‘പിക്ച്ചറസ്‌ക്യൂ’; തലശ്ശേരിഫ്രെയിമുകളുടെ പുതിയ സ്റ്റോറേജ് സ്പേസ്

0
513

ഹിലാൽ റൂമി

രുചികരമായ ഭക്ഷണത്തോടൊപ്പം മുഹബ്ബത്തും ചേർത്ത് വിളമ്പുന്ന തലശ്ശേരി തക്കാരങ്ങൾ ഏറെ പ്രശസ്തമാണ്. അങ്ങനെ വിശേഷങ്ങളൊരുപാടുണ്ട് പൈതൃക നഗരമായ തലശ്ശേരിക്ക്. വടക്കൻ കേരളത്തിലെ പ്രധാന വാണിജ്യകേന്ദ്രമായ തലശ്ശേരി, പഴമയെ പ്രണയിക്കുന്ന ഫോട്ടോഗ്രാഫർമാരുടെയും സിനിമാക്കാരുടെയും ഇഷ്ട പട്ടണമാണ്. ഒപ്പിയെടുക്കാൻ ഫ്രെയിമുകളേറെയുണ്ട് തലശ്ശേരിയിലും ചുറ്റുവട്ടത്തും. പക്ഷെ, ഒരു ഫോട്ടോഗ്രാഫി ക്ലബിന്റെ പോരായ്മ തലശ്ശേരിയിൽ പ്രകടമായിരുന്നു. അത് നികത്തികൊണ്ട് ഒരുകൂട്ടം യുവാക്കൾ ഇന്ന് കടൽപ്പാലത്ത് ഒത്തുകൂടി.

ക്രൈസ്റ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് നബീൽ. കൂട്ടുകാരൻ ഫൈസാൻ കണ്ണൂരിൽ പഠിക്കുന്നു. ഇവരുടെ മനസ്സിലുദിച്ച ആശയമാണ് സ്വന്തമായൊരു ഫോട്ടോഗ്രാഫി ക്ലബ്. അങ്ങനെയാണ് ‘ടെലിച്ചേരി പിക്ച്ചറെസ്ക്യൂ’ വിന്റെ ജനനം. തലശ്ശേരിയിലെ ആദ്യത്തെ ഫോട്ടോഗ്രാഫി ക്ലബ്. തലശ്ശേരിയിലും സമീപപ്രദേശങ്ങളിലെയും ഫോട്ടോഗ്രാഫർമാർക്ക് ഒരുമിച്ചു പ്രവർത്തിക്കാനുള്ള പൊതുതലമൊരുക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഫോട്ടോഗ്രാഫി എന്ന അതുല്യകലയും തലശ്ശേരിയുടെ പൈതൃകമനോഹാരിതയും കൂടിചേരുമ്പോൾ അത്ഭുതങ്ങൾ സൃഷ്ടിക്കാനാവുമെന്ന് ഇവർ പ്രതീക്ഷിക്കുന്നു.

ഇൻസ്റ്റഗ്രാമിൽ ‘ടീം പിക്ച്ചറെസ്ക്യൂ‘ എന്ന അകൗണ്ട് വഴിയാണ് സമാനചിന്തയുള്ളവരെ നബീലും ഫൗസാനും ഒരുമിപ്പിച്ചത്. റോഷൻ, ഫർഹാൻ, നിജാസ് എന്നിവരും ചേർന്നപ്പോൾ വൃത്തം വലുതായി. നടന്നുകൊണ്ട് ഇന്ത്യ ചുറ്റികണ്ട തലശ്ശേരി സ്വദേശി ഇലാഹി പർവേസ് അടക്കമുള്ളവർ പിന്തുണയുമായി എത്തിയപ്പോൾ വൃത്തത്തിന്റെ ചുറ്റളവ് കൂടി. അങ്ങനെയാണ് ആദ്യത്തെ മീറ്റ് സംഘടിപ്പിച്ചത്.

ഡിസംബർ 2 ഞായർ രാവിലെ 7. 30 നായിരുന്നു ആദ്യത്തെ പരിപാടി. കടൽപ്പാലത്ത് നിന്ന് ആരംഭിച്ച ഫോട്ടോവാക്ക് പിയർ റോഡും ബീച്ചും മാർക്കറ്റും കടന്ന് കോട്ടയിൽ എത്തി നിന്നു. സിനിമ സംവിധായകൻ പ്രദീപ് ചൊക്ലി ലോഗോ പ്രകാശനം ചെയ്തു. അമ്പതോളം യുവഫോട്ടോഗ്രാഫർമാരുടെ ലെൻസുകൾ മികച്ച ഫ്രെയിമുകൾ തേടി നടന്നു. ഇമേജ് സെൻസറിൽ പതിഞ്ഞ തലശ്ശേരിയുടെ ഹൃദയഭാഗങ്ങൾക്ക് മൊഞ്ചിന്ന് കൂടുതലായിരുന്നു.

ചിത്രപ്രദർശനമടക്കമുള്ള ഒരുപാട് പദ്ധതികൾ പിക്ച്ചറസ്‌ക്യൂവിന്റെ സ്വപ്നങ്ങളിലുണ്ട്. പൈതൃകടൂറിസത്തിന്റെ സാധ്യതകൾ ഏറെയുണ്ടായിട്ടും വിനോദസഞ്ചാര ഭൂപടത്തിൽ അർഹിക്കുന്ന പരിഗണന ലഭിക്കാത്ത തലശ്ശേരിയും ഇങ്ങനെയൊരു കൂട്ടായ്മ ആഗ്രഹിച്ചിരുന്നു. ടെലിച്ചേറി പിക്ച്ചറസ്‌ക്യൂവിന്റെ ക്ലിക്കുകൾക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും അവ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here