എങ്ങനെ മായ്ച്ചു കളയും ഒരാൾ വന്ന് പോയതിന്റെ അടയാളങ്ങൾ

0
534
Ragila Saji

രഗില സജി

ഒരാൾ വന്ന് പോയതിന്റെ അടയാളങ്ങൾ എങ്ങിനെയാണ്
മായ്ച്ച് കളയുക.

വർത്തമാനത്തിന്നിടെ
കൊഴിഞ്ഞു വീണ മുടി പെറുക്കിക്കളഞ്ഞു.
ചായക്കോപ്പയിലൊട്ടിയ നിന്റെ
ചുണ്ട് തുടച്ചു നീക്കി.
കിടക്ക വിരിയിലെ മണം
കുടഞ്ഞിട്ടു .
നീ മറിച്ചു നോക്കിയ പുസ്തകത്തിലെ
നിന്റെ വിരലുകൾ മടക്കി വച്ചു.
നീ പാകം ചെയ്ത വെടിയിറച്ചിയിൽ നിന്ന് കാട്ടുപന്നിയെ വനത്തിലേക്കയച്ചു.
നീ നട്ടതിൽ നിന്നും നനച്ചതിൽ നിന്നുമെല്ലാം
പൂവിനെ,കായെ ഇറുത്തിട്ടു.
വീടിന്റെ ഗുഹാരോമങ്ങളിലൊട്ടിയ
നിന്റെ വഴുപ്പ് വടിച്ചിട്ടു.
അയയിൽ വിരിച്ചിട്ട എന്റെ വസ്ത്രം
പലയാവർത്തി നനച്ച് പിഴിഞ്ഞിട്ടു.
മുറികളവയുടെ അടിയുടുപ്പുകളാറാനിട്ടു.
എന്നിലേക്ക് നടന്ന നിന്റെ നിഴലിനെ
വെയിലിനപ്പുറത്തേക്ക് പായിച്ചു.

എങ്കിലും എങ്ങനെ മായ്ച്ചുകളയുമെന്റെ ഹൃദയത്തിൽ
നീയുണ്ടായിരിക്കുന്നതിന്റെയടയാളങ്ങൾ?

ഞാൻ ആത്മഹത്യ ചെയ്തേക്കാം

ചിത്രീകരണം: സുബേഷ് പത്മനാഭന്‍ 


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here