കവിത
യഹിയാ മുഹമ്മദ്
ചിത്രീകരണം : മജ്നി തിരുവങ്ങൂർ
അതിശക്തമായ അടിയൊഴുക്കുള്ള
ഒരു കടലുടൽ
രണ്ടു ചുഴികൾ
കർണ്ണപടം.
കരയിലേക്ക് അലതല്ലിപ്പായും
പാൽനുരതിര
രണ്ടു കണ്ണുകൾ
ആഴക്കടൽപരപ്പിൽ
ഏകം
തുഴയില്ലാതെ
തുഴയുന്ന വഞ്ചിക്കാരൻ
ഇരുകൈകൾ
പരപ്പ്
രണ്ടു കാലുകൾ
നീലിമ
ഉടൽ.
മല തുള്ളിപ്പായുന്ന
പുഴയൊഴുക്ക്
അഴിമുഖപ്രവാഹം
നാസിക
അതിനിഗൂഢം
ഒരു വായഗർത്തം
നാവ്
പതിയിരിക്കുന്ന തിമിംഗലം
ഭീകരം
ഗർത്തം നീളുന്നു
അത്ഭുതക്കലവറ
മീനുകൾ
ചിപ്പികൾ, മുത്തുകൾ
നീരാളികൾ
വിഷസസ്യങ്ങൾ
കടൽപുഴുക്കൾ!
കടലാമ
മണൽപ്പരപ്പ്
അതിലേക്ക്
ഊഴ്ന്നിറങ്ങിപ്പോയ
ഒരു മനുഷ്യൻ
ശ്വാസം കിട്ടാതെ പിടയുന്നു.
കിതയ്ക്കുന്നു
തുഴയുന്നു
അവിടെ
എവിടെയോ ആണെന്ന് തോന്നുന്നു
ഒരഗ്നിപർവ്വതം
ഉരുകിക്കൊണ്ടിരിക്കുന്നത്
ഒരു സമുദ്രം
ചിന്നിച്ചിതറാൻ പാകത്തിൽ
തിളച്ചു മറിയുന്നത്.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.