രാശി

0
502
Vineesh KN 1200

കഥ
വിനീഷ് കെ എൻ

കുറച്ചു കാലം മുൻപാണ്. ഉച്ച കഴിഞ്ഞു വരുന്നതേയുള്ളൂ. കണ്ടത്തിനും തോടിനും ഇടയിൽ ചരൽ മണ്ണിട്ട് ഉണ്ടാക്കിയെടുത്ത നേർത്ത പാതയിലൂടെ ഉദയൻ നടന്നു വരികയാണ്. ചൂട് കാറ്റുണ്ട്. ആ കാറ്റിൽ അയാളാകെ ആടിയുലയുന്നതുപോലെ തോന്നിച്ചു. മെലിഞ്ഞ ശരീരമാകെ വിയർത്ത്, ദേഹവും കുപ്പായവും വേർതിരിക്കാൻ കഴിയാത്തത്രയും ഒട്ടിയിരുന്നു. ആ സമയത്തൊക്കെ കുമാരന്റെ ഡ്രൈവറായി പണിയെടുക്കുകയാണ് ഉദയൻ. പണി കഴിഞ്ഞു തിരിച്ചു വരുന്ന പതിവ് സമയമല്ല. കാര്യമുണ്ടെങ്കിലും ഇല്ലെങ്കിലും കുമാരൻ വെറുതെ വൈകുന്നേരം വരെ പലയിടങ്ങളിൽ ഓടിക്കും. പക്ഷെ അന്ന് വണ്ടിയോടിക്കുമ്പോൾ ഉദയന് വല്ലാത്തൊരു പരവശം. കയ്യും കാലും ഒരു വിറയൽ. കടുപ്പമേറിയ ഒരു തലവേദന.
“എന്ത്ന്നറാ ഇന്നലെ നല്ലോണായിനാ.”
ഉദയന്റെ വെപ്രാളം പിടിച്ച ചില നീക്കങ്ങൾ കണ്ട് കണ്ട് കുമാരൻ ചോദിച്ചു. ആ ചോദ്യം ഇഷ്ടപ്പെട്ടില്ലെങ്കിലും ഉദയൻ മറുപടിയൊന്നും പറഞ്ഞില്ല. ഏസിയുടെ കാറ്റിലും അയാളുടെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു. തലവേദനയുടെ കാര്യമറിയിച്ചപ്പോൾ അന്നെന്തോ പതിവില്ലാത്ത വിധം, വീട്ടിലേക്ക് തിരിച്ചു പൊയ്‌ക്കൊള്ളാൻ കുമാരൻ പറഞ്ഞു. അങ്ങനെ വരുന്ന വരവാണ്. എതിരെ തോർത്തുമാത്രമുടുത്ത്, ഏറ്റു കത്തിയും കള്ളുകുറ്റിയും അരയിൽ തൂക്കി, തോടിനരികിലെ കുറ്റിക്കാടുകളുടെ മറവിലൂടെ വരികയായിരുന്നു ഭാസ്കരൻ. ബലിഷ്‌ഠമായ ശരീരത്തിന്റെ ഇരുവശങ്ങളിലേക്കും കൈകൾ അകറ്റിപ്പിടിച്ചുള്ള ഭാസ്കരന്റെ വരവ് ദൂരെ നിന്നും കണ്ടപ്പോൾ, ചിറകുകൾ വിടർത്തി വച്ച് ഇരയെ ലക്ഷ്യമാക്കി കുതിക്കുന്ന വലിപ്പമേറിയ ഒരു പക്ഷിയാണ്‌ അയാളെന്ന് ഉദയനു തോന്നി. തൊട്ടടുത്ത് എത്തിയപ്പോൾ ഭാസ്കരൻ ചിരിച്ചു. തലയ്ക്കുള്ളിലൂടെ പടരുന്ന കനം വച്ച വേദനക്കിടയിൽ ഉദയനും ചുണ്ടുകൾ വിടർത്തി. ഒന്നും സംസാരിക്കാതെ അയാളെ കടന്നു പോകണമെന്നായിരുന്നു ആദ്യം കരുതിയതെങ്കിലും ‘എന്തൊരു അപകടം പിടിച്ച പണിയാണിതെന്ന്’ ഭാസ്കരന്റെ തെങ്ങു കയറ്റമോർത്തു കൊണ്ട് ആരോ ഉള്ളിലിരുന്നു പതുക്കെ മന്ത്രിക്കുന്നത്, പരമാവധി വേഗതയിൽ നടക്കാനാഞ്ഞപ്പോഴും പറയാനാണ് ഉദയനു തോന്നിയത്.
“നിങ്ങള് തെങ്ങുമ്മ കേറുമ്പം ഒന്ന് സ്രദ്ധിക്കണേ.”
വിറയ്ക്കുന്ന വാക്കുകൾ കൂട്ടി വെച്ച് ഉദയൻ പറഞ്ഞൊപ്പിച്ചു. പറഞ്ഞു തീർന്നപ്പോൾ തന്നെ അതുവരെയുണ്ടായിരുന്ന തലവേദനയും പരവശവും ഒരൊറ്റയടിക്ക് നിന്ന് പോയി. ഭാസ്കരൻ ആദ്യമൊന്നു വിളറി.
“നോക്കലുണ്ടപ്പാ…”
ഞരമ്പിലൂടെ പുളഞ്ഞു കയറി വന്ന ദേഷ്യം കൈമടക്കുകൾക്കിടയിൽ വച്ച് ഞെരിച്ചു കൊണ്ട് ഭാസ്കരൻ മറുപടി പറഞ്ഞു. ഉള്ളിൽ ഒരു തെറിയോർമ്മിച്ച്‌ അയാൾ ഉദയനെ കടന്നു മുന്നോട്ട് പോയി. പിന്നെ ഉറവ പൊട്ടിയ കണക്കെ വന്ന വിയർപ്പ് തുടച്ചു താനിത് എത്രകാലമായി ചെയ്യുന്നതായെന്ന ധൈര്യവും ചേർത്ത് പിടിച്ചു ആദ്യ തെങ്ങിലേക്ക് ചുവടുകൾ വച്ചു.
വീട്ടിലെത്തിയപ്പോൾ ഉച്ചയൂണിന്റെ സമയം കഴിഞ്ഞിട്ടും ഉദയന് ചോറുണ്ടായിരുന്നു. കൈകഴുകി ഇരുന്നതേയുള്ളൂ. അന്നേരമാണ് പുറത്തു വളപ്പിനുമപ്പുറം ഒരു ബഹളം. വീടിനു പുറത്തിറങ്ങി നോക്കുമ്പോൾ ചിലർ ഓടുന്നത് കണ്ടു. കാര്യമെന്താണെന്നു അമ്മ ചാരുമതി പരിഭ്രമത്തോടെ തിരക്കുന്നതിനിടയിൽ തന്നെ ഉദയൻ മുറ്റത്തേക്കിറങ്ങി പൈപ്പിൽ മുഖം കഴുകി അയയിൽ ഉണക്കാനിട്ട ഷർട്ടും എടുത്തിട്ട് വീടിന്റെ തുമ്പു കടന്നു പുറത്തേക്ക് പാഞ്ഞിരുന്നു. ഇടവഴിയിലേക്ക് ഇറങ്ങിയതും ഭാസ്കരനെയും വഹിച്ചുകൊണ്ടുള്ള രതീശന്റെ കാർ വേദന കടിച്ചമർത്തി ഞെരങ്ങിക്കൊണ്ട്  റോഡിലൂടെ കടന്നു പോകുന്നത് കണ്ടു.തിരിച്ചു വരുന്ന ഒന്ന് രണ്ടാളോട് അറിഞ്ഞിട്ടും ഉദയൻ വെറുതെ കാര്യമന്വേഷിച്ചു.
“എന്നാന്ന് കൊറേ ആളെല്ലും”
“ബാക്കരാട്ടൻ തെങ്ങുമ്മന്നു വീണ്നി”
തെങ്ങിൽ കയറുമ്പോൾ ശ്രദ്ധിക്കണമെന്ന് താൻ പറഞ്ഞത് അപ്പോൾ ഉദയനാരോടും മിണ്ടിയില്ല. പകരം “ബെല്ലാത്ത ഒരു റിസ്ക് പണിയാന്നപ്പ” എന്ന് ചിലർ പറഞ്ഞതിനോട് യോജിച്ചു മൂളി. എന്നാൽ ബോധം തിരിച്ചു കിട്ടി സംസാരിക്കാമെന്നായപ്പോൾ ഭാസ്കരൻ, ഭാര്യ കാർത്യായനിയോട് ആദ്യം ഉരുവിട്ടത് ഉദയൻ പറഞ്ഞതിനെക്കുറിച്ചായിരുന്നു. ഭാസ്കരനെ കാണാൻ വന്ന പലയാളുകൾ വഴി അത് നാട്ടിലാകെ വ്യാപിച്ചു. ഇതറിഞ്ഞ ജാള്യതയുണ്ടായിരുന്നെങ്കിലും നടുവിന് ഓപ്പറേഷൻ കഴിഞ്ഞു ആശുപത്രിയിൽ വിശ്രമിക്കുന്ന ഭാസ്കരനെ കാണാൻ ഉദയൻ പോയി. ക്ഷീണം കൊണ്ടുറങ്ങുന്ന ഭാസ്കരന്റെ, ബെൽറ്റുകളിൽ പൊതിഞ്ഞ ദേഹത്തെ നോക്കി “സാരൂലാപ്പാ എല്ലും ശരിയാകും” എന്ന് ഉദയൻ പറഞ്ഞപ്പോൾ അരികത്തിരുന്ന കാർത്യായനി അയാളെ രൂക്ഷമായി നോക്കി. ഗുളിക മണവും അവരുടെ നോട്ടവും സഹിക്കാൻ കഴിയാത്തതിനാൽ കൂടുതലൊന്നും പറയാതെ ഉദയൻ ആശുപത്രിക്ക് പുറത്തു കടന്നു നഗരത്തിന്റെ തിരക്കുകളിലേക്ക് ഒഴുകിയിറങ്ങി.

കുറച്ചു ദിവസങ്ങൾക്ക് ശേഷം ചെറുതായി മഴ പൊടിഞ്ഞ ഒരു സന്ധ്യക്ക് രതീശനുമൊത്ത് കണ്ടത്തിന്റെ വരമ്പ് വഴി നടക്കുമ്പോൾ രതീശനെ ഇപ്പോൾ ഒരു പാമ്പ് കടിച്ചേക്കുമെന്ന തോന്നൽ പുറത്തു പറയാതെ ഉദയൻ വിഴുങ്ങി. നാലഞ്ച് കൊല്ലം മുൻപാണ് ഇതേ സ്ഥലത്തുവെച്ച് അണലിക്കൊത്തിൽ മാർബിളിന്റെ പണിക്ക് വന്ന ഒരു രാജസ്ഥാനി ഈ ലോകം മറഞ്ഞുപോയത്. ഉദയനൊന്നും മിണ്ടിയില്ലെങ്കിലും വെള്ളത്തുള്ളികൾ പേറിയ ഓരോ പുല്ലും കാലിനെ തൊടുമ്പോൾ അതൊരു പാമ്പിന്റെ വഴുക്കലല്ലേയെന്ന സംശയത്താൽ രതീശന് ഉളുത്തു കയറികൊണ്ടിരുന്നു. വയൽ വരമ്പിൽ നിന്നും നിരത്തിലേക്ക് കയറുന്നതിനു തൊട്ടു മുൻപായി രതീശൻ ഒരു പുല്ലാഞ്ഞിയെ ചവിട്ടി. ചവിട്ടിയത് വാലിന്റെ അറ്റത്തായതിനാൽ വേദനയുണ്ടായിരുന്നിട്ടും പുല്ലാഞ്ഞി ക്ഷമിച്ചു. തിരിഞ്ഞു കടിക്കാൻ നിൽക്കാതെയത് കണ്ടത്തിലെ പുല്ലുകളിൽ ഒരു പാമ്പിന്റെ ചിത്രം വരഞ്ഞിട്ട് കാറ്റിനേക്കാൾ വേഗതയിൽ മാഞ്ഞു. ഈ രംഗം കണ്ട ശേഷം ഉദയനു മനസ്സിലുള്ളത് പറയാതിരിക്കാൻ കഴിഞ്ഞില്ല.
“നിനിക്ക് എന്തോ അപകടം ബെരുന്ന പോലെ” ഉദയൻ പറഞ്ഞു.
“നീയൊന്നു മിണ്ടാണ്ട് നിന്നെ”യെന്നു ഒരു തെറിയുടെ വാല് ചേർത്ത് പറഞ്ഞുകൊണ്ട് രതീശനും പിന്നാലെ ഉദയനും അപ്പോഴേക്കും ബദ്ധപ്പെട്ട് റോഡിലേക്ക് കയറിക്കഴിഞ്ഞിരുന്നു. പാമ്പിനെ ചവിട്ടിയ കിതപ്പിനിടയിൽ, റോഡിലെ വെളിച്ചവുമായി കണ്ണുകൾ പാകപ്പെടുംമുമ്പേ ഒരു ഓട്ടോറിക്ഷ വന്നു ഉദയൻ ഇപ്പറഞ്ഞത് വെറുതെയല്ലെന്ന് രതീശനു മനസ്സിലാക്കി കൊടുത്തു. പക്ഷെ പരിക്ക് പറ്റിയത് ഓട്ടോ ഡ്രൈവർ സുധീഷിനായിരുന്നു. നേരത്തെ ഓട്ടം നിർത്തി വീട്ടിലേക്ക് വേഗത്തിൽ വരുമ്പോഴാണ് സുധീഷിന് മുൻപിൽ രതീശന്റെ പ്രതീക്ഷിക്കാതെയുള്ള ക്രോസിങ്. തന്റെ വണ്ടിയുടെ നിയന്ത്രണം വിട്ടത് കണ്ട് അമ്പരക്കാൻ പോലും നേരം കിട്ടാതെ കണ്ടത്തിൽ നിന്നും വേദന കൊണ്ട് സുധീഷ് ആഞ്ഞു നിലവിളിച്ചു. ഭാര്യയുമായി അതിരാവിലെ തന്നെ നടന്ന ഒരു തർക്കം ഉച്ചയൂണിന് പോകാത്തതോടെ പരിഹരിക്കപ്പെട്ടിരുന്നു. അതിന്റെയൊരു ഗൂഢസന്തോഷത്തിൽ വരികയായിരുന്നു അയാൾ. ആ തിടുക്കത്തിനിടയിലാണ് ഇരുട്ടിൽ ഒരു രൂപം മുൻപിലൂടെ റോഡ് മുറിച്ചു കടക്കുന്നത് കണ്ടത്. അറിയാവുന്ന ദൈവങ്ങളുടെ പേരുകൾ വിളിച്ച് സുധീഷ് ബ്രേക്കിൽ ആഞ്ഞു ചവിട്ടി. ഇത് വരെ ഇല്ലാത്ത അത്രയും ശക്തിയിലുള്ള ചവിട്ടേറ്റതും ഓട്ടോ നിലചക്രം പോലെ ഒന്ന് കറങ്ങി കണ്ടത്തിലേക്ക് മറിഞ്ഞു. വിറച്ചു നിന്ന രതീശൻ ഉദയന്റെ മുഖത്തു പേടിയോടെ നോക്കുന്ന നേരത്ത് എങ്ങുനിന്നോ ഓടിക്കൂടിയ ആളുകൾ സുധീഷിനെ പിടിച്ചു എഴുന്നേൽപ്പിച്ചു പരിയാരം മെഡിക്കൽ കോളേജിൽ കൊണ്ടിട്ടു. അയാളുടെ വീട്ടിൽ വിവരമറിയിച്ചപ്പോൾ പാഞ്ഞെത്തിയ ഭാര്യയ്ക്ക്, ഉത്തരവാദിത്വത്തിന്റെ ബാറ്റൺ കൈമാറ്റം ചെയ്ത ശേഷം ഒരു സത്പ്രവർത്തി ചെയ്ത ആശ്വാസത്തിൽ ആളുകൾ വേർപിരിഞ്ഞു. കാലിന്റെ തകർന്ന എല്ലുമായി കുറച്ചു നാളുകളോളം അടങ്ങിയൊതുങ്ങി ജീവിക്കേണ്ടി വന്നതിന്റെ അരിശം മുഴുവൻ സുധീഷ്, രതീശന്റെ മുഖമോർത്തുകൊണ്ട് ജനാല കമ്പികൾക്ക് ഉള്ളിലൂടെ കൃത്യമായ ഉന്നമില്ലാതെ ആഞ്ഞു തുപ്പി തീർത്തു.
