തിരൂര്‍: പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഷൗക്കത്തിന്റെ പുസ്തകങ്ങളുടെ പ്രകാശനം തിരൂര്‍ നൂര്‍ ലെയ്ക്കില്‍ വെച്ചു നടന്നു. ഷൗക്കത്തിന്റെ സുഹൃദ് വലയത്തിലുള്ള ഒട്ടനേകം പേര് ഒന്നിച്ച പ്രകാശനച്ചടങ്ങ് സാംസ്കാരിക സംഗമമായിമാറുകയായിരുന്നു. നിത്യചൈതന്യയതിയുടെ പ്രഭാഷണങ്ങളെ അടിസ്ഥാനമാക്കി രചിച്ച “യതി വെളിച്ചം വിതറുന്ന വിചാരങ്ങള്‍”, ഒന്നിച്ചിരിക്കലിന്റെ പ്രാധാന്യവും സ്നേഹവും പ്രമേയമായ “തുറന്ന ആകാശങ്ങള്‍”, ഖലീല്‍ ജിബ്രാന്റെ “പ്രവാചകന്” ഷൗക്കത്ത് നിര്‍വഹിച്ച പരിഭാഷ, സൂഫിസത്തെ അധികരിച്ച് രചിച്ച “ഒരു തുള്ളി ജലത്തിലെ കടല്‍” എന്നീ പുസ്തകങ്ങളും ജലാലുദ്ദീന്‍ റൂമിയുടെ കവിതകള്‍ക്ക് സലീഷ് ഇട്ടൂപ്പ് ജോണിയുടെ പരിഭാഷയായ “പര്‍വ്വതം സമതലങ്ങളെ തൊട്ടുണര്‍ത്തുന്നു” എന്ന പുസ്തകവുമാണ് പ്രകാശനം ചെയ്തത്. രാവിലെ പത്ത് മണിക്ക് പുല്ലാങ്കുഴല്‍ വാദകന്‍ ഉമേഷ് സുധാകറും ഇടക്ക വാദകന്‍ രാജേഷ് പെരുമനയും ചേര്‍ന്ന്‍ ഒരുക്കിയ സ്വാഗതസംഗീതത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. പ്രസാധകരായ നിത്യാഞ്ജലിയെ ഗായത്രി സദസ്സിന് പരിചയപ്പെടുത്തി. എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ ബഹുസ്വരത എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ശാന്തിപ്രിയയുടെ ബാവുല്‍ സംഗീതം ചടങ്ങിനെ വ്യത്യസ്തമാക്കി. കല സാഹിത്യം സംഗീതം മനുഷ്യരോട് ചെയ്യുന്നത് എന്ന വിഷയത്തില്‍ സുനില്‍ പി ഇളയിടം സംസാരിച്ചു. രാഗിണി കൃഷ്ണന്‍ നന്ദി പറഞ്ഞു.
പുസ്തകങ്ങള്‍ ഓണ്‍ലൈനായി വാങ്ങാന്‍: https://athmaonline.in/product-category/books/