വെളിച്ചപ്പാട് മേനാറമ്പത്ത് ഗോവിന്ദേട്ടൻ

0
358
dinesh-babu

ദിനേശ് ബാബു

അന്നത്തെ ഞങ്ങളുടെ കുടിലിന്റെ മുറ്റത്തു ഇറങ്ങി പടിഞ്ഞാറോട്ട് നോക്കിയാൽ നൂറോളം മീറ്റർ അപ്പുറത്തു ഒരു ഓല മേഞ്ഞ മേൽക്കൂരയുള്ള എടവ നകണ്ടി തറവാട് വീടും അതിനടുത്ത് ഒരു കൊച്ചു അമ്പലവും കാണാം.ആ വീടിന്റെ അടുത്തു ഭൂമിക്ക് സമാന്തരമായ, മറ ഇല്ലാത്ത ഒരു കിണറും ഉണ്ടായിരുന്നു. ആ കിണറിലെ വെള്ളം ഒരു കാലത്ത് ആ ചുറ്റു വട്ടത്തെ കുടി വെള്ള സ്രോതസ്സ് ആയിരുന്നു. എടവനക്കണ്ടി തറവാടിനു മുൻപിൽ ഒരു നീണ്ട നടവഴിയുണ്ട് . അത് വഴി കുറെ ആളുകൾ ദിവസേന അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് കാണാം. ഞങ്ങളുടെ കുടിലിന്റെ മുൻവശം വലിയ ഒരു പറമ്പ് ആണ്. ആ പറമ്പിന്റെ ഉടമസ്ഥനും മക്കളും വല്ലപ്പോഴുമെ അവിടെ വരാറുള്ളൂ. വന്നാലും ആരോടും അധികം സംസാരിക്കാറില്ല. അവരുടെ ഇളയ മകൻ രാജു സ്കൂളിൽ എന്റെ ക്ലാസിൽ ആണ്. അവർക്ക് അത് പോലെ മറ്റു സ്ഥലത്തും കൊറേ ഭൂമിയുണ്ട്. ഈ ഭൂമിയിൽ കുടിൽ പോലെ, ചിരുതകുട്ടിയമ്മയുടെ ഒരു ഒറ്റപ്പെട്ട വീടു മാത്രമേ ഉള്ളൂ. നാലു വയസ്സ് പ്രായമുള്ളപ്പോൾ അച്ഛന്റെ കൈപിടിച്ചു കാട്ടിലപ്പീടികയിലെ തറവാട്ടിൽ നിന്നും ഞങ്ങൾ അവിടെ എത്തി . സർക്കാർ നൂറു രൂപക്ക് നൽകിയ, രേഖകളൊന്നും ഇല്ലാത്ത ലക്ഷം വീട്ടിൽ താമസം തുടങ്ങിയതാണ്. ആ കാലത്തു മുതൽ കാണുന്നതാണ് ആ തറവാടും അമ്പലവും ആ വീട്ടിലുള്ള നല്ല ചേച്ചിമാരെയും… വൃശ്ചിക മാസത്തിലെ മണ്ഡല വിളക്ക് കാലത്ത് എല്ലാ വെള്ളിയാഴ്ച്ചയും അവിടെ പ്രത്യേക പൂജയും ചെണ്ട കൊട്ടും പ്രസാദവും വെളിച്ചപ്പാടും ഒക്കെ ഉണ്ടാകും. മണ്ഡലകാലം തീരുന്നത് വരെ അത് തുടർന്ന് കൊണ്ടിരിക്കും. ഞങ്ങൾ കുട്ടികൾക്ക് അതൊരു ആഘോഷം തന്നെയാണ്. വെള്ളിയാഴ്ച്ച വൈകീട്ട് പ്രസാദം കിട്ടുമെന്ന പ്രതീക്ഷയിൽ ആണ് ദിവസം ആരംഭിക്കുന്നത് തന്നെ. മണ്ഡല വിളക്ക് തീരുന്ന ദിവസം കൂടുതൽ ഭക്ത ജനങ്ങൾ വന്നെത്തും. അപ്പോൾ പ്രസാദത്തിന്റെ അളവ് കുറയും… ആ കാലത് അവിടുത്തെ രണ്ടു പ്രധാന വെളിച്ചപ്പാട് ഒന്ന് അതെ തറവാട്ടിലെ കേളപേട്ടനും മറ്റൊന്ന് മേനാറമ്പത് ഗോവിന്ദേട്ടനും ആണ്. സാധൂ ബീഡി ചുണ്ടിൽ വെച്ച് ആഞ്ഞു വലിച്ചു പുകയെടുത്തു പുറത്തു വിടാതെ വിഴുങ്ങി നടക്കുന്ന ഗോവിന്ദേട്ടനു രണ്ടു കാലിലും ആണി രോഗമുണ്ട് . ഒരിക്കലും ഷർട്ട് ഇടാതെ തോർത്തു മുണ്ട് തോളിൽ ഇട്ട്, ശരീരത്തിലെ അസ്ഥി മുഴുവൻ പുറത്ത് കാണിച്ചു, നടക്കാൻ വളരെ പ്രയാസപ്പെടുന്ന ഗോവിന്ദേട്ടൻ ആരുമായും അധികം സംസാരിക്കുന്ന പ്രകൃതമല്ല. കുട്ടികളായ ഞങ്ങളൊക്കെ ആദ്യ കാലത്ത് അദ്ദേഹമാണ് ദൈവമെന്ന് കരുതിയിരുന്നു. പൂജയുള്ള ദിവസം ഉറഞ്ഞു തുള്ളുന്നത് കാണുമ്പോൾ നടക്കാൻ പ്രയാസപ്പെടുന്ന ആളാണ് എന്ന് തോന്നുകയെ ഇല്ല. ഒരു പ്രത്യേക ശബ്ദമുണ്ടാക്കി, താളാത്മകമായി ഓടിയും ചാടിയും വാളെടുത്തു തലക്കു വെട്ടിയും ആ മുറിവിൽ മഞ്ഞൾപൊടി വെച്ചും ഒരു പ്രത്യേക രീതിയിൽ, ക്ഷേത്രത്തിലെ കാരണവരുടെ തലയിൽ കൈവെച്ചു ഏതോ ഭാഷയിൽ സംസാരിക്കുമ്പോൾ ഭഗവതി നേരിട്ട് വന്നതാണെന്ന് പലരും അടക്കം പറയും. ഗോവിന്ദേട്ടന്റെ ഭാര്യ കല്യാണിയമ്മ യെ കാണുമ്പോൾ ദൈവത്തിന്റെ ഭാര്യയാണോ എന്ന് കൊച്ചു നാളിൽ ഞാൻ സംശയിക്കാറുണ്ടായിരുന്നു. വെളിച്ചപ്പാട് അടങ്ങിയാൽ നടന്നു പോകാൻ വീണ്ടും പ്രയാസപ്പെടുന്ന ഗോവിന്ദേട്ടൻ, ഒരിക്കൽ പോലും മദ്യപിക്കാത്ത ഗോവിന്ദേട്ടൻ നാട്ടുകാരുടെ മുന്നിൽ ഒരു അത്ഭുത പ്രതിഭാസമായിരുന്നു…

