ചന്ദന എസ്. ആനന്ദ്
ചില മൗനങ്ങള്‍, തലവേദനകള്‍, ഒന്നുമില്ലായ്മകള്‍.
പലപ്പോഴും നിര്‍വചിക്കാനാകാത്ത ആ ഒന്നുമില്ലായ്മകള്‍
വീര്‍പ്പുമുട്ടിക്കുമ്പോള്‍,
ചോദ്യചിഹ്നമാകുമ്പോള്‍.
മൗനങ്ങള്‍ രാത്രിയുടെ വേലിപ്പടവുകള്‍ തകര്‍ത്തിറങ്ങി പോകാറുണ്ട്.
പുഞ്ചിരികളെ ഭാഗം വച്ചു കൊണ്ട് യാത്ര തിരിക്കാറുണ്ട്.
ആരോടും പറയാതെ
ഒരു തരം ഒളിച്ചോട്ടം.
എവിടെയും നില്‍ക്കാന്‍ ഉദ്ദേശമില്ലാത്ത,
ഒറ്റയാനായത് ബലഹീനതയല്ലെന്ന് വിളിച്ചു പറഞ്ഞു കൊണ്ട്
പിന്‍വിളികള്‍ വക വെക്കാത്തൊരു യാത്രക്ക്.
അവശേഷിപ്പുകള്‍ വെറുത്ത്,
ഓര്‍മ്മകള്‍ വലിച്ചെറിയാനായി
മടുപ്പും പേറിക്കൊണ്ട് മുന്നേറുമ്പോള്‍
എല്ലാം വേണ്ടാതാവുമ്പോള്‍,
ഒരിക്കലും തീരാത്ത,
മടക്കം ഉറപ്പില്ലാത്ത,
ഒന്നുമില്ലാത്തൊരു യാത്രയായ് മാറുന്നു .
അങ്ങനെ അങ്ങനെ ചില ഒന്നുമില്ലായ്മകളും, യാത്രകളുമാകുന്ന മൗനങ്ങള്‍……..
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
editor@athmaonline.in