Friday, January 27, 2023
Homeസാഹിത്യംചിന്തയുടെ തീവെളിച്ചം, എം.എൻ വിജയന്റെ ജന്മദിനം

ചിന്തയുടെ തീവെളിച്ചം, എം.എൻ വിജയന്റെ ജന്മദിനം

നിധിന്‍.വി.എന്‍

“നടപ്പാതയിലൂടെ നടക്കുന്നവരുടെ വിചാരം ബസ്സൊന്നും അവരുടെ ശരീരത്തില്‍ കയറില്ല എന്നാണ്. എന്നാല്‍ ആദ്യം റോഡില്‍ കൂടി നടക്കുന്നവരുടെ മേല്‍ ബസ്സ് കയറ്റിയിട്ട് വഴിയോരത്ത് കൂടി നടക്കുന്നവരുടെ മേലും കയറ്റാം എന്നുള്ളതാണ് ഫാസിസ്റ്റുകളുടെ യുദ്ധതന്ത്രം. അതുകൊണ്ട് ഫാസിസത്തില്‍ നിങ്ങള്‍ക്കൊരു സുരക്ഷിത കേന്ദ്രമില്ല”.  ധബോല്‍ക്കര്‍ മുതല്‍ ഗൗരി ലങ്കേഷ് വരെ രാജ്യത്ത് ഫാസിസം എഴുത്തുകാരെയും സാമൂഹ്യപ്രവര്‍ത്തകരെയും പലവിധത്തില്‍ പിടികൂടുന്ന വര്‍ത്തമാന സാഹചര്യത്തില്‍ വിജയന്‍ മാഷിനെ ഏറെ സ്മരിച്ചുപോകുന്നുണ്ട്.

മലയാളത്തിലെ പ്രശസ്ത സാഹിത്യ നിരൂപകനും ഭാഷാദ്ധ്യാപകനും ഇടതുപക്ഷ ചിന്തകനുമായിരുന്ന എം.എന്‍ വിജയന്റെ 88-ആം ജന്മദിനമാണ് ഇന്ന്. 1930 ജൂണ്‍ 8-നു കൊടുങ്ങല്ലൂരില്‍  പതിയാശ്ശേരിൽ നാരായണമേനോന്റെയും മൂളിയിൽ കൊച്ചമ്മു അമ്മയുടെയും മകനായി ജനിച്ചു. കേസരി.എ ബാലകൃഷ്ണപിള്ളയുടെ നിരൂപണാദർശം അദ്ദേഹത്തിന്റെ കാലത്തിനു ശേഷം സമർത്ഥവും സർഗ്ഗാത്മകവുമായി പിന്തുടർന്ന നിരൂപകനാണ് എം.എൻ വിജയൻ.വൈലോപ്പിള്ളി കവിതകളെ ആധാരമാക്കി വിജയന്‍ എഴുതിയ നിരൂപണം കവിവ്യക്തിത്വം. എപ്രകാരമാണ് കവിതയുടെ പ്രമേയതലത്തെ നിര്‍ണയിക്കുന്നതെന്ന അന്വേഷണമായ ഈ പഠനം, മലയാളത്തിലെ മനഃശാസ്ത്രനിരൂപണപ്രസ്ഥാനത്തിനു തുടക്കം കുറിച്ചു. കാവ്യ വിശകലനത്തിനും ജീവിതവ്യാഖ്യാനത്തിനും മനഃശാസ്ത്രത്തെ മാത്രം ഉപയോഗപ്പെടുത്തിയ മലയാളത്തിലെ ഏക വിമർശകൻ കൂടിയാണ് എം.എൻ വിജയന്‍. മാർക്സിന്റെ സമൂഹ ചിന്തയും ഫ്രോയ്ഡിന്റെ വ്യക്തിമനഃശാസ്ത്രവും അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട്. കാളിദാസൻ, കുമാരനാശാൻ, ജി.ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ, വൈലോപ്പിള്ളി, ബഷീർ എന്നിവരെയാണ് അദ്ദേഹം പ്രധാനമായും പഠനവിധേയമാക്കിയത്.

ജോലിയില്‍ നിന്നും പിരിയിന്നതുവരെ വളരെ കുറച്ചു മാത്രമേ വിജയന്‍ എഴുതിയിരുന്നുള്ളൂ. എന്നാല്‍ ജോലിയില്‍ നിന്നും പിരിഞ്ഞ ശേഷം വ്യാപകമായി പ്രഭാഷണങ്ങള്‍ നടത്തുകയും സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയും ചെയ്തു. മാര്‍കിസ്റ്റ് സൈദ്ധാന്തികനായാണ് പലരും എം എന്‍ വിജയനെ കാണുന്നത്. അത് വലിയ അസംബന്ധമാണ്. മാർകിസ്റ്റ് പാർട്ടിയോടൊപ്പം ഒരു സവിശേഷ കാലത്തു നടന്നു എന്നതുകൊണ്ട് ഒരു എഴുത്തുകാരനും മാർകിസ്റ്റ് സൈദ്ധാന്തികനാവുന്നില്ല. എം.എന്‍ വിജയന്‍ ആധുനികത രൂപികരിച്ചെടുത്ത ഒരു എഴുത്തുകാരനാണ്. തന്റെ മാധ്യമത്തിലൂടെ ശക്തമായി പ്രതികരിക്കാന്‍ ശ്രമിച്ച ചിന്തയുടെ തീവെളിച്ചമായിരുന്നു അദ്ദേഹം.  തന്‍റെ 77-ആം വയസ്സില്‍ 2007 ഒക്ടോബർ 3-ന് ഉച്ചയ്ക്ക് 12 മണിയോടെ തൃശ്ശൂർ പ്രസ് ക്ലബ്ബിൽ വച്ച് വിജയൻ മാഷ് അന്തരിച്ചു.

“തീ പിടിപ്പിക്കാന്‍ ഉപയോഗിച്ച കമ്പോ കൊള്ളിയോ കത്തിത്തീര്‍‌ന്നാലും തീ പിന്നെയും വ്യാപിച്ചുകൊണ്ടേയിരിക്കും. ചിന്തയുടെ അഗ്നിബാധയില്‍ ആത്മനാശത്തിന്റെ അംശമുണ്ട്. പക്ഷേ അതിന്റെ അര്‍ത്ഥം നിങ്ങള്‍ മറ്റുള്ളവരില്‍ പടരുകയാണെന്നോ സ്വയം ഇല്ലാതായിത്തീര്‍ന്നിട്ട് മറ്റുള്ളവരില്‍ ജീവിക്കുന്നു എന്നോ ആണ്. അത് നമുക്ക് പ്രവചിക്കാന്‍ കഴിയാത്ത കര്യമാണ്. ശത്രുക്കളില്ലാതെ മരിക്കുന്നവര്‍ ഒന്നും ചെയ്തിട്ടില്ല എന്നാണ് അര്‍ത്ഥം.”

 

RELATED ARTICLES
- Advertisment -spot_img

Most Popular

കഥകൾ

കവിതകൾ

വായന

PHOTOSTORIES