ഇല്ലസ്‌ട്രേറ്റർ എന്ന നിലയിൽ ഒരു വരത്തൊഴിലാളിയുടെ ജീവിതം

0
390
sudheesh-kottembram-illustrator-wp

sudheesh-kottembram-02

സുധീഷ് കോട്ടേമ്പ്രം

ലിഖിതഭാഷ ഒരു ഉടമ്പടിയാണ്. അത് ജീവിതവ്യവഹാരങ്ങൾ നിർണയിക്കുന്ന മാധ്യമ രൂപമാണ്. ഭാഷയാണ് രാജ്യം ഭരിക്കുന്നത്. എഴുതപ്പെട്ടതിനാലാണ് ഭരണഘടനകൾ അനിഷേധ്യമായിരിക്കുന്നത്. നിങ്ങളുടെ വീടും പുരയിടവും നിങ്ങൾക്ക് സ്വന്തമായിരിക്കുന്നത് അതിനൊരു ലിഖിതപ്രമാണം ഉണ്ടായിരിക്കുന്നതുകൊണ്ടാണ്. ഒരാളുടെ വിദ്യാഭ്യാസയോഗ്യതയുടെ തെളിവ് അയാൾ സൂക്ഷിച്ചുവെച്ചിരിക്കുന്ന ലിഖിതരൂപത്തിലുള്ള സർട്ടിഫിക്കറ്റുകളാണ്. സാഹിതീയമേൽക്കോയ്മ മറ്റെല്ലാ സാംസ്‌കാരിക ആവിഷ്‌കാരങ്ങളെയും വരുതിയിലാക്കി നിർത്തിയിരിക്കുന്ന ഒരു പ്രദേശമാണ് നമ്മുടേത്. (നമ്മുടേതെന്നല്ല, ഏതാണ്ടെല്ലാ ആധുനികസമൂഹവും). വാക്കിനാണ് അവിടെ ആധികാരികത. നല്ല കല ചെയ്താൽ മാത്രം പോര. അത് നല്ലതെന്ന് ലിറ്ററേച്ചർ കൂടി സാക്ഷ്യപ്പെടുത്തണം. പത്രത്തിലെ എഴുതപ്പെടലും നിരൂപിക്കപ്പെടലും ഒക്കെ ചേർന്ന്, ഭാഷയാണ് ഒരു കലാകൃതിയുടെ (നൃത്തമായി ക്കോട്ടെ, നാടകമായിക്കോട്ടെ, സിനിമയായിക്കോട്ടെ) സാംസ്‌കാരിക പ്രവേശത്തെ ഉദ്ഘാടനം ചെയ്യുന്നത്.

artist-namboothiri-illustration

ലിഖിതഭാഷയ്ക്കൊപ്പം കൂടിയ കലാപദ്ധതിയാണ് രേഖാചിത്രണം.

കേരളത്തിൽ ഏയെസ്സ്, എം. ഭാസ്‌കരൻ, എം.വി. ദേവൻ, നമ്പൂതിരി മുതലിങ്ങോട്ട് കെ.ഷെരീഫ് വരെ ആമുഖം ആവശ്യമില്ലാത്ത ആർട്ടിസ്റ്റുമാരാണ്. എന്തുകൊണ്ട്? എല്ലാവർക്കും ബാധകമാവുന്ന ഒരേയൊരു ഉത്തരം അവർ വാരികയിൽ വരച്ചു എന്നതാണ്. അഥവാ വീക്കിലിയിൽ വരക്കുന്നവരേ ‘ആർട്ടിസ്റ്റാ’യുമുള്ളൂ. അച്ചടിച്ച താളാണ് അവരെ ആർട്ടിസ്റ്റുകളാക്കിയത്. കല രണ്ടാമതേ വരുള്ളൂ. ഭാഷയിൽ രണ്ടാംനിര അലങ്കരിച്ചു നില്ക്കുന്ന ആളുകളാണ് ചിത്രീകരണത്തൊഴിലാളികൾ. മലയാളത്തിലെ രേഖാചിത്രണകല എന്ന് ടൈപ്പ് ചെയ്യുമ്പോൾ ആദ്യം മനസ്സിൽ വരുന്ന വാചകം നമ്പൂതിരിച്ചിത്രങ്ങളുടെ ആകാരവടിവുകളെന്നും ദേവന്റെ ആകാരച്ചുരുക്കങ്ങളെന്നുമാണ്. അതുകഴിഞ്ഞാൽ, ഖസാക്കിന്റെ ഇതിഹാസത്തിലെ കരിമ്പനകൾ, രവിയുടെ അസ്തിത്വദു:ഖം, രണ്ടാമൂഴത്തിലെ ഭീമന്റെ ഗർവ്വ്, ബാല്യകാലസഖിയിലെ സുഹറയുടെയും മജീദിന്റെയും പ്രേമം, നീർമാതളം പൂത്തകാലത്തെ ഓർമ്മകളുടെ സുഗന്ധം എന്നിങ്ങനെ ഓരോ കഥാസന്ദർഭങ്ങളെയും ഒരുപക്ഷേ അതിന്റെ ചിത്രത്തോടൊപ്പം ഓർത്തുവെച്ചേക്കാം നമ്മൾ. ചിലപ്പോൾ അവയൊന്നും അതിലെ രേഖാചിത്രണത്തിന്റെ ബലത്തിലാവില്ല. ആ സാഹിത്യകൃതികൾ മുന്നോട്ടുവെച്ച ഭാവലോകത്തെയാണവ അള്ളിപ്പിടിച്ചിരിക്കുന്നത്.

