമായി ഒതുങ്ങിയിരുന്നു.

കൈകഴുകി തുടച്ചു നിൽക്കുമ്പോഴാണ് ഒന്നു നടന്നു വന്നാലോയെന്ന ചിന്തയുദിക്കുന്നത്. ഭക്ഷണം കഴിഞ്ഞൊന്ന് ഉലാത്താൻ പത്തേക്കർ പുരയിടം തന്നെ ധാരാളം. പറമ്പിലെ പ്ലാവും, പാലയും, മാവും, തേക്കും കണ്ട് കിണറ്റിലേക്ക് കല്ലെടുത്തിട്ട് ആഴവുമളന്നു കഴിഞ്ഞപ്പോൾ നടത്തം മതിയാക്കി കിടപ്പുമുറിയിലേക്ക് ലൈറ്റ് തെളിച്ചു.

ബാഗ് തുറന്ന് സ്മിനോർഫിന്റെ കുപ്പി പുറത്തെടുക്കുമ്പോൾ അവളുടെ മുഖം എന്തെന്നില്ലാതെ ചുവന്നിരുന്നു. ഇനി അവരുടേത് മാത്രമായ നിമിഷങ്ങളാണ്. ഓരോ തുള്ളി മദ്യവും ഒരു മുഴുകുടിയന് എത്ര വിലയേറിയതാണോ അതിനേക്കാൾ മൂല്യമുള്ള സമയം. “ആദ്യത്തെ മൂന്ന് പെഗ് പെട്ടന്ന് കഴിക്കണം പിന്നെ പതിയെ ഓരോ സിപ്പ് എടുക്കണം ” അവൻ പറഞ്ഞിരുന്നത് മനസ്സിൽ ധ്യാനിച്ചു മൂന്ന് പെഗ് ഉള്ളിലാക്കി നാലാമത്തെ പെഗ്ഗിൽ പതിയെ ചുണ്ടുകൾ നനച്ചുകെണ്ടേയിരുന്നു. അവനും ഇതേ പ്രവർത്തിയിലായിരുന്നു. ഇതേ സമയം അവരുടെ കണ്ണുകളിൽ ലഹരിയുടെ മറ തിമിരം പോലെ പടർന്നു പിടിച്ചു.

ഇനി ‘വർത്തമാനമാണ്’. ഇതുവരെ കേട്ടതൊന്നുമല്ല. ജോലിയും യാത്രയും എല്ലാമെല്ലാം മാറ്റിവെച്ച് വിഷയങ്ങൾ മനസിലേക്ക് യാത്ര തിരിക്കും. പണ്ട് വലിച്ച ബ്ലാക്ക് സിഗരറ്റും, നോർത്ത് ഇന്ത്യൻ ജീവിതത്തിലെ പ്രിയപ്പെട്ട ഭാംഗും, പുറത്തൂന്ന് കൊണ്ടുവന്ന ഇമ്പോർട്ടട് മദ്യവും പിന്നെ ഇതുവരെ കണ്ടതും അറിഞ്ഞതുമായ പെണ്ണുങ്ങളും ആണുങ്ങളും….
അവനും അവളും മാറി മാറി കാഥികനും കേൾവിക്കാരനുമാവുമ്പോൾ ആ മുറിയൊരു കൊച്ചു കുമ്പസാരകൂടാവുകയായിരുന്നു. ഇതുവരെ അറിഞ്ഞ സകല സുഖങ്ങളും ചെയ്ത പാപങ്ങളും അവിടെ വെച്ച് അവർ പരസ്പരം ആ സ്മിനോർഫിന്റെ തുള്ളികൾ കൊണ്ട് കഴുകി കളഞ്ഞു.

ഒരു സെക്കന്റ്‌ സാറ്റർഡേയും സൺഡേയും കഴിഞ്ഞ് തിരിച്ചു പോവുമ്പോൾ ഇരുവർക്കും കയ്യിൽ കരുതാനുണ്ടായിരുന്നത് നടന്നളന്ന പത്തേക്കർ പുരയിടവും, പാലയുടെ ഗന്ധവും, സ്മിനോർഫിന്റെ ചവർപ്പും, അതിനേക്കാളുപരി ചുണ്ടുമാറിയ ചുംബനങ്ങളും, വിയർപ്പു വറ്റാത്ത രണ്ടു ശരീരങ്ങളുമായിരുന്നു. മതിവരുവോളം സംസാരിച്ചും , കണ്ട കാഴ്ചകളും കേട്ട കഥകളും പങ്കുവെച്ചും , രണ്ട് ദിവസങ്ങളിൽ ഉറങ്ങി നഷ്ടമാക്കിയ സമയങ്ങളെ ശപിച്ചും രണ്ട് ശരീരങ്ങളുമായി കാറ് വീണ്ടും ശബ്ദിച്ചു തുടങ്ങി. റെയിൽവേ സ്റ്റേഷനിൽ വന്ന് കാറ് നിൽക്കുമ്പോൾ ബലത്തിൽ കൈ പിടിച്ച് കുടഞ്ഞ് ബൈ പറഞ്ഞ് അവൻ പോകാനൊരുങ്ങി. എന്തോ ഓർമ്മിച്ചിട്ടെന്നോണം ശടപടേന്ന് ബാഗ് തുറന്ന് ഒരു വാച്ചും രണ്ട് പെട്ടി മിഠായികളും അവളുടെ കൈയ്യിൽ വെച്ച് കൊടുക്കുമ്പോൾ അവൻ പറഞ്ഞു: “ഇത് നിന്റെ ഭർത്താവിനും നിന്റെ മക്കൾക്കുമുള്ള കാമുകന്റെ സമ്മാനമാകുന്നു.”

ചിത്രീകരണം: സുബേഷ് പത്മനാഭന്‍ 


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കഥകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...

പ്രണയം പൂക്കുന്ന ഇടവഴികൾ

(പുസ്തകപരിചയം) ഷാഫി വേളം മൗനം പാലിക്കുന്നവർ പെരുകുന്ന കാലത്ത് വിളിച്ചു പറയാൻ മടിക്കാത്ത  ശബ്ദങ്ങളാണ് ഖുത്ബ് ബത്തേരിയുടെ "മാഞ്ഞു പോകുന്ന അടയാളങ്ങൾ" എന്ന ...

More like this

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...