കഥ
വി.രൺജിത്ത് കുമാർ
‘ആരോഗ്യമാണ് അഹങ്കാര’ മെന്ന ദീപന്റെ പുതിയ വാട്സ്ആപ്പ് സ്റ്റാറ്റസ് വന്നയുടനെ ഗോപിക എന്താണ് സംഭവിച്ചത് എന്ന് തിരക്കി മെസ്സേജ് വിട്ടു. അവന്റെ മറുപടിക്കായി ഒന്ന് രണ്ട് മിനിറ്റുകൾ കൂടി നിന്ന ശേഷം വാട്ട്സ്ആപ്പിന് പുറത്തിറങ്ങി. ഫോൺ മേശയുടെ വലത് മൂലയിലേക്ക് നീക്കി വച്ചിട്ട് പിള്ളേരുടെ ഓണപ്പരീക്ഷയുടെ പിഡിഎഫുകൾക്കിടയിൽ മുങ്ങി. വർഷങ്ങളായി ചോദിക്കുന്ന ചോദ്യങ്ങൾ തന്നെ. അവയുടെ ക്രമത്തിന് മാത്രമേ മാറ്റം വന്നിട്ടുള്ളൂ. അച്ചടിച്ച പോലെ എഴുതിയിരിക്കുന്ന ഒരേ ഉത്തരങ്ങൾ. ആവർത്തനവിരസത. കുറെ നേരത്തിനു ശേഷം തൽക്കാലത്തേക്ക് ലാപ്ടോപ് അടച്ച് ഗോപിക അടുക്കളയിലേക്ക് പോയി.
ഇന്നത്തെ ആഹാരത്തിന്റെ ബാക്കിയും നാളത്തേക്കുള്ളതും ഫ്രിഡ്ജിൽ ഉണ്ട്. പാല്, മോര്, പച്ചക്കറികൾ, പഴങ്ങൾ രാവിലത്തേയ്ക്കുള്ള ദോശമാവ് എല്ലാം പതിവുപോലെ തണുത്തുവിറച്ചിരിപ്പുണ്ട്. ഈ ജീവിതം വളരെ വിരസമാണ് അടുക്കളപ്പണിയും. ഫ്രിഡ്ജ് അടച്ചിട്ടു ലൈറ്റുകൾ ഒന്നൊന്നായി അണച്ചു മുകളിലത്തെ കിടപ്പുമുറിയിലേക്ക് അവൾ നടന്നു. വാതിലടച്ച് കുറ്റിയിട്ട ശേഷം ലാപ്ടോപ്പ് വിടർത്തി സ്കൂളിൽനിന്ന് അയച്ചുകിട്ടിയ പിഡിഎഫ് ഫയലുകൾക്കിടയിലേക്ക് വീണ്ടും മടങ്ങി. പഠിപ്പിച്ചു കൊടുത്ത അതേ വഴികളിലൂടെ ഉത്തരത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. കണക്ക് എന്ന വിഷയത്തിന്റെ മാത്രം പ്രത്യേകതയാണ്. വരച്ച വരയിലൂടെ തന്നെ നടക്കണം, അങ്ങോട്ടോ ഇങ്ങോട്ടോ ഒരു സംഖ്യ മാറിയാൽ എല്ലാം അവതാളത്തിലാകും. നൂറുകണക്കിന് സുഡോക്കുകൾ ചെയ്തിട്ടും ഇപ്പോഴും പത്രത്തിൽ അത് കാണുമ്പോൾ വല്ലാതെ തലമണ്ട കിരുകിരുക്കും. അത്തരത്തിലൊരാസ്വാദനം പിള്ളേരുടെ പുസ്തകത്തിൽ നിന്ന് കിട്ടുന്നില്ല, രണ്ടും കണക്ക് ആയിട്ടുപോലും. ചെറുപ്പംമുതൽ കണക്കിനേ സ്നേഹിച്ചത് പോലെ മറ്റൊരു വിഷയത്തെയും ഇത്രമേൽ ഹൃദയത്തിൽ കയറ്റി വച്ചിട്ടില്ലായിരുന്നു. പഠനങ്ങളെല്ലാം കണക്കിന്റെ വഴിയേയായിരുന്നു. കണക്ക് പഠിപ്പിച്ചു മാത്രം എത്രയെത്ര ശിഷ്യരെ ഇക്കാലയളവിൽ ഉണ്ടാക്കിയിരിക്കുന്നു.
കണക്കിനേക്കാൾ ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കുന്നത് ഫോട്ടോഗ്രാഫുകൾ ആണ്. സമൂഹമാധ്യമങ്ങൾ, പത്രങ്ങൾ മാസികകൾ, തുടങ്ങിയവയിൽ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾ എല്ലാം തന്നെ ശ്രദ്ധിക്കുവാൻ തുടങ്ങിയിരിക്കുന്നു. എ. പിയെ കുറിച്ചോ എ. എഫ്. പി യെക്കുറിച്ചോ, ഗെറ്റി ഇമേജസിനെ കുറിച്ചോ ഇതുവരെ അറിയാതിരുന്ന താൻ ഫോട്ടോ ഷെയറിങ് സൈറ്റുകളെക്കുറിച്ചും, ഫോട്ടോഗ്രാഫർമാരെ കുറിച്ചും ഫോട്ടോ എങ്ങനെ കലയാകുന്നു എന്നതിനെ കുറിച്ചും ഒക്കെ ചിന്തിക്കുന്നു. ആറേഴു മാസങ്ങൾക്ക് മുമ്പ് വരെ പത്രത്തിൽ വരുന്ന ഫോട്ടോ താഴെയുള്ള അടിക്കുറിപ്പ് വായനയിൽ മാത്രം ഒതുങ്ങിയിരുന്നു
ദീപനേ വാട്സാപ്പിൽ കിട്ടിയതിനുശേഷമാണ് ഫോട്ടോഗ്രാഫി ശ്രദ്ധിക്കാൻ തുടങ്ങിയത്. ഒരിക്കലും മറക്കാനാകാത്ത ക്യാമ്പസ് ജീവിതത്തിലേക്ക് കടന്നുവന്ന അവനെ കോളേജ് വിട്ടതിനു ശേഷം കണ്ടിട്ടേയില്ലായിരുന്നു. അവനും എവിടെയെങ്കിലുമൊക്കെ ജീവിതം തുടരുന്നതിനിടയിൽ പഴയതൊക്കെ എങ്ങനെ ഓർക്കാൻ എന്ന ചിന്തയാണ് ഗോപികയെ ഒരു തിരച്ചിലിലേക്ക് നയിക്കാതിരുന്നത്.
പഴയ ദീപു നന്ദകുമാർ ദീപൻ എന്ന പേരിൽ ലോകമറിയുന്ന ഫാഷൻ ഫോട്ടോഗ്രാഫറാണ് എന്നറിഞ്ഞപ്പോൾ വലിയ സന്തോഷവും അല്പം നിരാശയും ഒരുപോലെ തോന്നി. “ഒരുപക്ഷേ നിങ്ങൾ അറിഞ്ഞേക്കാം” എന്ന രീതിയിലാണ് ഫേസ്ബുക്ക് ദീപനെ തന്റെ മുന്നിൽ അവതരിപ്പിച്ചത്.
പെട്ടെന്നുതന്നെ മെസഞ്ചറിൽ സന്ദേശം അയച്ചു. പിന്നീട് ഹൃദയമിടിപ്പോടെ അവന്റെ മറുപടിയ്ക്കായി ഇടയ്ക്കിടയ്ക്ക് ഫോണിൽ നോക്കിക്കൊണ്ടിരുന്നു. ദിനചര്യകൾ പോലും ക്രമംതെറ്റിയ ആറാം നാളാണ് ദീപന്റെ മറുപടി വന്നത്. പഴയ അതേ അടുപ്പത്തോടെ. ഗോപിക നമ്പർ ചോദിച്ചു. ഉടനെ അവളുടെ ഫോണിലേക്ക് വിളിയെത്തി. മണിക്കൂറുകളോളം സംസാരിച്ചു. അവർക്കിടയിലുണ്ടായിരുന്ന നീണ്ട വർഷങ്ങളുടെ കനം നേർത്തു നേർത്തു വന്നു. നമ്മൾ ഏതു പ്രായത്തിൽ ആയിരിക്കാനാണോ ആഗ്രഹിക്കുന്നത് അതിന് നമുക്ക് വേണ്ടത് ശക്തമായ ഒരു കാരണം മാത്രം മതി. സാങ്കേതികവിദ്യകൾ ഒന്നുമില്ലാതിരുന്ന കാലത്ത് പ്രണയിച്ച അവർക്ക് മാറിവന്ന കാലത്തിന്റെ പുതിയ പ്രണയവിദ്യകൾക്കുമുന്നിൽ അന്ധാളിച്ചു നിൽക്കേണ്ടി വന്നില്ല.
നാല്പതുകളുടെ ഗൗരവും, പതിനെട്ടിന്റെ കുസൃതികളും അവരുടെ സംഭാഷണങ്ങൾക്ക് ജീവൻ കൊടുത്തു. പിന്നീട് കുറെ നാളുകൾക്കു ശേഷം രണ്ടുപേരും നേരിൽ കാണുന്നതിനെക്കുറിച്ചു സംസാരിച്ചു.
“എവിടെവെച്ച്? എപ്പോൾ? എങ്ങിനെ? നമ്മൾ കാണും? ഒറ്റ ചോദ്യമായിരുന്നു ഗോപികയുടേത്.
പിന്നീട് ചോദ്യങ്ങളും ഉത്തരങ്ങളും ചർച്ചകളുമായി കൂടിക്കുഴഞ്ഞെങ്കിലും നേരിട്ടുള്ള കാണൽ വീണ്ടും നീണ്ടു നീണ്ടു പോയി.
കഴിഞ്ഞ രണ്ടാഴ്ച മുമ്പാണ് ദീപൻ ഗോപികയെ അറിയിച്ചത് ” നാട്ടിലേക്ക് വരുന്നുണ്ട് എപ്പോൾ കാണാൻ പറ്റും. നാലു ദിവസം കൊച്ചിയിൽ ഉണ്ട്. ഒരുദിവസം നിനക്കുവേണ്ടി മാത്രം. ഓക്കെ അല്ലേ. ”
കണ്ണിൽ ചുവന്ന ഹൃദയം കത്തിച്ച് അവൻ ചിരിച്ചപ്പോൾ എവിടെ എങ്ങനെ എന്നൊക്കെയുള്ള കുഴഞ്ഞു മറിയലുകളിൽ ആയിരുന്നു ഗോപിക.
“നമുക്ക് കോളേജിൽ വച്ച് തന്നെ കണ്ടാലോ”
” അത് വേണ്ട ” അവൾ വിലക്കി.
” എങ്കിൽ നീ കൊച്ചിയിലേക്ക് വാ. ഇവിടെ വച്ച് കാണാം”
” എവിടെവച്ച്? ”
“ലുലുമാളിൽ വച്ച്”.
” അയ്യടാ, പിള്ളേരെപ്പോലെ… ഞാൻ എക്സ്പെൻസീവ് ആണ് ” അവൾ ചിരിച്ചു.
” നീ എത്ര സമയം ഫ്രീയാണ്”?
” ഒരു പകൽ മുഴുവൻ”
” അപ്പോൾ സാഗറിനോട് എന്തുപറയും”? “ഒരു പഴയ ഫ്രണ്ടിനെ കാണാൻ പോവുകയാന്ന് പറയും”
” ഡീറ്റെയിൽസ് ചോദിക്കില്ലേ”? ” ഭാര്യക്ക് അത്യാവശ്യം സ്വാതന്ത്ര്യമൊക്കെ തരുന്ന ഒരു സൈക്കോയാ സാഗർ.”
അവർ ഒരുമിച്ച് ചിരിച്ചു.
ലാപ്ടോപ് അടച്ചിട്ട് ഗോപിക ഉറങ്ങാൻ കിടന്നു. ഉറക്കം അകന്നു നിന്നു. ദീപ നെക്കുറിച്ച് ആലോചിച്ചുകൊണ്ട് വാട്സാപ്പിലെ അവന്റെ ഡി. പി യിലേക്ക് നോക്കിയിരുന്നു. അവൻ തന്നോടു സംസാരിക്കുന്നതുപോലെയും, ചി രിക്കുന്നതുപോലെയും ഒക്കെ തോന്നി. അനേകം പൂക്കളും അതിലൊന്നിൽ തേൻ കുടിക്കുന്ന മഞ്ഞ ചിത്രശലഭവും പ്രിന്റ് ചെയ്ത വിരിപ്പിൽ കിടന്നു കൊണ്ട് അവൾ അവനെ സ്വപ്നം കണ്ടു. അറിയാത്ത, അനുഭവിക്കാത്ത വഴികളിലൂടെ അത് അവളുടെ മനസ്സിനെ കൈപിടിച്ചു നടത്തിച്ചു. ദീപൻ നെഞ്ചിൽ ഒരു ഭാരമായി, ഹൃദയത്തിൽ ഒരു വെമ്പലായി തുടിക്കുകയാണ്. അവനെക്കുറിച്ചും, അവനോടൊപ്പം കാണേണ്ട സ്വപ്നങ്ങളും ഇനിയും തീർന്നിട്ടില്ല. തന്റെ മനസ് അവനെ വരവേൽക്കാനായി ഒരുങ്ങി തുടങ്ങിയിരിക്കുന്നു. അവളുടെ ഉള്ളിൽ ഊറിതുടങ്ങിയിരിക്കുന്ന സ്നേഹത്തിന്റെ പുതിയ പ്രവാഹം. ചിന്തകൾക്കൊടുവിൽ എപ്പോഴോ അവൾ തളർന്നുറങ്ങി.
മൂന്നുകൊല്ലം മുമ്പ് സാഗർ വാങ്ങിയ വീടിന്റെ മുന്നിൽ കാർ നിർത്തുമ്പോൾ നേരത്തെ അറിയിച്ചതുപോലെ ഇടയ്ക്ക് വരാറുള്ള രംഗൻ പരിസരമൊക്കെ വെട്ടിത്തെളിച്ച് ഭംഗിയാക്കിയിരിക്കുന്നു. വിളിച്ചാൽ വരുമായിരുന്നെങ്കിലും രംഗ നോട് താനിന്ന് വരുന്ന കാര്യം ഗോപിക അറിയിച്ചിരുന്നില്ല. കുറെ നാളായി തുറക്കാതിരുന്ന ഗേറ്റിന്റെ താഴിൽ താക്കോൽ കയറ്റാൻ തന്നെ വല്ലാതെ വിഷമിച്ചു. ഗേറ്റ് തുറന്നിട്ടു വണ്ടിയുടെ സ്റ്റിയറിങ്ങിൽ പിടിക്കുമ്പോൾ കൈനിറയെ തുരുമ്പ് ആയിരുന്നു. ഡിക്കിയിൽ നിന്നും സാധനങ്ങൾ എടുത്തു വെച്ചിട്ട് ഒന്നോ രണ്ടോ സ്വിച്ച് ഇട്ടപ്പോൾ തന്നെ പരിസരമാകെ വെളിച്ചം കൊണ്ട് നിറഞ്ഞു. വീടിനുള്ളിൽ വലിയ മാറ്റങ്ങളൊന്നുമില്ല. സോഫയിൽ ഇരുന്നു കൊണ്ട് അവൾ ദീപന്റെ നമ്പറിൽ ഡയൽ ചെയ്തു. ” മാക്സിമം പോയാൽ ഒരു മുപ്പതു മിനിറ്റ്. നീ എത്തിയോ”?
” ഞാനിപ്പോ എത്തിയതേയുള്ളൂ.
“നീ ഒന്ന് കുളിച്ചു ഫ്രഷ് ആകുമ്പോഴേക്കും ഞാനെത്തും. ”
“ഓക്കേ. ഞാൻ ഗേറ്റ് അടച്ചിട്ടില്ല. ”
“ഒക്കെ ഗുഡ് ”
അവൾ ഫോൺ വെച്ചു. പാശ്ചാത്യരീതിയിൽ പണിത ആ വീട് താഴ്‌വരയിലെ ഇരുട്ടിൽ തിളങ്ങിക്കൊണ്ടിരുന്നു.
ഷവറിനു താഴെ നിൽക്കുമ്പോൾ നീരാളിക്കൈകൾ പോലെ തണുത്ത വെള്ളം അവളുടെ ശരീരത്തിലൂടെ ഒഴുകി നടന്നു. തന്റെ നഗ്നത കണ്ട് കൊഞ്ചിച്ചിരിച്ചു കൊണ്ട് വെള്ളത്തുള്ളികൾ താഴെ വീണു ചിതറുന്നത് അവൾ കണ്ടു. ദീപനുവേണ്ടി എന്തെങ്കിലും കരുതി വയ്ക്കണമെന്ന് ആലോചിച്ചുകൊണ്ട് അവൾ അടുക്കളയിലേക്ക് നടക്കുന്നതിനിടയിൽ കാറിന്റെ വെളിച്ചം ലിവിംഗ് റൂമിലൂടെ അവളുടെ അരികിലെത്തി.
ഗോപിക ആവേശത്തോടെ ഓടിയെത്തി വാതിൽ തുറക്കുമ്പോൾ ദീപൻ ഗേറ്റടച്ചു കുറ്റിയിടുകയായിരുന്നു. തിരികെ നടന്ന് കാറിനുള്ളിൽ നിന്നും ചെറിയൊരു ബാഗു മെടുത്തു അകത്തേക്ക് കയറുമ്പോഴാണ് ദീപൻ ഗോപികയെ നോക്കുന്നത്. കാറ്റിൽ പറന്ന തൂവല് കണക്കെ ഓടിവന്നവൾ അവനെ ചുറ്റിപ്പിടിച്ചു.
” എത്ര നാളായെടാ നിന്നെ നേരിൽ കണ്ടിട്ട്? എത്ര വർഷമായി.? ”
ദീപൻ ഒന്നും പറയാതെ ചിരിച്ചു നിന്നതേയുള്ളൂ. പിടിവിട്ട് അൽപം പിന്നോട്ട് മാറി അവൾ അവനേ അടിമുടി നോക്കി. കറുത്ത ടീഷർട്ടും, നീല ജീൻസും. കത്തുന്ന ചുവപ്പ് നിറത്തിലുള്ള ഷൂസും. “നീ പിന്നെയും ചെറുപ്പമായല്ലോ?
” നിനക്കും വലിയ മാറ്റമൊന്നുമില്ല. പഴയപോലെ തന്നെ. ഒന്നുമങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല ”
നെറ്റിചുളിച്ചു കൊണ്ട് പിണക്കം കാണിച്ചു കൊണ്ട്
” ഞാൻ വളർന്നിട്ടില്ല എന്നാണോ നീ പറയുന്നേ? ”
ദീപൻ ചിരിച്ചു. “നീ ഇങ്ങോട്ട് ഒരു പൂച്ചെണ്ട് തരുമ്പോ ഒരു പൂവെങ്കിലും തിരിച്ചു തരേണ്ടേ?
” ആയിക്കോട്ടെ.
നിങ്ങള് ആണുങ്ങക്കൊക്കെ മമ്മൂട്ടിയെപ്പോലെ നടക്കാം. പെണ്ണുങ്ങക്ക് അത് പറ്റുവോ? ഒരു പ്രസവിക്കാത്ത പെണ്ണ് ആയതുകൊണ്ട് ഉള്ളതൊക്കെ അവിടെ തന്നെ ഉണ്ട്. അല്ലെങ്കിൽ കാണാമായിരുന്നു. അതൊക്കെ പോട്ടെ നീ അകത്തേക്ക് വാ ”
ലിവിങ് റൂമിൽ അവർ അഭിമുഖമായി ഇരുന്നു. വീടൊക്കെ ഒന്ന് നോക്കികണ്ടു കൊണ്ട് പറഞ്ഞു ” ഗംഭീര സെറ്റപ്പ് ആണല്ലോ?” അവൾ ചിരിച്ചു. “നിങ്ങൾ ഇടയ്ക്കിടെ വരാറുണ്ടോ?”
“ഒരുമിച്ച് വന്നിട്ടില്ല. രണ്ടുതവണ ഞാൻ ഇവിടെ താമസിച്ചിട്ടുണ്ട്. രണ്ടുതവണയും സ്കൂളിന്ന് ടൂറിനു വന്നപ്പോ ആയിരുന്നു. ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കട്ടെ?”
” എന്തെങ്കിലും പോരാ. ഒരു ചായ കുടിക്കാൻ തോന്നുന്നുണ്ട്. ഒരു ചായ തന്നാൽ മതി”.
” ഞാൻ എടുക്കാം”
അവൾ എഴുന്നേറ്റു. ദീപൻ അവൾക്കൊപ്പം അടുക്കളയിലേക്ക് നടന്നു. വെറുതെ കബോർഡുകൾ തുറന്നു നോക്കി അടച്ചു കൊണ്ട് ദീപൻ ചോദിച്ചു “ആരായിരുന്നു ആർക്കിടെക്ട്”?
“സാഗറിന്റെ ഒരു ഫ്രണ്ട് ആയിരുന്നു.”
” ഐലൻഡ് കിച്ചനൊക്കെ നിന്റെ പ്ലാനിങ് ആണോ “?
“ഹേയ്.ഹൗസ് വാമിങ്ങിന്റെ അന്നാ ഞാൻ ഇതൊക്കെ ഉണ്ട് എന്ന് തന്നെ അറിഞ്ഞേ. അന്നതിൽ പങ്കെടുക്കാനും പറ്റിയില്ല. ആശുപത്രിയിൽ കിടന്നു കൊണ്ട് വീഡിയോ കോളിലൂടാ എല്ലാം കണ്ടത്.”
” നീ വന്നില്ലേ.നിനക്കെന്തു പറ്റി.?
“വീട്ടി വെച്ച് ഒന്ന് വീണു. ആകെ സീനായിരുന്നു. കാലുതെന്നിയത് ഓർമ്മയുണ്ട്. പിറ്റേദിവസം ഹോസ്പിറ്റലിൽ വച്ചാണ് കണ്ണുതുറന്നത്. “നീ എന്നോട് പറഞ്ഞില്ലല്ലോ?”
“നേരിൽ കാണുമ്പോൾ പറയാം എന്ന് കരുതി”
അവൾ നീട്ടിയ ചായ വാങ്ങി കൊണ്ട് അവൻ ചോദിച്ചു.
“പിന്നെ വേറെ വല്ല പ്രശ്നവും ഉണ്ടായോ. ഐ മീൻ ആഫ്റ്റർ എഫെക്ട്സ് ”
” അങ്ങനെ ഇല്ല ചില സമയത്ത് വശമില്ലാതെ കിടക്കുമ്പോ നട്ടെല്ലിലൂടെ ഒരു പെരുപ്പ് തലയിലേക്ക് കയറും. അറിയാതെ നിലവിളിച്ചു പോകും. പിന്നെ ആ പൊസിഷൻ തന്നെ മാറ്റാൻ സാഗർ അനുവദിക്കില്ല എന്ന് മാത്രം. എന്റെ പിടച്ചിലിലാണ് സാഗറിന്റെ ഉന്മാദം.
അവളുടെ കണ്ണുകളിലെ നനവ് കണ്ടു കൊണ്ട് ദീപൻ പറഞ്ഞു ” ഞാൻ നിന്റെ ലൈഫിനെ കുറിച്ച് ഇങ്ങനെയല്ല കരുതിയിരുന്നേ. ഫേസ്ബുക്കിലെ ഫോട്ടോസ് കണ്ടപ്പോ…? ”
“അതൊക്കെ ചുമ്മാ ആൾക്കാരെ പറ്റിക്കാൻ വേണ്ടിയല്ലേ. യഥാർത്ഥ സന്തോഷമൊന്നും ആരും ഫേസ്ബുക്കിൽ ഷെയർ ചെയ്യില്ല. ഓരോരോ കാണിച്ചു കൂട്ടലുകൾ.
“അഞ്ചു മിനിറ്റ് കൊണ്ട് നീ എന്റെ ഫ്യൂസ് ഊരിയല്ലോ? ഞാൻ ഡൗണായി.”
പാതി കുടിച്ച ഗ്ലാസ്‌വച്ചുകൊണ്ട് ദീപൻ പറഞ്ഞു. ” ഇതൊക്കെ കേട്ടാൽ ഫ്യൂസ് പോകാൻ പോകുന്ന തരത്തിലേ നീ വളർന്നുള്ളൂ. ലോകമറിയുന്ന ഫോട്ടോഗ്രാഫർ ആണെന്നോർക്കണം. ക്യാമറയ്ക്കും, ഫോട്ടോഗ്രാഫർമാർക്കും കണ്ടെത്താനാകാത്ത എത്രയോ സ്ത്രീ ജീവിതങ്ങളുണ്ട്. ഫിലോസഫി അടിച്ചു ബോറായി. നീ വേറെ എന്തെങ്കിലും പറഞ്ഞേ. ”
“നീ എന്താ കല്യാണം കഴിക്കാത്തേ. “?
“നല്ല പ്രായത്തിൽ വലിയ തെരക്കായിപ്പോയി. പ്രോജക്റ്റുകൾ, വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രകൾ, ആഡ് ഷൂട്ടിംങ്ങുകൾ അങ്ങനെയൊക്കെ…” “എപ്പോഴും ചുറ്റും സുന്ദരിമാരുള്ളപ്പോൾ പിന്നെ എന്ത് കല്യാണം. അതല്ലേ സത്യം.?” “ഇതിപ്പോ നയന്റി സിക്സ് പോലെ ആയല്ലോ. ഫോട്ടോഗ്രാഫറായ പഴയ കാമുകൻ കാമുകിയെ കണ്ടുമുട്ടുന്നു. കാമുകൻ പുര നിറഞ്ഞുനിൽക്കുന്നു. അല്ലേ. നീയാ പടം കണ്ടതല്ലേ.?”
“വിജയ് സേതുപതിയുടെ അല്ലേ? നല്ല രസമുള്ള പടവാ. നല്ല പാട്ടല്ലേ.”
“രാത്രി കഴിയ്ക്കാൻ എന്താണ് വേണ്ടത്?” “നീ എന്താണ് എനിക്കുവേണ്ടി പ്രിപ്പയർ ചെയ്യുന്നത് “?
“നിന്റെ പ്രിഫറൻസ് പറ. വെജിറ്റേറിയൻ ഓർ നോൺവെജിറ്റേറിയൻ.”?
” നീ ഉണ്ടാക്കി തന്നാൽ മതി. എന്താണേലും കഴിക്കാം”
” അതല്ല ഇന്ന് നീയെന്റെ അതിഥി അല്ലേ? നിന്റെ ഇഷ്ടങ്ങൾക്കാണ് പ്രാധാന്യം.
“രാത്രിയിൽ ഞാൻ ഹെവി ഫുഡ്സ് ഒന്നും കഴിക്കാറില്ല. കുറച്ചു ഫ്രൂട്സ്, ഒരു ഗ്ലാസ് പാൽ.”
” ഫ്രൂട്സ് ഓക്കെ. പാല് കുടിച്ചിട്ട് കിടന്നുറങ്ങാനാണോ നിന്റെ പ്ലാൻ.? ”
“നിന്നോടൊപ്പമായതുകൊണ്ടാ. അല്ലെങ്കി ബാഗിൽ ഒരു സാധനമുണ്ട്. രണ്ടെണ്ണം അടിച്ച് സുഖമായി കിടന്നുറങ്ങാം.” “ആണുങ്ങൾക്ക് ബോധത്തോടെ ഉള്ള തുറന്നുപറച്ചിലില്ല. രണ്ടെണ്ണം അകത്തുചെന്നാലേ അവരുടെ മനസുതുറക്കൂ. ബോധമില്ലാതെ സത്യം പറയുന്നതിനേക്കാളും ബോധത്തോടെയുള്ള കള്ളം പറച്ചിലാണ് കേൾക്കാൻ സുഖം. കള്ളമാണെന്ന് അറിയാമെങ്കിൽ കൂടി. ഇപ്പോഴും ആണുങ്ങൾക്ക് ഒരു പെണ്ണിന്റെ മുന്നിൽ കള്ളം പറഞ്ഞു ജയിക്കാനറിയില്ല. എന്നിട്ടും പറഞ്ഞും, പ്രവർത്തിച്ചും, ചതിച്ചുമൊക്കെ നിങ്ങൾ ജയിക്കുമ്പോൾ ഒരു കാര്യം മനസ്സിലാക്കാതെ പോകുന്നുണ്ട്. നിങ്ങളുടെ സ്നേഹത്തിന് വേണ്ടി ഞങ്ങൾ തോറ്റു തരികയാണെന്ന കാര്യം.
” ആ പഴയ വായന ഇപ്പോഴും ഉണ്ടല്ലേ.നീ ഇങ്ങനെയൊക്കെ സാഗറിനോട് സംസാരിക്കാറുണ്ടോ.? ”
“ലോകത്ത് ഭാര്യഭർത്താക്കന്മാർ തമ്മിൽ സാഹിത്യം സംസാരിക്കുവോ? അവർ രണ്ടുപേരും എഴുത്തുകാരാണെങ്കിൽ പോലും. ”
രാത്രിയുടെ കറുപ്പിനു മുകളിൽ മഞ്ഞിന്റെ വെളുത്തപാട പടർന്നിറങ്ങി തുടങ്ങിയിരുന്നു. സാഗറിന്റെ വീടിനുള്ളിലെ ലൈറ്റുകൾ ഒന്നൊന്നായി അണഞ്ഞു. മുകളിലെ ഒരു മുറിയിൽ മാത്രം വെളിച്ചം കുടുങ്ങിക്കിടന്നു. കിടപ്പുമുറിയുടെ ഒരു വശത്തേ ഗ്ലാസ് ഭിത്തിയിലൂടെ രാത്രിയുടെ കറുപ്പ് നോക്കിക്കൊണ്ട് അവർ നിന്നു. ഗൗരവമാർന്ന വിഷയങ്ങൾ തുടക്കത്തിൽതന്നെ സംസാരിച്ചതു കൊണ്ട് രണ്ടുപേർക്കുമിടയിൽ ഒരു മൗനം നിഴലിച്ചു കിടന്നു. പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ ഗോപികയ്ക്ക് അവന്റെ മുന്നിൽ മറച്ചുവയ്ക്കാനും സാധിച്ചില്ല. എന്തു പറയണമെന്നോ, എന്തെല്ലാം പറയാതിരിക്കണമെന്നോ ഒന്നും മുന്നേ ആലോചിച്ച് ഉറപ്പിച്ചിരുന്നില്ല.
“നീ പറഞ്ഞത് ശരിയാണ്. ഒരു ഫോട്ടോഗ്രാഫറുടെ ചെറിയ ചതുര കാഴ്ചയ്ക്കും അപ്പുറമാണ് യഥാർത്ഥ മനുഷ്യരുടെ ജീവിതം. എസ്പെഷ്യലി സ്ത്രീകളുടെ ജീവിതം.”
കൂടുതൽ ചർച്ചകൾക്ക് ആ രാത്രിയെ വിട്ടുകൊടുക്കാതെ അവൻ ചോദിച്ചു “നിന്റെ മുടിയിൽ ഒന്ന് രണ്ട് വെള്ളി തിളക്കങ്ങൾ കാണുന്നുണ്ടല്ലോ. നീയത് ശ്രദ്ധിച്ചിട്ടുണ്ടോ?”
“പലപ്പോഴും കണ്ടിട്ടുണ്ട്. അത്തരം സൂചനകളൊന്നും ഞാൻ മൈൻഡ് ചെയ്യാറില്ല. ”
“എനിക്കുമുണ്ട്. ഞാനും ഒളിപ്പിക്കാനൊന്നും ശ്രമിക്കാറില്ല.
സമയം പന്ത്രണ്ടായി നിനക്ക് ഉറങ്ങണ്ടേ”?
” ഉറങ്ങാനോ. ഇത്രയും വർഷങ്ങൾക്കുശേഷം നിന്നെ കാണുമ്പോൾ ഞാൻ ഉറങ്ങാനോ?
” പിന്നെന്താ”?
” നമുക്ക് ഈ രാത്രി മുഴുവൻ ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കാം. ”
“കൊച്ചി ടു ഇവിടെ വരെ നല്ല ഡ്രൈവായിരുന്നു. നിന്നെ കണ്ടപ്പോൾ ക്ഷീണമൊക്കെ പോയി.”
” എന്നേ ആദ്യം കണ്ടപ്പോൾ നിനക്കെന്തു തോന്നി. ”
“നീ അയച്ച ഫോട്ടോയിൽ കണ്ടതുപോലെ. ഒരു മാറ്റവുമില്ല”
” അതല്ല, ഇത്രയും നാൾ കാണാതിരുന്നിട്ട് നേരിട്ട് കാണുമ്പോ… അപ്പോഴത്തെ ആ ഫീൽ. അതെന്തായിരുന്നു. ”
” ഇപ്പോഴും നിന്നെ കാണുമ്പോൾ അന്ന് കോളേജിൽ വെച്ച് നമ്മൾ ആദ്യമായി സംസാരിച്ചത് ഓർമ്മയില്ലേ. ഞാനന്ന് വലിയ ഹൃദയമിടിപ്പോടാ നിന്റെ അടുത്ത് വന്നത്. അതേ ഹൃദയമിടിപ്പ് ഇപ്പോഴും ഉണ്ട്. ഇന്ന് കണ്ടപ്പോഴും അതിന് ഒരു കുറവും ഇല്ലായിരുന്നു. എപ്പോഴും ഒരു ടെൻഷനാണ്.”
അവർ കുട്ടികളെ പോലെ ചിരിച്ചു. “നമ്മളൊക്കെ ആരെയോ പേടിച്ചു ഇതുവരെ ജീവിച്ചു. സ്വന്തമായി ഒരു ജീവിതം പോലും ഡിസൈൻ ചെയ്യാൻ അവകാശമില്ല. ഇപ്പോഴത്തെ പിള്ളേരുടെ ധൈര്യമൊക്കെ കാണുമ്പോൾ അവരാണ് ശരിയെന്നു തോന്നും.”
“നമ്മുടെ തലമുറയ്ക്ക് പേടിയായിരുന്നു. പേടിച്ച് പേടിച്ച് ആരുടെയൊക്കെയോ ആഗ്രഹങ്ങളൊക്കെ സഫലീകരിക്കാൻ വാടകയ്ക്ക് ഒരു ജീവിതം പോലെ. എന്റെയെല്ലാ ആഗ്രഹങ്ങൾക്കും എതിര് നിന്ന അച്ഛനും അമ്മയും ഇന്നില്ല. സഹോദരൻ അവന്റെ ഇഷ്ടത്തിന് പെണ്ണുകെട്ടി യു. എസ്സിൽ സെറ്റിൽഡാണ്. ഞങ്ങളുടെ ആഗ്രഹങ്ങളൊക്കെ…!
