ശ്ലാഘനീയമായ രീതിയിൽ കലാസപര്യ തുടരുന്ന ചെറുപ്പക്കാരുണ്ട് എന്നുള്ളതിൽ അഭിമാനം തോന്നുന്നു – യു.എ.ഖാദർ

0
332
uakhader

തിരുവങ്ങൂർ ഹയർ സെക്കന്റ്റി സ്കൂളിലെ ഈ വർഷത്തെ വാർഷികം ഉദ്ഘാടകൻ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ യു.എ.ഖാദർ ആയിരുന്നു. ഉദ്ഘാടനത്തിന് തൊട്ടു മുമ്പേ അരേ മൈ ഗോഡ്! എന്ന നാടകം കണ്ട ശേഷം സംവിധായകൻ ശിവദാസ് പൊയിൽക്കാവിനെ അനുമോദിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. .

പ്രസംഗത്തിലെ പ്രസക്തഭാഗം

“ഈ ദിവസം എനിക്ക് വളരെ നല്ല ദിവസമാണ്. ഭംഗിവാക്കു പറയുകയല്ല. ഈ സ്കൂളിലേക്ക് ഞാൻ വളരെ പ്രയാസപ്പെട്ടാണ് കയറിയത്. എനിക്ക് ശാരീരികമായ വയ്യായ്ക ഒരുപാടുണ്ട്‌. പക്ഷേ അതി മനോഹരമായ ഒരു നാടകത്തിന് സാക്ഷ്യം വഹിക്കുവാൻ എനിക്ക് സാധിച്ചു.

നാടകകൃത്ത് ആരാണെന്ന് ഞാൻ ചോദിച്ചു. ശിവദാസ് പൊയിൽക്കാവ്. അദ്ദേഹത്തെക്കുറിച്ച് ഞാൻ ധാരാളം കേട്ടിട്ടുണ്ട്. വളരെ ഭംഗിയായിട്ടുണ്ട് ഈ കാലഘട്ടത്തെ അദ്ദേഹം തന്റെ രചനയിലൂടെ ഇവിടെ അവതരിപ്പിച്ചത്. പ്രകൃതിയെ ചൂഷണം ചെയ്യുന്ന ഈ വ്യവസ്ഥിതിയെ വളരെ കലാപരമായി രംഗത്ത് നാടകത്തിന്റെ രൂപത്തിൽ അവതരിപ്പിക്കുവാൻ പ്രിയ കലാകാരന് സാധിച്ചു എന്നുള്ളത് വലിയ കാര്യമാണ്. ശിവദാസുമായി വ്യക്തിപരമായി ഒരു ചങ്ങാത്തം സ്ഥാപിക്കാൻ എനിക്ക് സാധിച്ചില്ല എന്നത് എന്റെ തകരാറാണ് എന്ന് തറപ്പിച്ചു പറയാൻ ഈ നാടകം എന്നെ പ്രേരിപ്പിക്കുന്നു. ആ പ്രതിഭാശാലിയുടെ മുൻപിൽ ഞാൻ തല കുനിക്കുന്നു.
അങ്ങിനെ ഒരു ഇതിവൃത്തത്തെ എടുത്ത് കൈകാര്യം ചെയ്യുവാനും അതിന് പറ്റിയ കുട്ടികളെ കണ്ടു പിടിച്ച് അത് രംഗത്ത് അല്പം പോലും മുഷിവ് കൂടാതെ ഇന്നത്തെ സജ്ജീകരണങ്ങൾ ഉപയോഗിച്ച് കൊണ്ടു തന്നെ ആവിഷ്കരിക്കാനും സാധിച്ചുവെന്ന സംവിധാനമികവ് നിശ്ചയമായും നാടകത്തിനുണ്ട്. ആ സംവിധാനമികവിനെയും ഞാൻ അഭിനന്ദിക്കുന്നു. കുട്ടികളെയും ഞാൻ അഭിനന്ദിക്കുന്നു.

sivadas poilkave
ശിവദാസ് പൊയിൽക്കാവ്

ഇത് എന്റെ ഒരൂറ്റമാണ്. എന്ന് പറഞ്ഞാൽ എന്റെ നാട്ടിലെ എന്റെ തട്ടകത്തിലെ കുട്ടികൾ അതുപോലെ സംവിധായകർ നാടകകൃത്തുക്കൾ എല്ലാം അവരുടേതായ കഴിവുകളിലൂടെ താൻ പോരിമകളിലൂടെ തന്റേടത്തോടു കൂടി രംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ടല്ലോ എന്നുള്ളതാണ് വളരെ വർഷങ്ങൾക്ക് മുമ്പ് എഴുതിത്തുടങ്ങിയ എന്നെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ വസ്തുത. അമ്പത്തിരണ്ടിലേ മറ്റോ ആണ് എന്റെ ആദ്യത്തെ ചെറുകഥ അച്ചടിച്ചു വരുന്നത്.ഈ അറുപത് വർഷങ്ങൾ ഞാൻ അക്ഷരവുമായി ഇടപഴകുകയായിരുന്നു.

എവിടെ നല്ല കഥകൾ കാണുന്നുവോ ഏതേത് മണ്ഡലത്തിൽ കലാപരമായ ഔന്നത്യങ്ങൾ ഉണർന്നു വരുന്നുവോ എന്നുള്ളത് വളരെ താൽപര്യത്തോടു കൂടി നോക്കിക്കാണുന്ന ഒരാളായിട്ടാണ് ഞാൻ ഉണ്ടായിരുന്നത്.അപ്പോൾ നിശ്ചയമായും എന്നെ സംബന്ധിച്ചിടത്തോളം അത് അഭിമാനകരമായ കാര്യമാണ്.ഈ അഭിമാനകരമായ കാര്യം ഇവിടെ എടുത്ത് പറയാതിരിക്കാൻ നിവൃത്തിയില്ല.

ശിവദാസ്‌ പൊയില്‍ക്കാവ്‌ – Sivadas Poyilkav

ഒരു കലാകാരൻ തന്നെ സംബന്ധിച്ചിടത്തോളം തന്റെ സ്വത്വം സ്ഥാപിച്ചെടുക്കുന്ന രീതിയിലുള്ള പരിപാടികൾ ആവിഷ്കരിക്കുകയും അത് രംഗത്ത് അവതരിപ്പിക്കുകയും അതിൽ വിജയം നേടുകയും ചെയ്യുന്നു എന്നുള്ളത് ചില്ലറ കാര്യമല്ല. എങ്ങിനെ ഒന്നിനെ രസകരമാക്കിത്തീർക്കാം കലാപരമായിത്തീർക്കാം എന്നുള്ള ഒരു സർഗാത്മകമായ ചിന്താഗതികളിലൂടെയാണ് ഒരു എഴുത്തുകാരൻ പ്രത്യക്ഷപ്പെടുന്നത്, ഒരു നാടകകൃത്ത് പ്രത്യക്ഷപ്പെടുന്നത്, നടീ നടന്മാർ പ്രത്യക്ഷപ്പെടുന്നത് സംവിധായകന്മാർ പ്രത്യക്ഷപ്പെടുന്നത്‌.അങ്ങിനെ എന്റെ നാട്ടിൽ വളരെയധികം ശ്ലാഘനീയമായ രീതിയിൽ തങ്ങളുടെ കലാസപര്യ തുടരുന്ന ചെറുപ്പക്കാരുണ്ട് എന്നുള്ളതിൽ എനിക്ക് ആഹാദം പകരുന്ന അഭിമാനം പകരുന്ന കാര്യമാണ്. ”

LEAVE A REPLY

Please enter your comment!
Please enter your name here