തോട്ടോഗ്രഫി 9

1
454
thoughtography arteria part 9

പ്രതാപ് ജോസഫ്

The cliché comes not in what you shoot but in how you shoot it
– David duChemin

ഡേവിഡ് ഡുഷ്മാൻ ഒരു ബ്രിട്ടീഷ്-കനേഡിയൻ ഫോട്ടോഗ്രാഫർ ആണ്. ഒരു ഫോട്ടോഗ്രാഫർ എന്നതിലുപരി ഒരു ബെസ്റ്റ് സെല്ലിങ് എഴുത്തുകാരൻ കൂടിയാണ്. ഫോട്ടോഗ്രഫി സംബന്ധമായ നിരവധി പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായി ഉണ്ട്. Within the Frame: The Journey of Photographic Vision എന്ന പുസ്തകത്തിൽനിന്ന് ഉള്ളതാണ് ഈ വാക്കുകൾ.

“The biggest cliche in photography is sunrise and sunset.” എന്ന Catherine Opie യുടെ പ്രസ്താവനയ്ക്ക് നേരെ വിരുദ്ധമാണ് ഡേവിഡ് ഡുഷ്മന്റെ ഈ പ്രസ്താവന എന്ന് തോന്നാം. പക്ഷേ കാതറിൻ ഒപ്പി പറയുന്നത് ഫോട്ടോഗ്രഫി യെക്കുറിച്ചാണ്. ഡേവിഡ് ഡുഷ്മനാകട്ടെ ഫോട്ടോഗ്രാഫറെക്കുറിച്ചും. ഒരു ഫോട്ടോഗ്രാഫർ മറ്റുള്ളവരുടെ രീതികൾ കടമെടുക്കാതിരിക്കേണ്ടതിന്റെയും നിരന്തരം പുതുക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചാണ് ഡേവിഡ് ഡുഷ്മാൻ സൂചിപ്പിക്കുന്നത്. വിഷയം എന്തുമായിക്കോട്ടെ, ഇവിടെ വിഷയത്തിന് പ്രസക്തിയില്ല. വിഷയത്തെ നിങ്ങൾ എങ്ങനെ സമീപിക്കുന്നു എന്നതാണ് പ്രധാനം. സാധാരണ ഗതിയിൽ ഏത് കലയിലും ഒരാളുടെ തുടക്കം അനുകരണത്തിലൂടെയാവും. മുന്നെ സഞ്ചരിച്ചവരുടെ സൃഷ്ടികൾ നമ്മെ പ്രചോദിപ്പിക്കുന്നു. ആ വഴിയേ നമ്മൾ സഞ്ചരിക്കുന്നത് തെറ്റല്ല. അത് സ്വാഭാവികവുമാണ്. പക്ഷേ, അത് അനുകരണം മാത്രമാണെന്ന ഉത്തമ ബോധ്യമുണ്ടാവണം. അടുത്ത ഘട്ടത്തിൽ ആണ് നമ്മൾ നമ്മുടേതായ വഴി കണ്ടെത്താൻ ശ്രമിക്കുക. നമ്മുടേതായ ഒരു ശൈലി (style) ഉണ്ടാകുമ്പോൾ നാം കലയിലേക്ക് പ്രവേശിച്ചു എന്ന് പറയാം. പക്ഷേ, അവിടെയും തീർന്നില്ല. നാം നമ്മെത്തന്നെ പുതുക്കുന്നുണ്ടോ എന്നതും വളരെ പ്രധാനമാണ്. അതല്ലെങ്കിൽ നാം നമ്മുടെ തന്നെ ശൈലിയുടെ തടവുകാരായിത്തീരും. കലയിൽ പണിയെടുക്കുന്ന 99 ശതമാനം ആളുകളും ഒന്നാംഘട്ടത്തിന് അപ്പുറത്തേക്ക് പോകാറില്ല. കലാകൃത്തുക്കൾ എന്ന വിളിക്ക് അവർ അർഹരല്ല എന്നതാണ് യാഥാർത്ഥ്യം. പിന്നെയുള്ള ഒരു ശതമാനത്തിന്റെ ഒരു ശതമാനമേ മൂന്നാം ഘട്ടത്തിലേക്ക് എത്തിച്ചേരാറുള്ളൂ. ഇവിടെയാണ് ഡേവിഡ് ഡുഷ്മന്റെ വാചകം പ്രസക്തമാകുന്നത്. മറ്റുള്ളവരെ അനുകരിക്കുന്നതിൽനിന്നും സ്വയം അനുകരിക്കുന്നതിൽ നിന്നും മുക്തരാകുമ്പോഴേ ഒരാൾ മികച്ച കലാകാരൻ/ കലാകാരി ആയിത്തീരുന്നുള്ളൂ.
ഒരു സംഗതി ക്ളീഷേയായി മാറുന്നത് നമ്മൾ എന്ത് ഷൂട്ടുചെയ്യുന്നു എന്നിടത്തല്ല, എങ്ങനെ ഷൂട്ട് ചെയ്യുന്നു എന്നിടത്താണ്. വിഷയം എത്ര ആവർത്തിച്ചതും ആയിക്കൊള്ളട്ടെ, വിഷയത്തോടുള്ള നമ്മുടെ സമീപനം ആണ് കലയെ നിർണയിക്കുന്നത്. അതുകൊണ്ട് സൂര്യോദയവും സൂര്യാസ്തമയവും ഇനിയും പകർത്താം. പക്ഷേ, അത് നമ്മൾ എങ്ങനെ പകർത്തുന്നു എന്നത് പ്രധാനമാണ്. അസ്തമയ സൂര്യനെ നോക്കൂ, ഓരോ ദിവസവും ഓരോ നിമിഷവും സ്വയം ആവർത്തിക്കാതിരിക്കാനുള്ള ഒരു കിണഞ്ഞു പരിശ്രമം നമുക്ക് സൂക്ഷിച്ചുനോക്കിയാൽ കാണാം.

(ഒരേ സ്ഥലത്തുനിന്ന് പകർത്തിയ പത്തുമിനിറ്റിനിടയിലെ പത്തുചിത്രങ്ങൾ)


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

  1. ഫോട്ടോഗ്രാഫിയെ കുറിച്ച് സമഗ്രമായ
    അറിവ് പകരുന്ന കുറിപ്പുകളും മനോഹര ചിത്രങ്ങളും ‘തോട്ടോഗ്രഫിയിലൂടെ’ പ്രതാപ് ജോസഫിൻ്റെ അവതരണവും മികവുറ്റതാകുന്നു.
    അഭിനന്ദനങ്ങൾ….

LEAVE A REPLY

Please enter your comment!
Please enter your name here