കാശിയിലെ ചായകൾ : ഭാഗം 2

0
1082
Nazar Bandu

യാത്ര
നാസർ ബന്ധു

രാവിലെ എഴുന്നേറ്റ് ചായക്കട തേടി നടക്കുക എന്നത് നല്ല ഭംഗിയുള്ള കാര്യമാണ്. താമസസ്ഥലത്ത് നിന്ന് ഇറങ്ങി ഒരു ഗലിയിലൂടെ നടന്നു.നേരെ ചെന്ന് എത്തിയത് അവിടത്തെ പാൽ വിൽക്കുന്ന ചന്തയിലേക്കാണ്. സൈക്കിളിലും ബൈക്കിലും ഇരുവശത്തും പാൽ നിറച്ച വലിയ പാത്രങ്ങളുമായി ധാരാളം ആളുകൾ വരികയും പാൽ അളന്ന് വിൽക്കുകയും ചെയ്യുന്നുണ്ട് .

അവിടുന്നും മുന്നോട്ട് പോകുമ്പോഴാണ് വേറൊരു കാഴ്ച കണ്ടത്. പല വലിപ്പത്തിലുള്ള മൺ ചായ ഗ്ലാസുകൾ വിൽക്കുന്ന ഒരു കടയായിരുന്നു അത്. ഒറ്റതവണ ഉപയോഗിച്ച് കളയുന്ന പല വലിപ്പത്തിലും ഡിസൈനിലുള്ള ഗ്ലാസുകൾ അവിടെ അടുക്കി വച്ചിരുന്നു. 50 പൈസ മുതൽ ഒന്നര രൂപ വരെയാണ് പല വലുപ്പത്തിലുള്ള ഗ്ലാസുകളുടെ വില.

പതിയെ തിരികെ നടന്ന് ഒരു ചായക്കടയിൽ കയറി തുളസിയും ഇഞ്ചിയും ചേർത്ത പാൽ ചായ കുടിച്ചു. പിന്നെ അടുത്തു കണ്ട പുരാതന ശൈലിയിലുള്ള ഒരു കടയിൽ കയറി ബനാറസ് ശൈലിയിലുള്ള പൂരിയും കറിയും കഴിച്ച് വീണ്ടും താമസസ്ഥലത്തേക്ക് വന്നു.

ഉത്തരേന്ത്യയിൽ പൊതുവെ സാധാരണ ഹോട്ടലുകളിലൊ ഭക്ഷണശാലകളിലൊ ചായ കിട്ടില്ല.
ചായക്ക് മാത്രമായി കടകൾ ഉണ്ടാകും. അവിടെ ചായ, ബിസ്കറ്റ് , പാൻ മുതലായവയാണ് ലഭിക്കുക.

ലക്ഷ്മി ടീ സ്റ്റാൾ നല്ല ഒരു ചായക്കടയാണ് എന്ന് താമസസ്ഥലത്തെ ജോലിക്കാരൻ പറഞ്ഞത് കേട്ടാണ് അവിടേക്ക് പോകാൻ തീരുമാനിച്ചത്. വരാണസി പോലീസ് ചൗക്കിന് സമീപത്തായി മെയിൻ റോഡിൽ നിന്നും ഇത്തിരി അകത്തേക്ക് മാറിയാണ് ലക്ഷ്മി ടീ സ്റ്റാൾ ഉള്ളത്. ആ ഗലിയുടെ ഇരുവശത്തുമായി ഇത്തിരി ഉയരത്തിലുള്ള ടീ സ്റ്റാൾ വളരെ ലളിതവും വൃത്തിയുള്ളതുമാണ്.അവിടെ നിന്നും ബ്രഡ് ടോസ്റ്റും ചായയും കുടിച്ച് ഇരിക്കുമ്പോഴാണ് മണികർണിക ഘട്ടിലേക്ക് പോയാലൊ എന്നാലോചിച്ചത്.ആരോടാണ് വഴി ചോദിക്കുക എന്ന് ചിന്തിക്കുമ്പോഴാണ് ആരോ പറഞ്ഞത് ഓർത്തത്, മൃതദേഹവുമായി പോകുന്നവരുടെ പുറകെ പോയാൽ മതി, അത് നേരെ മണികർണികയിലേക്കായിരിക്കും എന്ന്.ഒരു നിയോഗം പോലെ പെട്ടെന്നാണ് ഒരു കാഴ്ച കണ്ടത് , കുറേ ആളുകൾ ഒരു മൃതദേഹവും ചുമന്ന് പോകുന്നു .

