വിമീഷ് മണിയൂർ
ഒരു കാടിന് എങ്ങനെ ഒറ്റക്കിരിക്കാനാവും
ഒറ്റക്കിരിക്കുന്നു എന്ന് തോന്നരുത് ഒരു മരവും. വന്നു പോകുന്നു പക്ഷികളും കാറ്റുകളും മണങ്ങളും പ്രാണികളും. ഒരു കാടിന് എങ്ങനെ ഒറ്റക്കിരിക്കാനാവും.
ബംഗാളി ഇല
ഒരു മരത്തിലും ഒരു ബംഗാളി ഇല താമസിക്കുന്നില്ല. ഒരു പൂച്ചയിലും ഒരു ബംഗാളി രോമം പ്രവർത്തിക്കുന്നില്ല. ഒരു മൊബൈലിലും ഒരു ബംഗാളി ആപ്പ് കുടുംബം ഉണ്ടാക്കുന്നില്ല. കൂട്ടി വെക്കുന്ന പേടിയിൽ നിന്ന് അരച്ചരച്ച് ഉണ്ടാക്കുന്ന ഒരില, രോമം, ആപ്പ്.
വലിയുള്ളി
ഇന്നുച്ചയ്ക്കുണ്ടാക്കിയ കറിയിൽ വലിയുള്ളി വഹിച്ച പങ്കിനെക്കുറിച്ച് വലിയ സംശയങ്ങൾ നിലനിൽക്കുന്നു. വലിയുള്ളി കറിയുടെ താഴേക്കിടയിൽ പ്രവർത്തിച്ചില്ലെന്നും, തിളച്ച് പാകമായ ശേഷം മുകളിൽ എല്ലാവരും കാണെ പൊന്തി നിൽക്കുക മാത്രമായിരുന്നു എന്ന നിഗമനത്തിൽ ഉറച്ചു നിന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. സംഭവിച്ചു പോയതിൽ വായിൽ എത്തിപ്പെട്ട ശേഷവും വലിയുള്ളിക്ക് വലിയ കുറ്റബോധമുണ്ടെന്ന് ഇറങ്ങിപ്പോകുന്ന വഴി തൊണ്ടക്കുഴി പിന്നാലെ നടന്ന് രേഖപ്പെടുത്തി. വയറ്റിൽ പോയി, താൻ പുതിയ രൂപത്തിലും ഭാവത്തിലും തിരിച്ചു വരുമെന്ന് പറഞ്ഞതോടെ ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.