ജീവന്റെ ചില്ലകൾ പൂക്കാൻ…

0
860
നിധിന്‍. വി. എന്‍

ജീവിതത്തിൽ നിന്ന് ഒഴിച്ചുകൂടാനാവാത്തത് എന്താണ്? പലരുടെയും ഉത്തരങ്ങൾ വ്യത്യസ്തമാകാം എങ്കിലും ഒന്ന് ഇരുത്തി ചിന്തിച്ചാൽ ഏവരും സ്വയം എത്തിച്ചേരുന്ന ഉത്തരം ” ജലം” എന്നാണ്. “ഭൂമിയിൽ കോടിക്കണക്കിന് ജീവബിന്ദുക്കൾ പിറവിയെടുക്കുന്നതിന് ഈറ്റില്ലമാകുന്നത്, ജീവന്റെ സാന്നിദ്ധ്യത്തെ ഉറപ്പിക്കുന്നത് ജലമാണ്.ഭൂമിയിൽ ജീവന്റെ ചില്ലകൾ തളിരിടുകയും പൂക്കുകയും ചെയ്യുന്നത് ജലത്തിലാണ് ” ( ജലം ജീവന്റെ ചില്ലകൾ പൂക്കുന്നിടം – ഡോ.കെ.കൃഷ്ണകുമാരി).

അതെ, ജലം- ജീവന്റെ ചില്ലകൾ പൂക്കുന്നിടം തന്നെയാണ്.ഇനിയൊരു യുദ്ധമുണ്ടാവുകയാണെങ്കിൽ അത് ജലത്തിനു വേണ്ടിയായിരിക്കുമെന്ന് നിസ്സംശയം പറയാനാവും.ഒന്ന് കാതോർത്താൽ കേൾക്കാനാവും ജലത്തിനു വേണ്ടിയുള്ള സഹജീവികളുടെ കനത്തുപോയ നിലവിളി. ദുരയും അവിവേകവും വരുത്തിവെച്ച കൊടിയ നാശങ്ങൾ, സഹജാവബോധംപോലും നഷ്ടപ്പെട്ട് നാം മരണത്തിന്റെ കുന്തമുനയിൽ നിൽക്കുകയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ജലത്തിന്റെ ദുർലഭ്യത നമ്മെ കൊണ്ടെത്തിക്കുന്നത് അത്തരത്തിലൊരിടത്തേക്കാണ്. വികസനം കൊണ്ടുവരുന്ന വൻലാഭങ്ങൾക്കു വേണ്ടി നാം നികത്തുന്നത് സഹജീവികളുടെ, വരും തലമുറയുടെ ജീവിക്കാനുള്ള ആഗ്രഹത്തെയാണ്.

കീഴാറ്റൂരിലെ കർഷകർ നടത്തുന്ന സമരത്തിനു നേരെ കണ്ണടയ്ക്കുമ്പോഴും സംഭവിക്കുന്നത് ഇതു തന്നെയാണ്.”മഴയെ ആശ്രയിച്ചിട്ടുള്ള ജലചക്രം പൂർണ്ണമായാൽ മാത്രമേ ജീവന്റെ സൃഷ്ടി-പരിപാലന പ്രക്രിയകൾ പൂർണ്ണമാവൂ. മനുഷ്യന്റേയും സസ്യ – മൃഗാദികൾ ചേർന്ന പ്രകൃതിയുടെയും ജീവിതത്തെ ബാധിക്കുന്ന നിരവധി ബന്ധിത പ്രവർത്തനങ്ങൾ ഓരോ ആവാസവ്യവസ്ഥയിലും നടക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് ജല- ആവാസവ്യവസ്ഥ (Aquatic Ecosystem) “. എന്ത് വികസനത്തിന്റെ പേരിലായാലും അത്തരം ഇടങ്ങൾ നികത്തുന്നത് പൊറുക്കാനാവാത്ത തെറ്റാണ്.

ഭൂമിയുടെ 71% ജലാവൃതമാണ്.അതിൽ 97% സമുദ്രമാണ്. അതായത് 97% ജലവും ഉപ്പു കലർന്ന് കടലിലകപ്പെട്ടിരിക്കുമ്പോൾ വെറും 3% മാത്രമാണ് ശുദ്ധജലമായി നമുക്ക് നിത്യോപയോഗാവശ്യത്തിനായി കിട്ടുന്നത്.  ഈ ശുദ്ധജലത്തിൽ 2.997% മഞ്ഞുമലകളിൽ ഘനീഭവിച്ച് കുടുങ്ങിക്കിടക്കുകയാണ്. ബാക്കി ഘനീഭവിക്കാത്ത ഭൂജലം മാത്രമാണ് നമുക്ക് ഉപയോഗപ്രദമായി നിൽക്കുന്നത്.എന്നാൽ പരിസ്ഥിതി ബോധത്തിന്റെ അഭാവം കൊണ്ടും അത്യാർത്തികൊണ്ടും മനുഷ്യൻ ചെയ്യുന്ന പ്രകൃതി വിധ്വംസക പ്രവർത്തനങ്ങളുടെ ഫലമായി ആ ജലത്തിന്റെ ലഭ്യത കൂടി ശുഷ്കമായി കൊണ്ടിരിക്കുകയാണ്.

ഭൂഗർഭജലം സംരക്ഷിതമാകണമെങ്കിൽ ഭൂമിക്ക് മണ്ണും മരവും തണ്ണീർത്തടവും കോൾനിലവും ആവശ്യമാണ്. അല്ലെങ്കിൽ, 1990-കളോടെ ജലം പ്ലാസ്റ്റിക് കുപ്പികളിലാക്കി വിപണിവാഴുന്ന ബോട്ടിൽഡ് വാട്ടർ കമ്പിനികളെ കൂടുതലായി ആശ്രയിക്കേണ്ടതായി വരും. ബിസ്ലേരി, പെപ്സി, കൊക്കക്കോള, പാർലെ തുടങ്ങിയ കമ്പനികൾ ഇന്ത്യയിൽ മൊത്തം ബോട്ടിൽഡ് വാട്ടറിന്റെ 65% കൈകാര്യം ചെയ്യുന്നു. വായുമലിനീകരണവും ഉഷ്ണവും വരൾച്ചയും വർധിക്കുന്നതിനനുസരിച്ച് ഈ വ്യവസായ വികസനം ത്വരഗതിയിലാവുകയും ചെയ്യുന്നു. ഈ അവസരത്തിൽ,ഉള്ള വെള്ളം പാഴാക്കാതെ ശാസ്ത്രീയമായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

ഡോ. മസാറു ഇമോട്ടോയുടെ “The hidden messages in water” (മംഗലത്ത് മുരളി ജലത്തിനു പറയാനുള്ളത് എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നു) എന്ന ഗ്രന്ഥത്തിൽ എന്നെ വിസ്മയിപ്പിച്ച പ്രസ്താവം ഇങ്ങനെ: സൗരയൂഥത്തെ നമ്മുടെ ശരീരത്തോടു സാദൃശ്യപ്പെടുത്തിയാൽ കരളിന്റെ സ്ഥാനമാണ് ഭൂമിക്ക്.ശരീരത്തിലെ വെള്ളത്തെ അരിച്ചു ശുദ്ധമാക്കി കരൾ മറ്റു ഭാഗങ്ങളിലേക്കെത്തിക്കുന്നതുപോലെ ഭൂമി സൗരയൂഥത്തിലെ പ്രവഹിക്കുന്ന വെള്ളത്ത ശുദ്ധീകരിച്ച് പ്രപഞ്ചത്തിനു തന്നെ തിരിച്ചേല്പിക്കുകയാണ്. അതിനാൽ ഭൂമിയിൽ ജനിച്ച മനുഷ്യന്റെ ധർമ്മമാണ് ജലം മലിനമാക്കാതെ നോക്കൽ.നമ്മൾ, മനുഷ്യർ ഈ ധർമ്മം നിറവേറ്റുന്നുണ്ടോ?

മദ്യപാനി സ്വയം സ്വന്തം കരളിനെ അപകടത്തിലാഴ്ത്തുന്ന വിധത്തിലുള്ള പെരുമാറ്റമാണ് ഓരോ മനുഷ്യന്റെ ഭാഗത്തു നിന്നും ഭൂമിയ്ക്ക് നേരിടേണ്ടി വരുന്നത്. ഓരോ മാറ്റങ്ങളും ഭൂമിയെ ബാധിക്കുമ്പോൾ ജലലഭ്യതയുടെ അളമാണ് കുറയുന്നതെന്ന് ഓർക്കേണ്ടതുണ്ട്.ഭൂമിയും, വായുവും, ജലവും ശേഷിച്ചാലെ ഇനിയൊരു തലമുറ ഇവിടെ ജന്മമെടുക്കു എന്ന് ഓർക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here