govindan-illustration-sujeesh-surendran

എടവന കണ്ടി ക്ഷേത്രത്തിലെ പ്രധാന ഉത്സവം കോയിലാണ്ടിക്കടുത്ത പിഷാരികാവ് ക്ഷേതത്തിലെ കാളിയാട്ട മഹോത്സവത്തോട് അനുബന്ധിച്ചാണ് നടക്കുക. ആദ്യ ദിവസം വെളിച്ചപ്പാടും ചെണ്ടക്കാരും എല്ലാം ചേർന്ന് നാട് മുഴുവൻ നടന്നു പല വീട്ടിൽ നിന്നും ഇളനീർ കൊല വെട്ടി കൊണ്ടുവരും. അന്ന് വൈകീട്ട് പല പ്രായത്തിലുള്ള കുറെ കോമരക്കാർ ഉണ്ടാകും. അതിൽ ഒരാൾ മാത്രം കറുത്ത തുണി അരയിൽ കെട്ടും,അത് ഗുളികൻ കോമരമാണെന്നു എന്റെ സുഹൃത്ത് സുനി പറഞ്ഞു തന്നതോർക്കുന്നു. ബാക്കി എല്ലാവരും ചുവപ്പാണു കെട്ടുന്നത്… ഒരു പാട് വലിയ ഒരു വട്ട ചെമ്പിൽ വെള്ളം നിറച്ചു വെച്ച്, തുളസിയും കുങ്കുമവും മഞ്ഞളും കളഭവും ഒക്കെ ചേർത്ത്, ചെറിയ വാഴ ഇല ചെറുതായി വെട്ടി വെള്ളത്തിൽ ഇട്ട് അതിനു മുകളിൽ ചെറിയ കുറെ തിരി കത്തിച്ചു വെച്ച്, ചെമ്പിന് മുൻ ഭാഗത്തു വാഴയുടെ തട്ട ഒരേ അളവിൽ മുറിച്ചു വേർപെടുത്തി അത് കൊണ്ട് ഒരു കളം ഉണ്ടാക്കി അതിൽ ചെറിയ പന്തങ്ങൾ കത്തിച്ചു കുത്തിവച്ചു, ഒരു ജീവനുള്ള പൂവൻകോഴിയെ തലയറുത്തു ആ ചെമ്പിലെ വെള്ളത്തിൽ കോഴിയുടെ രക്തം മുഴുവൻ ചേർത്ത്, ശരീരം മുഴുവൻ ചന്ദനം തേച്ചു ചുവന്ന മുണ്ട് ഉടുത്തു ഒരു വാളും കയ്യിൽ പിടിച്ചു ഒരാൾ, ചെമ്പ് നു മുൻപിൽ ചുറ്റി നടക്കുന്ന വെളിച്ചപ്പാടി ന്റെ ശരീരത്തിലേക്ക് ആ വെള്ളം മുഴുവൻ, ചെണ്ടയുടെ താളത്തിന് ഒത്തു കൈകൊണ്ട് തൂകി ഒഴിക്കുന്ന ഗുരുതിദർപണം. ഗുരുതി കഴിഞ്ഞു ആ ചെമ്പു കമഴ്ത്തി വെച്ച് ഒരു തേങ്ങ ഉടച്ചു അതിനു പുറത്തു വെക്കും. ആ സമയത്തും നമ്മുടെ ഗോവിന്ദേട്ടൻ മറ്റുള്ള പ്രായം കുറഞ്ഞവരെക്കാൾ ആവേശത്തിൽ ഉറഞ്ഞു തുള്ളും…

അടുത്ത ദിവസം ഉച്ചക്ക് ശേഷം ഇളനീർകുല മുളവടിയിൽ കെട്ടിവെച്ച്,കൊന്ന പൂവും ചുവന്ന പട്ടും ചേർത്ത് വെച്ച്, നാലോ അഞ്ചോ കെട്ടാക്കി കുറെ പേർ ചുമലിൽ വെച്ച്, അണിഞ്ഞു ഒരുങ്ങി വന്ന ആളുകൾ എല്ലാം ചേർന്ന് പിഷാരികാവ് ലേക്ക് ആഘോഷ വരവ് ഉണ്ട്. ചില വർഷങ്ങളിൽ ആനയുമുണ്ടാകും. അത് വൈകീട്ട് ആണ് നടന്നു പിഷാരികാവിൽ എത്തുന്നത്. ആ 20 കിലോമീറ്ററോളം നടത്തത്തിലും ഗോവിന്ദേട്ടൻ മറ്റുള്ളവർക് ഊർജം പകർന്നു കൊണ്ട്, വെളിച്ചപ്പാട് ആയി കൂടെ ഉണ്ടാവും….

ഒരുപാട് പ്രയാധിക്യവും ആരോഗ്യപ്രശ്നവുമുള്ള, വെളിച്ചപ്പെടുമ്പോൾ മാത്രം അമിതാവേശം കാണിക്കാനുള്ള ശക്തി ആർജ്ജിക്കുന്ന മേനാറമ്പത്ത് ഗോവിന്ദേട്ടൻ എന്റെ മനസ്സിൽ ഇന്നും ഒരു അത്ഭുത പ്രതിഭാസമായി ജീവിക്കുന്നു.

നാട്ടിടവഴികളുടെ സ്പന്ദനമറിഞ്ഞു ജീവിച്ച സാധാരണ ജീവിതങ്ങളെ അടയാളപ്പെടുത്താനുള്ള ഇടമാണ് ഇടവഴിയിലെ കാൽപ്പാടുകൾ.

നിങ്ങൾക്കും എഴുതാം അങ്ങനെയുള്ളവരെക്കുറിച്ച്
email: editor@athmaonline, WhatsApp : 8078816827

LEAVE A REPLY

Please enter your comment!
Please enter your name here