സവർക്കർ എങ്ങനെ ‘വീർ’ സവർക്കറായി..?


1
546
savarkar-shinith-patyam-wp

ഷിനിത്ത് പാട്യം

കഴിഞ്ഞ നാലു വർഷമായി ഞാൻ തുടർച്ചയായി സന്ദർശിക്കുന്ന ഇടമാണ് ആൻഡമാൻ ദ്വീപ്.എന്റെ ഓരോ യാത്രയിലും ആൻഡമാൻ ദ്വീപിനെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കാറുണ്ട്.ആൻഡമാൻ യാത്രയിൽ ഏതൊരു സഞ്ചാരിയുടെയും മനസ്സിനെ പൊളളിക്കുന്ന കാഴ്ചകളാണ് സെല്ലുലാർ ജയിലിലേത്. ചരിത്ര സ്മാരകമായ സെല്ലുലാർ ജയിൽ സന്ദർശിക്കുമ്പോൾ ഏതൊരു ഇന്ത്യൻ പൗരന്റെയും ഹൃദയത്തിൽ ദേശീയത എന്ന വികാരം ഒരു കൊടുങ്കാറ്റ് പോലെ വന്നലക്കും.

shinith-patyam
ഷിനിത്ത് പാട്യം

കഴിഞ്ഞ ദിവസം ഡൊറാത്തിയൊ ഡൊക്മാന്റെ ഗ്വാണ്ടനാമൊയെന്ന നോവൽ വായിച്ചപ്പോൾ എന്റെ മനസ്സ് വീണ്ടും സെല്ലുലാർ ജയിലിലെ ക്രൂരതകൾ നടമാടിയ നാളുകളിലേക്ക് സഞ്ചരിച്ചു. ഓരോ തവണയും സെല്ലുലാർ ജയിൽ സന്ദർശിക്കുമ്പോൾ എവിടെ നിന്നോ ആരുടയൊക്കെയൊ നിലയ്ക്കാത്ത നിലവിളികൾ എന്റെ കാതിൽ വന്നലക്കുന്നതുപോലെ…

1906-ൽ പണി പൂർത്തിയായ സെല്ലുലാർ ജയിലിലെ ഓരൊ തടവുമുറിക്കും ചെറുത്ത് നിൽപ്പിന്റെയും ക്രൂര പീഡനങ്ങളുടെയും കഥകൾ പറയാനുണ്ടായിരുന്നു.
കലാപാനിയിലെ തടവറകളുടെ ഭിത്തികളിൽ നിന്നും ഇൻക്വിലാബിന്റെയും വന്ദേമാതരത്തിന്റെയും ഇടിമുഴക്കം കേൾക്കുന്നത് എനിക്ക് മാത്രമാണോ…
സെല്ലുലാർ ജയിലിന്റെ മുൻവശത്തുളള ആൽമരത്തിന്റെ വേരുകളിൽ ചോരയുടെ നിറമുളളതുപോലെ…..
ആയിരകണക്കിന് സ്വാതന്ത്ര്യ സമര പോരാളികളുടെ ചോരയും വിയർപ്പും കുതിർന്ന സെല്ലുലാർ ജയിലിലെ ക്രൂരതകളുടെ മൂകസാക്ഷിയായിരുന്ന ആൽമരത്തിന്റെ ശിഖരങ്ങളിൽ നിന്നും പുതിയ ഇലകൾ തളിർക്കുന്നുണ്ട്… വിടർന്നുനിൽക്കുന്ന ഏഴിതളുളള പൂവിന്റെ ആകൃതിയിൽ മൂന്ന് നിലയിൽ നിർമ്മിച്ച കെട്ടിട സമുച്ചയമാണ് സെല്ലുലാർ ജയിൽ.
ഏഴ് ബ്ലോക്കുകളുണ്ടായിരുന്ന ജയിലിന് ഇപ്പോൾ മൂന്ന് ബ്ലോക്കുകളെ ഉളളൂ. കെട്ടിടത്തിന്റെ മധ്യത്തിലുളള വാച്ച് ടവറിൽ നിന്നാൽ ജയിലിലെ ചെറു ചലനങ്ങൾ പോലും അറിയാൻ സാധിക്കും.ഞാൻ പതുക്കെ വാച്ച് ടവറിൽ കയറി.അവിടെ നിന്നും ഒരു പട്ടാളകാരനെ പോലെ വിദൂരതയിലേക്ക് ദൃഷ്ടി പായിച്ചു.