ഭാസ്കരന്റേയും രതീശന്റെയും സുധീഷിന്റെയും അനുഭവങ്ങൾ ഉദയന്റെ മുൻപിൽ വച്ച് തന്നെ സുഹൃത്തുക്കൾ പരസ്പരം പറഞ്ഞു രസിച്ചെങ്കിലും പിന്നീട് ദിനങ്ങൾ കഴിയുംതോറും ഉദയൻ പ്രധാന കഥാപാത്രമായി അയാളുപോലുമറിയാത്ത പുതിയ കഥകൾ ഭാവനാശാലികളായ ചിലർ രൂപപ്പെടുത്തി. മണ്ണിനടിയിൽ നിന്നും കൂട്ടമായി പൊങ്ങി വരുന്ന ഈയലുകളെ പോലെ ഊഹക്കഥകൾ നാലുപാടേക്കും പറന്നു. ചിലരെങ്കിലും തങ്ങളെ പറ്റി ഉദയനെന്തെങ്കിലും പറയാൻ ഇട നൽകാതെ മാറി നടന്നു. മറ്റു ചിലർ സംസാരത്തിനിടയിൽ സാന്ദർഭികമായി ഉദയൻ പറയുന്നതൊക്കെ അടുത്തതായി സംഭവിക്കാൻ പോകുന്ന കാര്യങ്ങളായി വ്യാഖാനിച്ചു. അതിൽ മിക്കതും നടന്നതൊന്നുമില്ല. പക്ഷെ ചിലത് അയാളെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് സംഭവിച്ചു. ആയിടയ്ക്ക് രതീശന്റെ അച്ഛന്റെ മരണത്തെക്കുറിച്ചു പറഞ്ഞത് ആകസ്മികമായി ഫലിച്ചതോടെ ആൾക്കൂട്ടങ്ങൾക്കിടയിൽ അയാൾ ഒറ്റയ്ക്കായി. പെട്ടെന്ന് സംഭവിച്ച അമ്മ ചാരുമതിയുടെ മരണത്തിനു ശേഷമുള്ള ഉദയന്റെ നിർവ്വികാരതയോടുള്ള പെരുമാറ്റം കൂടിയായപ്പോൾ ഇതൊക്കെയയാൾ മുൻകൂട്ടി അറിയുന്നുണ്ടെന്ന രീതിയിൽ സംസാരങ്ങൾ ഗൗരവതരമായി. എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട്, പോകപ്പോകെ ഉദയന്റെ ദേഹവും ജീവിതവും നിർജ്ജീവമായ അവസ്ഥയിൽ ഉറച്ചുപോയതുപോലെ തോന്നിച്ചു. വീട്ടിലെ കടുത്ത ഏകാന്തതയും കൂട്ടുകാരുടെ ഇടയിലുള്ള ഒറ്റപ്പെടലും അയാളുടെ ജീവിതത്തെ അതിയായി ബാധിച്ചു തുടങ്ങി. സമയത്തിന്റെ കണക്കുകൾ അയാൾ പലപ്പോഴും മറന്നു. കണ്ണുകൾ അഗാധമായ ഒരു കുഴിയിലേക്കെന്ന പോലെ താണുപോയി. മുടി എണ്ണമയമില്ലാതെയും ശരീരം ശുഷ്ക്കിച്ചുമിരുന്നു. നീണ്ടു നീണ്ടു പോകുന്ന ആലോചനകൾക്കിടയിൽ എപ്പോഴോ മാത്രം ഉറങ്ങി. പല സമയങ്ങളിലും അറിയാതെയയാൾ കരച്ചിലിന്റെ വാതിൽക്കലോളം ചെന്ന് തിരിച്ചെത്തി. പതിയെ പതിയെ എപ്പോഴോ അയാൾ അമ്മയുടെ മരണത്താൽ ബാധിച്ച കടുത്ത സങ്കടത്തെ കുടഞ്ഞുകളഞ്ഞു. അന്നേരമാണ് താൻ ചിന്തിച്ചതും പറഞ്ഞതുമൊക്കെ ഫലിച്ചുപോയല്ലോ എന്ന ചിന്ത പേടിയായി ഉദയനെ വല്ലാതെ വന്നു പൊതിയുന്നത്. ഇതൊക്കെയാലോചിച്ചു തിരിച്ചു നടക്കുമ്പോൾ നിരന്തരമയാൾക്ക് വീട്ടിലേക്കും തന്നിലേക്കുമുള്ള വഴികൾ തെറ്റി. അക്കാലത്തു തന്നെ തൽക്കാലം ഇപ്പൊ ഡ്രൈവറെ ആവശ്യമില്ലായെന്ന അറിയിപ്പ് കുമാരന്റെ വീട്ടിൽ നിന്നും കിട്ടി. ആ വീട്ടുകാരൻ കുറച്ചു നാളുകളായി തൊട്ട ബിസ്സിനസ്സെല്ലാം പൊളിഞ്ഞിരുന്നു. അവസാന ശമ്പളവും വാങ്ങിച്ചു നടക്കുമ്പോൾ ഉച്ചവെയിലിലും ഉദയന് മുൻപിൽ ഇരുട്ട് പടർന്നു. മറ്റു ജോലികൾക്ക് ശ്രമിച്ചു നോക്കിയെങ്കിലും പരിചയമുള്ളവർ തന്നെയതൊക്കെ മുടക്കി. ഒന്നും ചെയ്യാനില്ലാതെ നട്ടം തിരിഞ്ഞപ്പോൾ പരിചിതമല്ലാത്ത ഏതോ ലോകത്തിൽ കുടുങ്ങിക്കിടക്കുകയാണ് താനെന്ന് അയാൾക്ക് തോന്നി. ജോലിയില്ലാത്തതിന്റെ പ്രശ്നങ്ങൾ ആശങ്കയോടെ ചില കൂട്ടുകാരോട് ഉദയൻ പങ്കുവെച്ചെങ്കിലും അവരാരും കൂടുതലൊന്നും പറയുകയോ അയാളെ ആശ്വസിപ്പിക്കുകയോ ചെയ്തില്ല. എന്നാൽ ഉദയന്റെ കൂടെ നിൽക്കാൻ രണ്ടു പേരുണ്ടായി. വിപ്ലവനും ഗുണശേഖരനും. ഒരു വൈകുന്നേരം വീട്ടിലേക്ക് നടക്കുമ്പോൾ ഇരുവരും വഴിയിൽ ഉദയനെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.

“പറയുന്നെല്ലാം ശെരിയാവ്ന്ന് .അതൊരു കഴിവല്ലെടാ ഉദയാ” ഉദയന്റെ മുഖത്തു നോക്കാതെ തോട്ടിലെ വെള്ളത്തിലെ മീൻ പിടപ്പിലേക്ക് ശ്രദ്ധയൂന്നിക്കൊണ്ട് ഗുണശേഖരൻ പറഞ്ഞു. ആ ചോദ്യം ഉദയനു നന്നേ ബോധിച്ചു. എങ്കിലും അയാൾ ഒന്നും മിണ്ടിയില്ല.
“നമ്മക്ക് നല്ലൊരു പരിപാടി ഇണ്ടറാ” വിപ്ലവൻ കലുങ്കിൽ നിന്നും പതുക്കെ എഴുന്നേറ്റ് തന്റെ തോളിൽ കയ്യിട്ടുകൊണ്ടു പറഞ്ഞത് പക്ഷെ  ഉദയനു മനസ്സിലായില്ല. ഉദയന്റെ ശ്രദ്ധ മുഴുവൻ അയാളുടെ ദേഹത്തിൽ നിന്നുമുയരുന്ന സുഗന്ധത്തിനു പിന്നാലെയായിരുന്നു. സംസാരിച്ചു കൊണ്ട് നിൽക്കുമ്പോൾ വിപ്ലവൻ തോട്ടിലേക്കൊന്നു തുപ്പി. വെള്ളത്തിന്റെ വേഗതയെ ഇളക്കിക്കൊണ്ട് ചെറിയ പരൽ മീനുകൾ ആ തുപ്പൽ വിഴുങ്ങി.