അവളുടെ കണ്ണുകൾ തുളുമ്പി നിന്നു.
“ഞാൻ നിന്റെ കയ്യിലൊന്ന് പിടിച്ചോട്ടെ?” ഗോപിക ചോദിച്ചു. ദീപൻ ഒന്നും പറയാതെ കുറച്ചു നിമിഷം അവളെ തന്നെ നോക്കി നിന്നു. അവൾക്ക് നേരെ അവൻ രണ്ടു കൈയും നീട്ടി അവൾ പതിയെ നടന്ന് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. അവന്റെ കൈകൾ പതിയെ അവളെ പൊതിഞ്ഞു. ദ്രുതഗതിയിലുള്ള ഹൃദയതാളം അവളുടെ കാതുകളിൽ പതിച്ചു കൊണ്ടേയിരുന്നു.
രാവിലെ ഉണർന്ന് ദീപനുവേണ്ടി ചായ തയ്യാറാക്കുന്നതിനിടയിലാണ് കോളിംഗ് ബെൽ മുഴങ്ങിയത്.
വാതിൽ തുറക്കുമ്പോൾ നഗരത്തിലെ കൊറിയർ പയ്യൻ. അത്ഭുതം തോന്നി അതും രാവിലെ എട്ട് എട്ടര സമയത്ത്. “ഇതെന്താണ് ഇത്ര രാവിലെ”?
” ഇന്നലെ ഡെലിവറി ചെയ്യേണ്ടതായിരുന്നു മാഡം. താമസിച്ചു പോയി. അതാണ് രാവിലെ തന്നെ എത്തിയത്”
അവരുടെ പേപ്പറിൽ ഒപ്പ് വാങ്ങിച്ചു കൊണ്ട് പയ്യൻ പോയി. ഡൈനിങ് ടേബിൽ വെച്ചുകൊണ്ട് പൊതിയഴിച്ചു. ആദ്യത്തെ ഹാർഡ് ബോർഡ് ബോക്സ് തുറന്നപ്പോൾ പ്രശസ്തമായ ബേക്കറി കമ്പനിയുടെ കേക്കിന്റെ കവർ. തുറന്നു നോക്കുമ്പോൾ അകത്ത് വെള്ളനിറത്തിൽ ഒരു കേക്ക്. ബെസ്റ്റ് വിഷസ് എന്ന് മാത്രം എഴുതിയിരുന്നു. ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതിനിടയിൽ രാവിലെ വന്ന സമ്മാനത്തെ കുറിച്ച് ഗോപിക ദീപനോട് പറഞ്ഞു.
“സാഗർ അയച്ചതല്ലേ നമുക്ക് മുറിക്കാം ”
“വേണ്ട. അത് നമുക്ക് കഴിക്കണ്ട ”
ഒരപായസൂചന പോലെ തോന്നി ദീപന്. ദീപൻ അവളെ നോക്കി.
“അന്നൊരിക്കൽ വീണു നടുവിനു പൊട്ടൽ ഉണ്ടായി എന്ന് പറഞ്ഞില്ലേ. അത് സാഗർ മനപ്പൂർവ്വം ഉണ്ടാക്കിയ അപകടം ആയിരുന്നു.”
“റിയലി ”
” ഈ കേക്കിൽ ഒരു പക്ഷേ സാഗർ വിഷം പുരട്ടിയിട്ടുണ്ടാകും. നിനക്ക് വിശ്വസിക്കാൻ പ്രയാസം തോന്നുന്നു അല്ലേ? കാണിച്ചുതരാം. ”
അവൾ അടുക്കള വാതിൽ തുറന്ന് പുറത്തെ വാതിലിനടുത്തേക്കു കേക്ക് വച്ചു. ഒന്ന് രണ്ടു കിളികൾ കഥയറിയാതെ അടുത്തുള്ള മരക്കൊമ്പിലേക്ക് പറന്നുവന്നിരുന്നു. പെട്ടെന്ന് എവിടെ നിന്നോ ഒരു കറുത്ത പൂച്ച ഓടിവന്നു കേക്ക് മണപ്പിച്ചു. അവൾ എവിടെ തുടങ്ങണം എന്നറിയാതെ കേക്കിന് ചുറ്റും കറങ്ങി നടന്നു. പൂച്ചയുടെ സൂഷ്മ ഭാവങ്ങൾ നോക്കിക്കൊണ്ട് അവരിരുവരും കാത്തു നിന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
നല്ലെഴുത്ത്. തുടരുക, എല്ലാ ആശംസകളും!
പൂച്ചയുടെ ഭാവങ്ങൾ സസൂഷ്മം നിരീക്ഷിച്ചു കൊണ്ട് ഞാനും അവിടെ തന്നെ നിൽക്കുവാ.
Good attempt…
Interesting