savarkar-jail-shinith-patyam-05
സെല്ലുലാർ ജയിൽ പകൽ ദൃശ്യം

റോസ്സ് ഐലന്റിലെ ഭീമൻ തൂണിൽ പാറിപറക്കുന്ന ത്രിവർണ്ണ പതാക എന്റെ കണ്ണുകളിലേക്കടുത്തു.. ഓരോ ജയിൽ മുറിയിൽ നിന്നും ഉയരുന്ന ഞരക്കങ്ങളും നിലവിളികളും കുറച്ചു നേരത്തേക്ക് എന്നെ സ്തബ്ദനാക്കി..!! സെല്ലുലാർ ജയിലിന്റെ ഒരറ്റത്തുളള മുറിയെ ലക്ഷ്യമാക്കി ഞാൻ നടന്നു. സവർക്കറുടെ സെല്ലിന്റെ മുന്നിലാണ് എന്റെ നടത്തം അവസാനിച്ചത്. സവർക്കർ ദീർഘകാലം താമസിച്ച സെല്ലുലാർ ജയിലിലെ മുറി ഒരു ആരാധനാലയം പോലെ സൂക്ഷിക്കുന്നുണ്ട്. സവർക്കർ തന്റെ യൗവ്വനകാലം മുഴുവൻ രാഷ്ട്രത്തിന് വേണ്ടി ഹോമിച്ച തടവുമുറി..!!

സവർക്കറിന്റെ ഓർമ്മകൾ സെല്ലുലാർ ജയിലിന്റെ മുക്കിലും മൂലയിലും തളം കെട്ടികിടക്കുന്നുണ്ട്… തടവുമുറിക്കുളളിൽ നിന്നും ഞാൻ ഇന്ത്യാ ചരിത്രത്തിലേക്ക് ഊളിയിട്ടു.
1911 ജൂലൈ 4 ന് ആണ് സവർക്കർ കലാപാനിയിൽ എത്തുന്നത്. ലണ്ടനിൽ വെച്ച് കൊല്ലപ്പെട്ട വില്ല്യം കഴ്സൺ വൈലിയുടെ കൊലപാതകത്തിന് മദൻ ലാൽ ദിംഗയെ പ്രേരിപ്പിച്ചു എന്നതായിരുന്നു സവർക്കർക്കെതിരെയുളള കുറ്റം.. സവർക്കറിനെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ വീരപുരുഷനായി അവരോധിച്ച് തുടങ്ങിയതിന്റെ പൊരുൾ എന്തായിരിക്കുമെന്ന് ഞാൻ പലവട്ടം ആലോചിച്ചു. സെല്ലുലാർ ജയിലിലെ കൊടിയ പീഢനങ്ങൾ സവർക്കറുടെ മനസ്സിന്റെ താളം തെറ്റിച്ചിരുന്നുവോ..? സവർക്കർ ഉൾപ്പെട്ട ഒരു കേസിൽ പോലും അദ്ധേഹം ആയുധം കൈയ്യിലെടുത്തിരുന്നില്ല. എല്ലാറ്റിലും വധത്തിന് പ്രേരണ നൽകി. തന്റെ പങ്കാളിത്തം സമർത്ഥമായി മറച്ചു വെച്ചു. മറ്റ് വിപ്ലവകാരികളിൽ നിന്നും വിഭിന്നമായ പ്രവർത്തനം.

