കാലുകളിൽ വിരിയുന്ന ഉല്ലുവിന്റെ സർഗ്ഗവിസ്മയങ്ങൾ

0
793

ബിലാൽ ശിബിലി
കോഴിക്കോട്

“…ഇതാണ് ചാലപ്പുറം, ഇനി സ്ഥലം കണ്ടുപിടിക്കണം…”. ചോദിക്കാന്‍ ഒരാളെ തപ്പുകയായിരുന്നു ഞങ്ങള്‍. “ഈ ‘മാന്‍ കഫെ’ എവിടെയാണ്..?” ചോദ്യം വന്നത് ഞങ്ങളോടായിരുന്നു പക്ഷെ. “ആഹ്.. സതിയേച്ചി.. ഞങ്ങളും അങ്ങോട്ടേക്കാണ്, ഉല്ലുവിന്‍റെ എക്സിബിഷന്‍ കാണാന്‍…” വേറെയൊരു ബൈക്കിലെത്തി വഴി ചോദിച്ചത് കോഴിക്കോട്ടെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ സതി ആര്‍. വിയായിരുന്നു.

കൈവിരലുകളുടെ അഭാവത്തില്‍, കാലുകള്‍ കൊണ്ട് ജീവിതത്തിന് വ്യത്യസ്ത നിറങ്ങളേകുന്ന മനോഹര കവിതയാണ് ഉമ്മുല്‍കുല്‍സു എന്ന ഉല്ലു. ചാലപ്പുറം മാന്‍ കഫെയിലാണ് ഉല്ലുവിന്‍റെ ചിത്രപ്രദര്‍ശനം നടക്കുന്നത്. ‘ഷെയിഡ് – മഴവില്ലിന്റെ എട്ടാമത്തെ നിറം’ എന്നാണ് പ്രദര്‍ശനത്തിന്‍റെ പേര്. പ്രദര്‍ശന സ്ഥലത്തേക്ക് കയറുമ്പോള്‍ പ്രശസ്ത ഫോട്ടോഗ്രാഫര്‍ അജീബ് കോമാച്ചി അവിടെ നിന്നും ഇറങ്ങുന്നു. “ വൈകി പോയല്ലോ കുട്ടികളെ, ഞങ്ങള്‍ ഇറങ്ങുകയാണ്…” അജീബ്ക്ക കൈ തന്ന് കൊണ്ട് തിടുക്കത്തില്‍ പറഞ്ഞു. അദ്ദേഹമായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍.

ചെറിയ ഹാളില്‍ അധികവുമുള്ളത് പരിചയക്കാര്‍ തന്നെ. ക്യാമറ ഫ്ലാഷുകള്‍ നോക്കി ചിരിക്കുന്നുണ്ട് ഒരു സുന്ദര മുഖം. ഉല്ലു. ആദ്യമായാണ് ഉമ്മുല്‍കുല്‍സുവിനെ നേരിട്ട് കാണുന്നത്. ‘സു സു സുഹറ’ എന്ന ഫേസ്ബുക്ക് ഐഡിയില്‍ നിന്നാണ് ഈ വിസ്മയത്തെ പറ്റി ആദ്യം അറിയുന്നത്. പിന്നീട്, പിന്തുടര്‍ന്നിട്ടുണ്ട്, കാലുകളില്‍ വര്‍ണ്ണങ്ങള്‍ വിരിയിക്കുന്ന ഈ മാലാഖയെ. സുഹറയും അപ്പുറം തന്നെയുണ്ട്. തങ്ങളുടെ ചെറിയ ക്ഷണം കൊണ്ട് ഇത്രയും ആളുകളും പത്രക്കാരും ഒക്കെ എത്തിയ സന്തോഷത്തില്‍ ആയിരുന്നു സുഹറ.

തന്‍റെ ചിത്രങ്ങള്‍ക്ക് മുന്നില്‍ അഭിമാനത്തോടെ നിന്ന് പോസ് ചെയ്യുന്നുണ്ട് ഉല്ലു. വർണ്ണവിസ്മയങ്ങളാണ് ഓരോ ചിത്രങ്ങളും. പരിമിതികളെയൊക്കെ കല കൊണ്ട് നേരിടുമ്പോൾ, ജീവിതം കൂടുതൽ സർഗ്ഗാത്മകമാവുന്നു എന്ന സന്ദേശമാണ് ഉല്ലു നമുക്ക് നൽകുന്നത്. കുഞ്ഞു തടസ്സങ്ങൾക്ക് മുന്നിൽ പോലും പകച്ചു നിൽക്കുന്ന നമ്മൾ ഓരോരുത്തർക്കും പ്രചോദനമാകുന്നുണ്ട് ഈ കലാകാരി. അവളൊരാള്‍ മാത്രമല്ല, കൈപിടിച്ചു കോഴിക്കോട് വരെ എത്തിച്ച കുടുംബവും കൂട്ടുകാരുമെല്ലാം പറയുന്നതും, അസാധ്യമായത് ഒന്നുമില്ല എന്ന് തന്നെയാണ്. ഉല്ലു നിർമിച്ച വിത്തുപേനകളും അവിടെയുണ്ട്. ചിത്രങ്ങളും പേനയും വില്പന നടത്തുന്നുണ്ട്. ഇതിനകം 5000 ത്തിലധികം വിത്തുപേനകൾ ഉല്ലു കാലുകൾ കൊണ്ട് നിർമിച്ചു കഴിഞ്ഞു. 500 ചിത്രങ്ങൾ വേറെയും.

