ട്രോൾ കവിതകൾ
വിമീഷ് മണിയൂർ
കറന്റു കട്ടും കൂറയും
വീട്ടിലെ കറന്റു കട്ടും കൂറയും തമ്മിൽ പൊരിഞ്ഞ പ്രേമത്തിലായിരുന്നു.
ഒടുക്കം ഒളിച്ചോടി.
ആരും കാണാതെ പുറത്തിറങ്ങി കൈയ്യും പിടിച്ചു നടക്കുന്നതിനിടെ
തൊട്ടു മുന്നിൽ കണ്ട വെള്ളത്തിൽ നോക്കിയപ്പോൾ
വീട്ടിലെ അടുപ്പാണ് കൂടെ.
കറൻറ് കട്ട് തരിച്ചു പോയി.
വളിയിട്ടു പോയി
മുറിയിലെ തുണിക്കൊട്ടയിൽ
ഒരുറുമ്പ് വന്ന് താമസം തുടങ്ങി.
മുഷിഞ്ഞ തുണിയുടെ നാറ്റം മടുത്ത്
ഉറുമ്പ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു.
തൊട്ടടുത്തുള്ള അലമാരയിൽ കയറി ചാടാമെന്ന് കരുതി
മുറിയിൽ നിന്നിറങ്ങി.
തന്റെ അനാഥ ശവം
മനുഷ്യരുടെ മുറിയിൽ കിടന്ന്
അഴുകില്ലേയെന്ന് കരുതി
ഈ വീടിൻ്റെ മുകളിൽ കയറി ചാടാമെന്നും
എങ്കിൽ അയലത്തെ വീട്ടിലെ ഉറുമ്പുകൾ കൂടി വന്ന്
കണ്ട് നിലവിളിക്കുമെന്നും രണ്ട് നല്ല വാക്ക് പറയുമെന്നും കരുതി.
കയ്യിലെ അവസാനത്തെ പഞ്ചസാരമണിയിൽ
ആത്മഹത്യക്കുറിപ്പ് എഴുതി:
മെനകെട്ട വസ്ത്രങ്ങളുടെ ലോകത്ത് ജീവിച്ച് ഞാൻ മടുത്തു.
എന്റെ ആത്മഹത്യയ്ക്ക് കാരണം വസ്ത്രങ്ങളാണ്.
ഉറുമ്പ് പുറത്തിറങ്ങി.
അന്ന് രാത്രി വഴി തെറ്റി വന്ന മറ്റൊരുറുമ്പ് ആ ആത്മഹത്യക്കുറിപ്പ് വിഴുങ്ങി.
പിറ്റേന്ന് കക്കൂസിൽ പോയപ്പം ഇറങ്ങിപ്പോയ മഞ്ഞ നിറമുള്ള അക്ഷരങ്ങളെ കണ്ട്
ആ ഉറുമ്പ് ഒരു വളിയിട്ടു പോയി.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.