ലേഖനം
സജയ്.കെ.വി
മലയാളകാല്പനികതയുടെ പാരമ്യമായിരുന്നു ചങ്ങമ്പുഴക്കവിത. അനിയന്ത്രിതവും ധൂർത്തവും വന്യവുമായിരുന്നു അത്. സംയമമല്ല, അസംയമമായിരുന്നു ആ കവിതയുടെ, കവിയുടെയും, മുഖമുദ്ര. യവനപുരാണത്തിൽ,’ ഹിപ്പോക്രീൻ’ എന്ന ജലധാരയെക്കുറിച്ചു പറയുന്നുണ്ട്. കാവ്യദേവതയുടെ പവിത്രതീർത്ഥവും കാവ്യ പ്രചോദനത്തിന്റെ പ്രതീകവുമാണത്. ‘പെഗാസസ്’ എന്ന, ചിറകുള്ള കുതിരയുടെ കുളമ്പു പതിഞ്ഞിടത്തു നിന്നാണ് ഈ ജലധാര ആവിർഭവിച്ചതെന്നാണ് വിശ്വാസം. കുതിര, ജലധാര, ചിറകുകൾ – ഇവ മൂന്നും അദമ്യവും അനിരോധ്യവുമായ ഒരു ഉദ്ഗമത്തെയാണ് പ്രതീകവൽക്കരിക്കുന്നത്. ചങ്ങമ്പുഴക്കവിതയിലും, സർവ്വത്ര, ഈ അദമ്യതയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ചിറകുള്ള ഒരു കുതിരയെപ്പോലെയും കുതിച്ചുയരുന്ന ജലധാരയെപ്പോലെയും കാവ്യപ്രചോദനലഹരിയുടെ വാങ്മയങ്ങളായി ആ കവിത ഉറന്നൊഴുകി. പ്രാണവേദനയെപ്പോലും അത് ഒരു മുറിപ്പെട്ട പുല്ലാങ്കുഴലിന്റെ ഉന്മത്തഗാനമാക്കി മാറ്റി.’ വേദന, വേദന, ലഹരി പിടിക്കും/ വേദന ഞാനതിൽ മുഴുകട്ടേ,/ മുഴുകട്ടേ മമ ജീവനിൽ നിന്നൊരു/ മുരളീമൃദുരവമൊഴുകട്ടേ!’ എന്ന്, പ്രസിദ്ധമായ’ മനസ്വിനി’ എന്ന കവിതയിൽ നാമതു വായിക്കുന്നു. ജീവിതത്തോടുള്ള കലഹം ഈ കവിയെ വിഷാദത്തിലും വ്യവസ്ഥിതിയോടുളള കലഹം, വിപ്ലവത്തിലുമെത്തിച്ചു. പ്രണയത്തിന്റെ പേലവകണ്ഠത്തിൽ, ഒരു കൊലക്കയർ പോലെ മുറുകുന്ന ഘോരസാമൂഹ്യദുർന്നിയമങ്ങളും അസമത്വം എന്ന സാമൂഹ്യദുഃസ്ഥിതിയുമായിരുന്നുവല്ലോ ‘രമണ’നിലെ യഥാർത്ഥ പ്രതിയോഗി. രമണന്റെ ഈ സാമൂഹ്യവിമർശനതലം മാത്രം മലയാളി കണ്ടില്ല, പകരം അതിലെ പ്രേമവും പ്രേമഭംഗവും കാല്പനികവൈകാരികതയും മാത്രം കണ്ടു. ചങ്ങമ്പുഴയുടെ സ്വപ്നാടനങ്ങൾക്കു പിന്നിൽ, ദു:സ്വപ്നസമാനമായ ജീവിതയാഥാർത്ഥ്യബോധത്തിൽ നിന്നേറ്റ പരിക്കുകൾ കൂടിയുണ്ടായിരുന്നു. ആ പരിക്കുകളിൽ നിന്നൊഴുകിയ നിണശോഭയാലാണ് ആ കവി തന്റെ രക്തപുഷ്പങ്ങൾക്ക് തുടുപ്പു പകർന്നത്.