“ഇതിലൊരു ഫോട്ടോ എടുത്തു തരുമോ..” ക്യാമറ കയ്യിൽ തന്ന് സതിയേച്ചി ചോദിച്ചു. സാധാരണ കോഴിക്കോട്ടെ എല്ലാ സാംസ്‌കാരിക സദസ്സുകളും തന്റെ ക്യാമറയിൽ ഒപ്പിയെടുക്കുന്ന സതിയേച്ചിയെയാണ് നമ്മൾ കണ്ടിട്ടുള്ളത്. സുഹൃത്ത് സച്ചിൻ ഫോട്ടോ എടുത്തു കൊടുത്തു. ചിരിച്ചു കൊണ്ട് ചേർന്നു നിന്നു, നമ്മുടെ കഥാനായിക. അവരോട് മാത്രമല്ല, എല്ലാരേയും ചിരിച്ചു കൊണ്ട് സ്വീകരിക്കുന്നുണ്ട് അവൾ. “…ഞങ്ങളൊരുപാട് പേര് ചിത്രങ്ങൾ കാണാൻ വന്നപ്പോൾ സന്തോഷമായോ. ?” എന്ന ചോദ്യത്തില്‍ ദൃശ്യമാകുന്നുണ്ടായിരുന്നു കണ്ണിൽ ചെറിയ നനവ്. നന്മയുള്ള കുറച്ചു ഹൃദയങ്ങൾ നിമിത്തമുണ്ടായ ആനന്ദത്തിന്റെ നനവ്.

ഉല്ലു സതി ആര്‍. വിയോടൊപ്പം

പനിനീർ ചെടിയിൽ വെള്ളമൊഴിച്ചു കൊണ്ടായിരുന്നു അജീബ് കോമാച്ചി ഉൽഘാടനം നിർവഹിച്ചത്. പ്രിയ ജി വാര്യർ, നജീബ് കുറ്റിപ്പുറം, താജ് ബക്കർ, മുസ്തഫ പീടിയേക്കല്‍, സുഹറ എന്നിവർ സംസാരിച്ചു. പ്രദര്‍ശനം ഈ മാസം 30 വരെ തുടരും. രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെയാണ് പ്രദര്‍ശനസമയം. പുഷ്പ ജങ്ക്ഷനില്‍ നിന്ന് മാങ്കാവ് റോഡിലേക്ക് കുറച്ചു ദൂരം സഞ്ചരിച്ചാല്‍ മാന്‍ കഫെയെത്തി.

സുഹറയും ഞങ്ങളും

പരിധികള്‍ക്കും പരിമിതികള്‍ക്കും ഇടയില്‍ നമ്മളില്‍ ചിലര്‍ കൈകോര്‍ക്കുമ്പോള്‍ രചിക്കപ്പെടുന്ന മനോഹര കാവ്യങ്ങളാണ് ഓരോ സര്‍ഗാത്മക സദസുകളും. പിന്നില്‍ നിന്നും മുന്നില്‍ നിന്നും ഉമ്മുല്‍കുല്‍സുവിനും കുടുംബത്തിനും അവളുടെ രചനകള്‍ക്കും കൈതാങ്ങേകുന്ന അവളുടെ കൂട്ടുകാരായ എല്ലാ സംഘാടകരും കയ്യടികള്‍ ഒരുപാട് അര്‍ഹിക്കുന്നു. അവരില്‍ ചിലര്‍ക്ക് കൈ കൊടുത്ത് കൊണ്ട് ഞങ്ങള്‍ ഇറങ്ങി. അഞ്ച് മണിയുടെ എഗ്മോര്‍ എക്സ്പ്രസ് കിട്ടാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക്.

ചിത്രങ്ങള്‍: സച്ചിന്‍ എസ്. എല്‍

 

കാലുകളാല്‍ തീര്‍ക്കുന്ന വിസ്മയം

LEAVE A REPLY

Please enter your comment!
Please enter your name here