വേദാധികാരനിരൂപണവും ശൂദ്രാധികാരസ്ഥാപനവും

0
1261

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം
ഡോ. ടി. എസ്. ശ്യാംകുമാർ

ചട്ടമ്പിസ്വാമികൾ രചിച്ച ‘വേദാധികാരനിരൂപണം’ എന്ന ഗ്രന്ഥം ഏവർക്കും വേദം ചൊല്ലാനും പഠിക്കാനും അവകാശാധികാരങ്ങൾ സ്ഥാപിച്ചെടുക്കുന്ന; വേദപാരമ്പര്യം സമൂഹത്തിലെ മുഴുവൻ ജനവിഭാഗങ്ങൾക്കായി തുറന്നു നല്കുകയും ചെയ്യുന്ന വിധ്വംസാത്മകമായ വിമർശനഗ്രന്ഥമായി പൊതുവെ വിലയിരുത്തി പോരുന്നുണ്ട്. ചട്ടമ്പിസ്വാമികളെ നവോത്ഥനനായകനായി ചരിത്രഭാവന ചെയ്യുമ്പോൾ അതിൽ വേദാധികാരനിരൂപണത്തിനും സുപ്രധാനമായ സ്ഥാനമുണ്ട്. ബ്രാന്മണ്യ വ്യവസ്ഥയുടെ കുത്തകയായി നിലനിന്നുപോരുന്ന വേദങ്ങളെ ഏവർക്കും പഠനപാഠനങ്ങൾക്കായി അവകാശമുള്ള ഗ്രന്ഥസമുച്ചയമായി അടയാളപ്പെടുത്തുന്നു എന്നതാണ് വേദാധികാരനിരൂപണത്തിൻറെ പ്രാധാന്യമെന്നും പൊതുവായി വിലയിരുത്തി പോരുന്നുണ്ട്. എന്നാൽ എല്ലാവർക്കും അധികാര അവകാശങ്ങൾ വേദപാരമ്പര്യത്തിനു മുകളിൽ സ്ഥാപിച്ചെടുക്കുന്ന ഒന്നല്ല വേദാധികാരനിരൂപണമെന്ന് ഗ്രന്ഥപാരായണത്തിൽ നിന്നും വ്യക്തമാവുന്നുണ്ട്. അടിസ്ഥാനപരമായി തന്നെ വേദപാഠങ്ങളിൽ ശൂദ്രജനതയ്ക്ക് അധികാരമുണ്ടെന്ന് സ്ഥാപിക്കാനാണ് വേദാധികാരനിരൂപണം ശ്രമിക്കുന്നത്.

ആരാണ് കേരള ശൂദ്ര൪?