savarkar-jail-shinith-patyam-09

സവർക്കറിന്റെ സെല്ലിനകത്തുളള മരകട്ടിലിന്റെ സമീപം അദ്ദേഹത്തിന്റെ ഛായചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. 1913-ൽ ഈ കട്ടിലിൽ ഇരുന്നു കൊണ്ടായിരിക്കാം സവർക്കർ തന്റെ ആദ്യ ദയാഹർജി തയ്യാറാക്കിയിട്ടുണ്ടാവുക. സവർക്കർ ബ്രിട്ടിഷുകാർക്ക് എഴുതിയ മാപ്പപേക്ഷകളിലെ മഷിയുടെ മണം തടവ് മുറിക്കുളളിൽ കെട്ടി നിൽക്കുന്നുണ്ട്.
’ബ്രിട്ടീഷ് ഗവൺമെന്റ് നിർദ്ധേശിക്കുന്ന മട്ടിൽ പെരുമാറും,എന്റെ മാറ്റം മനഃസാക്ഷിക്ക് നിരക്കുന്നതാണ്.എന്നെ ഇവിടുന്നു വിട്ടയച്ചാൽ തടവറയിൽ കഴിയുന്നതുപോലെ തന്നെ നിൽക്കാം. അധികാര കേന്ദ്രത്തിനു മാത്രമേ കരുണകാട്ടാൻ കഴിയൂ.ബ്രിട്ടീഷ് സർക്കാരിന്റെ പിതൃസഹജമായ കവാടങ്ങൾക്കുളളിലല്ലാതെ മറ്റെവിടെയാണ് മുടിയനായ പുത്രന് മടങ്ങി ചെല്ലാനൊക്കുക’
ആദ്യ മാപ്പപേക്ഷയിൽ സവർക്കറിന്റെ ബ്രിട്ടീഷ് വിധേയത്വം മുഴച്ച് നിൽക്കുന്നുണ്ട്.

savarkar-shinith-patyam-01
സെല്ലുലാർ ജയിലിലെ സവർക്കറുടെ സെല്ലിനകത്തെ പഴയ കട്ടിലും പിന്നീട് സ്ഥാപിച്ച ചിത്രവും

ദേശാഭിമാനം,ത്യാഗസന്നദ്ധത,ധീരത,ഉന്നതമായ നിലവാരം എന്നീ സവിശേഷതയൊന്നും
പുലർത്താത്ത ഒരു മനുഷ്യനെ ‘വീർ’ എന്ന് അഭിസംബോധന ചെയ്യുന്നതിന്റെ ഔചിത്യം എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല.
സവർക്കർ സെല്ലിൽ നിന്നും പുറത്തു കടന്ന ഞാൻ വാച്ച് ടവറിന് താഴെയുളള ഇടനാഴിയിൽ കൂടി മുന്നോട്ട് നടന്നു.

‘മാഷേ….’ഒരു സെല്ലിനകത്ത് നിന്നും ആരോ വിളിച്ചതുപോലെ. ഞാൻ പതുക്കെ ആ തടവുമുറിക്കകത്തേക്ക് പ്രവേശിച്ചു.തടവ് മുറിക്കകത്ത് ഇരുട്ട് കനത്തുവരുന്നത് പോലെ.. സെല്ലിനകത്ത് നിശബ്ദത തളം കെട്ടി നിൽക്കുന്നുണ്ട്.. തടവ് മുറിയുടെ ചുമരിൽ സഞ്ചാരികൾ കോറിയിട്ട വാക്കുകൾ ഞാൻ ശ്രദ്ധിച്ചു.
അത് ഷേർ അലിയെ കുറിച്ചായിരുന്നു.. പോർട്ട് ബ്ലയറിൽ സെല്ലുലാർ ജയിൽ നിർമ്മിക്കുന്നതിന് മുമ്പ് വൈപ്പർ ദ്വീപിലാണ് തടവുപുളളികളെ പാർപ്പിച്ചിരുന്നത്. വൈസ്രോയിയായ മായോ പ്രഭുവിനെ കുത്തികൊന്ന് ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ ബ്രിട്ടീഷുകാരരെ വിറപ്പിച്ച പോരാളിയായിരുന്നു ഷേർ അലി.

savarkar-jail-shinith-patyam-01
സവർക്കർ സെൽ

1872 മാർച്ച് 11ന് വൈപ്പർ ദ്വീപിൽ വെച്ച് ഷേർ അലി തൂക്കിലേറ്റപ്പെട്ടു. ആൻഡമാനിൽ കുരുതികൊടുക്കപ്പെട്ട നൂറ്കണക്കിന് സ്വാതന്ത്യ സമര പോരാളികളിൽ ഷേർ അലി ഒരു ഇതിഹാസ നായകനായി ജ്വലിച്ച് നിൽക്കുന്നുണ്ട്. എന്നാൽ ഷേർ അലിയെപോലുളള രക്തസാക്ഷികളുടെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ ചരിത്രത്തിന്റെ വിസ്മൃതിയിലേക്ക് തളളപ്പെടുകയും സവർക്കറെ പോലുളളവർ ഏറെ വാഴ്ത്തപെടുകയും ചെയ്തു.. ഷേർ അലിയുടെ ജ്വലിക്കുന്ന ഓർമ്മകൾ പകർന്നു തന്ന തടവറയിലെ മുറിക്കകത്തു നിന്ന് ഞാൻ പുറത്തിറങ്ങി. പുറത്ത് നല്ല മഴ പെയ്യുന്നുണ്ട്.സ്വാതന്ത്ര്യ സമര പോരാളികളെ തൂക്കിലേറ്റിയിരുന്ന വിശുദ്ധ ഇടത്തിലേക്ക് മഴയെ വകവെക്കാതെ ഞാൻ നീങ്ങി.

കഴുത്തിൽ കയർ മുറുകുമ്പോഴും വന്ദേമാതരം വിളിച്ചവരെയാണ് നാം വീരരും ധീരരുമായി പരിഗണിക്കേണ്ടത്. ദീർഘകാലം സെല്ലുലാർ ജയിലിലെ ഇരുട്ടുമുറിയിൽ കിടന്ന സവർക്കറിന് പലപ്പോഴും തന്റെ കൂടെയുളള മറ്റ് ദേശീയ വാദികൾക്ക് ലഭിക്കാത്ത കുറേ ഇളവുകൾ മേടിച്ചെടുക്കാൻ സാധിച്ചിരുന്നു. ഭാരതീയ ദേശീയതയുടെ പ്രതീക പദവിയിലേക്ക് താൻ ജനങ്ങളാൽ നയിക്കപ്പെടുന്ന മഹനീയ സ്വപ്നങ്ങൾ സവർക്കറെ പലപ്പോഴും ഉൻമാദിയാക്കി. ജയിൽ മോചിതനായി ആൻഡമാനിൽ നിന്നും ഇന്ത്യയുടെ മെയിൻ ലാൻഡിലേക്ക് തിരിച്ചു വന്ന സവർക്കർ;താൻ സ്വപ്നം കണ്ട ഇടം ഗാന്ധി കൈയ്യടക്കിയത് കണ്ടപ്പോൾ അദ്ദേഹത്തിന്റെ മനസ്സ് തകർന്നു.
ബ്രിട്ടീഷ് ഭരണാധികാരികളോട് പലവട്ടം ക്ഷമായാചനം നടത്തുകയും ദേശീയ പ്രസ്ഥാനമായ കോൺഗ്രസിനെ എതിർക്കാൻ ബ്രിട്ടീഷുകാരുടെ കൂടെ പ്രവർത്തിക്കാമെന്ന് സമ്മതിക്കുകയും ചെയ്ത സവർക്കർ എങ്ങനെ വീര നായകനായി..? 2002-ൽ അദ്വാനിയും കൂട്ടരും സവർക്കറെ ദേശീയ വീര നായകനായി പ്രഖ്യാപിച്ചു.
സവർക്കർ ഒരുകാലത്ത് സ്വപ്നം കണ്ട ദേശീയതയുടെ പ്രതീക പദവിയിൽ നിന്ന് ഗാന്ധിയെ സ്ഥാനഭ്രഷ്ടനാക്കി അവിടെ സവർക്കറെ അവരോധിക്കാനുളള ശ്രമങ്ങൾ ഹിന്ദുത്വ വാദികൾ നടത്തി കൊണ്ടിരിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് ഉത്കൃഷ്ടമായ ഒരു സംഭാവനയും നൽകാത്ത മനുഷ്യനെ വീര പുരുഷനായി അവതരിപ്പിക്കാൻ ചരിത്ര പുസ്തകങ്ങളിൽ നുണകോട്ടകൾ കെട്ടിപൊക്കാൻ ഭരണകൂടം തന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നു.
ആൻഡമാൻ ദ്വീപിലെ പോർട്ട് ബ്ലയർ വിമാനതാവളത്തിന്റെ പേര് വീർ സവാർക്കർ എന്ന് പുനർനാമകരണം ചെയ്തത് തന്നെ ഷേർ അലിയെ പോലുളളവരുടെ രക്തസാക്ഷിത്വത്തെ അപമാനിക്കുന്നതിന് തുല്ല്യമാണ്. 1923-ൽ സവർക്കർ എഴുതിയ ഉപന്യാസത്തിൽ അത്യന്തം അപകടകരമായ ഹിന്ദുത്വം, ദ്വിരാഷ്ട്ര വാദം എന്നീ സങ്കല്പങ്ങൾ അദ്ധേഹം മുന്നോട്ട് വെച്ചു. സവർക്കറുടെ ഹിന്ദുത്വത്തിന് ഹിന്ദു മതവുമായി യാതൊരു ബന്ധവും ഇല്ല. മതദർശനവുമായി ബന്ധമില്ലാത്ത നിരീശ്വരവാദിയും വിദ്വേഷ രാഷ്ട്രീയത്തിനായി ചരിത്രത്തെ വളച്ചൊടിച്ച വെറും രാഷ്ട്രീയ പ്രവർത്തകനായിരുന്നു വിനായക ദാമോദർ സവർക്കർ.

savarkar-jail-shinith-patyam-02
സവർക്കർ ഭക്ഷണം കഴിച്ച പാത്രങ്ങൾ

മഹാൻമാരായ വിവേകാനന്ദനോ രാമതീർത്ഥരോ ഹിന്ദുത്വം എന്ന പദം ഉപയോഗിച്ചിരുന്നില്ല. വിവേകാനന്ദനും മറ്റ് സന്യാസികളും പിൻപറ്റിയ ഹിന്ദു മതം പുരാതനവും
മഹത്തരവുമാണ്. സവർക്കറിന്റെ ഹിന്ദുത്വം മനുഷ്യമനസുകളിൽ വിദ്വേഷം ജനിപ്പിക്കുന്നു. സവർക്കർ പ്രചരിപ്പിച്ച തീവ്ര ദേശീയത;ഹിന്ദു ദേശീയത ആയിരുന്നു. അതൊരിക്കലും ഇന്ത്യൻ ദേശീയത അല്ലായിരുന്നു. തന്റെ സ്ഥാനം തട്ടിയെടുത്ത ആളായിട്ടാണ് ഗാന്ധിയെ സവർക്കർ എന്നും കണ്ടിട്ടുളളത്.

savarkar-jail-shinith-patyam-08

1948 ജനുവരി 30ന് ഗാന്ധിയെ വധിച്ചപ്പോൾ സവർക്കറായിരുന്നു കേസിലെ ഏഴാം പ്രതി. സവർക്കറെ കേസിൽ നിന്നും ഒഴിവാക്കാൻ ശ്യാമപ്രസാദ് മുഖർജി പട്ടേലിനെ നിരവധി തവണ സമീപിച്ചിരുന്നു.ഗാന്ധിവധ കേസിൽ മാപ്പു സാക്ഷിയായ ദിഗംബർ ബാഡ്ജെ എല്ലാ രഹസ്യങ്ങളും വെളിപെടുത്തി. സവർക്കർക്ക് ഗാന്ധി വധത്തിൽ ബന്ധമുളള കാര്യമുൾപ്പെടെ.. ഇന്ത്യൻ ദേശിയ പതാകയെ പോലും അംഗീകരിക്കാത്ത വ്യക്തിയെ ഒരു രാഷ്ട്രത്തിന്റെ വീരപുരുഷനാക്കുന്ന രാഷ്ട്രീയ തന്ത്രം അപകടകരമാണ്.
’ചുരുങ്ങിയത് മൂന്ന് രാഷ്ട്രീയ കൊലപാതകങ്ങൾ നിയന്ത്രിച്ച അജ്ഞാത ഹസ്തങ്ങളുടെ ഉടമയായ മതഭ്രാന്തൻ’ എന്നാണ് വിഖ്യാത എഴുത്തുകാരായ ലാരി കോളിൻസും ഡൊമിനിക് ലാപ്പിയറും സവർക്കറെ വിശേഷിപ്പിച്ചത്. കലാപാനിയിൽ മഴ കനക്കുകയാണ്… ഇടിയും മിന്നലും ജയിൽ ഭിത്തികളിൽ പ്രകമ്പനം തീർക്കുന്നുണ്ട്…
സാമ്രാജ്യത്വ- അധിനിവേശ ശക്തികൾക്ക് എതിരായിട്ടുളള പോരാട്ടത്തിൽ രക്തസാക്ഷിയായവരെ ചരിത്രത്തിന്റെ പുറംപോക്കിലേക്ക് തളളി;ദേശീയ സ്വാതന്ത്ര്യ സമരത്തിൽ ബ്രിട്ടീഷുകാരോട് വിധേയത്വം കാണിച്ചവരെ വീരനായകരാക്കുന്ന കപട ദേശീയ വാദികളെ മനസ്സിലാക്കാൻ നമുക്ക് സാധിക്കണം.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here