യുറീക്കയെ ഓർമ്മയില്ലേ, നമ്മുടെ സ്വന്തം ശാസ്ത്രമാസികയെ? ശാസ്ത്ര കുതുകികളായ കുട്ടികളുടെ കയ്യിൽ മുടക്കമില്ലാതെ വന്നെത്തുന്ന യുറീക്കയ്ക്ക് അമ്പത് വയസ്സായി.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ചിന്തിക്കാനും വിശകലനം ചെയ്യാനും കുട്ടികളെ പ്രാപ്തമാക്കുകയാണ് ഈ മാസിക ചെയ്യുന്നത്. മുടക്കമില്ലാതെ പ്രാദേശിക ഭാഷയിലിറങ്ങുന്ന ശാസ്ത്രമാസിക എന്ന ഖ്യാതി യുറീക്കയ്ക്ക് അവകാശപ്പെട്ടതാണ്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ അമ്പത് കൊല്ലം മുമ്പ് തൃശ്ശൂരിലാണ് യുറീക്ക പിറന്നത്.
അമ്പതാണ്ട് തികയുന്നതിന്റെ ആഘോഷം ശനിയാഴ്ച തൃശ്ശൂരിൽ നടക്കും. കുട്ടികളും, മാതാപിതാക്കളും, പരിഷത്ത് പ്രവർത്തകരും പാട്ടും കഥയും ശാസ്ത്ര വിജ്ഞാനം പങ്കുവെക്കലുമായി ഒത്തുകൂടും. ശാസ്ത്രകേരളം എന്ന മാസികയുടെ അമ്പതാണ്ടും ഇതോടൊപ്പം ആഘോഷിക്കുന്നുണ്ട്.