യുജിസി ഗവേഷണ ജേണലിൽ മലയാളം ഇല്ല

0
236

ന്യൂഡൽഹി: ജൂൺ 14 മുതൽ പ്രാബല്യത്തിൽ വന്ന യുജിസി ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ പട്ടികയിൽനിന്ന്‌ മലയാളം, തമിഴ്‌, തെലുഗുഭാഷകൾ പുറത്ത്‌. ഗവേഷക വിദ്യാർഥികളെയും അധ്യാപകരെയും പ്രതികൂലമായി ബാധിക്കുന്നതാണ്‌ നടപടി. യുജിസി കൺസോർഷ്യം ഫോർ അക്കാദമിക് റിസർച്ച്‌ ആൻഡ്‌ എത്തിക്‌സ്‌ (കെയർ) അംഗീകരിച്ച പട്ടികയിൽനിന്നാണ്‌ പുറന്തള്ളിയത്‌. കെയർ അംഗീകരിച്ച ഇന്ത്യൻഭാഷാ വിഭാഗത്തിൽ ആകെയുള്ള 60 ജേണലിൽ 57 ഉം ഹിന്ദിയിലാണ്‌. ബംഗാൾ, അസം, കന്നഡ ഭാഷകളിലാണ്‌ ശേഷിച്ചവ.

പ്രാദേശികഭാഷകളെ പൂർണമായും അവഗണിച്ച്‌ ഹിന്ദി അടിച്ചേൽപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസനയത്തിൽ വ്യാപക പ്രതിഷേധമുയർന്നു. ശാസ്‌ത്രം, സാമൂഹ്യ ശാസ്‌ത്രം, മാനവിക വിഷയങ്ങൾ, മൾട്ടിഡിസിപ്ലിനറി, ഇന്ത്യൻ ഭാഷ വിഭാഗങ്ങളിലാണ്‌ ജേണലുകളുടെ പുതിയ പട്ടിക. മലയാളത്തിൽ നിന്നുള്ള രണ്ട്‌ ജേണലുകൾ നേരത്തെ ഭാഷാവിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാണിച്ച്‌ ഒഴിവാക്കി. ഗവേഷണത്തിലെ മോശം പ്രവണതകൾക്ക്‌ വിരാമമിടാനും നിലവാരം ഉയർത്താനുമാണ്‌ കെയർ സംവിധാനത്തിന്‌ 2018ൽ രൂപംകൊടുത്തത്‌. കെയർ അംഗീകരിച്ച പട്ടികയിലുള്ള ജേണലുകൾ മാത്രമേ അക്കാദമിക ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കാവൂ എന്ന്‌ യുജിസി നിർദേശിച്ചിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here