വേട്ട  

2
369

കവിത
ടോബി തലയൽ

നഗരത്തിലെ
ഒരു ശീതളപാനീയശാലയിൽ
രണ്ട് കമിതാക്കൾ
മേശക്കിരുവശമിരുന്ന്
കണ്ണുകൾ സ്ട്രോയാക്കി
പരസ്പരം വലിച്ചുകുടിക്കുകയായിരുന്നു, 
ഞാൻ നിന്റേതും
നീ എന്റേതുമാണെന്ന മട്ടിൽ

ഒരു ചിത്രകാരൻ
അവരെ പ്രതീകാത്മകമായി
വരയ്ക്കാൻ തുടങ്ങി —
ചില്ലുകൂട്ടിൽ നീന്തിത്തുടിക്കുന്ന
ഒരു സ്വർണ്ണമീൻ
മുന്നിൽ, കൊതിയൂറി
നാവ് നുണഞ്ഞിരിക്കുന്ന ഒരു പൂച്ച

ആ മീൻമിഴികൾ അവനോട്
നിശ്ശബ്ദം ചോദിക്കുന്നുണ്ട്
പ്രിയനേ, എത്ര നേരമായി
എന്റെ നീന്തൽ
നീയിങ്ങനെ കണ്ടുകൊണ്ടിരിക്കുന്നു
നിനക്ക് മടുക്കില്ലേ?
എന്നെ അത്രമേലിഷ്ടമാണെന്നോ?
അടുത്ത ജന്മത്തിലെങ്കിലും
ഒരു മഹാസമുദ്രത്തിൽ
മൽസ്യമിഥുനങ്ങളായ്
ചെകിളകൾ കോർത്ത്
നമുക്കൊന്നായ് ആഴങ്ങൾ താണ്ടണം!
 

നീന്തൽ കണ്ടാസ്വദിക്കുന്നെന്നോ?
ഉവ്വ്, ഉവ്വേ…
മറുപടി ഒരു ചെറു
ചിരിയിലൊതുക്കി മാർജ്ജാരൻ!

പാവം മൽസ്യകന്യക
ചില്ലുകൊട്ടാരം വിട്ടുവരാൻ തയാറാണെന്ന്
ജലോപരിതലത്തിലേക്ക്
കുമിളസന്ദേശം
അയച്ചു കൊണ്ടിരുന്നു

സ്വാതന്ത്ര്യത്തിന്റെ തോണി
തകർന്നുപോയെന്നും
അസംതൃപ്തിയുടെ ആഴത്തിൽ
നിരാശയുടെ കയത്തിലാണെന്നും 
അവളുടെ എസ്സോയെസ്
 
അപ്പോഴും
പൂച്ചക്കണ്ണുകൾ
ഇളംമേനിയുടെ ചലനചാരുതയിൽ
ചൂണ്ടയായ്
കോർത്തു തന്നെ
 
അവന്റെ ചിന്തകൾ
മീശരോമങ്ങൾ കനത്ത്
കാട്ടുമാക്കാനായി
കാടുകയറാൻ തുടങ്ങിയതും   
ഇരുട്ടുപതുങ്ങുന്ന കാലടികളിൽ
കൂർത്ത പുലിനഖങ്ങൾ
വേട്ടക്കൊരുങ്ങുന്നതും
മൃദുലഭാഷണം കൊണ്ടവൻ
മറച്ചുപിടിച്ചത്  
ചിത്രകാരന് പകർത്താനായില്ല.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

2 COMMENTS

    • നന്ദി സപ്ന, വായിച്ച് ആസ്വാദനം രേഖപ്പെടുത്തിയതിന് ❤️

LEAVE A REPLY

Please enter your comment!
Please enter your name here