ടിപ്പുവിനു ചാർത്തി കൊടുത്ത ക്രൈസ്തവ കൊലകളും, സത്യാവസ്ഥയും

0
469
tipu-sulthan

ജോയ്സൺ ദേവസ്സി

ഒരു ആഴ്ച്ച മുൻപാണ് ഏതോ ഒരു പള്ളിലച്ചൻ ടിപ്പു മുസ്ലിം മതഭ്രാന്താൽ കാനറയിലെയും, മംഗലാപുരത്തിലെയും ക്രൈസ്തവരെ ചുമ്മാ കൊന്നുതള്ളിയെന്നൊരു വിവരണം കേൾക്കുവാൻ ഇടയായത്. തുടക്കം മുതൽക്കേ കാലഘട്ടം കൊണ്ടും, വംശാവലിയാലും തന്റെ പ്രസംഗത്തിൽ തെറ്റുകൾ പറഞ്ഞുകൂട്ടിയ വികാരിക്കു ഈ പ്രസ്തുത വിഷയത്തിൽ വേണ്ടത്ര അവഗാഹം ഇല്ലെന്ന് മനസ്സിലായി. ഇതിനെക്കുറിച്ച് എനിക്കറിയുന്ന അറിവുകൾ വെച്ചു മനസ്സിലാക്കിയ കാര്യം ഇവിടെ പങ്കുവെക്കുന്നു.
സത്യത്തിൽ നമുക്ക് ലഭിച്ച ചരിത്രതെളിവുകൾ പ്രകാരം, കാനറ, മംഗലാപുരം തുടങ്ങിയ സ്ഥലത്തെ ക്രിസ്താനികൾക്കു ടിപ്പു നൽകിയ ശിക്ഷയെന്നത് അവരുടെ രാജ്യദ്രോഹ നടപടിക്കുള്ളതായിരുന്നു. ഇതു പക്ഷേ ഇന്നത്തെ കാലത്ത് അല്പം മതം തിരുകി പൊടി തട്ടിയെടുത്താൽ, നല്ലൊരു മതഭ്രാന്ത് കഥക്കുള്ള തരമായി. ഒരു കൂട്ടം മതവെറിയൻമാർക്കു അതു ധാരാളം തന്നെ. പക്ഷേ ഇതിന്റെ യഥാർത്യം മനസ്സിലാക്കണമെങ്കിൽ, കഥയല്ല മറിച്ചു ചരിത്രം തന്നെ നോക്കണം.

hyder-ali
ടിപ്പുവിന്റെ പിതാവ് ഹൈദർ അലി കാനറ കീഴടക്കുന്ന സമയത്ത്, ഗോവയിൽ നിന്നും കുടിയേറിപ്പാർത്ത ഒരു മെച്ചപ്പെട്ട ക്രിസ്ത്യൻ സമൂഹമാണ് അവിടെ ജീവിച്ചിരുന്നത്. ഇവർ മറ്റു മതസ്ഥരെ അപേക്ഷിച്ച് വളരെ സന്തുഷ്ടരുമായിരുന്നു. കാരണം, കാനറയിലെ പൂർവ്വകാല അധികാരികളായിരുന്ന ഇക്കേരി നായ്ക്കർ വംശവും പോർട്ടുഗീസുകാരും ഒപ്പുവെച്ച സന്ധിപ്രകാരം ഇവിടുത്തെ കാത്തലിക് ക്രിസ്താനികൾക്കോ, പ്രസ്തുത ക്രിസ്ത്യൻ സഭയിലേക്ക് വരുന്നവർക്കോ പ്രത്യേക സ്ഥാനമാനാധികാരങ്ങൾ ലഭിച്ചിരുന്നു. അവയിൽ പ്രധാനം,
