പ്രതാപ് ജോസഫ്
Great photography is about depth of feeling, not depth of field.”
— Peter Adams
ഫോട്ടോഗ്രഫി സാങ്കേതികമായി മനസ്സിലാക്കുന്നതിന് മുന്നേ എന്നെ ഏറ്റവുമധികം കുഴക്കിയിട്ടുള്ള ഒരു വാക്കാണ് Depth of field എന്നത്. ഫ്രയിമിൽ ഫോക്കസിലുള്ള ഏരിയയെ കുറിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണത്. വാചികമായി നാമത് മനസ്സിലാക്കിയാലും സാങ്കേതികമായും പ്രായോഗികമായും അതെങ്ങനെ പരിഹരിക്കും എന്നത് പിന്നെയും ബാക്കിനിൽക്കും. ഡെപ്ത് ഓഫ് ഫീൽഡ് കുറഞ്ഞ അവസ്ഥയെ ഷാലോ ഫോക്കസ് എന്നും കൂടിയ അവസ്ഥയെ ഡീപ് ഫോക്കസ് എന്നും മധ്യാവസ്ഥയെ മീഡിയം ഫോക്കസ് എന്നും വിളിക്കാം. ഡീപ് ഫോക്കസിൽ ഒരു ഇമേജ് കണ്ടാൽ അത് സാങ്കേതിക പരാധീനത ആണെന്നും ഷാലോ ഫോക്കസ് ആണെങ്കിൽ അത് സാങ്കേതിക മികവാണെന്നും കരുതുന്നവരുണ്ട്. ആർട്ട് സിനിമയെന്നാൽ ഡീപ് ഫോക്കസ് ആണെന്നും കച്ചവട സിനിമയെന്നാൽ ഷാലോ ഫോക്കസ് ആണെന്നും കരുതുന്നവർ ഉണ്ട്.
എന്താണ് ഡെപ്ത് ഓഫ് ഫീൽഡിന്റെ തിരഞ്ഞെടുപ്പിലെ മാനദണ്ഡം?. പൊതുവെ പോർട്രൈറ്റ് ചിത്രങ്ങളിൽ ഷാലോ ഫോക്കസും ലാൻഡ്സ്കേപ് ചിത്രങ്ങളിൽ ഡീപ് ഫോക്കസും ഉപയോഗിക്കണമെന്ന് പറയാറുണ്ട്. അതായത് ഫ്രയിമിൽ ഉള്ള സബ്ജക്ടിന്റെ പ്രാധാന്യം അനുസരിച്ച്, ഒന്നോരണ്ടോ എലമെന്റുകൾക്കാണ് പ്രാധാന്യം എങ്കിൽ ഫോക്കസ് അവരിൽ മാത്രം ഒതുക്കുകയും അതല്ല എങ്കിൽ ഫ്രയിമിൽ ഉടനീളം ഫോക്കസ് വ്യാപിക്കുന്ന വിധത്തിൽ ഡീപ് ഫോക്കസ് ആക്കുകയും ചെയ്യുക. ഇത് പക്ഷേ, ഫോട്ടോഗ്രഫിയിലെ തുടക്കക്കാർക്ക് മാത്രം പറഞ്ഞുകൊടുക്കാവുന്ന ഒരുത്തരമാണ്. അത്ര ലളിതമല്ല കാര്യങ്ങൾ. ഏതാണ്ട് കണ്ണിന്റെ പ്രവർത്തനം പോലെയാണ് ലെൻസിന്റെയും പ്രവർത്തനം. നോട്ടത്തിലുമുണ്ട് കുറഞ്ഞതും കൂടിയതുമായ ഫോക്കസ് അവസ്ഥകൾ. കുറച്ചുകൂടി വിശദമായി പറഞ്ഞാൽ വിഷയവും അതിന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധം തീരുമാനിക്കുന്നതിൽ ഫോക്കസിന് വലിയ പങ്കുണ്ട്. ആന്തരിക പ്രകൃതിക്ക് ഷാലോ ഫോക്കസും ബാഹ്യപ്രകൃതിക്ക് ഡീപ് ഫോക്കസും എന്നും പറയാം.
കാമറയിലും ലെൻസിലുമായി ഡെപ്ത് ഓഫ് ഫീൽഡിനെ ബാധിക്കുന്ന നിരവധി കാര്യങ്ങൾ ഉണ്ട്. കാമറയുടെ സെൻസറിന്റെ സ്വഭാവം, ലെൻസിന്റെ സ്വഭാവം, ആപ്പച്ചർ വാല്യൂ, ഫോക്കൽ ലെങ്ത്, ഫോക്കസ് ഡിസ്റ്റൻസ്, വിഷയവും ചുറ്റുപാടും തമ്മിലുള്ള അകലം തുടങ്ങിയവയെല്ലാം ഡെപ്ത് ഓഫ് ഫീൽഡ് വ്യത്യാസപ്പെടുത്തുന്ന ഘടകങ്ങൾ ആണ്. മിക്കപ്പോഴും വിലകൂടിയ സാങ്കേതികത്തികവുള്ള കാമറകളും ലെൻസുകളും ഉപയോഗിക്കുമ്പോൾ ഡെപ്ത് ഓഫ് ഫീൽഡിന്റെ മേലുള്ള നിയന്ത്രണവും കൂടും. ഇവിടെയാണ് പീറ്റർ ആഡംസിന്റെ വാക്കുകൾ പ്രസക്തമാകുന്നത്. ഫോട്ടോഗ്രഫി എന്നത് ഡെപ്ത് ഓഫ് ഫീൽഡിന്റെ കളിയല്ല, ഡെപ്ത് ഓഫ് ഫീലിംഗിന്റെ കളിയാണ്. ഏറ്റവും മികച്ച കാമറകളും ലെൻസുകളും അതിന്റെ സാങ്കേതിക വിദ്യയും കൈയ്യിലുണ്ടായിട്ടും കാര്യമില്ല, നിങ്ങൾ എടുക്കുന്ന ചിത്രങ്ങൾക്ക് കാണികളെ എന്തെങ്കിലും അനുഭവപ്പെടുത്താൻ കഴിയുന്നുണ്ടോ, അവരെ ഒരു നിമിഷം നിങ്ങളുടെ ചിത്രത്തിൽ പിടിച്ചു നിർത്താൻ കഴിയുന്നുണ്ടോ അതില്ലെങ്കിൽ ആ ചിത്രം പരാജയമാണ്. ഏത് കലയിലും സാങ്കേതികത കമ്യൂണിക്കേഷനെ സഹായിക്കുന്ന ഒരു ഘടകം മാത്രമാണ്. അതാണ് എല്ലാം എന്ന് കരുതിക്കഴിഞ്ഞാൽ അവിടെ കല അവസാനിക്കുന്നു എന്ന് നിശ്ചയമായും പറയാം.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല