ട്രോൾ കവിതകൾ – ഭാഗം 11
വിമീഷ് മണിയൂർ
ട്രോളി
എൻ്റെ ചെരുപ്പിട്ട് നടക്കാൻ നോക്കുകയായിരുന്നു ഒരു ഉറുമ്പ്. കിടക്കുന്നതിന് മുമ്പ് ആ ഉറുമ്പ് അയച്ച മെസ്സേജ് എന്നെ കാണിച്ചു: ഞാനിന്ന് കപ്പലിനെ ട്രോളി.
നടയിൽകുനി വിജയൻ
മരിച്ചപ്പോഴാണ് നടയിൽകുനി വിജയന് മനസ്സിലായത് മരിച്ചവർക്ക് ഒരു സൗകര്യവുമില്ല നാട്ടിൽ.
മരിച്ചവർക്ക് കിടന്നുറങ്ങാനുള്ള കട്ടിലില്ല. ഇരിക്കാനുള്ള കസേരയില്ല. കുളിമുറിയില്ല. കക്കൂസില്ല.
മരിച്ച ഉടനെ താനുണ്ടാക്കിയ വീട്ടിൽ നിന്ന് തന്നെ എടുത്ത് വെറും നിലത്ത് കുഴിച്ചിട്ടിരിക്കുന്നു.
റോഡില്ല. റേഷൻ ഷാപ്പില്ല. പലചരക്ക് പീടിക ഇല്ല. മക്കളെ കല്യാണം നടത്താൻ കുറിയില്ല. ചായപ്പീടികയില്ല. ബസ്സില്ല. ട്രയിനില്ല. വിമാനത്താവളത്തിൽ പ്രവേശനമില്ല.
എല്ലാ കാർഡുകളും ഒറ്റയടിക്ക് അസാധുവായി. ചെയ്യാനുള്ള എല്ലാ വോട്ടും കള്ളവോട്ടായി. തിന്നാനുള്ള എല്ലാ ചോറും ബലിച്ചോറായി. കിട്ടാനുള്ള എല്ലാ കടവും തരാനുള്ളവർ മറന്നു പോയി. കൊടുക്കാനുള്ള എല്ലാ പൈസയും ചോദിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. വേണോന്നു പോലും ചോദിക്കാതെ വീട്ടുകാർ ഉണ്ടു തുടങ്ങി. നന്ദികെട്ടവർഗ്ഗം എന്ന് ദേഷ്യപ്പെടുമ്പോൾ വിളിച്ചിരുന്നത് സത്യമായി.
മരിച്ചു കഴിഞ്ഞപ്പോഴാണ് നടയിൽകുനി വിജയന് മനസ്സിലായത് മരിച്ചവർക്ക് ഒരു സൗകര്യവും ചെയ്തു തരാത്ത ഭൂമിയിലാണ് ഇത്രകാലവും ജീവിച്ചിരുന്നതെന്ന്. കുറ്റബോധം കനത്ത് കിടന്നേടത്ത് തന്നെ കിടന്നു നടയിൽകുനി വിജയൻ.