‘ആത്മ’ കക്ഷിരാഷ്ട്രീയത്തിൽ ഇടപെടാറില്ല. പക്ഷെ, ജനാധിപത്യ സംവിധാനത്തിൽ പാർലിമെന്ററി രാഷ്ട്രീയത്തിന് നിർണ്ണായക പങ്കുണ്ടെന്ന തിരിച്ചറിവ് എന്നുമുണ്ട്.
പത്ര – ദൃശ്യമാധ്യമങ്ങൾ ആവാം ഒരു കുട്ടിക്ക് ആദ്യമായി കക്ഷിരാഷ്ട്രീയത്തെ പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ടാവുക. പോരായ്മകൾ അതിലുമുണ്ട്. കക്ഷിരാഷ്ട്രീയത്തിലെ ജീർണ്ണതകൾ കണ്ടു മടുത്ത നമ്മുടെ കുട്ടികൾ അത് രാഷ്ട്രീയത്തിന്റെ തന്നെ പ്രശ്നമാണ് എന്ന നിഗമനത്തിൽ എത്തിചേരാറുണ്ട് പലപ്പോഴും. രാഷ്ട്ര കാര്യങ്ങളിൽ താല്പര്യം കാണിക്കാതെ ശ്രദ്ധ മറ്റു പലതിലേക്കും മാറ്റി പ്രതിഷ്ടിക്കാറുമുണ്ട്.
കലാലയ രാഷ്ട്രീയത്തിൽ സജീവമാവുന്ന ചിലർ അതിനെ തുടർന്ന് കൊണ്ട് പോവും. മറ്റു ചിലർ വഴി മാറും. സജീവമാവുന്നവർക്ക് അവസരങ്ങളുടെ വഴികൾ അവർ തന്നെ സമരം ചെയ്ത് വെട്ടിയുണ്ടാക്കേണ്ട സ്ഥിതി നിലവിലുണ്ട്. അതിന് മുതിർന്നവർ വിലങ്ങു തടിയാവുമ്പോൾ അവർക്ക് പ്രവർത്തനം തന്നെ മടുക്കുന്ന അവസ്ഥയും ഉണ്ടാവുന്നു. പറയാന്‍ കാരണമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ചില യുവനേതാക്കളും പ്രവർത്തകരും സമൂഹമാധ്യമങ്ങളിലൂടെ അവരുടെ നിരാശയും പ്രതീക്ഷയില്ലായ്മയും പങ്കുവെച്ചത് കണ്ടിരുന്നു.
പതിറ്റാണ്ടുകളായി ഒരേ ആളുകൾ തന്നെ ഒരേ സീറ്റിലും പദവിയിലും തുടരുന്നു. അവർ സ്വയമേ വിരമിക്കാതെയോ മരണം സംഭവിക്കാതെയോ മറ്റൊരാൾ ആ മണ്ഡലത്തിന്റെ ജനപ്രതിനിധി ആവാത്ത പരിതസ്ഥിതി. യുവ ഖദർധാരികളാണ് ഈ കഷ്ടത ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്.
ഒരു മുന്നണിയുടെ രാജ്യസഭാ സീറ്റിൽ വർഷങ്ങളായി തുടരുന്ന ഒരാളെ മാറ്റണം എന്നായിരുന്നു യുവനേതാക്കളുടെ ന്യായമായ ആവശ്യം. പരസ്യമായി തന്നെ അത് പ്രകടിപ്പിക്കാനുള്ള ധൈര്യം അവർ കാണിച്ചു. പക്ഷെ, എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് തീരുമാനം വന്നു. മുന്നണിയിൽ പോലും അംഗമല്ലാത്ത ഒരു കക്ഷിയുടെ പ്രതിനിധിയാണ് ഇന്ത്യൻ ജനാധിപത്യക്ഷേത്രത്തിന്റെ താഴെനിലയിലേക്ക് പോവുക. തീരുമാനം വന്ന മുതൽ സമൂഹ മാധ്യമങ്ങളിൽ യുവ പ്രവർത്തകരുടെ നിരാശ പ്രകടമായിരുന്നു. യുവ – വിദ്യാർത്ഥി നേതാക്കളുടെ രാജി പ്രഖ്യാപനങ്ങൾക്ക് വരെ ഫേസ്ബുക്ക് സാക്ഷിയായി. ഇനി കക്ഷിരാഷ്ട്രീയത്തിലേക്ക് ഇല്ല എന്ന തീരുമാനങ്ങൾ പോലും എടുത്തവരുണ്ട്.
മുന്നണിയിലെ പ്രശ്നങ്ങൾ അവർ തന്നെ തീർത്തോളും. അതിൽ പുറത്തു നിന്ന് നമ്മൾ അഭിപ്രായം പോലും പറയേണ്ടതില്ല. പക്ഷെ, ആ പ്രശ്നങ്ങൾ ഒരുപാട് യുവാക്കളെ അരാഷ്ട്രീയ വാദികൾ ആക്കുന്നുവെങ്കിൽ, അത് രാഷ്ട്രത്തിന് ഭീഷണി തന്നെയാണ്. അതിൽ ഇടപെടേണ്ടതുണ്ട്. അഭിപ്രായം പറയേണ്ടതുണ്ട്.
കക്ഷി രാഷ്ട്രീയത്തിനും പാർലിമെന്ററി രാഷ്ട്രീയത്തിനും അപ്പുറം രാഷ്ട്രീയം രാഷ്ട്രസേവനമാണെന്ന തിരിച്ചറിവും ബോധ്യവും ഉണ്ടാവുന്ന സമയത്ത് കുറെയേറെ പ്രശ്നങ്ങള്‍ കുറയും. വീട്ടിലേക്കുള്ള അരി മേടിക്കാനുള്ള വഴിയല്ല രാഷ്ട്രീയം, മറിച്ച് അരിയില്ലാത്ത വീടുകളില്‍ അത് എത്തിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുന്ന സാമൂഹ്യ സേവനമാണ്.
അരിയില്ലാത്ത വീടുകളിൽ അരിയെത്തിക്കാൻ തന്നെയാണ് കക്ഷിരാഷ്ട്രീയത്തിനോട് വെറുപ്പ്. കക്ഷി രാഷ്ട്രീയ തണലില്ലാതെ രാഷ്ട്രത്തെ സേവിക്കാം പക്ഷപാതമില്ലാതെ