വിമീഷ് മണിയൂർ
പണ്ട് പണ്ട് പണ്ട് പണ്ട്
പണ്ട് പണ്ട് പണ്ട് പണ്ട് പണ്ട് വായ മൂക്കിന് മേലെയായിരുന്നു. അന്നൊക്കെ സർക്കാരോഫീസു പോലെ മൂക്ക് ശനിയും ഞായറും അവധിയായിരുന്നു. വായാണെങ്കിൽ പഞ്ചായത്ത് കിണറ് പോലെ തീട്ടക്കുണ്ടായി. തല അധികാരത്തിൽ വന്നതുമുതൽ കാര്യം മാറി തുടങ്ങി. ഇപ്പോൾ വായ തുറന്നാൽ മൂക്ക് പറയും: എന്തൊരു നാറ്റമാണ്. വായ കക്കൂസ് പോലെ വാതിലടച്ച് പിടിച്ച് നടക്കും.
മൊബൈൽ
സ്വയംഭോഗം ചെയ്ത് പുറത്തായ പാതി പൂർത്തിയായ കുട്ടികളാണ് മൊബൈൽ ഫോണുകൾ. വിളിച്ചാലും പറഞ്ഞാലും അവർ അനുസരിക്കുന്നത് മനുഷ്യരുടെ കൂട്ടത്തിൽ കൂടാനുള്ള കൊതി കൊണ്ടാണ്. കുടിയൊഴിക്കലിൽ പേടിച്ച് നിന്നു പോയവരാണ്. ഒട്ടും തെളിച്ചമില്ലാത്ത അവരുടെ മുഖത്തേക്ക് നോക്കൂ; അത് നമ്മളല്ലാതെ മറ്റാരാവാനാണ്. അത്രയും കൂടെ കിടന്നിട്ടില്ലല്ലോ മറ്റൊരു ശ്വാസവും.