തോട്ടോഗ്രഫി 5
പ്രതാപ് ജോസഫ്
“The biggest cliche in photography is sunrise and sunset.”
– Catherine Opie
ഒരാൾ ജീവിതത്തിൽ ആകെ രണ്ട് ചിത്രങ്ങളെ എടുക്കുന്നുള്ളുവെങ്കിൽ അതിലൊന്ന് സൂര്യോദയവും മറ്റൊന്ന് സൂര്യാസ്തമയവും ആയിരിക്കും. ഒരുപക്ഷേ കാമറ കൈയ്യിലെടുക്കുന്ന എല്ലാവരും പകർത്തുന്ന രണ്ട് ജീവിത സന്ദർഭങ്ങൾ. പക്ഷേ, അവിടംവിട്ട് നമ്മുടെ ഫോട്ടോഗ്രഫി വളരുന്നുണ്ടോ? മാറുന്ന ജീവിതത്തിന്റെ സങ്കീർണതയെ അത് അഭിസംബോധന ചെയ്യുന്നുണ്ടോ? എല്ലാവരുടെ കൈയ്യിലും കാമറ എത്തി. പക്ഷെ, കാമറ കൈയ്യിലുള്ള എത്ര പേർ ഫോട്ടോഗ്രാഫർമാർ ആണ്?
നിരന്തരം ആവർത്തിക്കുന്നതുകൊണ്ട് അർത്ഥം നഷ്ടപ്പെടുന്ന ഒന്നിനെ കുറിക്കാനാണ് ക്ളീഷെ (Cliche) എന്ന വാക്ക് ഉപയോഗിക്കുന്നത്. സാഹിത്യത്തിലേയ്ക്ക് വന്നാൽ ഒരിക്കൽ പുതുമ തോന്നിച്ചിരുന്ന വാക്കുകളും പ്രയോഗങ്ങളും നിരന്തരം ആവർത്തിക്കുന്നതോടെ പഴഞ്ചനായി മാറും. കാലം മാറുന്നതിനനുസരിച്ച് പുതിയ വാക്കുകളും പ്രയോഗങ്ങളും വാക്യഘടനകളും രംഗപ്രവേശം ചെയ്യും.
ഏതുകലയും അടിസ്ഥാനപരമായി ഒരു ഭാഷയാണ്. ആ ഭാഷയെ, മീഡിയത്തെ, പുതുക്കാൻ കഴിയുമ്പോഴാണ് ഒരു കലാകാരൻ/ കലാകാരി കടന്നുവരുന്നത്. ഏറ്റവുമധികം ഫോട്ടോഗ്രാഫുചെയ്യപ്പെട്ടിട്ടുള്ള രണ്ട് ജീവിത മുഹൂർത്തങ്ങളാണ് സൂര്യോദയവും സൂര്യാസ്തമയവും. ഒരുപക്ഷേ ഒരു പകൽ ഏറ്റവുമധികം പ്രശോഭിക്കുന്ന രണ്ട് സമയങ്ങളുമാണ്. ഗോൾഡൻ അവർ (Golden hour) പോലെയുള്ള ഫോട്ടോഗ്രഫി നിർവചനങ്ങളും അതിനെ ശരിവെക്കുന്നു. ലോകത്ത് ഉണ്ടായിട്ടുള്ള ഫോട്ടോഗ്രാഫുകളിൽ നല്ലൊരു ശതമാനവും ഈ സുവർണ മണിക്കൂറുകളിൽ ഉണ്ടായിട്ടുള്ളവയാണ്. വേറൊരു രീതിയിൽ പറഞ്ഞാൽ ആര് ഫോട്ടോ എടുത്താലും എങ്ങനെ ഫോട്ടോ എടുത്താലും മനോഹരമാകുമെന്ന് കരുതപ്പെടുന്ന സമയവുമാണ്.
അതായത് നാളിതുവരെയുള്ള ഫോട്ടോഗ്രാഫിയുടെ ചരിത്രത്തിൽ നിരന്തരം ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ചില ചിത്രങ്ങൾ ഉണ്ട്. ചില പ്രത്യേക ആംഗിളുകൾ, ഭാവപ്രകടനങ്ങൾ, കളർട്ടോണുകൾ, കോമ്പോസിഷൻ രീതികൾ ഇതിനെയൊക്ക മറികടക്കാൻ കഴയുമ്പോൾ മാത്രമേ ഒരാൾ ഫോട്ടോഗ്രഫി എന്ന കലയിലേക്ക് രംഗപ്രവേശം ചെയ്യുന്നുള്ളൂ. നാളിതുവരെ പകർത്തിയ രംഗങ്ങൾ അതേപോലെ പകർത്തുന്നതിന് കലയിൽ ഒരു സ്ഥാനവുമില്ല. മറ്റൊരുരീതിയിൽ പറഞ്ഞാൽ ഫോട്ടോഗ്രഫി എന്ന കല വളരെയധികം കണ്ടീഷൻ ചെയ്യപ്പെട്ട ഒന്നാണ്. പലതരം മുൻവിധികൾ അതിനെ മുന്നിൽനിന്ന് നയിക്കുന്നുണ്ട്. അത് യാഥാർഥ്യത്തെ അതേപോലെ പകർത്തുന്ന ഒന്നാണ് എന്നതാണ് അതിൽ ഏറ്റവും പ്രധാനം. ഈ മുൻവിധികൾ ഫോട്ടോഗ്രഫി എന്ന കലയുടെ വളർച്ചയ്ക്ക് തടസ്സമായി നിൽക്കുന്നു. ലോകത്ത് എത്രയധികം ജീവിതങ്ങൾ ഉണ്ടോ അത്രയധികം പുതിയ വിഷയങ്ങളും ഉണ്ട്. എല്ലാവരുടെ കൈയ്യിലും കാമറ ഉള്ള ഇക്കാലത്ത് പുതിയ പുതിയ വിഷയങ്ങളിലേക്ക് സഞ്ചരിക്കുന്നതിനുപകരം ബഹുഭൂരിപക്ഷവും ഒരേ കാര്യങ്ങളുടെ പിന്നാലെ തന്നെയാണ് പായുന്നത്. കാതറിൻ ഒപ്പിയുടെ ഈ പ്രസ്താവന അതുകൊണ്ടുതന്നെ പുതിയ ആകാശങ്ങൾ, പുതിയ ഭൂമികകൾ കണ്ടെത്തുന്നതിനുള്ള ഒരു പ്രചോദനമായി എടുക്കാം. എന്നുകരുതി ഉദയവും അസ്തമയവും ഇനി പകർത്തേണ്ടതില്ല എന്ന് തീരുമാനിക്കേണ്ടതുണ്ടോ?. ഒരിക്കലുമില്ല. ഇന്നലത്തെ അസ്തമയമല്ല, ഇന്നത്തെ അസ്തമയം, ഈ നിമിഷത്തെ ആകാശമല്ല, അടുത്ത നിമിഷത്തെ ആകാശം. ഒരു നദി ആരും രണ്ടുവട്ടം മുറിച്ചുകടക്കുന്നില്ല എന്ന് പറയാറുള്ളതുപോലെ ഒരാകാശവും ആരും രണ്ടുവട്ടം പകർത്തുന്നില്ല. ആളും മാറുന്നു, ആകാശവും മാറുന്നു. പക്ഷേ, ആ മാറ്റം നമ്മൾ അറിയുന്നുണ്ടോ എന്നതാണ് പ്രസക്തം.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
nice
ശ്രദ്ധിച്ചിട്ടും ആരും വേണ്ടത്ര
ശ്രദ്ധിക്കാതെ പോകുന്ന
ശ്രദ്ധേയമായ നിരീക്ഷണം.
????????????