കവിത
ഷിംന സീനത്ത്
ഏതാകൃതിയിൽ
നീട്ടിപ്പരത്തിയാലും
ചുട്ടെടുക്കുമ്പോൾ
ഒരേ ഛായയിൽ ചുരുണ്ടിരിക്കും
ഉമൈബയുടെ പകലുകൾ
പലജാതി പ്രശ്നങ്ങൾ
മുടികളിലൂടെ
നഖങ്ങളിലൂടെ
കണ്ണിലൂടെ കയറിവരും
കുഞ്ഞിനസുഖം തീണ്ടുന്നത്
ഇന്നലെ മാറ്റിയിട്ട ഓട് പൊട്ടിയത്
തളിർത്തയില കരിഞ്ഞു പോയത്
കണ്ണേറാണ്
ഉമൈബ നീറിയിരിക്കില്ല
കോഴിയെ കാണാതാവുന്നത്
ചോറ് വേണ്ടാന്നു തോന്ന്ണത്
ഉറക്കമില്ലാത്തത്
വരത്തുപോക്കാണ്
ഉമൈബ നീറിയിരിക്കില്ല
മറുമരുന്നിന്
മൂത്ത ബിയ്യിന്റടുത്തേക്കൊരു
നേർരേഖ വരച്ചിടും
നെഞ്ചിലെയുണങ്ങാത്ത വറ്റ്
കിതച്ചു കിതച്ചൊരു കാറ്റാവും
ഇന്നിനെയുടുത്ത്
നിലം തൊടാതെ
നീട്ടിയൊരു നടപ്പാണ്
അങ്ങോട്ടുള്ള യാത്രയിൽ
നടപ്പാത മരുഭൂമിയാകും
കാലിനു തീപിടിക്കും
ബിയ്യ് കാലങ്ങളായി
വഴറ്റിയെടുത്ത
നോട്ടമെറിയും
ഉമൈബ ചരട് മുറുകെപ്പിടിച്ചിരിക്കും
കണ്ണുകളടയ്ക്കും
ബിയ്യ് ഹാളിറാകും
കുരുക്കഴിക്കലിന്റെ നിമിഷങ്ങൾ
പൊരിവെയിൽ
പലവർണ്ണങ്ങളായഴിഞ്ഞ്
ഉമൈബയെ തഴുകും
തിരിച്ചിറങ്ങുമ്പോൾ
കാട്ടുതീയിൽ
ഹൃദയം പുഷ്പിക്കും
സുഗന്ധം രോമാവരണത്തിൽ
പ്രവേശിച്ചൊരു നദിയുണ്ടാകും
തീരത്തിരുന്ന്
തേൻചേർത്തൊരു മഞ്ഞുകണം ഭക്ഷിച്ച്
പതിയെ
മറ്റൊരാകൃതിയിലുള്ള
പകലിലേക്കിറങ്ങും
കാലിന് തീപിടിക്കും
ആരുമറിയാതെ ദൈവമൊരു
ഫോർ ലൂപ്പിടും
…
ഹാളിർ: വെളിപ്പെടൽ
ബിയ്യ് : ബീവി
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.