ഏതോ ജന്മ കൽപ്പനയിൽ

0
438

സ്മിത ഗിരീഷ്

ഞാനെവിടെയാണ്, എങ്ങോട്ട് ഇനി പോകും എന്ന് മനംമുട്ടി നിൽക്കുന്നൊരു വിഷാദഭരിതമായ മാനസിക ഭാവത്തിന്റെ നട്ടുച്ചയിലേക്കാണ്, വലിയ സിന്ദൂരപ്പൊട്ടിട്ട്, കോട്ടൺ സാരി വാരിയുടുത്ത്, സമാന ഹൃദയയായ ഒരു തോഴിയെപ്പോലെ “ഏതോ ജന്മ കൽപ്പനയിൽ.. “പാടി സെറീന വഹാബ് അരികിൽ വന്നതും കാൽപ്പനികതയുടെ തീവണ്ടിപ്പാളങ്ങളിലേക്ക് കൈപിടിച്ച് വലിച്ചിട്ടതും!
പാളങ്ങൾ എന്ന ചിത്രത്തിലെ എത്ര കണ്ടാലും, കേട്ടാലും മതിവരാത്ത ഈ പ്രിയ ഗാനത്തിന്, പാട്ടിന്റെ വരികളേക്കാൾ പ്രകൃതിയുടെ നിറങ്ങളും, പെണ്ണിന്റെ ചാരുതയും ചേർത്തുവെച്ച അത്യപൂർവ്വമായ രൂപകൽപ്പനയാണ്. ഈ പാട്ട് മുഴുവൻ ഭരതൻ എന്ന ചിത്രകാരന്റെ പ്രതിഭാ സ്പർശമുള്ള സൗന്ദര്യാത്മകങ്ങളായ അപൂർവ്വ ഫ്രെയിമുകളാണ്.
പാട്ടിന്റെ തുടക്കത്തിൽ, പശ്ചാത്തല സംഗീതത്തോടൊപ്പം പുൽത്തഴപ്പുകളിലേക്ക്, പച്ചിലകളിലേക്ക് മഞ്ഞുതുള്ളികളുടെ സ്ഫടിക വൃത്തങ്ങൾ പതിച്ചു വെച്ചൊരു മഴ പെയ്യുകയാണ്.
സൂര്യോദയത്തോടൊപ്പം, വലിയ കുങ്കുമപ്പൊട്ടിട്ട സെറീനയുടെ മുഖവും പ്രതീക്ഷയുടെ പുതിയ പ്രണയകാലത്തെ വരവേൽക്കാൻ തുടുത്തു വിരിയുകയാണ്.
വാണി ജയറാമിന്റെ മാധുര്യമിറ്റുന്ന നനുത്ത ശബ്ദത്തിൽ നായിക പാടിത്തുടങ്ങുകയാണ്
“ഏതോ ജന്മ കൽപ്പനയിൽ
ഏതോ ജന്മ വീഥികളിൽ
ഒരു നിമിഷം വീണ്ടുമൊരു നിമിഷം
വീണ്ടും നമ്മളൊന്നായ്…..!

ഭരതന്റെ അപൂർവ്വപ്രതിഭയുടെ സ്പർശമുള്ള, അദ്ദേഹം രചിച്ച അനേകം സിനിമാ ഗാനങ്ങൾ കണ്ടിട്ടും കേട്ടിട്ടുമുണ്ടെങ്കിലും, ആത്മാവിനെ സ്പർശിക്കുന്നതു പോലെ പ്രിയതരമായൊരു ലളിത രൂപഭാവാദികളുള്ള സെറീന വഹാബ് എന്ന മറുനാടൻ നടിയോടുള്ള ഒരു ഇഷ്ടവും ഈ ഗാനത്തെ ഏറെ പ്രിയപ്പെട്ടതാക്കുന്നുണ്ട്.
പാട്ടിന്റെ ഓരോ ഫ്രെയിമിലും അത്രമേൽ സാധാരണക്കാരി എന്ന് തോന്നിക്കുന്ന അപൂർവ്വ സുന്ദരിയായ സെറീനയെ ഭരതൻ കൃത്യമായി ചിത്രങ്ങൾ പോലെ വരച്ചു വെയ്ക്കുന്നുണ്ട്…
മഞ്ഞയിൽ, ചുവന്ന ബോർഡറുള്ള സാരിയുടുത്ത് വലുപ്പമുള്ള സിന്ദൂര പൊട്ടിട്ട്, മുടിയഴിച്ചിട്ട് പുഴയിലേക്ക് കാലിട്ടിരിക്കുന്ന സെറീന !
ഓടി വരുന്ന തീവണ്ടിയുടെ പശ്ചാത്തലത്തിൽ കരിന്തവിട്ട് നിറമുള്ള മലകളുടെ, അതിൻ മീതേയുള്ള ഒറ്റപ്പനയുടെ വിദൂര ദൃശ്യങ്ങളിൽ നിന്നും ഇളം പച്ചസാരിയുടുത്ത് മരങ്ങൾക്കിടയിലൂടെ പച്ച ശലഭം പോലെ സെറീന.