“നിന്നെ നിന്റെ അച്ഛനെക്കാളും ടോപ്പ് ആക്കും” എന്ന് പറഞ്ഞു കൊണ്ട് വിപ്ലവൻ ഉദയനെ നോക്കിയൊന്നു ഗൂഢമായി പുഞ്ചിരിച്ചു. ഉദയന്റെ അന്ധാളിപ്പ് കണ്ടപ്പോൾ നാളെ പകൽ ചെമ്പരത്തി ബാറിൽ വെച്ച് കാണാമെന്നു പറഞ്ഞു ഗുണശേഖരൻ അയാളോട് പൊയ്ക്കൊള്ളാൻ ആംഗ്യം കാട്ടി. വീട്ടിലേക്ക് തിരിച്ചു നടക്കുമ്പോൾ ഉദയൻ അച്ഛനെയോർത്തു. മൂകാംബിക വരെ പോയി ജ്യോതിഷപ്രശ്നം വച്ച് പേരെടുത്ത ആളായിരുന്നു ഉദയന്റെ അച്ഛൻ ചന്ദ്രസേനൻ. പൂജാവശ്യത്തിനായി കറുക പുല്ലുകൾ പറിച്ചു കൊണ്ടിരിക്കവേ വീട്ടുവളപ്പിൽ പൊന്തിയ ചെറുകാടിന്റെ ഇടയിൽ നിന്നും ഇഴഞ്ഞു വന്നാണ് മരണം നട്ടുച്ചയിലും ഉദയന്റെ വീടിനെ ഇരുട്ടിൽ താഴ്ത്തിയത്. പ്രവചനങ്ങളുടെ കണിശത ദക്ഷിണയുടെ പണം വാങ്ങിക്കുന്നതിൽ പാലിക്കാൻ കഴിയാത്തതിനാൽ കാര്യമായ സമ്പാദ്യം ചന്ദ്രസേനന് ഉണ്ടായിരുന്നില്ല. ജീവിതത്തിന്റെ ഉച്ചയിൽ നിൽക്കുമ്പോഴൊന്നും പണം അയാളെ തീരെ മോഹിപ്പിച്ചില്ല. പക്ഷെ കൊണ്ടുപോകാനായി തന്റെ നിഴലിനു തൊട്ടടുത്ത് നിൽക്കുന്ന ആളെ തിരിച്ചറിഞ്ഞപ്പോൾ മുതൽ ചാരുമതിയുടെയും ഉദയന്റെയും ഭാവി ജീവിതമോർത്തു ചന്ദ്രസേനൻ അതിയായി ദുഃഖിച്ചു. മാഞ്ഞു പൊയ്‌ക്കൊണ്ടിരിക്കുന്ന ജീവിതത്തെ ആലോചിച്ച് ഇരുട്ടിൽ കണ്ണുകൾ നട്ട് ബാക്കിയുള്ള രാത്രികളെ അയാൾ തുഴഞ്ഞു തീർത്തു.
“നിങ്ങക്കെന്നാന്ന് കൊറേസായല്ലോ”?
ചന്ദ്രസേനന്റെ ദിവസേനയുള്ള പൊരിച്ചിൽ കണ്ട ചാരുമതി ചോദിച്ചു. എന്നാൽ അയാൾ ഒന്നിനും മറുപടി പറഞ്ഞില്ല. പകരം പിറ്റേ ദിവസം രാവിലെ മുതൽ മകനെ തനിക്കാകെയറിയാവുന്ന ജ്യോതിഷം പഠിപ്പിക്കാൻ കുറച്ചൊക്കെ ശ്രമങ്ങൾ നടത്തി നോക്കി. താൻ വെപ്രാളപ്പെട്ട് ചെയ്യുന്ന പ്രവർത്തികൾ നടപ്പാവില്ലെന്നു ബോധ്യമുണ്ടായപ്പോൾ എങ്ങനെയായിരിക്കും ഉദയന്റെ ഭാവി ജീവിതമെന്നറിയാൻ അതുവരെയുള്ള പതിവുകൾ ധൈര്യപൂർവ്വം തെറ്റിച്ചുകൊണ്ട് അയാൾ പന്ത്രണ്ടാം വയസ്സിൽ ഉദയന്റെ ജാതകം എഴുതി. എന്നാൽ ഈ ജാതകമെഴുത്തിനു ശേഷം ചന്ദ്രസേനന്റെ ജീവിതം കൂടുതൽ കുഴയുകയാണുണ്ടായത്. തന്റെ നീലിച്ച ദേഹത്തേക്കാളേറെ മകന് വരാൻ പോകുന്ന ദുരിത ജീവിതത്തിന്റെയും അന്ത്യത്തിന്റെയും ചിന്തകളിൽ പിന്നീടയാൾ വീർപ്പ്മുട്ടി. അങ്ങനെ ദീർഘമായി വളർന്നു കൊണ്ടിരിക്കുന്ന ഒരു ദിവസത്തിന്റെ നടുവിൽ വെച്ചാണ് ഉദയന് വേണ്ടി ആലോചിച്ചു വച്ച ഒരു ഗണപതി ഹോമത്തിന്റെ ആവശ്യത്തിന് വേണ്ടി വളപ്പിലേക്കിറങ്ങിയത്. കുത്തിയിരുന്ന് കറുക പുല്ലിന്റെ തണുപ്പിൽ തൊട്ടതും ഉയർന്നു പൊങ്ങിയ ചീറ്റൽ ചന്ദ്രസേനന്റെ ഞരമ്പുകളെ തളർത്തിയിട്ടു.
ബാങ്കിൽ നിന്നും ലോൺ ഒപ്പിച്ചു ഒരു ഓട്ടോ എങ്കിലും എടുത്തു ടൗണിൽ എവിടെയെങ്കിലും ജീവിതം ഓടിക്കാം എന്ന് ഉദയൻ കാര്യമായ ആലോചനകൾ നടത്തുന്ന നേരത്താണ് വിപ്ലവനും ഗുണശേഖരനുമായി അയാൾ കണ്ടുമുട്ടുന്നത്. വിപ്ലവന്റെ ബുദ്ധിയിൽ വിരിഞ്ഞ തങ്ങളുടെ ഈ പുതിയ പരിപാടി വളരെയധികം വിജയം നേടുമെന്നതിൽ ഗുണശേഖരന് ആശങ്കയൊന്നുമില്ലായിരുന്നു. ബിസ്സിനസ്സ് മാനേജുമെന്റ് പഠിച്ചു ഡൽഹിയിലെ ഒരു തുണി കമ്പനിയിൽ ജോലി ചെയ്തു പരിചയമുള്ള ആളാണ് വിപ്ലവ്. ലോകത്തെ മാറ്റി മറിച്ച സായുധവും നിരായുധവുമായ വിപ്ലവങ്ങൾ ഓർത്തു കൊണ്ടാണ് അച്ഛൻ വാസു, മകന് എല്ലാവരിൽ നിന്നും വ്യത്യസ്തമായ ആ പേര് കണ്ടെത്തുന്നത്. മേലനങ്ങാതെ, ലോകത്തിലെ ഒന്നിനോടും മമതയില്ലാതെ താൻ സ്വപ്നം കണ്ട ജീവിതത്തിനോട് ഒരു ബന്ധവും പുലർത്താത്ത മകന് വിപ്ലവ് എന്ന് പേരിട്ടതിൽ അച്ഛൻ വാസുവിന് ഇടയ്‌ക്കൽപ്പം ദുഃഖം തോന്നും. ഡൽഹിയിൽ നിന്നും സ്വഭാവമഹിമയ്ക്ക് സർട്ടിഫിക്കറ്റ് എന്ന കണക്കെ അവസാന ശമ്പളമായി കുറച്ചു തല്ല് മാത്രം വാങ്ങിച്ചാണ് വിപ്ലവ് ഇപ്പോൾ നാട്ടിൽ വെറുതെ കുത്തിയിരിക്കുന്നത്. ഗുണശേഖരൻ വാസുവിന്റെ പഴയ ശിഷ്യരിൽ ഒരാളായിരുന്നു. കാഴ്ചപ്പാടുകളിലും ജീവിതത്തിലും ഇന്നേറെ മാറിപ്പോയെങ്കിലും പണ്ടേയുള്ള ബഹുമാനം ഇന്നും നിലനിർത്തുന്നുവെന്നു കാണിക്കാൻ ഗുണശേഖരൻ വാസുവിന്റെ മുൻപിലും അയാളുടെ മകനായി എന്നൊരൊറ്റ കാരണത്താൽ വിപ്ലവിന്റെ മുന്നിലും മുണ്ട് താഴ്ത്തിയിട്ടേ നിൽക്കാറുള്ളൂ. വിപ്ലവനും ഗുണനും മാത്രം തന്നോട് തോന്നിയ അനുകമ്പയിൽ ഉദയൻ അവരെ തിരിച്ചും ഹൃദയപൂർവ്വം സ്നേഹിച്ചു. ചെമ്പരത്തി ബാറിലെ ഏസി മുറിയിലിരുന്നു ഓൾഡ് മങ്ക് റം വായിലേക്ക് കമിഴ്ത്തുമ്പോൾ കയ്യിൽ നിന്നും എങ്ങോട്ടോ വഴുതിയ ജീവിതം ഇതാ പിടിച്ചോയെന്നു പറഞ്ഞു വീണ്ടും മുൻപിൽ വന്നു നിൽക്കുന്നതായി ഉദയന് തോന്നി. ഗുണശേഖരൻ കാര്യങ്ങൾ വിശദീകരിച്ച ശേഷം വിപ്ലവൻ ഒരു പെഗ് കൂടി ഒഴിച്ച് കൊടുത്തു കൊണ്ട് ഉദയനോട് പറഞ്ഞു.
“നിന്റെ ഒരു കഷ്ടസ്ഥിതി കണ്ടിട്ടാന്ന്. അല്ലാണ്ട് നിനക്കറിയാലാ എനക്ക് ഈന്റെ ആവശ്യോന്നുല്ല. ആവശ്യുള്ള പൈസ ഞാൻ എറക്കിക്കോളാ നീയൊന്നു നിന്നാ മതി”. ഇത് പറയുമ്പോൾ വിപ്ലവന് ഉത്തരേന്ത്യയിലെ പല ആശ്രമങ്ങളും ഓർമ്മ വന്നു . ചെറിയ മുതൽ മുടക്കിൽ തിരിച്ചു കിട്ടാൻ പോകുന്ന വലിയ ലാഭത്തെയോർത്തയാൾ ഉള്ളിൽ ചിരിച്ചു. കയ്യിൽ കിട്ടിയ കോഴിക്കാൽ കടിച്ചു പറിക്കുമ്പോൾ മത്തിന്റെ വഴികളിൽ എവിടെയോ വച്ച് ഗുണനും വിപ്ലവനും പറഞ്ഞ ചില കാര്യങ്ങൾ മനസ്സിലായിട്ടും ചിലത് മനസ്സിലാകാതെയിരുന്നിട്ടും ഉദയനൊരു പാവയെപോലെ തലയാട്ടി. വിപ്ലവൻ നീട്ടിയ അഞ്ഞൂറിന്റെ നോട്ട് മടിയോടെ കീശയിലേക്ക് തിരുകുമ്പോൾ അമ്മയ്ക്ക് അവസാനകാലത്ത് കൃത്യമായ മരുന്നുകൾ വാങ്ങികൊടുക്കാഞ്ഞത് അയാൾക്കോർമ്മ വന്നു. പണം വാങ്ങിയ ശേഷം ചിക്കൻ ചവച്ചു മുതിച്ചു ചെമ്പരത്തി ബാറിന്റെ ഇരുണ്ട ഹാളിനെയാകെ നനയിക്കും വിധം ഉദയൻ കരഞ്ഞു. എവിടെയും പുതിയ ജോലി കിട്ടാത്തതിന്റെ ബുദ്ധിമുട്ടുകൾ മുതൽ ജോൺസൺ മാഷുടെ പാട്ട് വരെ വീണ്ടും വീണ്ടും ആവർത്തിച്ചു തുടങ്ങിയപ്പോൾ ഗുണനും വിപ്ലവും ഉദയനെയും താങ്ങിപ്പിടിച്ചു പുറത്തേക്ക് നടന്നു. വിപ്ലവന്റെ സ്വിഫ്റ്റ് കാറിൽ മലർന്നു കിടന്ന ഉദയനെയും കൂട്ടി ഇരുവരും പറമ്പിലൂടെ കയറി വിപ്ലവന്റെ പഴയ തറവാട് വീട്ടിലെത്തി. ഒരു ഭാഗം കഴുക്കോൽ ചിതലരിച്ചു തുടങ്ങിയിരുന്നെങ്കിലും പാരമ്പര്യത്തിന്റെ കരുത്ത് ഓർമ്മയിൽ നിന്നും മായാഞ്ഞതിനാൽ മാത്രം ആ വീട് ഭൂമിയിലേക്ക് കുനിയാൻ കൂട്ടാക്കിയിരുന്നില്ല. വിപ്ലവന്റെ വീട്ടുകാർ പുതിയ പളുപളുത്ത വീട്ടിലേക്ക് താമസം മാറ്റിയിട്ട് കുറച്ചു കാലമായി. അബോധത്തിലും കാറ് സഞ്ചരിച്ചത് തന്റെ വീട്ടിലേക്കല്ലായെന്ന് ഉദയനു മനസ്സിലായി. എവിടെക്കാണ് പോകുന്നതെന്ന് കാര്യമായി ചോദിച്ചെങ്കിലും അതൊന്നും ശബ്ദമായി പുറത്തു വന്നില്ല. മണ്ണ് പാറ്റിക്കൊണ്ട് സ്വിഫ്റ്റ് വീട്ടുമുറ്റത്തേക്ക് ഇരമ്പി നിർത്തി വിപ്ലവൻ ചാടിയിറങ്ങി. ആകാശം പൊട്ടാൻ നിൽക്കുന്നത് കണ്ടപ്പോൾ അയാൾ തിരക്ക് കൂട്ടി. ഉദയനെയും താങ്ങിപ്പിടിച്ചു ഗുണനും വിപ്ലവനും വീട്ടിനുള്ളിൽ കയറി,കിടക്കയിൽ കിടത്തി വാതിലടച്ചു പുറത്തിറങ്ങി. ഉദയൻ മുഷിഞ്ഞ വിരിപ്പിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. സന്ധ്യയോടെ ബോധം വിട്ട് എഴുന്നേറ്റ ഉദയന്റെ കയ്യിൽ വിപ്ലവൻ ഒരു അഞ്ഞൂറ് കൂടി വച്ചു കൊടുത്തു. നടക്കുന്നതൊന്നും യാഥാർഥ്യമല്ലെന്നും താനിപ്പോഴും മദ്യത്തിന്റെ പിടിയിലാണെന്നും അയാൾക്ക് തോന്നി. ബാറിൽ വെച്ച് പറഞ്ഞതെല്ലാം വിപ്ലവൻ വീണ്ടുമാവർത്തിച്ചപ്പോൾ കൂടുതൽ ആലോചനയൊന്നുമില്ലാതെ പറഞ്ഞതെല്ലാം സമ്മതമാണെന്ന മട്ടിൽ ഉദയൻ തലയാട്ടി. പിന്നീട് മൂവരും ചേർന്നിരുന്നു രാത്രിയിൽ നടത്തിയ നീണ്ട സംസാരങ്ങൾക്ക് ശേഷം കുറെ കാലത്തിന്റെ ഇടവേളയിൽ ആദ്യമായി ഉദയൻ സ്വസ്ഥതയോടെ ഉറങ്ങാൻ കിടന്നു. പക്ഷെ ഏറെ രാത്രിയായിട്ടും അയാൾക്ക് ഉറക്കം വന്നില്ല. പുതിയ ജീവിതത്തെ വരവേൽക്കാനും അതുമായി ഇഴുകി ചേരാനും അയാളുടെ മനസ്സ് വല്ലാതെ വ്യഗ്രതപ്പെട്ടുകൊണ്ടിരുന്നു.