എന്താണ് ഇല്ലസ്‌ട്രേഷൻ മുന്നോട്ടുവെക്കുന്ന സൗന്ദര്യബോധം?

അച്ചടിക്കുന്ന ഭാഷ കാഴ്ചയിൽ ഏകതാനമായിരിക്കുന്നു എന്നതിനാൽ കൂടെച്ചേർക്കാൻ ചിത്രങ്ങൾ വന്നുതുടങ്ങി. അവ മാഗസിനുകളെ കാഴ്ചാവിഭവം കൂടിയാക്കി. രേഖാചിത്രം ഉപയോഗിക്കുന്നതിന്റെ ആദ്യത്തെ കാരണം പേജ് മോടികൂട്ടുക എന്നതത്രേ. ഇന്ത്യൻ ഭരണഘടനയുടെ മോടി കൂട്ടാൻ ചിത്രം വരച്ച ആളാണ് നന്ദലാൽ ബോസ്. ഭരണഘടനയിലെ ചിത്രങ്ങൾ കൊണ്ട് മാത്രമല്ല നന്ദലാൽ ബോസ് ആർട്ടിസ്റ്റായിരിക്കുന്നത്. കലയിൽ പണി ചെയ്തതിന്റെ സാംസ്‌കാരികമൂലധനം കൊണ്ടാണ്. ഇല്ലസ്‌ട്രേഷനെ ഒരു സ്വതന്ത്രകലയായി കാണാൻ ഇവിടുത്തെ ഭാഷാസമൂഹമോ എഴുത്തധികാരമോ തയ്യാറല്ല. എഴുത്തിനെ ദൃശ്യവത്കരിക്കാനുള്ള പണി മാത്രമാണ് ഇല്ലസ്‌ട്രേറ്റർക്ക് കല്പിച്ചുകൊടുത്തിരിക്കുന്നത്. ആ പണി ഭംഗിയായി ചെയ്തവരൊക്കെ ഇന്ന് കേരളത്തിൽ ‘അറിയപ്പെടുന്ന ആർട്ടിസ്റ്റു’കളാണ്. അതിനാൽ വലിയ വിപ്ലവങ്ങൾ ചെയ്യാനുള്ള ഇടമല്ല അത്. അല്ലെങ്കിൽ, വിപ്ലവങ്ങളെ നിജപ്പെടുത്തുന്ന ഭാഷാധികാരം ആ കലയിൽ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. എങ്കിലും അത്തരം പ്രവണതകളോട് കലഹിച്ചുകൊണ്ടുതന്നെയാണ് ഇന്ന് ചുരുക്കം ചില ഇല്ലസ്‌ട്രേറ്റർമാർ നിലനില്ക്കുന്നത് എന്നുകാണാം. അതിനവരെ പ്രാപ്തരാക്കുന്നത് സ്വതന്ത്രകലയിൽ അവർ സമാന്തരമായി ചെയ്യുന്ന പ്രവർത്തനങ്ങളുടെ ഊർജ്ജമാണ്. അത് ഒരു വാരികയും ‘അനുവദിച്ചുകൊടുത്ത ആവിഷ്‌കാരസ്വാതന്ത്ര്യം’ അല്ല.