കുന്നിൻ മുകളിൽ പ്പതിപ്പിച്ച വലിയ കണ്ണാടിയിൽ നോക്കി പ്രേമാതുരയായി പൂ ചൂടി വരുന്ന സെറീന, കാമുകനായി പാളങ്ങളുടെ ഉയരങ്ങളിൽ നിന്നും മാലയെറിയുന്ന സെറീന….
പുഴയോരത്ത് പിങ്ക് സാരിയിൽ അസ്തമയ സന്ധ്യയേക്കാൾ പ്രണയം സുന്ദരിയാക്കിയ സെറീന…..!
പാട്ടിന്റെ പലയിടങ്ങളിലും നായകനായ നെടുമുടി വേണു വരുന്നുണ്ടെങ്കിലും, പ്രകൃതിയുടെ നിറഭേദങ്ങളും, തീവണ്ടിയുടെ കാൽപ്പനികതയും, പെൺ പ്രണയത്തിന്റെ സൗന്ദര്യ തിളക്കങ്ങളോടുകൂടിയ ഏകാന്തോന്മാദങ്ങളുമാണ് ഈ ഗാനരംഗത്തിൽ കൂടുതൽ ഹൃദ്യമായി ആവിഷ്ക്കരിച്ചിട്ടുള്ളത്…
ഇത്ര നിറപ്പകിട്ടിൽ ഇത്ര ഏകാന്തതയിൽ പ്രകൃതിയുമായി ചേർന്ന് കുതൂഹലപ്പെടാൻ ആശിക്കാത്ത ഏത് പെണ്മനസുണ്ട്? സെറീനയുടെ സ്ഥാനത്ത് എന്നെ പ്രതിഷ്ഠിച്ച് എത്രയോ വട്ടം ഞാനീ പ്പാട്ട് മനസിൽ എനിക്ക് വേണ്ടി മാത്രം തിരിച്ചിട്ടിട്ടുണ്ട്.. ഞാൻ മാത്രമല്ല, എന്റെ പല കൂട്ടുകാരികളും ഈ ഉന്മാദം എന്നോട് പങ്കുവെച്ചിട്ടുമുണ്ട്…!

പൂവച്ചിൽ ഖാദറിന്റെ വരികൾക്ക് ജോൺസൺ പകർന്ന സംഗീതത്തിന് ആരോഹണാവരോഹണങ്ങളുടെ, ചലനാത്മകതയും താളവുമുണ്ട്. പാട്ടിൽ കാലം കരുതിവെയ്ക്കുന്ന എല്ലാ നഷ്ടബോധത്തേയും മാറ്റി നിർത്തുന്ന സമ്മാനമുണ്ട്, പ്രണയികളുടെ, വേദനകൾക്കപ്പുറമുള്ള പ്രതീക്ഷയുടെ ഒത്തുചേരലാണത്….

കേട്ടു കണ്ടിരിക്കെ, പാട്ടതാ തീർന്നു പോകുന്നല്ലോ…..!നേർത്ത വിരലുകൾ വിടുവിപ്പിച്ച് പാളങ്ങൾക്കരുകിൽ , തീവണ്ടി മുഖങ്ങൾക്ക് നേരേ അരുമയോടെ എന്നെ ഒറ്റയ്ക്ക് പിടിച്ച്നിർത്തി സെറീന ചിരിച്ചു കൊണ്ട് കുതറിയോടി കാലങ്ങൾക്കപ്പുറത്തേക്ക് മാഞ്ഞു പോയല്ലോ!..
കടന്നു പോകുന്ന തീവണ്ടി ബോഗികളിൽ എവിടെയെങ്കിലും നടന്നു തീരുന്നതിന് മുൻപേ വഴികളിലെവിടെയോ കാണാതെ പോയ പ്രിയപ്പെട്ടവർക്കൊപ്പം ഭരതനെന്ന മലയാളികളുടെ ഇഷ്ട വിചാരവും മറഞ്ഞിരിപ്പുണ്ടോയെന്ന് നഷ്ടബോധത്തോടെ മനം പരതി നോക്കി ഒറ്റയ്ക്ക് വെറുതെ ഞാൻ അങ്ങനെ നിന്നും പോയല്ലോ….!

LEAVE A REPLY

Please enter your comment!
Please enter your name here