വിമീഷ് മണിയൂർ
ഒരില
ഒരില വട്ടത്തിൽ ചുട്ടെടുക്കുകയായിരുന്നു മരം. ഉറുമ്പുകൾ കയറി ഇറങ്ങി അതിൽ ഞരമ്പുകൾ വരച്ചുകൊണ്ടിരുന്നു. ആ ഇലയുടെ അടിയിൽ താമസിച്ച് ഒരു പുഴു കുറഞ്ഞ സമയത്തിൽ മ്യൂറലുകൾ ചെയ്തു. കാറ്റ് ഇടയ്ക്കിടെ സ്കാൻ ചെയ്ത് കോപ്പികൾ എടുത്തു കൊണ്ടിരുന്നു. വെയിൽ ഒരു ഫോട്ടോ എടുത്ത് നെഗറ്റീവ് വലുതാക്കി നിലത്തിട്ടു. അതിൽ നോക്കി മരം അടുത്ത ഇലയുടെ വട്ടം പൂർത്തിയാക്കുന്നു.
ഡ്രൈവർ
ഈ കവിത ഞാനോടിക്കുകയാണ്. ഇതിൻ്റെ ബെല്ല് ആകാശം എന്ന വാക്കിൻ്റെ പര്യായവും ഇതിൻ്റെ ബ്രേക്ക് കറുപ്പ് എന്നതിൻ്റെ നാനാർത്ഥവുമാണ്. ഗദ്യമാണ് ഓയിൽ. ആരാധന എന്ന വാക്കു പൂജിച്ച് ഒരു കുറിയും ഒന്ന് രണ്ട് ഉപമകൾ രസത്തിന് വെച്ച് പിടിപ്പിച്ചിട്ടുമുണ്ട്. നിറയെ രൂപകങ്ങൾ ചിതറിക്കിടക്കുന്ന ഒരു ഗട്ട് റോഡിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്. ഒന്ന് രണ്ട് നിരൂപകർ കൈകാണിച്ചെങ്കിലും നിർത്തിയില്ല. താൽപ്പര്യമുള്ളർ പുറകിൽ കയറിയിരിക്കൂ. വായിച്ചു കഴിഞ്ഞാൽ ചാടിയിറങ്ങിപ്പോകൂ. എനിക്കും എൻ്റെ കവിതക്കും നിങ്ങളുടെ മുഖം കാണണ്ട.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല