ചേമഞ്ചേരി: കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍ വി.കെ റോഡ് റെസിഡന്‍സ് അസോസിയേഷനും ഹെല്‍പിംഗ് ഹാന്‍ഡ്‌സ് ചാരിട്ടബ്ല്‍ ട്രസ്ടും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും ശ്രദ്ധേയമായി. കാട്ടില്‍പീടിക എം.എസ്.എസ് സ്കൂള്‍ അങ്കണത്തില്‍ വെച്ചു നടന്ന പരിപാടി കോഴിക്കോട് വിജിലന്‍സ് ഡെപ്യുട്ടി സൂപ്രണ്ട് ജി. സാബു ഉദ്ഘാടനം ചെയ്തു. റെസിഡന്‍സ് ഉള്‍കൊള്ളുന്ന പതിനൊന്നാം വാര്‍ഡ് മെമ്പര്‍ പി.ടി സോമന്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
തുടര്‍ന്ന് “മാറുന്ന ജീവിതശൈലിയും ആരോഗ്യസംരക്ഷണവും” എന്ന വിഷയത്തില്‍ നടന്ന ബോധവല്‍ക്കരണ ക്ലാസിന് Kidney Early Evaluation പി.ആര്‍.ഒ സകീര്‍ കോവൂര്‍ നേതൃത്വം നല്‍കി. പ്രദേശത്തുകാരനായ സാമൂഹികപ്രവര്‍ത്തകനും മൂന്ന് തവണ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനുമായ ടി.ടി ബഷീര്‍ തന്‍റെ ജീവിതാനുഭവങ്ങള്‍ വിവരിച്ചു സംസാരിച്ചത് ഏറെ താല്പര്യപൂര്‍വമാണ് സദസ്യര്‍ ശ്രവിച്ചത്. റെസിഡന്‍സ് പരിധിയിലെ വിവിധ കുടുംബങ്ങളില്‍ നിന്നായി ഇരുന്നൂറോളം പേര്‍ വിദഗ്ദ് സഹായത്തോടെയുള്ള വൃക്ക രോഗനിര്‍ണ്ണയ പരിശോധനയില്‍ പങ്കാളികളായി.
വി.കെ റോഡ് റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് എസ്.എം ഗഫൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.സുരന്‍ സ്വാഗതവും സുജിത് നന്ദിയും പറഞ്ഞു.