പിറ്റേന്ന് പുലർച്ചെ ഉദയൻ ദേഹമാകെ കുറി വരച്ച് അമ്പലത്തിൽ പോയി ഏകാഗ്രമായി ധ്യാനിച്ചു. മുഴുവൻ സമയവും കീർത്തനങ്ങൾ പഠിച്ചും മന്ത്രങ്ങൾ ഉരുവിട്ടും നേരം കൊന്നു. അപ്പോഴൊക്കെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന പ്രവചനശക്തിയെ വിപ്ലവൻ ഇന്നലെ പറഞ്ഞതുപോലെ താനൊരു ഉരകല്ലിലിട്ടു മൂർച്ച കൂട്ടി പാകപ്പെടുത്തുകയാണെന്നു അയാൾക്ക് തോന്നി. അത് കുറച്ചു കൂടി ബലപ്പെടുത്താനായി വീട്ടിൽ ചെന്ന് അച്ഛന്റെ പഴയ കവിടിയും സാധനങ്ങളും പലകയും എടുത്തു നവഗ്രഹങ്ങളെ വരച്ചു പണ്ട് പഠിച്ചതെല്ലാം ഓർമ്മയുടെ പടിഞ്ഞാറ്റയിൽ നിന്നും ഇറക്കി കൊണ്ടുവരാൻ അയാളൊരു ശ്രമം നടത്തി. ഉദയൻ മറന്ന ഉദയന്റെ വീട് ജീവനില്ലാതെ, ചിതലുകളും ഉറുമ്പുകളും കൂറകളും പാറ്റകളും വാഴുന്നയിടമായി. ഉദയന്റെ ഉത്സാഹം കണ്ടപ്പോൾ ആവശ്യമായ ചില പുസ്തകങ്ങൾ വിപ്ലവൻ തന്നെ നേരിട്ടെത്തിച്ചു. ഉദയനെ കൂടെയിരുത്തി രാത്രികളിൽ ഇരുവരും മദ്യത്തിൽ പുളഞ്ഞു. എത്ര നിർബന്ധിച്ചിട്ടും ഉദയൻ തൊട്ടില്ല. രണ്ടു മാസം കടന്നു പോയപ്പോഴേക്കും പൂർണ്ണമായും മറ്റൊരാളായി മാറിക്കഴിഞ്ഞെന്നു ഉദയനു തോന്നി. ഇതിനിടയിൽ ഈ വീട്ടിലെന്താണ് സംഭവിക്കുന്നതെന്നറിയാനും ഉദയനെ അന്വേഷിച്ചും രതീശനും ചിലരും വന്നു. എന്നാൽ ആർക്കും അയാളെ ദൂരെ നിന്നും കാണാനല്ലാതെ സംസാരിക്കാൻ അനുവാദമുണ്ടായില്ല. ഉദയൻ താമസിച്ച വീടിനു ചുറ്റും പ്രസരിക്കുന്ന ദൈവികമായ വലയത്തെക്കുറിച്ചു വന്നവർ തമ്മിൽ സംസാരിക്കുകയുമുണ്ടായി. ഏകാന്തതയുടെ സുഖം ഉദയനെ ചുറ്റി വരിഞ്ഞു. ഒറ്റയ്ക്കിരിക്കുന്നതും സ്വയം സ്നേഹിക്കുന്നതുമാണ് ഒരു ജീവിക്കു കിട്ടാവുന്നതിൽ വച്ചേറ്റവും വലിയ ആനന്ദമെന്നു ഇടയ്‌ക്കൊക്കെ അയാൾക്ക് തോന്നി.
ദിവസങ്ങൾ പിന്നിട്ടപ്പോൾ വീടിനു മുൻപിൽ ഉദയന്റെ പേര് വച്ചൊരു ബോർഡുയർന്നു. പുറമെ നിന്നാണ് ആദ്യമാദ്യം ആളുകൾ വന്നു തുടങ്ങിയത്. പിന്നെ നാട്ടിൽ നിന്നും രഹസ്യമായി എത്തിത്തുടങ്ങി. ആദ്യ കാലത്ത് ഉദയന്റെ പുതിയ ജീവിതം കാണാൻ കൗതുകത്തിൽ വന്നവർ പിന്നീട് തങ്ങളുടെ ഭാവിയെ അറിയാൻ എത്തി. പക്ഷെ ആ സമയത്തൊക്കെ പെട്ടെന്ന് ഉള്ളിലേക്ക് കയറി വരാറുള്ള പ്രവചനാത്മകമായ തോന്നലുകൾ നിലച്ചു പോയതായി ഉദയനു മനസ്സിലായി. എങ്കിലും അച്ഛന്റെ ചില മാനറിസങ്ങളും പണ്ട് പഠിച്ച കുറച്ചു പ്രയോഗങ്ങളും ഓർമ്മയിൽ നിന്നും കോരിയെടുത്തു ഉദയൻ വന്നവരുടെ വിശ്വാസം നേടി. കണക്കുകൂട്ടലുകളിൽ വിപ്ലവന്റെയും ഗുണന്റേയും ജീവിതം എന്നും വൈകുന്നേരം ദക്ഷിണ എണ്ണി. പ്രതീക്ഷിച്ച അത്രയും മികച്ച വരുമാനം ഉണ്ടാവാതിരുന്നിട്ടും വിപ്ലവന് നിരാശയുണ്ടായിരുന്നില്ല. ഉദയൻ ഈ വക കാര്യങ്ങളിൽ ശ്രദ്ധാലുവായിരുന്നില്ല. വിപ്ലവന്റെ നിർബന്ധപൂർവ്വം തുടങ്ങിയതാണെങ്കിലും പുതിയ ജീവിതവുമായി അയാൾ വല്ലാതെ പൊരുത്തപ്പെട്ടു പോയി. ഇതേ സമയം നാട്ടിൽ തന്നെ ചിലർ ഉദയന്റെ പ്രവചന ശക്തിയെ വല്ലാതെ വിശ്വസിച്ചു. കുറച്ചു കാലം മുൻപ് വരെ നടന്ന, ഉദയനുമായി ബന്ധപ്പെട്ട പരിഹാസ വർത്തമാനങ്ങളെല്ലാം രൂപം മാറി ബഹുമാനവും ഭക്തിയും കലർന്നതായി മാറി. ഒരിക്കൽ വിപ്ലവൻ പോലുമറിയാതെ അച്ഛൻ വാസു പോലും ഉദയനെ കാണാൻ വന്നു.
അയാളെ കണ്ടപാടെ ഉദയൻ ചോദിച്ചു.
“എന്നാന്ന് വാസുവാട്ടാ നിങ്ങക്കീല് ബിശ്വാസുണ്ടാ.”
വാസുവിന് പറയാനുള്ളത് മകളുടെ കല്യാണം നടക്കാത്തതിനെക്കുറിച്ചായിരുന്നു. “ഞാൻ ബിശ്വസിച്ചിറ്റ് എന്നാ വെൺഡ്രാ .പെണ്ണിനെ കാണാൻ ബെരുന്നോരു കേക്കണ്ടേ.”
മാടായികാവിൽ എല്ലാ ചൊവ്വാഴ്ചയും അകപൂജയാണ് പ്രതിവിധിയായി ഉദയനു തെളിഞ്ഞു കണ്ടത്. ചെയ്തേ പറ്റൂ. ആര് പോകും.? ചോദ്യം ആകാശത്തിലേക്ക് പറക്കാൻ കഴിയാതെ വാസുവിന്റെ പഴയ വീടിന്റെ ഉത്തരത്തിൽ തങ്ങി നിന്നു.
“നിനക്ക് തന്നെ ചെയ്തൂടെ ഉദയാ”.
പോകാനുള്ള തിടുക്കത്തിനിടയിൽ വാസു ചോദിച്ചു. ഉദയൻ അൽപ്പ സമയം മറുപടി പറഞ്ഞില്ല.
“ഞാൻ പോയിറ്റ് എന്തന്ന് കാര്യം. ഓളെക്കൊണ്ട് ചെയ്യിക്കണം”.