കാല്പനികതയേക്കുറിച്ച് നമ്മുടെ ഭാഷയിൽ എഴുതപ്പെട്ടിട്ടുള്ളവയിൽ വച്ചേറ്റവും മനോഹരമായ ഒരു വാക്യം, എം.എൻ. വിജയന്റേതാണ് -‘ അതു കയറുകളെയും കാലുകളെയും വെറുക്കുന്നു. ചിറകുകളെ മാത്രം സ്നേഹിക്കുന്നു.’ ഇതേ നിരൂപകൻ ചങ്ങമ്പുഴയുടെ വികാരതരളമായ ഭാവുകത്വത്തേക്കുറിച്ച് ഇങ്ങനെയും എഴുതിയിട്ടുണ്ട് -‘ ഒരു കാറ്റാടി വെച്ചിട്ട് അത് കാറ്റിൽ തിരിയില്ലെന്ന് ബലം പിടിച്ചാൽ അത് കാറ്റാടിയാകില്ല. ചങ്ങമ്പുഴ എന്ന കാറ്റാടി ഒരു ചെറു കാറ്റിൽപ്പോലും തിരിഞ്ഞ്, ഒരിക്കലും ഉറങ്ങാതെ മറ്റുള്ളവരുടെ ദുഃഖങ്ങൾ പിടിച്ചെടുത്തു കൊണ്ടിരുന്നു.’ മറ്റുള്ളവരുടെ ദുഃഖങ്ങളെ ആത്മദു:ഖമായി സാത്മീകരിച്ച് പ്രകാശിപ്പിക്കുക എന്നതാണ് കാല്പനികതയുടെ കലാതന്ത്രം. അതിൽ വൈയ്യക്തികതയെന്ന പോലെ സാമൂഹികതയുമുണ്ട്. വ്യഷ്ടിദുഃഖത്തിന്റെ ഏകാന്തനിമ്നഗ, സമഷ്ടിദുഃഖത്തിന്റെ കണ്ണീരുപ്പുമായി കലർന്ന് തിരയടിക്കുന്ന കടലാകുന്നു അത്. അനുരാഗത്തിന്റെ വികാരവിവശകല്ലോലിനികൾ മാത്രമല്ല, അവന്റെ/അവളുടെ ആത്മവികാസത്തെ തടയുന്ന വ്യവസ്ഥിതിയുടെ ശിലാകാഠിന്യവും ചങ്ങമ്പുഴക്കവിതയിലെ കണ്ണീർക്കുത്തിനു പ്രേരകമായിരുന്നു. ഉദാഹരണത്തിന്, ‘പാവങ്ങളുടെ പാട്ട്’ എന്ന കവിതയിൽ – ‘കലാകേളി’ എന്ന സമാഹാരത്തിൽ – ഈ വരികൾ നോക്കൂ:
‘ദാരിദ്ര്യത്തിന്റെ നിലവിളികൾ
താരാപഥത്തോളമെത്തിയിട്ടും
നിർദ്ദയലോകമേ, നീയിനിയും
മർദ്ദനം നിർത്തുവാനല്ല ഭാവം.
ഒട്ടിത്തളർന്ന വയറ്റിൽ നിന്നും
പൊട്ടിത്തെറിക്കുന്ന തീപ്പൊരികൾ
അന്തരീക്ഷത്തിൽപ്പടർന്നുയർന്ന –
തെന്തയ്യോ കണ്ടില്ലേ നിങ്ങളാരും?
വിത്തേശരേ, നിങ്ങൾ കേൾപ്പതില്ലേ
വിപ്ലവത്തിന്റെ മണിമുഴക്കം?’
ഈ കവിതയുടെ ഒടുവിൽ നമ്മൾ ഇങ്ങനെയും വായിക്കുന്നു-
‘സ്വാതന്ത്ര്യത്തിന്റെ ചുടുചിതയിൽ
ജാതിപ്പിശാചിൻ മൃതശരീരം
രാഗാർദ്രചിത്തരേ, സോദരരേ,
വേഗം നശിപ്പിക്കിൻ, വൈകി നേരം!
നിർവൃതി നേടി നമുക്കിരിക്കാം!
അങ്ങതാ കാണ്മൂ മനോജ്ഞമാകും
മംഗളശാന്തി തൻ മന്ദഹാസം.
വിപ്ലവത്തോണിയിലേറി നമ്മൾ –
ക്കപ്പുഷ്പവാടിയിൽ ചെന്നു പറ്റാം.
കമ്രസമത്വസരോവരത്തിൽ
നമ്മൾക്കു നീന്തിക്കളിച്ചു വാഴാം.
ആനന്ദത്തിന്റെ മുരളിയുമാ –
യാ നന്ദനത്തിൽ സമുല്ലസിക്കാം !
ഒന്നിച്ചു കൈ കോർത്തു ധീരധീരം
മുന്നോട്ടു പോക നാം സോദരരേ !’
– ഇങ്ങനെ, ഒരു കാതു കൊണ്ട് വിപ്ലവത്തിന്റെ ധീരമണിനാദവും മറുകാതു കൊണ്ട് , സഹോദരകവിയായ രാഘവൻ പിള്ളയെ ആത്മഹത്യയോളം വശീകരിച്ച മരണമണിനാദവും കേട്ടു ചങ്ങമ്പുഴ. പ്രണയത്തിന്റെ ഗന്ധർവ്വവീണ, ആ ഗായകകവിയുടെ കരാംഗുലലാളനയാൽ ഏഴും എഴുന്നൂറും നാദങ്ങളുതിർത്തു. പ്രണയമെന്നാൽ പ്രപഞ്ചത്തോളം വിസ്തൃതമാകാനുള്ള മാനവാത്മാവിന്റെ അദമ്യവാഞ്ഛയാകുന്നു ചങ്ങമ്പുഴയിൽ.
‘മഹനീയജ്യോതിസ്സേ, നിന്നെയോർത്തു
മതിമറന്നങ്ങനെ നിന്നിടുമ്പോൾ,
വികസിച്ചിടുന്നു ഞാൻ പൂക്കൾ തോറും ;
വിഹരിപ്പു കല്ലോലമാല തോറും !
മദകരനർത്തനം ചെയ് വു ഞാനാ –
മലരണി മഞ്ജുളവല്ലികളിൽ!കനകതാരത്തിങ്കൽ നിന്നു ഞാനെൻ
കരളോടടുപ്പിച്ചു മൺതരിയെ!
വിരവിൽ ഞാൻ പുൽകുന്നു കൈകൾ നീട്ടി
വിപുലപ്രപഞ്ചത്തെയാകമാനം !
-മതി, മതി, ദേവ, കൃതാർത്ഥയാണീ
മദിരോത്സവത്തിൻ ലഹരിയിൽ ഞാൻ!’
ഈ ആത്മവികാസമത്രയും സംഭവിക്കുന്നത് ഒരു സ്ത്രീയിലാണെന്നും അത് അവളെ പ്രപഞ്ചത്തോളം വളർത്തുന്നു എന്നും കാണാതിരുന്നു കൂടാ.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല