ഏഴാം ദിവസം

0
417
Toby Thalayal

കവിത
ടോബി തലയൽ

പിഞ്ഞിപ്പോയൊരു ആകാശവും
പാഴും ശൂന്യവുമായ ഭൂമിയുമായിരുന്നു
അയാൾ ആദ്യം സൃഷ്ടിച്ചത്
തഴച്ചുവളർന്നിരുന്ന
കാരമുള്ളും കൂരിരുളും
പിഴുതുമാറ്റേണ്ടിയിരുന്നു
പരിസരമാകെ പരിവർത്തിച്ചുകൊണ്ടിരുന്ന
പ്രാചീനഗന്ധത്തെ അകറ്റി നിറുത്താൻ
മൂക്കുപൊത്തുകയേ മാർഗമുണ്ടായിരുന്നുള്ളു

സന്ധ്യയായി ഉഷസ്സുമായി
രണ്ടാം ദിവസ്സം:
പെരുവെള്ളംപോലെ പ്രവഹിച്ചുകൊണ്ടിരുന്ന
നിശ്ശബ്ദത പകുത്ത് അയാൾ
കടലും കരയുമുണ്ടാക്കി
രാത്രിയിൽ പ്രകാശിക്കാൻ
കരിവിളക്ക് തെളിയിച്ച്
ചന്ദ്രനെയും നക്ഷത്രങ്ങളെയും,
പകലിൽ വെളിച്ചത്തിനായി
കൂരയും ചുവരുമില്ലാത്ത വീടിനുമുകളിൽ
സൂര്യനേയും സ്ഥാപിച്ചു,
എല്ലാം നല്ലതെന്നു കണ്ടു.

ഇത്തിരി മണ്ണ് ഒരുക്കിയെടുത്തു,
പലതരം സസ്യങ്ങളും വൃക്ഷങ്ങളും
വിത്തുകൾക്കുള്ളിൽ സ്വപ്നം കാണുന്നുണ്ടായിരുന്നു,
മലമടിയിൽനിന്ന്
കുടിയിറക്കപ്പെട്ടപ്പോൾ
കെട്ടിയോൾക്കും മക്കൾക്കുമൊപ്പം
കൂടെപ്പോന്ന കരിഞ്ഞ നാമ്പുകൾ
വിയർപ്പിൽ കുതിർന്ന്
ചെറുമഴയിൽ മുളക്കാൻ കാത്തുകിടന്നിരുന്നു.

സന്ധ്യയായി ഉഷസ്സുമായി
ദിവസ്സങ്ങൾ ഓരോന്നായ്
റെയിൽവേ പാലത്തിനടിയിലൂടെ
കൂകി കടന്നുപോയി.

അവളും കുട്ടികളും ശേഖരിച്ച
കുപ്പിക്കും പാട്ടക്കുമിടയിൽ കിടന്ന്
കുത്തഴിഞ്ഞ പുസ്തകങ്ങളിലെ
അക്ഷരങ്ങളും മാഞ്ഞുപോയി.
കാറ്റിന്റെ വേഗത്തിൽ ഒരുകരിയില
എപ്പോഴോ മുന്നറിയിപ്പ് തന്ന് കടന്നുപോയി.
പകല് പേടിക്കാതിരിക്കാൻ
സൂര്യന്റെ കൂട്ടുണ്ടായിരുന്നു,
രാത്രിയിൽ
ചുവന്ന കണ്ണുകളും തുറന്നുവെച്ച് സിഗ്നൽ ലൈറ്റ്
ഒരു പാളം തെറ്റലിനോ
കൂട്ടിമുട്ടലിനോ ഉള്ള സാധ്യത
ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.

സന്ധ്യയായി ഉഷസ്സുമായി
ഏഴാം ദിവസ്സം:
ആറുദിവസ്സത്തെയും വിയർപ്പ്
തോരാനിട്ടിരിക്കുകയായിരുന്നു
ആകാശം ആരോ ചുരുട്ടി എറിയുന്നതും
ഭൂമി ഭീതിയിൽ ചാഞ്ചാടുന്നതും കണ്ടു,
സൂര്യൻ ഇരുണ്ടുപോയി
ചന്ദ്രനും നക്ഷത്രങ്ങളും കൊഴിഞ്ഞുവീണു!
നീ കൽപ്പന ലംഘിച്ചു,
വിലക്കപ്പെട്ട കനി ഭക്ഷിച്ചു
എന്നാരോ പറഞ്ഞു.
നിനക്കിവിടെ എന്തവകാശം
എന്ന ചോദ്യത്തിന്
കൈയ്യിലെ തഴമ്പുള്ള രേഖകൾ
അയാൾ പലതവണ നിവർത്തി കാണിച്ചു
ചവറ്റുകൂനയിൽ കിടക്കുകയായിരുന്ന നായ
വാലുംചുരുട്ടി വഴിയിലേക്കിറങ്ങി;
പിറകെ, പുതുക്കിക്കിട്ടിയ
വഴിയാധാർ കാർഡുമായി അയാളും.
ബൂട്ടുകളിട്ടൊരു ട്രെയിൻ
അയാളുടെ നെഞ്ചും ചവുട്ടിയരച്ച്
കുലുങ്ങിച്ചിരിച്ച് കടന്നുപോയി!

ടോബി തലയൽ

തിരുവനന്തപുരം ജില്ലയിൽ, ബാലരാമപുരത്ത് 1963-ൽ ജനനം. പത്രപ്രവർത്തകനായി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിൽ ഒന്നര പതിറ്റാണ്ട്, തിരുവനന്തപുരത്തും കൊച്ചിയിലും ജോലി ചെയ്തു. ഇപ്പോൾ മസ്കറ്റിൽ, ഒമാൻ ഡെയ്‌ലി ഒബ്സർവറിന്റെ പത്രാധിപസമിതി അംഗം.
ഓൺലൈൻ/പ്രിന്റ് മാധ്യമങ്ങളിൽ കവിത എഴുതാറുണ്ട്. ‘ഉറങ്ങാത്ത ജനാല’ എന്ന കവിതാസമാഹാരം പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു.സ്ഥിരതാമസം, തിരുവനന്തപുരത്ത് പി ടി പി നഗറിൽ.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here