1. കാനറയിലെയോ മാംഗ്ലൂരിലെയോ ക്രിസ്ത്യാനികളെ ഭരിക്കാനുള്ള അവകാശം നായ്ക്കർ രാജവംശത്തിനു ഇല്ല. > 2. ക്രിസ്താനികൾ എന്തെങ്കിലും തെറ്റ് ചെയ്താൽ വിചാരണക്കും ശിക്ഷിക്കാനുമുള്ള അധികാരം പള്ളിയിലെ പാതിരിക്കു മാത്രമായിരിക്കും.> 3. ക്രിസ്ത്യൻ വിഭാഗവും മറ്റു മതസ്ഥരും തമ്മിലുള്ള വഴക്കുകളിൽ ക്രിസ്ത്യാനികളെ ശിക്ഷിക്കാൻ രാജാവിനു അധികാരമില്ല. > 4. ക്രിസ്ത്യൻ സമൂഹം ഏതേലും വലിയ തെറ്റുകൾ ചെയ്താൽ ഒന്നുകിൽ അവരെ പള്ളിയിലെ പാതിരിമാർ, അല്ലെങ്കിൽ ഗോവയിലെ ബിഷപ് മുമ്പാകെ സമർപ്പിക്കുക. > 5. ഒരു ക്രിസ്ത്യാനി സ്ത്രിവിഷയമായ കുറ്റങ്ങളിൽ ഏർപ്പെട്ടാലും തീർപ്പ് പറയുന്നത് പോർട്ട് അധികാരിയായ പോർട്ടുഗീസ് പ്രതിനിധിയായിരിക്കും. > 6. നികുതി കാര്യങ്ങളിൽ ക്രിസ്ത്യാനികൾക്കു പ്രത്യേക ഇളവുകൾ നൽകേണ്ടതാണ്. > 7. ക്രിസ്ത്യാനികളായ പ്രജകളെ വ്യാപാരം ചെയ്യുവാൻ പാടുളളതല്ല. > 8. ഏതേലും ഹൈന്ദവ സ്ത്രീയുമായി ഒരു ക്രിസ്താനി സഹവസിക്കുന്നത് രാജാവിനു തടയാൻ അധികാരമില്ല. > 9. പ്രസ്തുത കാര്യങ്ങളിൽ എന്തേലും തിരുത്തലുകൾ വേണമെങ്കിൽ കൂടി, അന്തിമ തീരുമാനം ഗോവയിലെ ഗവൺമെന്റിനു മാത്രമാണ്.
ഇത്തരം കാര്യങ്ങൾക്കു പുറമേ മതപരിവർത്തനം മിഷണറിമാരാൽ വളരെ പ്രോത്സാഹിപ്പിക്കുന്നതിനും ആരും എതിർ നിൽക്കാൻ പാടില്ലാത്തതുമായ ഒന്നായിരുന്നു.

ഈയൊരു സാഹചര്യത്തിലാണ് ഹൈദർ 1763ൽ ഇക്കേരി നായ്ക്കരിൽ നിന്നും കാനറയും മംഗലാപുരവും കീഴടക്കുന്നത്. ബിദനൂർ തലസ്ഥാനമാക്കി പുതിയ നാണയകേന്ദ്രവും ഹൈദർ തുടങ്ങിവെച്ചു. ഈ സമയം തന്നെ വന്നു കണ്ട പോർട്ടുഗീസ് അംബാസിഡറുടെ നിവേദനത്താൽ, നേരത്തെ ധാരണയിലെത്തിയ സന്ധിയിൽ വ്യത്യാസം വരുത്തി, വിശ്വാസകാര്യങ്ങളുടെ അധികാരം പള്ളിക്കും പാതിരിമാർക്കും ബിഷപ്പിനും വിട്ടുകൊടുത്തു. പകരം പോർട്ടിലെ കോട്ടകളുടെ കാവലും ആർട്ടിലറി വിങ്ങും പറങ്കികൾ നോക്കണമെന്നും, മൂന്നാമതൊരു ശക്തി ആക്രമിക്കുമ്പോൾ അവരെ എതിർത്തു കൂടെ നിൽക്കണമെന്നും പറഞ്ഞു.

എല്ലാം സമ്മതിച്ചു കാര്യങ്ങൾ സുഖമമായി പോകുമ്പോഴാണ് 1768 ലെ അനിഷ്ടസംഭവം അരങ്ങേറുന്നത്. ഒന്നാം ബ്രിട്ടീഷ് – മൈസൂർ യുദ്ധവുമായി ബന്ധപ്പെട്ട് കർണാടകയിൽ നിന്നും മദ്രാസിലേക്ക് മുന്നേറിയ ഹൈദറിനെ തടയാൻ, ഇംഗ്ലീഷുകാർ യുദ്ധഗതി പശ്ചിമതീരമായ മംഗലാപുരത്തേക്ക് തിരിച്ചുവിട്ടു. ബോംബേ പ്രസിഡൻസിയിലെ അഡ്മിറൽ വാട്സന്റെ നേത്യത്വത്തിൽ വന്ന സൈന്യത്തെ പോർട്ടിലെ പറങ്കികൾ തടയുമെന്ന് ഹൈദർ കരുതി. പക്ഷേ കോളോണിയൽ കുട്ടുകെട്ടിനെയും മുമ്പത്തേ സൗഹ്യദസന്ധിയും കണ്ട് കൈസ്തവ സമൂഹം അടങ്ങുന്ന പറങ്കി റജിമെന്റ് നിഷ്ക്രിയത്വം പാലിച്ചു. തുടർന്ന് നിങ്ങൾ യുദ്ധം ചെയ്യുന്നില്ലെങ്കിൽ വേണ്ട, കോട്ടയും ആർട്ടിലറിയും തങ്ങൾ കൈകാര്യം ചെയ്തു ബ്രിട്ടനെ എതിർക്കാമെന്ന അഭ്യർത്ഥനകൾ പറങ്കി റെജിമെന്റും ക്രിസ്ത്യാനി സമൂഹവും അനുവദിച്ചില്ല. ശേഷം എളുപ്പത്തിൽ പോർട്ടിലിറങ്ങിയ ബ്രിട്ടീഷ് സൈന്യം ഹൈദറുടെ കാലാൾ സൈന്യവുമായി രൂക്ഷമായ യുദ്ധം അരങ്ങേറി. ഇതേ സമയം നമ്മൾ ക്രിസ്ത്യാനികൾ ഈ യുദ്ധത്തിൽ മാറിനിൽക്കണമെന്ന പാതിരിയുടെ കല്പനയാൽ എല്ലാ ക്രൈസ്തവരും പറങ്കി ഫാക്ടറിയിൽ നിലകൊണ്ടു.

ജോയ്സൺ ദേവസ്സി

തുടക്കത്തിൽ ബ്രിട്ടൺ വിജയിച്ചെങ്കിലും ഹൈദറുടെ കുതിരപട്ടാളം വന്നതോടുകൂടി ശക്തമായ അതിർത്തി സൈന്യം ബ്രിട്ടനെ തിരിച്ചോടിച്ച്, കൈവിട്ട പോർട്ടിലെ പ്രധാന – സ്ഥലങ്ങൾ തിരിച്ചെടുത്തു. യുദ്ധവേളയിലെ പിന്തിരിപ്പും ആർട്ടിലററി വിഭാഗത്തിന്റെ ചതിയും അറിഞ്ഞ ഹൈദർ വേഗം പോർട്ടുഗീസ് പുരോഹിതരെ വിളിച്ചുവരുത്തി ന്യായീകരണം ആവശ്യപ്പെട്ടു. ഇത്തരം വഞ്ചനകൾക്ക് എന്ത് ശിക്ഷയാണ് കൊടുക്കേണ്ടത് എന്ന് ഹൈദർ ചോദിച്ചപ്പോൾ, മരണശിക്ഷയെന്ന് പറങ്കികൾ മറുപടി നൽകി. എന്നാൽ കൂടി ഹൈദർ ഹോനവാറിലെ വികാരിമാരായ സെബാസ്റ്റ്യൻ ഡി ഫാരിയേയും മറ്റു രണ്ടു പേരെയും മാത്രം നഗറിൽ തടവിലാക്കുകയും മാസങ്ങൾക്കുശേഷം വിട്ടയക്കുകയും ചെയ്തു.
1776 ൽ വീണ്ടും ഒരു ചതിപ്രയോഗം പറങ്കി സമൂഹം കാണിക്കുകയുണ്ടായി. മറാത്ത യുദ്ധവേളയിൽ 600 യുറോപ്യൻ സൈന്യത്തെ അയച്ചു കൊടുക്കാമെന്ന സന്ധി പറങ്കികൾ പാലിക്കാത്തതാണ് കാരണം. ഈ പ്രവ്യത്തികളിൽ തദ്ദേശിയരായ ക്രിസ്ത്യൻ സമൂഹം പറങ്കികളുടെയും പള്ളിയുടെയും കൂടെയായിരുന്നു എന്നത് ചേർത്തു വായിക്കേണ്ട ഒന്നാണ്. തുടർന്ന് ഹൈദർ അവരുടെ പ്രത്യേക നികുതിയിളവും, അധികാരവും എടുത്തുമാറ്റുകയും പോർട്ടുഗീസ് കോട്ടകളും കിടങ്ങുകളും തകർക്കുകയും, പറങ്കി പ്രതിനിധിയെ തടങ്കലിലാക്കുകയും ചെയ്തു. തുടർന്നു നാലുവർഷകാലം നീണ്ട ചർച്ചക്കൊടുവിൽ ഹൈദർ പുരോഹിതരുടെ അവകാശങ്ങൾ തിരിച്ചുനൽകി.
1782 ലാണ് അടുത്ത ചതിക്കു കാനറ -മംഗലാപുരത്തെ ക്രിസ്ത്യാനികൾ മുതിരുന്നത്. ഹൈദറുടെ മരണത്തെതുടർന്ന് അവസരം കണ്ട ബ്രിട്ടൻ, ജനറൽ മാത്യൂസിന്റെ കീഴിൽ കാനറയിലിറങ്ങി കർവാർ മുതൽ കുണ്ടാപ്പൂർ വരെയുള്ള മുഴുവൻ കടലോരപ്രദേശങ്ങളും തലസ്ഥാനമായ നഗറും കീഴടക്കി. തുടർന്നരങ്ങേറിയ ബ്രിട്ടന്റെ സംഹാരാഗ്നിയിൽ പ്രദേശത്തെയും കോട്ടയിലെയും പതിനായിരങ്ങൾ മരിച്ചു. എന്നാൽ അല്പായുസായിരുന്ന ബ്രിട്ടന്റെ വിജയം ടിപ്പു വന്നതോടെ പൂർണ്ണമായി. ജോവാക്കിം മിറാൻഡ എന്ന ഒരു പാതിരി പറയുന്നത് ” മാത്യൂസ് കൊള്ളയിലും കൊലയിലും വ്യാപ്തനായിരുന്നപ്പോൾ, ടിപ്പു നഷ്ടപ്പെട്ട എല്ലാ സ്ഥലങ്ങളും വീണ്ടെടുത്തു ബ്രിട്ടനെ കോട്ടക്കകത്ത് ഓടിച്ചു കയറ്റിയെന്നാണ് “. ശേഷം നടന്ന വിചാരണയിലാണ് ക്രിസ്ത്യൻ സമൂഹത്തിന്റെ മറ്റൊരു ചതിയുടെ അധ്യായം കാണുന്നത്. ആക്രമിച്ചുവന്ന ബ്രിട്ടനെ എതിർത്തില്ലാന്ന് മാത്രമല്ല, അവർക്കുവേണ്ട സഹായം ആളായും ആയുധമായും ധാന്യമായും അവർ നൽകി. 33000 രൂപയാണ് കാനറയിലെ ക്രിസ്ത്യൻ സമൂഹം ബ്രിട്ടീഷ് ജനറൽ മാത്യൂസിന് നൽകിയത് എന്ന് ബ്രിട്ടീഷ് ക്യാപ്റ്റൻ സ്കർവി പറയുന്നുണ്ട്. 1783 ൽ ബ്രിട്ടീഷ് മേജർ ജോൺ കാബെൽ, ബോംബേ പ്രസിഡൻസിയെ അറിയിക്കുന്ന വിവരമായ , “ഇവിടുത്തെ ക്രിസ്ത്യൻ സമൂഹത്തിലെ ജനങ്ങൾ, പ്രധാനമായും പീരങ്കിപടയിലെ അംഗങ്ങൾ നമ്മുക്ക് സഹായം നൽകി. അവർക്ക് പണം കൊടുക്കേണ്ടതാണ് “, എന്നത് ഇവിടുത്തെ ക്രിസ്ത്യൻ സമൂഹത്തിന്റെ രാജ്യദ്രോഹം മനസ്സിലാക്കിതരുന്നു.