വാസുവിന്റെ മകൾ നിരഞ്ജനയെ ഉദ്ദേശിച്ചുകൊണ്ട് ഉദയൻ പറഞ്ഞു.  എന്നാൽ ഒരു തവണയെങ്കിലും ഉദയൻ കൂടെ പോയി എല്ലാമൊന്ന് പറഞ്ഞു ചെയ്യിക്കണമെന്നാണ് വാസു മറുപടി പറഞ്ഞത്. വിപ്ലവനോടുള്ള സ്നേഹാധിക്യവും വാസുവിനോടുള്ള നാട്ടുകാരുടെ പഴയ പേടിയുമോർത്തുകൊണ്ട് ഉദയനത് സമ്മതിക്കേണ്ടി വന്നു. അതിനായി  കുറെ നാളുകൾക്ക് ശേഷം ഉദയൻ പുറത്തിറങ്ങി. മാടായി കാവിലെ ആൽത്തറയ്ക്ക് മുൻപിൽ വച്ചാണ് അങ്ങനെ ആദ്യമായി നിരഞ്ജനയെ ഉദയൻ അടുത്ത് കാണുന്നത്. കുളിർത്ത കാറ്റിൽ പാറുന്ന അവളുടെ മുടിയിഴകളിലും തിളങ്ങുന്ന കണ്ണുകളിലും ഉദയൻ അയാളറിയാതെ തന്നെ സഞ്ചരിച്ചു. പിന്നെ ഇടയ്ക്ക് നോക്കിയും നോക്കാതെയും മനസ്സ് നിരഞ്ജനയുടെ ചുറ്റും കറങ്ങി നടന്നു. ആ ദിവസത്തിന് ശേഷം ഉദയനു യാന്ത്രികമായി നടക്കുന്ന തന്റെ ജീവിതത്തിനോട് മടുപ്പ് വന്നു തുടങ്ങി. മുൻപ് കുമാരന്റെ കാറോടിക്കുമ്പോൾ ഒരു സ്വപ്നത്തിലെന്ന പോലെ അയാൾ പോകുന്ന വഴികളെ ശ്രദ്ധിക്കുമായിരുന്നു. വഴിയിൽ കാണുന്ന മനുഷ്യരിലും ചിത്രങ്ങളിലും വാഹനങ്ങളിലും ചിന്തകൾ പായിച്ച് അയാൾ ഓരോ ജീവിതങ്ങളെക്കുറിച്ചു വെറുതെ ആലോചിക്കും. കുമാരന്റെ കൂടെ സഞ്ചരിച്ചു തീർത്ത ദൂരങ്ങൾ ഓർത്തപ്പോൾ, കാഴ്ചകൾ ഓർത്തപ്പോൾ ഉദയന്റെ ഉള്ളിൽ വെറുതെ കുറെയേറെ യാത്ര ചെയ്യണമെന്ന തോന്നലുണ്ടായി. പ്രസാദം കൊടുത്തപ്പോൾ നിരഞ്ജനയുടെ വിരലുകൾ അറിയാതെ തട്ടിപ്പോയതും അതിൽ നിന്നും തെറിച്ച ഒരു വൈദ്യുത പ്രവാഹത്തിൽ ഉദയന്റെ ഉടൽ വിറച്ചു. മാടായി കാവിലെ ആൽത്തറയിൽ അന്നയാൾ വന്നുപോകുന്ന മനുഷ്യരെ നോക്കിയും ആകാശം പോലെ പരന്നു കിടക്കുന്ന മാടായി പാറയെ നോക്കിയും ഏറെ നേരം വെറുതെ കുത്തിയിരുന്നു. മടുപ്പോടെ വീട്ടിൽ തിരിച്ചെത്തി, വൈകുന്നേരത്തെ പതിവ് ധ്യാനത്തിന് ഇരുന്നതും ഉദയനു മുൻപിൽ വീണ്ടും നിരഞ്ജനയുടെ കണ്ണുകൾ തെളിഞ്ഞു വന്നു. പിറ്റേ ദിവസം മുതൽ ഉദയൻ പറഞ്ഞതൊന്നും അജ്ഞാതമായ കാരണത്താൽ ആർക്കും വിശ്വാസം വന്നില്ല. കവടി നിരത്തി നോക്കിയാലും ശൂന്യതയായിരുന്നു മുൻപിൽ. ആരോടുമൊന്നും പറയാൻ കഴിയാത്തത് വിപ്ലവനേയും ഗുണശേഖരനെയും ധരിപ്പിച്ചുവെങ്കിലും അവർ ഉദയനെ നിർബന്ധിച്ചുകൊണ്ടേയിരുന്നു. ആയിടയ്ക്ക് തന്നെ അടച്ചു ജീവിതത്തിൽ നിന്നും പുറത്ത് കടക്കണമെന്ന ആഗ്രഹം അയാളുടെ ഉള്ളിൽ മെല്ലെ വളർന്നു തുടങ്ങിയിരുന്നു. അധികം താമസിയാതെ തന്നെ പ്രവാചക വേഷത്തിന്റെ പുറം തോട് പൊട്ടിച്ചു അയാൾ പുറത്തേക്ക് കഴുത്തു നീട്ടി. ഈ നാട് വിട്ട് എങ്ങോട്ടെങ്കിലും പോകുന്നതാണ് ഇനിയുള്ള കാലത്ത് നല്ലതെന്ന തോന്നൽ പെട്ടെന്ന് അയാളിൽ ശക്തമായി. ഗുണനും വിപ്ലവനുമറിയാതെ രതീശനെ വിളിച്ചു വരുത്തി അയാൾ ആകെയുള്ള വീടും ചെറിയ സ്ഥലവും വിൽക്കാനുള്ള ഏർപ്പാട് ചെയ്തു. പക്ഷെ ഒരു ദിവസം വളരെയധികം നീണ്ടു പോയ സംസാരത്തിനിടയിൽ, മാടായി കാവിൽ വച്ച് നിരഞ്ജനയെ കണ്ടതും അതിനു ശേഷമുണ്ടായ മാറ്റവും ഇനിയുള്ള കാലം മറ്റെവിടെയെങ്കിലും പോയി ജോലി ചെയ്തു ജീവിച്ചേക്കാമെന്നുമുള്ള തോന്നലും അബദ്ധത്തിൽ ഉദയൻ ഗുണനോട് പറഞ്ഞു. ഇതൊക്കെ ഗുണനിൽ നിന്നുമറിഞ്ഞ വിപ്ലവൻ അൽപ്പനേരം മൗനിയായി. വൈകുന്നേരം വന്നു കാണുമ്പോൾ സാധനങ്ങളെല്ലാം കെട്ടിപ്പെറുക്കി വീട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഉദയൻ. തടയാൻ ശ്രമിച്ചിട്ടും കാര്യമുണ്ടായില്ല. അയാളുടെ  തീരുമാനം ഉറച്ചതായിരുന്നു. നിമിഷ നേരം കൊണ്ട് വിപ്ലവൻ ചില കണക്ക് കൂട്ടലുകൾ നടത്തി. പിന്നെയയാൾ ഒന്നും പറയാതെ ഗുണനെയും കൂട്ടി ഉദയനോട് യാത്ര പറഞ്ഞിറങ്ങി. അന്നത്തെ രാത്രി ഉറക്കത്തിൽ ഉദയന്റെ മുൻപിലേക്ക് നിവർത്തിയിട്ട തിരശ്ശീലയിലെന്ന പോലെ ഒരു ചലന ചിത്രം തെളിഞ്ഞു വന്നു. കാടും പടലുകളും പൂത്ത പച്ച നിറം മൂടിയ നിലയില്ലാത്ത ഒരു കിണർ. വെള്ളം വറ്റി അടിത്തട്ടിലെ ചളിയിൽ കാൽ പൂണ്ട്, ആഴത്തിന്റെ അറ്റത്ത് ഉദയൻ നിൽക്കുന്നു. സഹായത്തിനായി മുകളിലേക്ക് നോക്കി അയാൾ അറിയാവുന്ന പേരുകൾ ഉച്ചത്തിൽ വിളിച്ചു കൊണ്ടേയിരുന്നു. പറത്തിവിട്ട ആ വാക്കുകളെല്ലാം പടവുകളിൽ തട്ടി ചെറിയ മൺതരികൾക്കൊപ്പം അയാളുടെ തലയിലും ദേഹത്തും പതിച്ചു. കിണറിനകത്തെ മടയിൽ നിന്നും ഒരു പാമ്പ് തലപൊക്കി ഉദയനെ തുറിച്ചു നോക്കി. വിറയ്ക്കുന്ന ഉടലിന്റെ ഏറ്റവും അടിത്തട്ടിൽ നിന്നും കോരിയെടുത്ത ഒരു നിലവിളികൂടി ഉദയൻ മുകളിലേക്കെറിഞ്ഞു. ഏറ്റവും ശബ്ദം കൂടിയ ആ അവസാന അലർച്ചയിൽ ഒരു പാറോത്തിലയുടെ കാട് ഇളകി വീണതും സ്വപ്നത്തിൽ നിന്നും അയാൾ ഞെട്ടിയെഴുന്നേറ്റു കിതച്ചു. ദീർഘമായ ക്ഷീണം പൊതിഞ്ഞപ്പോൾ വളരെയേറെ കാലങ്ങൾക്ക് ശേഷം തനിക്ക് വരാവുന്ന അപകടത്തെ ഉദയൻ മുൻകൂട്ടി കണ്ടു. കടുത്ത തലവേദനയിലും പരവശത്തിലും അയാൾ വലഞ്ഞു. മുൻപില്ലാത്ത തരം പേടി പടം വിടർത്തിയപ്പോൾ ദേഹമാകെ പുതപ്പ് മൂടി കിടന്നു.  പിന്നീടെപ്പോഴോ സ്വയമറിയാതെ തന്നെ ഉറക്കത്തിലേക്ക് താഴ്ന്നു പോയി.