ബ്രാഹ്മണർ, ക്ഷത്രിയ൪, വൈശ്യ൪, ശൂദ്ര൪ എന്ന് വ്യക്തമായി തരംതിരിക്കാനാവുന്ന വിധത്തിൽ കേരളത്തിൽ ചാതുർവർണ്യ വ്യവസ്ഥ നിലനിന്നിരുന്നില്ല. അതിന് കാരണം സങ്കീർണമായി പ്രവർത്തിച്ചിരുന്ന ബ്രാഹ്മണ്യ ജാതിവ്യവസ്ഥയാണ് കേരളത്തിൽ നിലനിന്നിരുന്നത്. ക്ഷത്രിയർ എന്ന് പറയാനാവുന്ന വിധത്തിൽ കേരളത്തിൽ നാടുവാഴികളോ രാജാക്കന്മാരോ ഉണ്ടായി വന്നിരുന്നില്ല. ക്ഷത്രിയപദവി ലഭിക്കാൻ ഹിരണ്യഗർഭം നടത്തിയ നാടുവാഴി പ്രഭുക്കൾ ജീവിച്ച നാടായിരുന്നു കേരളം. പലപ്പോഴും ക്ഷത്രിയർ എന്ന് അവകാശപ്പെട്ടവരുടെ ക്ഷത്രിയത്വം ആരോപിതമായിരുന്നു. കേരളത്തിലെ നായർജനതയെ ബ്രാഹ്മണർ ശൂദ്രരായിട്ടാണ് കണക്കാക്കിയിരുന്നത്. “കേരളത്തിൽ പണ്ട് ചാതുർവർണ്യം ബ്രാഹ്മണ- ക്ഷത്രിയ-വൈശ്യ – ശൂദ്രന്മാർ എന്ന നാല് ജാതികൾ ഉണ്ടായിരുന്നില്ല; ദ്വൈവർണ്യം, രണ്ടു ജാതികൾ മാത്രമാണുണ്ടായിരുന്നത്. അത് ബ്രാഹ്മണരും ശൂദ്രരും മാത്രമായിരുന്നു.” ഇന്ന് കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് (ആര്യന്മാരുടെ കുടിയേറ്റം) പ്രസ്താവിക്കുന്നുണ്ട്. “….കേരളത്തിൽ അതിൻറെ നല്ല കാലത്ത് ക്ഷത്രിയരെന്ന പോലെ തന്നെ വൈശ്യരുമുണ്ടായിരുന്നില്ല. അങ്ങനെ ചാതുർവർണ്യത്തിന് പകരം ദ്വൈവർണ്യമേ ഉണ്ടായിരുന്നുള്ളൂ. […] അതിൽ ബുദ്ധികൊണ്ട് ചെയ്യേണ്ടതെല്ലാം ബ്രാഹ്മണരും ദേഹം കൊണ്ട് വേണ്ടതെല്ലാം ശൂദ്രരും നിർവഹിച്ചു പോന്നു” എന്നും കാണിപ്പയ്യൂർ രേഖപ്പെടുത്തുന്നു.

കാണിപ്പയ്യൂർ പരാമർശിക്കുന്ന ശൂദ്രന്മാർ ആരാണെന്നാണ് ഇനി അറിയേണ്ടത്. ചട്ടമ്പിസ്വാമികൾ അദ്ദേഹത്തിൻറെ പ്രാചീനമലയാളം എന്ന ഗ്രന്ഥത്തിൽ “മലയാളബ്രാഹ്മണശബ്ദവും മലയാള ശൂദ്രശബ്ദവുമാണ് ഇവിടുള്ള കുഴപ്പങ്ങൾക്ക് പ്രധാന ഹേതുക്കൾ” എന്ന് നിരീക്ഷിക്കുന്നുണ്ട്. തുടർന്ന് ചട്ടമ്പിസ്വാമികൾ വ്യക്തമാക്കുന്നത്, “ബ്രാഹ്മണർ മലയാളി നായന്മാരെ ശൂദ്ര൪” എന്ന് പ്രയോഗിച്ചു പോരുന്നു എന്നാണ്. ബ്രാഹ്മണർ നായന്മാരെപ്പറ്റി എഴുതിയ ഗ്രന്ഥങ്ങളിലും ശൂദ്ര൪ എന്നു പ്രയോഗിച്ചിരുന്നതായി ചട്ടമ്പിസ്വാമികൾ രേഖപ്പെടുത്തുന്നുണ്ട്. ബ്രാഹ്മണർ തുടങ്ങിവച്ച ശൂദ്ര പ്രയോഗം നായർ സമുദായം കാലക്രമത്തിൽ സ്വമേധയാ ഏറ്റെടുക്കുകയും സമ്പൂർണ്ണ ശൂദ്രരായി അവർ പരിണമിക്കുകയും ചെയ്തു എന്നും പ്രാചീനമലയാളത്തിൽ പ്രസ്താവിക്കുന്നു. ബ്രാഹ്മണർ നായന്മാരെയാണ് ശൂദ്രരായി കണ്ടിരുന്നതെന്നും, കേരളത്തിലെ ശൂദ്ര൪, നായർ ജനവിഭാഗമായിരുന്നു എന്നുമാണ് ചട്ടമ്പിസ്വാമികളുടെ വാക്കുകൾ വ്യക്തമാക്കുന്നത്. “നായരെ ചാതുർവർണ്യത്തിലെ നാലാമത്തെ വർണമായ ശൂദ്രർ ആയി താഴ്ത്തുകയും അതിന് രാജ്യാധികാരം അര നിൽക്കുകയും ചെയ്തതിനു ശേഷവും, നായർ, നാട്ടിൻറെ സംരക്ഷകനും നമ്പൂതിരിയുടെ ഭൃത്യനുമെന്ന വിഭിന്ന ജീവിതശൈലി ജാതിഗർവ൦ വിടാതെ തന്നെ സ്വീകരിച്ചു ജീവിച്ചു എന്ന വൈവിധ്യമാർന്ന കാഴ്ചയാണ് നായർ സമുദായത്തെ കുറിച്ചോർക്കുമ്പോൾ നടാടെ മുന്നിലെത്തുക… ” എന്ന് പി ഭാസ്കരനുണ്ണി യും (പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം) രേഖപ്പെടുത്തുന്നുണ്ട്. ചരിത്രത്തിൽ ബ്രാഹ്മണദാസരായിത്തീരുകയും ബ്രാഹ്മണ്യവ്യവസ്ഥയുടെ സംരക്ഷകനായി നിലനിന്ന, അതേസമയം തന്നെ ശൂദ്രത്വത്താലു൦ ദാസ്യത്വത്താലു൦ ഹീനമാക്കപ്പെട്ട നായർ ജനതയെ ശൂദ്രത്വത്തിൽ നിന്നും വിമോചിപ്പിച്ച് ബ്രാഹ്മണർക്കും മുകളിലുള്ള പദവിയിൽ പ്രതിഷ്ഠിക്കാനാണ് ചട്ടമ്പിസ്വാമികൾ ശ്രമിച്ചത്.

ശൂദ്രാധികാരത്തിനായുള്ള വേദാധികാരനിരൂപണം

ശൂദ്രപദവിയുടെ ഹീനത്വത്തിൽ നിന്നും വിടുവിച്ച്‌ ശൂദ്രരാക്കപ്പെട്ട ഒരു ജനവിഭാഗത്തെ മലയാളനാടിന്റെ അവകാശികളാക്കാനാണ് ‘പ്രാചീനമലയാള’ ത്തിലൂടെ ചട്ടമ്പിസ്വാമികൾ ശ്രമിച്ചത്. ബ്രാഹ്മണർ കേരളത്തിൽ അധിവസിക്കുന്നതിനു മുൻപ് തന്നെ കേരളത്തിന്റെ യഥാർത്ഥ അവകാശികൾ നായർജനതയാണെന്നാണ് ചട്ടമ്പിസ്വാമികൾ സ്ഥാപിച്ചെടുക്കുന്നത്. ബ്രാഹ്മണ്യദാസ്യത്തിലൂടെയും ശൂദ്രത്വത്തിലൂടെയും ഹീനമാക്കപ്പെട്ട ശൂദ്രജനതയെ ഒരു വേള ബ്രാഹ്മണരോടൊപ്പമോ അതിനു മുകളിലോ സ്ഥാനപ്പെടുത്തുക എന്നതായിരുന്നു പ്രാചീനമലയാളത്തിലൂടെ ചട്ടമ്പിസ്വാമികൾ ശ്രദ്ധ ചെലുത്തിയ അതിപ്രധാന വിഷയം. ഇത്തരമൊരു സാമൂഹിക – രാഷ്ട്രീയ സന്ദർഭത്തെ സാധൂകരിക്കുന്ന ഗ്രന്ഥപാഠമാണ് വേദാധികാര നിരൂപണം.
ശൂദ്രർക്കും വേദാധികാരമുണ്ടെന്ന് സ്ഥാപിക്കാനായി ഛാന്ദോഗ്യോപനിഷത്തിലെ ജാനശ്രുതി എന്ന ശൂദ്രൻ വേദാഭ്യാസം ചെയ്തതിന്റെയും; ഐതരേയ ബ്രാഹ്മണത്തിലെ കവഷൻ എന്ന ‘വേടൻ’ (ചട്ടമ്പിസ്വാമിയുടെ പ്രയോഗമാണ് വേടൻ) വേദാധ്യയനം ചെയ്തതിന്റെയും; കക്ഷീവാൻ എന്ന ശൂദ്രപുത്രൻ വേദാധ്യയനം ചെയ്തതിന്റെയുമൊക്കെ നിരവധി സാക്ഷ്യപത്രങ്ങൾ ചട്ടമ്പിസ്വാമികൾ ഹാജരാക്കുന്നുണ്ട്. ” …. വേദത്തിൽ ഒരു സ്ഥലത്ത് ക്ഷത്രിയാദികൾക്ക് അധ്യാപനവും, ശൂദ്രന് അധ്യയനവും പാടില്ലാ എന്ന് വിധിച്ചിരുന്നാൽ പോലും മറ്റുള്ള ഭാഗങ്ങളിൽ ആദരിച്ചിരിക്കുന്ന ആചാരബലത്താൽ ക്ഷത്രിയാദികൾക്ക് അധ്യാപനവും ശൂദ്രന് അധ്യയനവും ചെയ്യാമെന്ന് നിർവിവാദമായി ഏർപ്പെടുന്നു” എന്ന് ചട്ടമ്പിസ്വാമികൾ സുചിന്തിതമായി അഭിപ്രായപ്പെടുന്നു. ശൂദ്രർക്ക് വേദാധികാരമുണ്ടെന്ന് സ്ഥാപിക്കാനായി ദാസീപുത്രനായ സത്യകാമജാബാലന്റെ കഥയും സൂതസംഹിത രചിച്ച ശൂദ്രനായ ഗ്രന്ഥകർത്താവിനെയുമൊക്കെ കുറിച്ച് ചട്ടമ്പിസ്വാമികൾ വിപുലമായി തന്നെ ചർച്ച ചെയ്യുന്നുണ്ട്. “ഓടക്കാരിയുടെ മകനായ പരാശരനും മുക്കുവത്തിയുടെ മകനായ വ്യാസനും വേദങ്ങളെ ഓതിയല്ലോ. അവരും ബ്രാഹ്മണർ തന്നെ”. എന്ന് വേദാധികാര നിരൂപണത്തിൽ ശൂദ്രന്റെ വേദാധികാരത്തെ സ്ഥാപിക്കാനായി എഴുതിയിരിക്കുന്നു.
സുചിന്തിതമായി അഭിപ്രായപ്പെടുന്നു. ശൂദ്രർക്ക് വേദാധികാരമുണ്ടെന്ന് സ്ഥാപിക്കാനായി ദാസീപുത്രനായ സത്യകാമജാബലന്റെ കഥയും സൂതസംഹിത രചിച്ച ശൂദ്രനായ ഗ്രന്ഥകർത്താവിനെയുമൊക്കെ കുറിച്ച് ചട്ടമ്പിസ്വാമികൾ വിപുലമായി തന്നെ ചർച്ച ചെയ്യുന്നുണ്ട്. “ഓടക്കാരിയുടെ മകനായ പരാശരനും മുക്കുവത്തിയുടെ മകനായ വ്യാസനും വേദങ്ങളെ ഓതിയല്ലോ. അവരും ബ്രാഹ്മണർ തന്നെ”. എന്ന് വേദാധികാര നിരൂപണത്തിൽ ശൂദ്രന്റെ വേദാധികാരത്തെ സ്ഥാപിക്കാനായി എഴുതിയിരിക്കുന്നു.

ബ്രാഹ്മണ്യവ്യവസ്ഥയിലേക്ക് ഉൾച്ചേർക്കുന്നതിനു വേണ്ടി ഹിന്ദുത്വ ശക്തികൾ ഉന്നയിക്കുന്ന കർമബ്രാഹ്‌മണ്യവാദത്തെയാണ് ചട്ടമ്പിസ്വാമികളും ശൂദ്രർക്ക് വേദാധികാരത്തെ സ്ഥാപിക്കാനായി പ്രമാണമായി ഉദ്ധരിക്കുന്നത്. കർമം കൊണ്ട് തന്നെ ബ്രാഹ്മണ്യം സിദ്ധിക്കുന്നു എന്നും “ജന്മനാ ജായതേ ശൂദ്ര: / കർമണാ ജായതേ ദ്വിജഃ” എന്ന പ്രമാണമനുസരിച്ച്‌ ജന്മം കൊണ്ട് എല്ലാവരും ശൂദ്രരാണെന്നും കർമം കൊണ്ടാണ് ബ്രാഹ്മണ്യം കൈവരുന്നതെന്നുമുള്ള കർമബ്രാഹ്മണ്യസിദ്ധാന്തമാണ് ചട്ടമ്പിസ്വാമി ഇവിടെ ഉന്നയിക്കുന്നത്. ജന്മത്താൽ ക്ഷത്രിയനായ വിശ്വാമിത്രൻ ബ്രാഹ്മണനായതിനെ കുറിച്ചും ജന്മനാ ശൂദ്രനായ കവഷൻ ബ്രഹ്‌മണനായെന്നു മാത്രമല്ല മഹർഷിയായി തീർന്നുവെന്നും ചട്ടമ്പിസ്വാമികൾ പറഞ്ഞുവയ്ക്കുന്നു, ഇങ്ങനെ നിരവധി ഉദാഹരണങ്ങളിലൂടെ “ബ്രാഹ്മണർക്കും സമമായ ശൂദ്രർക്കും വേദത്തെ അഭ്യസിക്കാമല്ലോ”എന്ന് ചട്ടമ്പിസ്വാമികൾ പ്രസ്താവിക്കുന്നു. ശൂദ്രർ വേദം പഠിച്ചാൽ വേദത്തിന്റെ മഹിമ കുറഞ്ഞു പോകുമോ (?) എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. ക്രിസ്ത്യ-മഹമ്മദീയാദി സകലരും അവരവരുടെ പ്രമാണങ്ങൾ എല്ലാവർക്കും പഠിക്കാമെന്ന് വച്ചിരിക്കുമ്പോൾ വേദം ശൂദ്രാദികൾക്ക് അനുവദനീയമല്ലെന്ന് വരുന്നത് എന്തു കൊണ്ടാണെന്നാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. സെമറ്റിക് മത മാതൃകയിൽ ‘ഹിന്ദു’മത പ്രമാണങ്ങളെയും സമപ്പെടുത്തുന്ന ഒരു യുക്തി ചട്ടമ്പിസ്വാമിയിലും പ്രവർത്തിച്ചിരുന്നു എന്നാണ് ഈ സന്ദർഭം ബോധ്യപ്പെടുത്തുന്നത്. “ആകയാൽ ആരഭ്യസിച്ചാലും വേദത്തിന്റെ മഹിമയ്ക്ക് യാതൊരു കുറവും ഉണ്ടാകയില്ല. അല്ലാതെയും ശൂദ്രാദികളുടെ സ്ഥിതി ഒരു കാലത്ത്‌ താഴന്നനിലയിലായിരുന്നാലും മറ്റൊരു കാലത്ത് നന്നായി വന്നു കൂടെന്നില്ല. ആകയാൽ ഇഷ്ടവും സദാചാരവും ഉള്ളവരെല്ലാവരും ജ്ഞാനസമ്പാദനത്തിന് പാത്രങ്ങൾ തന്നെ” എന്ന് ചട്ടമ്പിസ്വാമികൾ വേദാധികാരനിരൂപണം ഉപസംഹരിക്കുന്നു.

ബ്രാഹ്മണ്യത്താൽ ഹീനരാക്കപ്പെട്ട ദാസരാക്കപ്പെട്ട ഒരു ജനവിഭാഗത്തെ (ശൂദ്രരെ) ഭൂമിയുടെയും അറിവിന്റെയും സമ്പൂർണാധികാരികളാക്കുക എന്ന ലക്ഷ്യമാണ് പ്രാചീനമലയാളത്തിലും വേദാധികാരനിരൂപണത്തിലും തെളിഞ്ഞു കാണുന്നത്. പ്രധാനമായും ശൂദ്രർക്ക് വേദാധികാരമുണ്ടെന്ന് സ്ഥാപിക്കാനാണ് വേദാധികാരനിരൂപണം രചിക്കപെട്ടതെന്ന് പ്രസ്തുത ഗ്രന്ഥത്തിന്റെ സൂക്ഷ്മപഠനത്തിലൂടെ ബോധ്യപ്പെടാവുന്നതേയുള്ളു. ദളിതർക്കോ മറ്റ് പിന്നോക്ക ജാതി വിഭാഗങ്ങൾക്കോ വേദാധികാരമുണ്ടെന്ന് സ്ഥാപിക്കാനായി രചിക്കപ്പെട്ട ഒന്നല്ല വേദാധികാരനിരൂപണമെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്.

ഹിന്ദുത്വബ്രാഹ്മണ്യം സർവഗ്രാഹകമായി ഇന്ത്യൻ സമൂഹത്തെ സമാവേശിക്കുമ്പോൾ ജാതിമൂല്യങ്ങളെയും ശ്രേണീകൃത അസമത്വത്തെയും സാധൂകരിക്കുന്ന വേദപാഠങ്ങളിൽ ദളിത – കീഴോർ സമൂഹങ്ങൾ അവകാശമുന്നയിക്കുന്നത് ദളിത് വിമോചനത്തിന്റെയും സ്ത്രീ വിമോചനത്തിന്റെയും രാഷ്ട്രീയത്തെ നിഷ്‌ഫലമാക്കാൻ മാത്രമേ ഉപകരിക്കൂ. ചരിത്രത്തിന്റെ ഒരു സവിശേഷഘട്ടത്തിൽ കേരളത്തിലെ ശൂദ്രവിഭാഗത്തെ ഭൂമിയുടെയും അറിവിന്റെയും അവകാശികളാക്കിത്തീർക്കുന്നതിനു സൈദ്ധാന്തിക സാധൂകരണം തേടുകയായിരുന്നു വേദാധികാരനിരൂപണം. എന്നാൽ ജാതിവ്യവസ്ഥയുടെയും അസമത്വ സാമൂഹ്യരൂപങ്ങളുടെയും മൂല്യപാഠങ്ങളായ വേദശാസ്ത്രങ്ങൾ ഡൈനാമിറ്റ് വച്ച് തകർക്കണം എന്നാണ് ഡോ.ബി .ആർ .അംബേദ്‌കർ അനിഹിലേഷൻ ഓഫ് കാസ്റ്റിൽ ഉത്‌ബോധിപ്പിച്ചത്. ബ്രാഹ്മണസാഹിത്യങ്ങൾ ദൂരേക്ക് വലിച്ചെറിഞ്ഞു ആധുനിക വിദ്യാഭ്യാസം കരസ്ഥമാക്കാൻ ആഹ്വാനം ചെയ്ത ഫൂലയുടെയും സാവിത്രി ഭായിയുടെയും ചരിത്രപഥങ്ങളിലാണ് കീഴോർജനതയുടെ രാഷ്ട്രീയ വിമോചനത്തിന്റെ ധാര കുടികൊള്ളുന്നത്.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here