ശരണ്യ. എം.
കോഴിക്കോടിന്റെ ഇന്നലകളിലും ഇന്നിലും ആർട്ട് ഗ്യാലറിയ്ക്ക് വളരെ ഏറെ പ്രാധാന്യമുണ്ട്. സാഹിത്യം, കല, സംസ്ക്കാരം തുടങ്ങി പല മേഖലകളിൽ കഴിവ് തെളിയിച്ച ഒരുപാട് മനുഷ്യർക്ക് വെള്ളവും വളവുമായ മണ്ണാണത്.
ഷബ്ന സുമയ്യ. ബ്ലോഗ് എഴുത്തിലൂടെ ശ്രദ്ധ നേടിയ യുവകലാകാരി. ഷബ്നയുടെ ‘ബിക്കമിംഗ്’ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്ര പ്രദര്‍ശനം ചൊവാഴ്ച്ച ആരംഭിച്ചതാണ്. ഷബ്നക്ക് കോഴിക്കോട് നൽകിയ സ്വാഗതം അവളുടെ ചിരിയില്‍ നിറഞ്ഞു കാണാൻ കഴിയും.
താൻ ഒരു വീട്ടമ്മയാണെന്ന് അഭിമാനത്തോടെ പറയുന്ന ഷബ്ന വരകളിലൂടെ തന്റെ തുറന്ന ലോകം ജനങ്ങൾക്ക് വരച്ചുകാട്ടുകയാണ്. വര പഠിച്ചിട്ടില്ല. യൂട്യൂബിലൂടെ ലഭിക്കുന്ന അറിവുകളിൽ നിന്നും ദൈവം നൽകിയ കഴിവുകളെ അവൾ സ്വയം ആവാഹിച്ചതാണ്.
എഴുത്തുകളായിരുന്നു ആദ്യ മേഖല, പിന്നീടെപ്പോഴോ വരകളിലൂടെ തന്നിലെ ആശയം കുറെ കൂടി പ്രകടിപ്പിക്കാൻ സാധ്യമാണെന്ന് തിരിച്ചറിഞ്ഞു. രണ്ട് വർഷം മുമ്പത്തെ ഈ തിരിച്ചറിവിൽ നിന്നും വരയിൽ സജീവമാകാനുള്ള തീരുമാനത്തിൽ അവളെത്തി. ചിത്രങ്ങളിലൂടെ കഥ പറഞ്ഞു. തീവ്ര നിറങ്ങളോട് പ്രിയമേറും. വരകളിലേറെയും പെണ്മയുടെ കടന്നു വരവുകൾ ധാരാളമുണ്ട്. എന്തുകൊണ്ട് അതെന്ന ചോദ്യത്തിന് ഞാൻ ഒരു പെണ്ണായത് കൊണ്ടാകാം അതെന്ന് ചിരിച്ചു കൊണ്ടവൾ മറുപടി പറയും.
തട്ടമിട്ട മൊഞ്ചത്തിയും സ്വാതന്ത്ര്യമായി പറക്കുന്ന മുസ്‌ലീം സ്ത്രീയുമൊക്കെ ഷബ്നയുടെ വരകളിലുണ്ട്. ഇതിലൊക്കെയും തട്ടമിട്ട പെണ്ണിലെ സ്വാതന്ത്ര്യവും തുറന്ന ജീവിതവുമാണ് വരക്കാൻ ശ്രമിക്കുന്നതെന്ന സവിശേഷതയും ഉണ്ട്.
ഭർത്താവുമായി കോഴിക്കോട് താമസമാക്കിയ ഷബ്നയുടെ എല്ലാ ഊർജ്ജവും ആർട്ടിസ്റ്റ് കൂടിയായ ജീവിത പങ്കാളി തന്നെ. അദ്ദേഹം കൈചേർത്തു പിടിച്ച് അവൾക്കൊപ്പമുണ്ട് ഓരോ ചുവടിലും.
നിറഞ്ഞ മനസ്സിൽ മുറുകെ പിടിക്കാൻ ഒരുപിടി നല്ല ചിത്രങ്ങളുടെ മികച്ച ലോകമൊരുക്കി അവള്‍ വരയുടെ കഥ പറയുന്നു. പെണ്ണതിജീവനത്തിന്റെയും.
പ്രദര്‍ശനം ഞായറാഴ്ച്ച വരെ തുടരും.