കണ്ണൂരില്‍ പ്രതിമാസ സാംസ്‌ക്കാരിക സംഗമങ്ങള്‍; ഉമ്പായി അനുസ്മരണ ഗസല്‍ സന്ധ്യയോടെ തുടക്കം

0
178

കലാ-സാംസ്‌ക്കാരിക രംഗത്ത് പുത്തനുണര്‍വ്വ് പകരാനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ പ്രതിമാസ കലാ-സാംസ്‌ക്കാരിക പരിപാടി ആരംഭിക്കുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്.
ആഗസ്ത് മൂന്നിന് ഉമ്പായി അനുസ്മരണത്തോടെ പ്രതിമാസ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. ഇതിന്റെ ഭാഗമായി കണ്ണൂര്‍ സര്‍വ്വകലാശാല ചെറുശ്ശേരി ഓഡിറ്റോറിയത്തില്‍ അനുസ്മരണ പ്രഭാഷണവും ഗസല്‍സന്ധ്യയും ഒരുക്കിയിട്ടുണ്ട്. വൈകിട്ട് ആറ് മണിക്ക് പ്രശസ്ത സാഹിത്യകാരന്‍ ടി പത്മനാഭന്‍ പരിപാടിയുടെ ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നിര്‍വഹിക്കും. പ്രശസ്ത ഗസല്‍ഗായികയും കൊല്‍ക്കത്ത സ്വദേശിയുമായ രാഖി ചാറ്റര്‍ജിയുടെ നേതൃത്വത്തിലാണ് ഗസല്‍സന്ധ്യ. ഉര്‍ദു, ഹിന്ദി, മലയാളം ഭാഷകളിലുള്ള ഗസലുകള്‍ പരിപാടിയില്‍ അവതരിപ്പിക്കും. പ്രവേശനം സൗജന്യമാണെങ്കിലും പാസ് വഴി നിയന്ത്രിക്കും.
എല്ലാ മാസവും ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വ്യത്യസ്ത കലാ-സാംസ്‌ക്കാരിക പരിപാടികള്‍ സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിനകത്തെയും പുറത്തെയും സംഗീത, ചലച്ചിത്ര, കാവ്യ രംഗത്തെ പ്രമുഖരെ പരിപാടികളില്‍ അണിനിരത്തും. പ്രശസ്തരായ കലാകാരന്‍മാര്‍, പ്രോത്സാഹനം അര്‍ഹിക്കുന്ന കഴിവുള്ള കലാകാരന്‍മാര്‍, പ്രാദേശിക കലാകാരന്‍മാര്‍ എന്നിവരെയെല്ലാം ഈ വേദികളിലൂടെ കണ്ണൂരിന് പരിചയപ്പെടുത്തും. നാടകോത്സവം, ഫിലിംഫെസ്റ്റ്, ഡെക്യുമെന്ററി പ്രദര്‍ശനം, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാരൂപങ്ങളുടെ അവതരണം തുടങ്ങിയ പരിപാടികള്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ നടക്കും.
കണ്ണൂരിന്റെ കലാ-സാംസ്‌ക്കാരിക പാരമ്പര്യത്തിന് കൂടുതല്‍ മികവും ശ്രദ്ധയും നല്‍കാനും സമൂഹത്തില്‍ സാംസ്‌ക്കാരികമായ ഉണര്‍വ്വ് സൃഷ്ടിക്കാനും ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കലക്ടര്‍ അഭിപ്രായപ്പെട്ടു. ഇതിനു പുറമെ, ഇത്തവണത്തെ ഓണാഘോഷ പരിപാടികള്‍ ജില്ലാ കേന്ദ്രത്തില്‍ മാത്രം ഒതുങ്ങാതെ മറ്റു പ്രധാന നഗരങ്ങളിലും സംഘടിപ്പിക്കും. മലബാര്‍ മഹോല്‍സവം മാതൃകയില്‍ ഡിസംബര്‍-ജനുവരി മാസങ്ങളില്‍ വിപുലമായ പരിപാടികളും സംഘടിപ്പിക്കാന്‍ ആലോചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here