പ്രതാപ് ജോസഫ്
Photography is about finding out what can happen in the frame. When you put four edges around some facts, you change those facts.”
– Garry Winogrand
ഗാരി വിനഗ്രൻഡ് ഒരു അമേരിക്കൻ സ്ട്രീറ്റ് ഫോട്ടോഗ്രാഫർ ആണ്. പ്രധാനമായും ന്യൂയോർക്ക് നഗരത്തെയാണ് അദ്ദേഹം പകർത്തിയത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ അമേരിക്കൻ ജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുന്നവയാണ് ഗാരി വിനഗ്രൻഡിന്റെ ചിത്രങ്ങൾ. ഫോട്ടോഗ്രഫി യാഥാർഥ്യത്തിന്റെ കലയാണെന്നത് പരക്കെ വിശ്വസിക്കപ്പെടുന്ന ഒരു കാര്യമാണ്. യാഥാർഥ്യത്തെ പകർത്താൻ ഒരു യന്ത്രത്തിന്റെ ആവശ്യമേയുള്ളൂ, അതിന് ഒരു കലാകൃത്തിന്റെ ആവശ്യമില്ല. കലാകൃത്ത് അവരുടേതായ ഒരു വേറിട്ട കാഴ്ചപ്പാടിൽ ആണ് കാര്യങ്ങളെ പകർത്തുന്നത്. അതിന് ചിലപ്പോൾ യാഥാർഥ്യവുമായി പുലബന്ധംപോലും ഉണ്ടായിക്കൊള്ളണമെന്നില്ല. അടൂർ ഗോപാലകൃഷ്ണൻ സിനിമയെക്കുറിച്ച് പറയുന്നത് ഫോട്ടോഗ്രഫിക്കും ബാധകമാണ്. “ഫ്രയിമിനുള്ളിൽപ്പെടുത്തി ഞാൻ പ്രേക്ഷകരെ കാണിക്കുന്ന സത്യമാണ് എന്റെ സിനിമ. ആ ഫ്രയിമിന് പുറത്ത് ഒരുപാട് കാര്യങ്ങൾ കാണും. ആ ഫ്രെയിം കമ്പോസ് ചെയ്യുമ്പോൾ എന്റെ ഫ്രയിമിന്റെ ഒരിഞ്ചുപുറത്ത് നിരത്തിവെച്ച ലൈറ്റുകൾ ഉണ്ടായിരിക്കാം. ഒരുപക്ഷേ ഫിലിമിൽ പ്രവർത്തിക്കുന്ന ടെക്‌നീഷ്യന്മാർ തന്നെ നിരന്നുനിൽക്കുന്നുണ്ടാവാം. നിങ്ങളത് ഫ്രയിമിൽ കാണില്ല. നിർബന്ധത്തോടെ, നിഷ്കർഷയോടെ ഫ്രയിമിൽ പെടുത്തി കാട്ടുന്നതേ നിങ്ങൾ കാണുന്നുള്ളൂ. ഒരു പ്രത്യേക നീളം, വീതിക്കകത്തുവരുന്ന, ദ്വിമാനമായ ഒരു സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ഇമേജാണ് നിങ്ങൾ കാണുന്നത്. അതിനപ്പുറമോ ഇപ്പുറമോ ഉള്ളതൊന്നും നിങ്ങൾ കാണുന്നില്ല. കാണേണ്ടതുമാത്രം എടുത്തുകാട്ടുന്ന, ഏതാണ്ട് ധിക്കാരപരമെന്നു പറയാവുന്ന ഈ ആവിഷ്കാര സ്വാതന്ത്ര്യം കലാകാരന് സ്വന്തമാണ്”. അടൂർ ഗോപാലകൃഷ്ണൻ ( എം.എഫ്.തോമസ് എഴുതിയ അടൂരിന്റെ ചലച്ചിത്ര യാത്രകൾ എന്ന പുസ്തകത്തിൽ നിന്നും)
ചുറ്റുമുള്ള കാര്യങ്ങളിൽ നിന്നും തന്റേതായ ഒരു ഫ്രെയിം കണ്ടെത്തുന്ന ആളാണ് ഒരു ഫോട്ടോഗ്രാഫർ എന്നുപറയാം.