മാനവിക വിഷയമെന്ന നിലയിൽ സ്വതന്ത്രചിന്തയെ ഉദ്ദീപിപ്പിക്കുന്ന ഒരു കലാപദ്ധതിയായി രേഖാചിത്രണമേഖലയെ പരിഗണിക്കുന്നതിൽ നിന്ന് എന്നെ പിന്നോട്ട് വലിക്കുന്ന കാരണങ്ങൾ നിരവധിയാണ്. അവിടെ ഒരു എഡിറ്ററുണ്ട് എന്നതാണ് ഒന്നാമത്തെ കാരണം. രണ്ട്: അതിന് കൃത്യമായി നിർവ്വചിക്കപ്പെട്ട വിപണിയുണ്ട്. മൂന്ന്: സാഹിതീയഭാവനയ്ക്ക് പുറത്തേക്കുള്ള നോട്ടങ്ങളെ അത് പരിമിതപ്പെടുത്തുന്നു. ഘടനാപരമായും ആശയപരമായും അത് സാഹിത്യത്തെത്തന്നെ ഉപജീവിച്ചുനിൽക്കുന്നു.
കഴിഞ്ഞ പത്തുപതിനഞ്ചുവർഷമായി ആനുകാലികങ്ങളിൽ വരയ്ക്കുന്ന ഒരാളെന്ന നിലയിൽ ഇതെഴുതുന്ന ആൾ ‘ആർട്ടിസ്റ്റ്’ എന്നല്ല, ‘ഇല്ലസ്‌ട്രേറ്റർ’ എന്നാണ് സ്വയം കരുതുന്നത്. ആ നിലയിലുള്ള ഒരനുഭവം പറയാം.

ഒരിക്കൽ ഇന്റെർനെറ്റ് ലഭ്യതയില്ലാതെ വരയ്ക്കാനായി അയച്ച ചാപ്റ്റർ വായിക്കാൻ കഴിഞ്ഞില്ല. പറഞ്ഞ സമയത്തിനുള്ളിൽ വരച്ച് അയക്കുകയും വേണം. എന്നാൽ, എന്തുവരയ്ക്കണമെന്ന കാര്യത്തിൽ എനിക്ക് സംശയങ്ങളൊന്നും ഉണ്ടായില്ല. അടുത്ത അധ്യായം ഇന്നതാണെന്ന് മനസ്സിൽ കണ്ട് ഞാൻ നാലു ചിത്രങ്ങൾ വരച്ചു. രസമെന്താണെന്നുവെച്ചാൽ ആ ലക്കം പ്രിന്റ് ചെയ്തുവന്നപ്പോഴാണ് നോവലിസ്റ്റ് എന്നെ വിളിക്കുന്നത്. അദ്ദേഹത്തിന് ചിത്രങ്ങൾ വളരെ ഇഷ്ടപ്പെട്ടു, പ്രത്യേകിച്ച് ആ ലക്കം എന്നും പറഞ്ഞു.

ക്ഷമിക്കണം ഞാനത് വായിക്കതെയാണ് വരച്ചതെന്ന് അദ്ദേഹത്തോട് പറഞ്ഞില്ല.

അന്നെനിക്ക് മനസ്സിലായി, ഇല്ലസ്‌ട്രേഷൻ ചെയ്യാൻ കഥ തന്നെ വേണമെന്നില്ല, കഥയുടെ അന്തരീക്ഷം മതി, ഒരാളുടെ ഭാഷ മതി. അതിലയാൾ നടത്തുന്ന സൗന്ദര്യശുശ്രൂഷകളെന്ത് എന്ന് പിടിച്ചെടുത്താൽ മതി. അല്ലെങ്കിൽത്തന്നെ കഥയിൽ പറഞ്ഞതുമാത്രം വരയ്ക്കുന്ന ഇല്ലസ്റ്റ്രേഷനുകൾ എന്തിനുകൊള്ളാം?
കഥയിൽ പറഞ്ഞതുമാത്രം വരയ്ക്കുന്നവരെ പൊന്നാടയണിക്കുന്നവരാണ് ഇവിടുത്തെ ബഹുഭൂരിപക്ഷം വരുന്ന എഴുത്താൾസമൂഹം. ഇല്ലസ്‌ട്രേറ്റർ രണ്ടാമത്തെ വായനക്കാരി/ വായനക്കാരൻ ആണ്; ആദ്യവായന എഡിറ്ററാണെന്ന് കരുതിയാൽ. എഴുത്തിനോട് എഡിറ്ററുടെ പ്രതികരണമാണ് ഒരു കൃതി പ്രസിദ്ധീകരിക്കണോ വേണ്ടയോ എന്നത്. ചിത്രീകരണം ‘എഴുതപ്പെട്ട കൃതിയോട് ഇല്ലസ്‌ട്രേറ്റർക്കുള്ള പ്രതികരണം’ എന്നുകരുതിയാൽ സാഹിത്യം പറഞ്ഞത് വരച്ചോ എന്ന് ചൂഴ്ന്ന് നോക്കേണ്ടി വരില്ല.
അപ്പോഴും ഇല്ലസ്‌ട്രേഷൻ ഒരു അപ്ലൈഡ് ആർട്ടാണ് എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. അത് പ്രയോഗപരതയെ മറ്റെന്തിനേക്കാൾ കൂടുതൽ പിൻപറ്റുന്നു. ഒരു കൃതി ഉള്ളതുകൊണ്ടുമാത്രമാണ് അവിടെ പ്രതികരണവുമുണ്ടാവുന്നത്. അവിടെ ആർട്ടിസ്റ്റ് അളക്കപ്പെടുന്നത് അയാളുടെ ശൈലി കൊണ്ടാണ്. നമ്പൂതിരിയിൽ നിങ്ങളാസ്വദിച്ചത് നമ്പൂതിരി ശൈലി ആണ്. കെ പി മുരളീധരനിൽ നിങ്ങളാസ്വദിക്കുന്നതും നമ്പൂതിരിയെ ആണെന്ന് വരുന്നു. ചൻസിൽ കാണാൻ ശ്രമിക്കുന്നതും നമ്പൂതിരിയെ. പേന കൊണ്ട് ആരു വരച്ചാലും അതിലൊരു നമ്പൂതിരിയെ നമ്മൾ സങ്കല്പിക്കുന്നു. ഷെരീഫിൽ ഷെരീഫുണ്ടോ എന്നതു സമീപകാലത്തുണ്ടായ ഒരാലോചനയാണ്. അതിൽ അദ്ദേഹം പണി ചെയ്ത വാരികകൾ നന്നായി പ്രവർത്തിച്ചു. രണ്ടുപേജിൽ പരന്നുകിടക്കുന്ന ചിത്രസ്ഥലം ആണ് ഷെരീഫിനെ കൂടുതൽ കാണാൻ അവസരമൊരുക്കിയത്. അതൊരു വലിയ മാറ്റമാണ്. ഭാഗ്യനാഥനിൽ വരയുടെ ഘടനാസംഘാതത്തെ, കെ.സുധീഷിൽ ഭാവനയുടെ ഭ്രമലോകങ്ങളെ, കബിതയിൽ കവിതയെ, അശോകപുരത്തിൽ ശോകഭാവനകളെ.
ഇല്ലസ്‌ട്രേഷന്റെ ആസ്വാദനവും സാഹിതീയഭാവനയുടെ തുടർച്ച മാത്രമാണ്. അതിൽനിന്ന് കിട്ടുന്ന കാഴ്ചയെ അല്ല, അതിൽ നിന്ന് ഉരുവം കൊണ്ടേക്കാവുന്ന സൗന്ദര്യാനുഭവങ്ങളെയല്ല, അതിൽനിന്ന് കിട്ടുന്ന സാഹിത്യം തന്നെയാണ് മുഖ്യം എന്നുവരുന്നു.

അതുകൊണ്ട് ഇല്ലസ്‌ട്രേഷൻ എനിക്ക് നിങ്ങൾ നാനൂറ്‌ ഉറുപ്യ വിലയിട്ട ഒരു എ ഫോർ പേജ് ചിത്രപ്പണി മാത്രമാണ്.
വരക്കുക,
സ്‌കാൻ ചെയ്യുക,
മെയിൽ ചെയ്യുക.
അതിന്റെ പൈസ അക്കൗണ്ടിൽ വീണോ എന്ന് നോക്കുക.
ശുഭം!

LEAVE A REPLY

Please enter your comment!
Please enter your name here