ഞാൻ പെട്ടെന്ന് പുറത്തിറങ്ങി അതിൻ്റെ പുറകെ നടക്കാൻ തുടങ്ങി.മെയിൻ റോഡും കടന്ന് ഇടുങ്ങിയ തെരുവിലൂടെ വേഗത്തിൽ മൃതദേഹവും വഹിച്ച് പോകുന്ന ആളുകളോടൊപ്പം എത്താൻ ഞാൻ ഇത്തിരി കഷ്ടപ്പെട്ടു.ഇറക്കം ഇറങ്ങി പാത അവസാനിക്കുന്നത് മണികർണിക ഘട്ടിലാണ്. കാശിയുടെ ചരിത്രത്തിലെ പ്രധാന സ്ഥലങ്ങളിൽ ഒന്നാണ് മണികർണിക.

പലയിടങ്ങളിൽ നിന്നും മൃതദേഹങ്ങൾ ദഹിപ്പിക്കാനായി എത്തുന്ന ആൾക്കൂട്ടവും പുരോഹിതരും സഹായികളും അടുക്കി വച്ചിരിക്കുന്ന വലിയ വിറക് കൂമ്പാരങ്ങളും പുകയും ചൂടും പലയിടത്തായി കത്തി കൊണ്ടിരിക്കുന്ന ചിതകളും മാറിയിരുന്ന് വിതുമ്പുന്നവരും സന്യാസിമാരും കച്ചവടക്കാരും നിറഞ്ഞ ആ അന്തരീക്ഷം മരണത്തെ പറ്റിയുള്ള ധാരണകളൊക്കെ തിരുത്തിക്കളയും. ആധുനിക രീതിയിൽ പണികഴിപ്പിച്ച മൃതദേഹം ദഹിപ്പിക്കുന്ന കെട്ടിടത്തിൽ ഒരേ സമയം പത്ത് മൃതദേഹങ്ങൾ കത്തിക്കാം. അവിടെ പത്ത് ചിതകളും കത്തുന്നുണ്ടായിരുന്നു.
കൂടാതെ നദീതീരത്ത് പലയിടത്തായി ചിതകൾ എരിയുന്നുണ്ട് . സമീപത്തായി മൃതദേഹങ്ങളുമായി വന്നവരും പുരോഹിതരും വിറക്, സുഗന്ധദ്രവ്യങ്ങൾ, നെയ്യ് മുതലായവ വിൽക്കുന്നവരും ഭക്ഷണ സാധനങ്ങളും ചായ വിൽക്കുന്നവരും ഉണ്ട്. ഉയരത്തിലുള്ള ഒരു ക്ഷേത്രത്തിൻ്റെ പടവിൽ കയറി നിന്ന് ഞാൻ കുറേ ചിത്രങ്ങൾ എടുത്തു
.
അതിനിടയിലും ഒരു കുഞ്ഞു ചായക്കട ഉണ്ട്. ചായ, കുടിവെള്ളം , പാൻ എല്ലാം അവിടെയുണ്ട്.
മൃതദേഹം ദഹിപ്പിക്കാൻ എത്തുന്നവരും അവിടത്തെ തൊഴിലാളികളും എല്ലാം അവിടുന്ന് ചായ കുടിക്കുന്നുണ്ട്. ഞാനും അവിടുന്ന് ഒരു ചായ കുടിച്ചു.

ചിതകൾ കത്തുന്നതിൻ്റെ കനത്ത ചൂടുകാരണം കൂടുതൽ നേരം അവിടെ നിൽക്കാൻ കഴിഞ്ഞില്ല.
ഞാൻ പതിയെ പടവുകൾ ഇറങ്ങി നദിക്കരികിലേക്ക് വന്നു. അപ്പോഴാണ് യുവതി ഒരു മൃതദേഹത്തിനടുത്തേക്ക് ഓടി വരുന്നതും കരയുന്നതും കണ്ടത്. പ്രിയപ്പെട്ട ആരുടെയോ ദേഹമാണ്. അവളെ ആരൊക്കെയോ ചേർന്ന് ആശ്വസിപ്പിക്കുന്നുണ്ട്.കുറച്ചു മാറി അവളുടെ കുഞ്ഞും ഇരുന്ന് കരയുന്നുണ്ടായിരുന്നു.നോക്കി നിൽക്കുമ്പോൾ തന്നെ മുളകൊണ്ട് ഉണ്ടാക്കിയ മഞ്ചലിൽ വർണ്ണത്തുണികളാൽ അലങ്കരിച്ച് രാമനാമ ജപത്തോടെ ആളുകൾ മൃതദേഹങ്ങൾ ദഹിപ്പിക്കാനായി കൊണ്ടു വരുന്നുണ്ടായിരുന്നു.
ഇരുപത്തിനാല് മണിക്കൂറും ചിതയെരിയുന്നിടമാണ് മണികർണിക.

