കവിത
ടോബി തലയൽ
ആശുപത്രിച്ചുവരിന്റെ
വെളുത്ത നിശ്ശബ്ദതയിൽ
ഒരു പല്ലി ഇരുപ്പുണ്ട്,
പണ്ടെപ്പോഴോ ജീവിച്ച് മരിച്ച
ഒരു സുന്ദരിയുടെ ഏകാന്തത
കൊത്തിവെച്ചതുപോലെ!
എപ്പോൾ വേണമെങ്കിലും
ഒരു ചിലപ്പുകൊണ്ട്
ചോരയിറ്റാതെയത്
മൗനം മുറിച്ചേക്കാം
വാലിന്റെ തുമ്പിൽ
പതിയിരിക്കുന്ന പിടച്ചിൽ
ഓർമ്മിപ്പിച്ചേക്കാം
എല്ലാരേം പറ്റിച്ചെന്നമട്ടിൽ
കൊഴിച്ചിട്ട
നിഷ്ക്കളങ്കമായൊരു പുഞ്ചിരി,
വേർപെടുന്ന ജീവന്റെ
വിടപറയുന്ന കൈകൾ!
ഒരു പ്രാണിയുടെ നേർക്കുള്ള
പല്ലിയുടെ ചെറുനീക്കം കൊണ്ട്
അടർന്നുവീണേക്കാം
ഭിത്തിയിൽ തൂങ്ങുന്ന ഫോട്ടോയിലെ
പെൺകുട്ടിയുടെ
മാറാലകെട്ടിയ മിഴിനീർ,
ചുംബനം കൊതിക്കുന്ന
ചുണ്ടുകളിലെ വരൾച്ച,
ആഗ്രഹങ്ങൾ ഒരുപക്ഷേ
കത്തിച്ചുവെച്ച വിളക്കിനോട് മാത്രം
തുറന്നു പറഞ്ഞ്
അണഞ്ഞുപോയ വെളിച്ചം!
ചുവരിന്റെ വെണ്മയിൽ ഒരാകാശമുണ്ട്,
പക്ഷികളൊഴിഞ്ഞുപോയ,
നിലാവിന്റെ തൂവൽ കൊഴിഞ്ഞ,
മേഘങ്ങൾ വരച്ചുമായ്ച്ച ചിത്രങ്ങളുടെ
ശൂന്യാകാശം
പല്ലിക്ക് ഇരയാവുക ഏത് പ്രാണിയാവാം?
മറുനാട്ടിൽ നഴ്‌സായി
സ്വയം മെഴുതിരിയായവൾക്ക്
ഒരു പല്ലിയോടല്ല,
ഇരയായ പ്രാണിയോടാണ് സാദൃശ്യം
മലയോരത്ത്
മേഘങ്ങൾ പാർക്കുന്ന ഭവനത്തിലെ
ചോരുന്ന വിഷമതകൾ
ആ കീഴടങ്ങലിൽ
ചിറകൊതുക്കി ഇരുപ്പുണ്ട്
കൊടിയേറാതെ പോയ
ഉത്സവങ്ങളും
മേളക്കാരന്റെ തോളിൽക്കിടന്ന്
കൊട്ടിക്കേറാൻ
ഒരിക്കൽ കൊതിച്ച വാദ്യങ്ങളും
തൂവിപ്പോയ സന്തോഷങ്ങളുടെ
വിയർപ്പിൻ കണങ്ങളും
വിധിക്ക് കീഴടങ്ങിയുള്ള
ആ ഇരുപ്പിൽ കണ്ടേക്കാം.
പല്ലി എവിടെയോ പോയ് മറഞ്ഞിരിക്കുന്നു,
ആകാശത്തൊരു നഴ്‌സിന്റെ ചിരി
കുന്നിറങ്ങാൻ തിടുക്കപ്പെടുന്ന
മേഘങ്ങൾക്കിടയിൽ
അമ്പിളിക്കല പോലെ
പ്രകാശിക്കുന്നു
സുന്ദരിയായ ഒരു മാലാഖ
മൗനം കടിച്ചുപിടിച്ച്
ആശുപത്രി വാർഡിൽ
വെളുത്ത യൂണിഫോമുലയാതെ
മരണത്തെ മറികടന്നു പോകുന്നു
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.