തുടർന്നു മൈസൂർ വക്കീലുമാർ നടത്തിയ അന്വേഷണത്തിൽ തെളിവോടെ പിടിക്കപ്പെട്ട, യുദ്ധവേളയിൽ ബ്രിട്ടീഷുകാർക്ക് വഴികാട്ടികളായി, സൈനീകരായി, ചുമട്ടുകാരായി, സന്ദേശവാഹകരായി സേവനമനുഷ്ടിച്ച മഹാഭൂരിപക്ഷം ജനതയെ, ടിപ്പു 3 ലക്ഷം രൂപ പിഴയിട്ട ശേക്ഷം മൈസൂരിന്റെ എല്ലാ ഭരണകേന്ദ്രങ്ങളിൽ നിന്നും പുറത്താക്കുകയും കുറെപ്പേരെ ശ്രീരംഗപട്ടണത്തേക്ക് തടങ്കിലിലയക്കുകയും ചെയ്തു. പക്ഷേ ഈ അവസരത്തിലും ടിപ്പു പ്രസ്തുത കുറ്റാരോപിതരായ പള്ളിയിലെ വികാരിമാരെ വിട്ടയ്ച്ചു. ഇതു പിസ്റ്റർ ലങ്കറുടെ പോർട്ടുഗീസ് വിവരണത്തിൽ പറയുന്നുണ്ട്. ആകെ സ്വന്തം പട്ടാളമടക്കം 4000 ആളുകൾക്ക് മാത്രം തങ്ങാനാവുന്ന ശീരംഗപട്ടണം കോട്ടയിൽ 40000 പേരെ തടവിലിട്ടു എന്നൊക്കെയുള്ള കിംവദന്തികൾ ഇതിനുശേക്ഷം പല തല്പരകക്ഷികളും പടച്ചുവിട്ടിട്ടുണ്ട്. പക്ഷേ ശ്രീരംഗപട്ടണത്തെ ബെയ്ലി, മാത്യൂസ് ഡുനഗൺ പിന്നെ വാട്ടർ ജയിലിലടക്കം കൂടിപോയാൽ 200 പേർക്ക് (അതും കുത്തി നിറച്ചാൽ ) മാത്രം കിടക്കാവുന്ന ആകെ 3 തടങ്കൽ പാളയത്തിൽ 40000 പേരെ ചങ്ങലക്കിട്ടു എന്ന ബ്രിട്ടീഷനുകൂല നുണയൻമാരുടെ തള്ളിനു മറുപടി പറയേണ്ടതില്ല എന്നതാണ് യുക്തി.
കാനറയിലെയും മംഗലാപുരത്തെയും ക്രിസ്താനികളെ ടിപ്പു ചുമ്മാ പിടിച്ചു ദ്രോഹിച്ചു, രണ്ടു മരത്തിലായി 2000 പേരെ തൂക്കികൊന്നു എന്ന മണ്ടത്തരം പറയുന്ന ഇപ്പോഴത്തെ പാതിരിമാരും, തല്പരകക്ഷികളും ഇതേ ക്രിസ്ത്യാനികൾ ചെയ്ത തെറ്റുകൾ എന്താണെന്ന് പോലും അന്വേഷിക്കുന്നില്ല.
1776 ലെ മൈസൂർ പർവ്വാനപ്രകാരം കോഴിക്കോട്ടെയും പരപ്പനങ്ങാടിയിലെയും കാത്തലിക് പള്ളികൾക്ക് അവയുടെ കൈവശമുള്ള വസ്തുവകകൾക്ക് പുറമേ പ്രതിവർഷം 2440 പണം അനുവദിക്കുകയും, ക്രിസ്താനികളുടെയും പുരോഹിതൻമാരുടെയും അവകാശങ്ങൾ അംഗീകരിച്ചു അനുവദിച്ച മൈസൂർ സുൽത്താൻമാർ, ഒരു സുപ്രഭാതത്തിൽ ചുമ്മാ കുറെ നസ്രാണികളെ കൊന്നുതള്ളിയെന്ന് പറയുന്നതിലെ മതഭ്രാന്തരുടെ വക്രദൃഷ്ടി മനസ്സിലാക്കാൻ അധികം മെനക്കെടേണ്ട ആവശ്യമില്ല. പിന്നെ ഈ രോഷം കൊള്ളുന്ന ആരും തന്നെ ടിപ്പു ആക്രമിച്ച മുസ്ലിം രാജ്യങ്ങളും ശക്തികളുമായ ഹൈദരബാദ് നിസാം, ആർക്കോട്ട് നവാബ്, ഷാനോർ നവാബ്, സവനൂർ നവാബ്, ഉണ്ണിമൂസ, അത്തൻ കോയ, മഹദവി മുസ്ലിംസ് തുടങ്ങിയവരുടെ കാര്യങ്ങൾ പറയില്ല. കാര്യം അതിലേക്ക് ശ്രദ്ധതിരിച്ചാൽ അല്ലെങ്കിൽ അതും കൂടി ഒരുവൻ ചേർത്തുവായിച്ചാൽ, തങ്ങളുടെ ലഷ്യമായ, ടിപ്പു സുൽത്താനെ മതഭ്രാന്തനാക്കാനുള്ള ഉദ്യമം വിജയിക്കില്ലെന്ന് അവർക്ക് നല്ല ബോധ്യം ഉണ്ട്.

റഫറൻസ്..
1. Braganso perera, Arquiro Portuguese oriental 3.
2.Pistor lunkker, antigaulhas, mitras lusitanas.
3. Public department diary1768, Mangalore.
4. Saldana, The captivity of Mangalore Christian’s.
5. Hyder Ali and Tipu sultan,Irfan Habib
6.Tipu sultan, Kkn kurups
7. The history of Tipu Sultan,MHK.
8. Calicut archival series of Inams, Iranjipalom civil station.
9. History of Tipu sultan,Pj Vincent
10. Hyder Ali, G Sankarakurup
11. Sword of Tipu Sultan,Gidwani
12. Tipu Sultan,Balakrishnan
13. Selected letters of Tipu Sultan to variant functionaries, Kirpatric.


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +918078816827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here