ഒരു മൃതദേഹം കത്തിക്കുവാൻ മൂന്ന് മൂണ്ട് (ഏകദേശം 40 കിലോയാണ് ഒരു മൂണ്ട് ) മുതൽ ഏഴ് മൂണ്ടു വരെ വിറക് ആവശ്യം വരും. ചെറുപ്പക്കാർക്കാണ് കൂടുതൽ വിറക് ആവശ്യം വരിക. രണ്ട് മണിക്കൂർ മുതൽ നാല് മണിക്കൂർ വരെ ഒരു ചിത കത്തിത്തീരാൻ സമയമെടുക്കും. അഞ്ഞൂറ് രൂപ മുതലാണ് ഒരു മൂണ്ട് വിറകിൻ്റ വില ആരംഭിക്കുന്നത്.ഡോം എന്ന ജാതിക്കാരാണ് മൃതദേഹങ്ങൾ ഏറ്റുവാങ്ങി സംസ്കാര ചടങ്ങുകൾ നടത്തുക. അതിൽ തന്നെ താഴ്ന്ന വിഭാഗക്കാർ ചിത ഒരുക്കുകയും ഉയർന്ന വിഭാഗക്കാർ ചിത കത്തിക്കുകയും ചെയ്യുന്നു.

ഞാൻ പതിയെ മണി കർണികക്ക് അടുത്തുള്ള ഗംഗാ മഹൽ ഘട്ടിലേക്ക് നടന്നു. അവിടെ ആൾത്തിരക്ക് തീരെയുണ്ടായിരുന്നില്ല. അപ്പോഴാണ് ഞാൻ ആ കാഴ്ച കണ്ടത്. ഒരു നായ നീണ്ട കൽപടവുകളിലൂടെ വെള്ളത്തിലേക്ക് ഇറങ്ങുന്നു. ശരീരം പാതിയോളം വെള്ളത്തിൽ മുങ്ങി ശാന്തതയോടെ നിൽക്കുന്ന ആ നായയുടെ ഒരു ചിത്രമെടുക്കാനായി അടുത്തേക്ക് ചെന്നതും ആ നായ സാവധാനം വന്ന് എൻ്റെയരികിൽ കിടന്നു.സൂക്ഷിച്ചു നോക്കിയപ്പോഴാണ് മനസ്സിലായത് നായ ഗർഭിണിയാണ്.കുറേ നേരം ഞങ്ങൾ മാത്രമായി അവിടെ. ഞാനതിൻ്റെ തലയിൽ ചെറുതായി തലോടി. ഏതോ മുജ്ജന്മ സുഹൃത്തായിരുന്നിരിക്കണം ആ നായ. എത്ര ശാന്തതയോടെ സ്നേഹത്തോടെയാണ് അതെൻ്റെ അരികിൽ കിടന്നത്. ഞാൻ ക്യാമറ ഒരു സെൽഫ് ടൈമറിൽ വച്ച് ഒരു ഫോട്ടൊ എടുത്തു.

അതിനിടെ പല തവണ ചായ കുടിച്ചിരുന്നു . പല ചായക്കാരും പരിചിതരുമായിത്തീർന്നു.
ജുഗ്നു ചൗരസ്യ , പരമ ചൗരസ്യ എന്നീ ചായക്കാർ കൂടുതൽ വിശേഷങ്ങൾ പങ്കുവച്ചു.
അവിടുന്ന് തിരികെ വരുന്ന വഴിയിലാണ് പുരാതനമായ ഒരു അത്തർ കട കണ്ടത്. ഒട്ടകത്തിൻ്റെ തോൽകൊണ്ട് ഉണ്ടാക്കിയ പ്രത്യേകതരം പാത്രത്തിലാണ് അവിടെ അത്തറുകൾ സൂക്ഷിച്ചിരിക്കുന്നത്. പുതുമ നഷ്ടപ്പെടാതെ ഇരിക്കാനാണത്രെ അങ്ങനെ അത്തറ്റുകൾ സൂക്ഷിക്കുന്നത്.

ഭിത്തി മുഴുവൻ പാസ്പോർട്ട് സൈസ് ഫോട്ടോകൾ ഒട്ടിച്ചു വച്ചിരിക്കുന്ന ഒരു കട കണ്ടപ്പോൾ സ്റ്റുഡിയോ എന്നാണ് കരുതിയത്. പിന്നെയാണ് മനസിലായത് ലസ്സി വിൽക്കുന്ന കടയാണ്. അഞ്ചൽ യാദവ് എന്ന യുവാവായ കടക്കാരൻ്റെ അപ്പൂപ്പൻ പന്നാ ലാൽ യാദവ് തൊണ്ണൂറു വർഷം മുൻപ് തുടങ്ങിയതാണ് ബ്ലൂ ലസ്സി എന്ന ആ കട. ഏതൊ ഒരു വിദേശ സഞ്ചാരി തുടങ്ങി വച്ച ഭിത്തിയിൽ ഫോട്ടൊ ഒട്ടിക്കുന്ന പരിപാടി മൂലം ആയിരകണക്കിന് ഫോട്ടൊകളാണ് അവിടെ ഭിത്തിയിൽ ഉള്ളത്. നല്ല രസമുള്ള കാഴ്ചയാണത്.

വൈകുനേരത്തോടെയാണ് കാശി വിശ്വനാഥ ക്ഷേത്രത്തിൽ എത്തിയത്.

കനത്ത സുരക്ഷയാണ് ക്ഷേത്രത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്.
ഫോൺ, ബാഗ്, ക്യാമറ ഒന്നും അനുവദിക്കില്ല.
സെക്യൂരിറ്റി ചെക്കപ്പ് കഴിഞ്ഞ് അകത്തേക്ക് പ്രവേശിക്കുമ്പോൾ ധാരാളം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത് കാണാം. പുതിയ ക്ഷേത്രസമുച്ചയം ഉയർന്ന് വരികയാണ്. സമീപത്തായി വിവാദമായ ഗ്യാൻ വ്യാപി മസ്ജിദും ഉണ്ട്. വളരെ ഉയരത്തിൽ മുൾവേലി കെട്ടി വേർതിരിച്ചിട്ടുണ്ട് മസ്ജിദ്.
ക്ഷേത്ര സന്ദർശനവും കഴിഞ്ഞ് പുറത്തേക്കിറങ്ങി നേരെ നടന്നത് ഹരിശ്ചന്ദ്ര ഘട്ടിലേക്കാണ്.


അവിടെയെത്തുമ്പോൾ നേരം ഇരുട്ടിയിരുന്നു. അവിടെ ആധുനിക രീതിയിൽ പണി കഴിപ്പിച്ച ഇലക്ട്രിക് ശ്മശാനത്തിൽ ഒരു മൃതദേഹം ദഹിപ്പിക്കാൻ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു.
പതിയെ കൽപടവുകൾ ഇറങ്ങി നദീ തീരത്തേക്ക് ചെന്നു. അവിടെയും ധാരാളം ചിതകൾ കത്തുന്നുണ്ടായിരുന്നു. സമീപത്തായി മാറിയിരിക്കുന്ന ആളുകൾ , നായ്ക്കൾ, ആടുകൾ, പശ്ചാത്തലത്തിൽ ഗംഗ , ചെറിയ വള്ളങ്ങൾ , മൃദദേഹങ്ങൾ കരിയുന്ന ഗന്ധം, മന്ത്ര ശബ്ദങ്ങൾ അങ്ങനെ വല്ലാത്തൊരു അനുഭവമായിരുന്നു അവിടെ.

നടന്നു വരുന്ന ഒരു ചായക്കാരനെ കത്തുന്ന ചിതയുടെ വെളിച്ചം പശ്ചാത്തലമാക്കി ഞാനൊരു ചിത്രമെടുത്തു.

ഏതാനും മണിക്കൂറുകൾ അവിടെ ചിലവഴിച്ച്, കത്തി തീരാറായ ഒരു മൃതദേഹത്തിൻ്റെ എല്ലുകൾ പൊട്ടുന്ന ശബ്ദം കേട്ട്, കരിഞ്ഞു തുടങ്ങിയ മുഖത്തേക്ക് ഒന്നു നോക്കി പടവുകൾ കയറി തെരുവിലൂടെ താമസസ്ഥലത്തേക്ക് നടക്കുമ്പോൾ രാത്രി ഏറെ വൈകിയിരുന്നു.



ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here