കുറച്ചു മണിക്കൂറുകൾ കടന്നു പോയ ശേഷം വിപ്ലവും ഗുണനും കൂടാതെ ടൗണിൽ നിന്നും അവരേർപ്പാട് ചെയ്ത സ്ത്രീയും ഒച്ചയുണ്ടാക്കാതെ ആ വീടിനു പുറകിലൂടെ നടന്നു. വീടാകെ കോട പുതച്ച മലപോലെ തെളിയാതെ നിന്നു. നേരത്തെ തീരുമാനിച്ച പ്രകാരം കുറ്റി ഇളക്കി വച്ചിരുന്ന അടുക്കള വാതിൽ അവർ ഒച്ചയുണ്ടാക്കാതെ തുറന്നു. അപ്പോഴൊക്കെ ഉദയൻ ഉറക്കത്തിന്റെ ഏറ്റവും ആഴത്തിലുള്ള കയത്തിലായിരുന്നു. ഇരുട്ടിൽ തപ്പികൊണ്ട് തിടുക്കമില്ലാതെയവർ ഇഴ ജന്തുക്കളെപോൽ അകത്തേക്ക് കയറി. ഉദയന്റെ മുറി കാണിച്ചു കൊടുത്ത ശേഷം വിപ്ലവനും ഗുണനും പുറത്തിറങ്ങി വീട് പതുക്കെ അടച്ചു. പിന്നെ നേരത്തെ ഏൽപ്പിച്ച പ്രകാരം റോഡരികിൽ കാത്തു നിന്ന രണ്ടുപേർ ഒച്ചയിട്ടു. അയൽവക്കങ്ങളിലെ വിളക്കുകൾ തെളിഞ്ഞു. ആളുകൾ ഓരോരുത്തരായി ഉറക്കം വിട്ടെഴുന്നേറ്റ് ഇരുട്ടിൽ ടോർച്ചിന്റെ കണ്ണുകൾ തെളിച്ചു കൊണ്ട് ശബ്ദം തേടി റോഡിനരികിലേക്ക് പാഞ്ഞു വന്നു. നിലാവിന്റെയും ചുറ്റിലും തെളിഞ്ഞ വിളക്കുകളുടെയും നേർത്ത പ്രകാശത്തിൽ അർദ്ധ നഗ്നനായി നിൽക്കുന്ന ഉദയനും കൂടെ ഒരു സ്ത്രീയും. അവർക്ക് ചുറ്റും ഒരുത്സവത്തിലെ ആരവങ്ങൾ പോലെ തെറിയുടെ രസമുള്ള ആക്രോശങ്ങൾ വായുവിലുയരുന്നു. നാക്കുകൊണ്ട് പ്രതികരിക്കാൻ കഴിയാത്ത ചിലർ ഉന്തിയും പിടിച്ചു തള്ളിയും  തല്ലിയും തലകുമ്പിട്ടു നിൽക്കുന്ന ഉദയനെയും ആ സ്ത്രീയെയും മുന്നോട്ട് നീക്കി. നിമിഷങ്ങൾ നീണ്ടു പോകും തോറും കനംവെച്ച മൗനത്തിൽ നിന്നും അണുവിട മാറാതെ നിർവികാരമായ കുത്തനെയുള്ള നോട്ടത്തോടെ നിന്ന ഉദയൻ വന്നവരിൽ നിന്നും പരമാവധി തല്ലുകൾ വാങ്ങിച്ച ശേഷം ആരുടെയൊക്കെയോ ആജ്ഞയുടെ ശക്തിയിൽ നിർത്താതെ ഓടി. പിന്നെ മനസ്സിലേക്ക് പൊടുന്നനെ കയറി വന്ന ലക്ഷ്യത്തിലേക്ക് അവശതയോടെ നടന്നു. ആ സ്ത്രീ നിന്ന് കരഞ്ഞതെയുള്ളൂ. അവരെ ചിലർക്ക് പരിചയമുണ്ടായിരുന്നു. ചോദ്യങ്ങളുമായി കുറച്ചു പേർ ആ സ്ത്രീയുടെ ചുറ്റും കൂടിയെങ്കിലും സ്ഥിതിഗതികൾ വിപ്ലവന്റെയും ഗുണന്റേയും ഇടപെടലുകളിൽ വേഗത്തിൽ ശാന്തമായി. അവശതയോടെ നടക്കുന്ന ഉദയനെ തൊട്ട് തണുത്ത കാറ്റ് കടന്നു പോയി. ദേഹം പുളയുന്ന നീറ്റലിലും വേദനയിലും പുഴയെ ലക്ഷ്യമാക്കി ഉദയൻ നീങ്ങി. ചെറുപ്പം മുതലുള്ള ഓർമ്മകൾ ഒന്നൊന്നായി തൻറെ പിന്നിൽ ഒലിച്ചു വരുന്നുണ്ടെന്നു അപ്പോഴൊക്കെ അയാൾക്ക് തോന്നി. അച്ഛന്റെ നാല്പത്തിയൊന്നിനാണ് ഇതുപോലൊരു ഇരുട്ടിൽ ഇതിനു മുൻപ് പുഴയ്ക്ക് പോയത്. അന്ന് ഒഴുക്കി വിട്ട മുറി തേങ്ങയിൽ കത്തിച്ചു വെച്ച തിരിയുടെ നാളം ഒഴുകി പോകുന്നത് ഏറെ നേരം ശ്രദ്ധയോടെ ഉദയൻ നോക്കി നിന്നിരുന്നു. വല്ലാത്ത ഏകാന്തത പിടിമുറുക്കിയപ്പോൾ ഒറ്റപ്പെടുന്ന ജീവിയാണ് ഏറ്റവും പാപം ചെയ്തവനെന്നു ഉദയനു തിരിച്ചറിവുണ്ടായി. അച്ഛനെയും അമ്മയെയും സുഹൃത്തുക്കളെന്നു കരുതിയവരെയും ലോകത്തെയും ഞൊടിയിടയിൽ അയാൾ ഓർത്തെടുത്തു. ഒഴുകുന്ന ജലത്തിന്റെ കിതപ്പ് ശബ്ദമല്ലാതെ മറ്റൊന്നും ബാക്കിയില്ല. ലോകം കാലങ്ങളായി നിശ്ചലമായത് പോലെ. മനസ്സ് തീർത്തും ശാന്തമായപ്പോൾ അയാൾ പുഴയിലേക്ക് തന്നെ നോട്ടം കൂർപ്പിച്ചു. ഓളങ്ങളുടെ പുറത്തു ആകാശത്തിലെ നിലാവ് പൊഴിക്കുന്ന വട്ടം. പൊടുന്നനെ പുറകിൽ ഒരാരവമുയരുന്നതായി ഉദയനു തോന്നി. തിരിഞ്ഞു നോക്കാതെ ശാന്തമായ പുഴയിലെ ഓളങ്ങളെ ഇളക്കി നിലാവിനെ ഭേദിച്ച് കൊണ്ട്, ഉദയൻ പുഴയെ മുറിച്ച് അതിന്റെ അടിത്തട്ടിലേക്ക് ഊളിയിട്ടു.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here