കാമറ എങ്ങനെ പിടിച്ചുവേണമെങ്കിലും ഒരാൾക്ക് ഫോട്ടൊയെടുക്കാം. എങ്ങനെ പിടിക്കുമ്പോഴും അവശേഷിക്കുന്നത് സമചതുരത്തിലോ ദീർഘചതുരത്തിലോ ഉള്ള ഒരു ഫ്രയിമാണ്. സാധാരണ ഗതിയിൽ ലാൻഡ്സ്കേപ് രീതിയിലും പോർട്രെയിറ്റ് രീതിയിലും ചിത്രങ്ങൾ എടുക്കാറുണ്ട്. കാമറ തിരശ്ചീനമായി പിടിക്കുന്നത് ലാൻഡ്സ്കേപ് രീതിയും ലംബമായി പിടിക്കുന്നത് പോർട്രെയിറ്റ് രീതിയും. ചിത്രത്തിന്റെ നീളവും വീതിയും തമ്മിലുള്ള അനുപാതത്തെക്കുറിച്ചുള്ള ധാരണയാണ് ഫ്രയിമിങ്ങിന്റെ ആദ്യപടി എന്നുപറയാം. അതിനനുസരിച്ച് നാം കാമറയിലെ ആസ്പക്റ്റ് റേഷ്യോ നിശ്ചയിക്കുന്നു. അതുകഴിഞ്ഞാൽ ലംബമായാണോ തിരശ്ചീനമായാണോ ചിത്രം പകർത്തേണ്ടത് എന്നതാണ് അടുത്ത ചിന്ത. വേണമെങ്കിൽ നമുക്ക് 360 ഡിഗ്രിയിൽ എങ്ങനെ വേണമെങ്കിലും കാമറ തിരിച്ചുപിടിക്കാം. എടുക്കാൻ പോകുന്ന ചിത്രത്തിന്റെ ഘടനയാണ് അത് നിർണയിക്കുന്നത്. ചിത്രം പകർത്തിക്കഴിഞ്ഞാലോ, ഇവ മാറ്റി നിർണ്ണയിക്കുന്നതിന് പിന്നെയും സാധ്യത അവശേഷിക്കുന്നു. അതിനെ നമ്മൾ ക്രോപ്പിംഗ് എന്ന് വിളിക്കുന്നു. നിരവധി സംഗീതോപകരണങ്ങൾ ഉപയോഗിച്ച് ഒരു താളം സൃഷ്ടിക്കുന്നതിനെ നാം സംഗീതത്തിൽ കമ്പോസിഷൻ എന്നുവിളിക്കുന്നു. ഫോട്ടോഗ്രാഫിയിലും കമ്പോസിഷൻ ആണ് ഏറ്റവും പ്രധാനം. പൊതുവെ ഫ്രയിമിനകത്തുള്ള കാര്യങ്ങളെയാണ് കമ്പോസിഷനിൽ പ്രധാനമായി കരുതാറ്. പക്ഷേ ഫ്രെയിം അതിൽ തന്നെ കമ്പോസിഷന്റെ ഭാഗമാണ്. എന്ത് ഉൾക്കൊള്ളിക്കുന്നു എന്നത് എങ്ങനെ ഉൾക്കൊള്ളിക്കുന്നു എന്നതുപോലെ പ്രധാനമാണ്. പൊതുവേ കരുതപ്പെടുന്നതുപോലെ ഒരൊറ്റ ക്ലിക്കിൽ അവസാനിക്കുന്നതല്ല ഒരു ഫോട്ടോഗ്രാഫിന്റെ ജീവിതം. എടുത്തുകഴിഞ്ഞ ഒരു ഫ്രയിമിനകത്തുതന്നെ ചിലപ്പോൾ ഒന്നോ അതിലധികമോ ഫ്രയിമുകൾ ഒളിഞ്ഞിരിക്കുന്നുണ്ടാവും. ചുരുക്കത്തിൽ വെളിച്ചവും നിഴലും വരകളും വർണങ്ങളും ടെക്‌സ്ച്ചറും പാറ്റേണുകളുമെല്ലാം നിങ്ങളുടെ സംഗീതോപകരണങ്ങൾ ആണ്. നിങ്ങൾ നിങ്ങളുടെ ആന്തരികമായ താളത്തെ/ഭാവത്തെ അവയിലാരോപിക്കുമ്പോൾ നക്ഷത്രം ജനിക്കുന്നു. രണ്ടു വാക്കുകൾ കൂടിച്ചേരുമ്പോൾ മൂന്നാമതൊരു വാക്കല്ല നക്ഷത്രമാണ് ഉണ്ടാകുന്നത് എന്ന് കവിതയെക്കുറിച്ച് പറയാറുള്ളത് ഫോട്ടോഗ്രാഫിക്കും ബാധകമാണ്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
Good article.